ദുബൈ: ലോക പൊലീസ് ഉച്ചകോടിക്ക് ദുബൈ എക്സ്പോയിലെ എക്സിബിഷൻ സെന്ററിൽ തുടക്കം. ആദ്യദിനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഉച്ചകോടിയിലെത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത്. മാർച്ച് 17ന് സമാപിക്കും.
200ഓളം പ്രഭാഷകർ, 250 എക്സിബിറ്റർമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഡിജിറ്റൽ ലോകത്തെ ക്രിമിനൽ കുറ്റങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതാണ് പ്രധാന ചർച്ച.
ക്രിപ്റ്റോ കറൻസി, റോബോട്ടിക്സ്, നിർമിത ബുദ്ധി, വെർച്വൽ റിയാലിറ്റി തുടങ്ങിയവയുടെ ഉപയോഗവും ദുരുപയോഗവും ചർച്ചചെയ്യും. യു.എൻ, ഇന്റർപോൾ, വിവിധ നഗരങ്ങളിലെ പൊലീസ്, സ്വകാര്യ മേഖലയിലെ സുരക്ഷസ്ഥാപനങ്ങൾ തുടങ്ങിയവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു. worldpolicesummit.com എന്ന സൈറ്റ് വഴി സന്ദർശിച്ച് രജിസ്റ്റർ ചെയ്ത് സൗജന്യമായി എക്സിബിഷൻ കാണാം. കോൺഫറൻസുകളിൽ പങ്കെടുക്കണമെങ്കിൽ പണം അടക്കണം.
ദുബൈ പൊലീസ് അവതരിപ്പിച്ച ഡ്രൈവറില്ല വാഹനം ആദ്യദിനംതന്നെ ശ്രദ്ധ പിടിച്ചുപറ്റി. ഭാവിയിൽ ദുബൈയിലെ നഗരത്തിലെ നിരത്തുകളിൽ ഈ വാഹനമിറങ്ങും. 360 ഡിഗ്രി നിരീക്ഷണ കാമറയുള്ള വാഹനം നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ക്രിമിനലുകളെയും സംശയാസ്പദ സാഹചര്യത്തിൽ കാണുന്നവരെയും നിരീക്ഷിക്കാനും കണ്ടെത്താനും ഈ വാഹനത്തിലെ നിർമിതബുദ്ധി സഹായിക്കും. മുഖം സ്കാൻ ചെയ്യുന്നതിലൂടെയാണ് ക്രിമിനൽ കേസിൽപെട്ടവരെ പിടികൂടുന്നത്. ലോകത്തിലെ ഏറ്റവും ആധുനികമായ പൊലീസ് വാഹനമാണിതെന്ന് ദുബൈ പൊലീസ് അഡ്മിനിസ്ട്രേഷൻ അഫയേഴ്സ് ഡയറക്ടർ കേണൽ മൻസൂർ അൽഗർഗാവി പറഞ്ഞു. രണ്ടുതരം വാഹനങ്ങളാണ് പുറത്തിറക്കുന്നത്. എല്ലാ റോഡുകളിലും എത്തിപ്പെടുന്ന എം 01, ഇടുങ്ങിയ വഴികളിലൂടെയും തിരക്കേറിയ താമസസ്ഥലങ്ങളിലൂടെയും പോകുന്ന എം 02 എന്നിവയാണ് വാഹനങ്ങൾ. കുറ്റകൃത്യങ്ങൾ കണ്ടാലും വാഹനം പിടികൂടും. എവിടെയെങ്കിലും അപകടം കണ്ടാൽ ഉടൻ ദുബൈ പൊലീസ് കമാൻഡ് റൂമിലേക്ക് വാഹനത്തിൽനിന്ന് മെസേജ് പോകും. ഗതാഗതക്കുരുക്കും കൃത്യമായി കണ്ടെത്തി വിവരം അറിയിക്കും. വാഹനത്തിൽ ഡ്രോണും ഉണ്ട്. സംശയാസ്പദമായി ആരെയെങ്കിലും കണ്ടാൽ ഈ ഡ്രോൺ ഉപയോഗിച്ച് പിന്തുടരും. ഫേസ് റെക്കഗ്നിഷൻ, 4 ഡി ഇമാജിൻ റഡാർ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്. പുതിയ ഡ്രോണും ദുബൈ പൊലീസ് പ്രദർശിപ്പിച്ചു. 500 മീറ്റർ അകലെനിന്ന് എടുക്കുന്ന ചിത്രങ്ങൾപോലും 200 മടങ്ങ് സൂം ചെയ്യാവുന്ന സംവിധാനമാണ് ഡ്രോണിലുള്ളത്. മുഖവും നമ്പർ േപ്ലറ്റും തിരിച്ചറിയാനുള്ള തെർമൽ കാമറയും ഉന്നതനിലവാരത്തിലുള്ള കാമറയും ഇതിലുണ്ട്. ഏതുമേഖലയുടെയും മാപ്പ് തയാറാക്കാനുള്ള 3ഡി കാമറയും ഘടിപ്പിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.