നടന്ന് തടി കുറക്കണോ?; ഈ അഞ്ച് കാര്യങ്ങൾ അറിയുക

ജിമ്മിൽ പോകാൻ താൽപര്യമില്ലാത്തവരും, പ്രായാധിക്യം കാരണം കഠിന വ്യായാമങ്ങൾക്ക് സാധിക്കാത്തവരുമെല്ലാം രാവിലെയോ വൈകുന്നേരമോ നടക്കാൻ പോകാറുണ്ട്. ഇന്ന് നമ്മുടെ നാട്ടുവഴികളിലും പാർക്കിലുമെല്ലാമായി നടക്കാനെത്തുന്നവരുടെ എണ്ണം ഏറെയാണ്. ലഘുവായ വ്യായാമം, എവിടെയും ചെയ്യാം, പ്രത്യേക ക്രമീകരണങ്ങൾ ആവിശ്യമില്ല എന്നീ കാരണങ്ങൾകൊണ്ടെല്ലാം നടത്തം ഏറെ പേരും വ്യായാമത്തിന് െതരഞ്ഞെടുക്കുന്നു.

ഹൃദയാരോഗ്യത്തിനും അസ്ഥികൾക്കും മാനസികാരോഗ്യത്തിനും പൊണ്ണത്തടി കുറയ്ക്കാനുമെല്ലാം നടത്തം ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. ചുമ്മാ നടക്കുന്നതിന് പകരം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തടി കുറക്കൽ അടക്കമുള്ള നേട്ടങ്ങൾ നിങ്ങൾക്ക് വേഗത്തിൽ കൈവരിക്കാനാകും. അതിനായി താഴെ പറയുന്ന അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം...

രാവിലെ ഇറങ്ങാം


എപ്പോൾ തോന്നുന്നോ അപ്പോൾ നടക്കാനിറങ്ങാം എന്നാണ് പൊതുവെ പറ‍യാറ്. എന്നാൽ, നടക്കാനിറങ്ങുമ്പോൾ ശരീരത്തിന് സൂര്യപ്രകാശം ലഭിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇൻറർനാഷണൽ ജേണൽ ഓഫ് എൻ‌ഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, നടക്കുമ്പോൾ സൂര്യപ്രകാശമേൽക്കുന്നത് കൂടുതൽ ഊർജം നൽകുകയും ഇത് നടത്തത്തിൻെറ സമയം ദീർഘിപ്പിക്കാനും ക്രമേണ ശരീരഭാരം കുറയാനും സഹായിക്കുമത്രെ. അതിനാൽ പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് രാവിലെ ആകുന്നത് കൂടുതൽ ഗുണം ചെയ്യും.

കൈകൾ വീശി...


ഗ്രിപ്പ് ഉള്ള ചെരിപ്പോ വാക്കിങ് ഷൂസുകളോ ധരിക്കാം. കൈവീശി നിങ്ങളുടെ ശാരീരിക ക്ഷമതയനുസരിച്ച് വേഗതയിൽ നടക്കുക. നടക്കുമ്പോൾ കൈകൾ വീശുന്നത് 5 മുതൽ 10 ശതമാനം വരെ കലോറി കത്തിക്കാൻ സഹായിക്കും. മാത്രമല്ല, ഇത് മികച്ച അപ്പർ ബോഡി വർക്കൗട്ടായി മാറുകയും ചെയ്യും. കൈകൾ 90 ഡിഗ്രി ഉയർത്തി തോളിനൊപ്പമാക്കി വീശുക.

ക്ഷമയോടെ തുടങ്ങുക


തുടക്കത്തിൽ 30 മിനിറ്റ് നടക്കുക. പിന്നീട് ഓരോ രണ്ട് ആഴ്ചയ്ക്കും ശേഷം 10 മിനിറ്റ് കൂടുതൽ നടക്കുക. ഇത്തരത്തിൽ സമയം ഒരു മണിക്കൂർ ആക്കി ഇത് ശീലമാക്കുക. ഇടവേളകളിൽ ആവശ്യമെങ്കിൽ വിശ്രമിക്കുക. വ്യത്യസ്ത ഭൂപ്രദേശങ്ങൾ നടക്കാനായി തെരഞ്ഞെടുക്കുക.

ശ്രദ്ധ പ്രധാനം


നടത്തത്തിലൂടെ ദിവസം കൂടുതൽ കലോറി ചെലവാകുന്നത് നിങ്ങളുടെ ഭാരത്തെ ആശ്രയിച്ചുമിരിക്കും. മറ്റു വ്യായാമങ്ങളെ പോലെ അല്ല, നടത്തത്തിൽ കലോറി ചെലവാകുന്നത് വളരെ കുറവാണ്. നടക്കുന്ന സമയം ദീർഘിപ്പിച്ചതുകൊണ്ടു മാത്രമായില്ല, പരമാവധി തീവ്രമായി ശരീരം ചലിപ്പിക്കുക. മുകളിൽ പറഞ്ഞ പ്രകാരം ഒരു മണിക്കൂർ നടക്കാൻ സാധിക്കുന്നില്ലെങ്കിൽ ദിവസവും 30 മുതൽ 40 മിനിറ്റ് വരെയെങ്കിലും നടക്കുക.
നടക്കുന്നത് റോഡിലൂടെയാണെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. പ്രത്യേകം നടപ്പാതയില്ലാത്ത റോഡാണെങ്കിൽ വാഹനങ്ങൾ പുറകിൽനിന്നും മുന്നിൽനിന്നും വരുന്നത് എപ്പോഴും കരുതിയിരിക്കണം. അതിരാവിലെ വെളിച്ചം കുറവോ, മഞ്ഞ് കാഴ്ച മറക്കുന്ന സമയത്തോ, അല്ലെങ്കിൽ വൈകുന്നേരം ഇരുട്ടുമ്പോഴോ ആണെങ്കിൽ ജാഗ്രത ആവശ്യമാണ്.

ഡയറ്റിൽ ശ്രദ്ധ വേണം


നടത്തത്തോടൊപ്പം ഡയറ്റ് കൂടി ശ്രദ്ധിച്ചാൽ ഫലം ഉറപ്പാണ്. ഭക്ഷണ ശീലത്തിന് തടി കുറക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് പറയേണ്ടതില്ലല്ലോ. ആരോഗ്യകരവും പോഷക സമൃദ്ധവുമായ വിഭവങ്ങളാൽ പ്ലേറ്റ് നിറക്കുക. നടക്കാനിറങ്ങുന്നതിന് മുമ്പും നടത്തം കഴിഞ്ഞ് എത്തുമ്പോഴും നിങ്ങൾ എന്താണ് കഴിക്കുന്നത് എന്നതിന് തടി കുറക്കുന്നതിൽ പ്രധാന പങ്കുണ്ട്.


വ്യായാമത്തിന് വേണ്ടിയല്ലാതെ തന്നെ നടത്തം ശീലമാക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, സമീപമുള്ള കടയിലേക്കും മറ്റും പോകേണ്ട സാഹചര്യത്തിൽ ടൂവീലറോ കാറോ എടുക്കാതെ നടന്ന് പോകുക. ഇത്തