ദുബൈ: യു.എ.ഇയിൽ പുതിയ സകാത്ത് നിയമത്തിന് അംഗീകാരം. സകാത് ഫണ്ടുകളെ പൊതുധനമായി കണക്കാക്കി സകാത്തിന്റെ വിതരണവും ശേഖരണവും നിയമവിധേയമാക്കാൻ ലക്ഷ്യമിടുന്നതാണ് നിയമം.
പുതിയ നിയമപ്രകാരം സകാത്ത് വിദേശത്തേക്ക് നൽകാൻ ലൈസൻസ് ആവശ്യമാണ്. നിയമം ലംഘിക്കുന്നവർക്ക് പത്തുലക്ഷം ദിർഹം വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സകാത് അർഹരിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന നിയമമാണ് യു.എ.ഇ പാർലമെന്റായ ഫെഡറൽ നാഷനൽ കൗൺസിൽ പാസാക്കിയത്. പുതിയ നിയമമനുസരിച്ച് രേഖകളില്ലാതെ വിദേശത്തേക്ക് സകാത്ത് അയക്കാൻ അനുമതി നൽകില്ല.
എല്ലാവർഷവും ഒരേ വ്യക്തികളോ സ്ഥാപനങ്ങളോ സകാത്ത് ഫണ്ട് കൈപ്പറ്റുന്നത് ഒഴിവാക്കും. അർഹതയില്ലാത്തവർക്ക് സകാത്തിന്റെ ആനൂകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കും. നിയമവിധേയമല്ലാതെ സകാതിന്റെ വിതരണവും സ്വീകരണവും ശേഖരണവും നടത്തിയാൽ ഒരു ലക്ഷം ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും കൂടാതെ തടവുശിക്ഷയും പുതിയ നിയമം മുന്നോട്ടുവെക്കുന്നുണ്ട്.
സാമ്പത്തിക, സാമ്പത്തികേതര ഫ്രീസോണുകൾ ഉൾപ്പെടെ രാജ്യത്ത് സകാത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിയമം ബാധകമാണ്. തെറ്റായതും വ്യാജമായതുമായ രേഖകൾ ഹാജരാക്കി സകാത് നേടുന്നവർക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷയും രണ്ടുലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. നിലവിൽ സകാത് നടപടികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനകം അവരുടെ സ്റ്റാറ്റസ് നിയമവിധേയമാക്കിയിരിക്കണം.
സകാത്തിന്റെ ശേഖരണം, വിതരണം, യോഗ്യരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിനും നിയമം രൂപം നൽകും.
സകാത് നടപടികൾ നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ സംവിധാനം വികസിപ്പിക്കുന്നതിനുള്ള സുപ്രധാനമായ കാൽവെപ്പാണ് പുതിയ നിയമമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ്, സകാത് ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരി പറഞ്ഞു.
സുതാര്യതയുടെയും വിശ്വാസ്യതയുടെയും കീഴിൽ അർഹരായ ഗുണഭോക്താക്കൾക്ക് സകാത്ത് ധനസഹായം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനും അതോടൊപ്പം സകാത് സ്ഥാപനങ്ങളിൽ പൊതുജനങ്ങളുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനും പുതിയ നിയമം സഹായകമാവുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.