ദോഹ: ഖത്തറിന്റെ ആകാശകവാടമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പത്താം വർഷത്തിലേക്ക് കടക്കവേ ആഘോഷങ്ങൾക്ക് തുടക്കമായി. വിമാനത്താവളത്തിനുള്ളിലെത്തുന്ന യാത്രക്കാർക്ക് ആനന്ദിക്കാൻ ഒരുപിടി കലാപരിപാടികൾ ഒരുക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിലായി പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
നൃത്തവും സംഗീതവും ഉൾപ്പെടെ വിവിധ കലാപരിപാടികൾ കാഴ്ചക്കാർക്കായി ഒരുക്കിയാണ് മേയ് 15 മുതൽ പത്താം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്. ‘അടുത്ത അതുല്യമായ പത്തു വർഷങ്ങളിലേക്ക്’ എന്ന ടാഗ് ലൈനോടുകൂടിയാണ് വിമാനത്താവള ടെർമിനലിനുള്ളിൽ യാത്രക്കാരെ വരവേൽക്കുന്നത്. വിമാനത്താവളത്തിനുള്ളിലെ ഓർചാഡ്, വിവിധ ടെർമിനലുകൾ, ട്രാൻസിറ്റ് ഏരിയ എന്നിവിടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആസ്വദിക്കാവുന്ന ഏഷ്യ, ആഫ്രിക്കൻ, യൂറോപ്, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കലകാരന്മാരുടെ പ്രകടനമാണ് ആകർഷകം. സൂഖ് അൽ മതാറിൽ ഖത്തറിന്റെ പരമ്പരാഗത അർദ വാൾ നൃത്തവും സജീവമായുണ്ട്.
വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരുടെ പ്രധാന മേഖലയായ ലാംപ് ബിയറിനരികിലായി മിനി മ്യൂസിക്കൽ ഫെസ്റ്റിവലും ഡി.ജെയും ആഘോഷ അന്തരീക്ഷം പകരുന്നു. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ട ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മേയ് അവസാന വാരമാണ് പത്തു വയസ്സ് പൂർത്തിയാകുന്നത്. 2014ലായിരുന്നു ലോകത്തിന്റെ ഏറ്റവും മികച്ച യാത്രാ ഹബ്ബായി ഹമദിൽ നിന്നും വിമാനങ്ങൾ യാത്രചെയ്തു തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.