ബെല്‍സ് പാള്‍സി ചികിത്സ ​കൊണ്ട് ഭേദമാക്കാം

മുഖത്തിന്‍റെ ഒരുവശത്തെ പേശികള്‍ക്ക് പെട്ടെന്ന് തളര്‍ച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി. മണിക്കൂറുകള്‍കൊണ്ട് മുഖത്തിന്‍റെ രൂപം മാറുകയും ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടക്കുന്നതിനും ചിരിക്കുന്നതിനും പ്രയാസം അനുഭവപ്പെടുകയും ചെയ്യും. തലച്ചോറില്‍നിന്ന് മുഖത്തേക്ക് വരുന്ന ഞരമ്പുകളില്‍ (ഫേഷ്യല്‍ നെര്‍വ്) നീര്‍ക്കെട്ട് സംഭവിക്കുന്നത് മൂലമാണ് ബെല്‍സ് പാള്‍സി എന്ന രോഗാവസ്ഥയുണ്ടാകുന്നത്. ഞരമ്പുകളില്‍ നീര്‍ക്കെട്ട് സംഭവിക്കുന്നതിനാല്‍ മുഖത്തെ പേശികളില്‍ ബലക്കുറവ് അനുഭവപ്പെട്ട് സ്വാഭാവിക രൂപം നഷ്ടമാകുന്ന അവസ്ഥയാണിത്. മുഖത്തിന്‍റെ വലത്, ഇടത് വശങ്ങളില്‍ പ്രത്യേകം ഫേഷ്യല്‍ നെര്‍വ് ഉണ്ട്. ഒരുഭാഗത്തെ ഞരമ്പില്‍ നീര്‍ക്കെട്ട് ഉണ്ടാകുമ്പോള്‍ ഈ ഭാഗത്തെ പേശികളെ ബാധിക്കുകയും മറുവശത്തേക്ക് മുഖം കോടി നില്‍ക്കുകയും ചെയ്യും. ചില രോഗികളില്‍ ബലം നഷ്ടപ്പെട്ട ഭാഗത്തെ പേശികള്‍ അയഞ്ഞുതൂങ്ങി നില്‍ക്കുന്നതായും കാണാം.

പ്രധാന ലക്ഷണങ്ങള്‍

• മുഖത്തിന്റെ ഒരുവശം തളർന്നുപോവുക,

• കണ്ണ് അടക്കുക, ചിരിക്കുകപോലെ മുഖം കൊണ്ടുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയാതിരിക്കുക

• മുഖം ഏതെങ്കിലും ഒരുവശത്തേക്ക് കോടിപ്പോവുക

• വായില്‍ വെള്ളം എടുക്കുന്നതിനും തുപ്പുന്നതിനും സാധിക്കാത്ത അവസ്ഥ

• ചെവിയടപ്പ്, ചെവി വേദന എന്നിവ അനുഭവപ്പെടുക

• നാവിന്‍റെ ഒരുവശത്ത്‌ രുചി തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ

• വായില്‍നിന്ന് ഉമിനീര്‍ പുറത്തേക്ക് ഒഴുകുക

കാരണം

ഹെര്‍പിസ് സിംപ്ലെക്സ് 1 (Herpes simplex) എന്ന വൈറസ് ബാധയാണ് ബെല്‍സ് പാള്‍സി ബാധിക്കുന്നതിന് കാരണമാകുന്നത്. അതേസമയം മറ്റ് വൈറസ് ബാധമൂലവും ചില രോഗാവസ്ഥകളുടെ ഭാഗമായും ബെല്‍സ് പാള്‍സിക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടേക്കാം. അതിനാല്‍തന്നെ രോഗനിര്‍ണയം പ്രധാനമാണ്. മറ്റ് കാരണങ്ങള്‍കൊണ്ട് ബെല്‍സ് പാള്‍സി പോലുള്ള അവസ്ഥയുണ്ടാകുന്നത് ഫേഷ്യല്‍ പാള്‍സി എന്നാണ് അറിയപ്പെടുന്നത്. ഹെര്‍പിസ് സോസ്റ്റര്‍ (Herpes zoster) പോലുള്ള വിവിധ വൈറസുകള്‍ ബാധിക്കുന്നതുമൂലം മുഖം ഉള്‍പ്പെടെ ശരീരത്തിലെ വിവിധ പേശികള്‍ക്ക് സമാനമായ അവസ്ഥ സംഭവിക്കാറുണ്ട്. ലുക്കീമിയ പോലുള്ള ചില രോഗങ്ങളുടെ ഭാഗമായും ഇത് കാണുന്നു. പ്രമേഹ രോഗികളിലും ഗര്‍ഭിണികളിലും ഇങ്ങനെയുണ്ടാകാറുണ്ട്.

സ്ട്രോക്ക് ബാധിക്കുന്നത് വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്, അതേസമയം മണിക്കൂറുകള്‍ കൊണ്ട് മാത്രമാണ് ബെല്‍സ് പാള്‍സി ശരീരത്തില്‍ പ്രകടമാകുന്നത്. എങ്കില്‍പോലും ലക്ഷണങ്ങളില്‍ ചില സമാനതകള്‍ ഉള്ളതിനാല്‍ സ്ട്രോക്ക് തിരിച്ചറിയപ്പെടാതെ പോകാന്‍ ഇത് കാരണമാകും.

ചികിത്സ

കുറഞ്ഞ കാലത്തെ കൃത്യമായ ചികിത്സകൊണ്ട് ഭേദമാക്കാന്‍ സാധിക്കുന്നതാണ് ബെല്‍സ് പാള്‍സി. കൃത്യമായ ഫിസിയോ തെറപ്പി ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് ആവശ്യമാണ്‌. നിശ്ചിത മുഖവ്യായാമങ്ങള്‍ ചെയ്യുന്നത് പ്രയോജനം ചെയ്യും. വായില്‍ വെള്ളം പിടിക്കാന്‍ ശ്രമിക്കുക, ബലൂണ്‍ വീര്‍പ്പിക്കാന്‍ ശ്രമിക്കുക തുടങ്ങിയവ ചെയ്യുന്നതിലൂടെ മാറ്റമുണ്ടാകും. ഇതോടൊപ്പം കൃത്യമായി മരുന്ന് കഴിക്കേണ്ടതും അനിവാര്യമാണ്.

ചില ട്യൂമറുകള്‍, അണുബാധ, അർബുദം പോലുള്ള രോഗങ്ങള്‍ എന്നിവയുടെ ഭാഗമായും സമാനമായ അവസ്ഥ കാണാറുണ്ട്. അതുകൊണ്ടുതന്നെ ചികിത്സ നിര്‍ണയിക്കുന്നതിനു മുമ്പ് മറ്റെന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായാണോ മുഖത്തെ പേശികള്‍ക്ക് ബലക്കുറവ് സംഭവിച്ചതെന്ന് തിരിച്ചറിയണം.

രോഗം പൂര്‍ണമായും ഭേദമാകുന്നതു വരെ മാത്രം ചികിത്സ തുടര്‍ന്നാല്‍ മതിയാകും. അപൂർവം ചിലരില്‍ രോഗം ഭേദമായ ശേഷവും കണ്ണില്‍ മിടിപ്പ് പോലെ അനുഭവപ്പെടുക, കണ്ണ് ചുരുങ്ങിയിരിക്കുന്ന അവസ്ഥ, സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കണ്ണില്‍നിന്ന് വെള്ളം വരുന്ന അവസ്ഥ എന്നിവ കണ്ടുവരാം. ഇവര്‍ വിദഗ്ധ ഡോക്ടറെ സമീപിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കണം.


​ഡോ. ഉമ്മർ കാരാടൻ

(ചീഫ് കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് )

Tags:    
News Summary - Bell's palsy can be cured with treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.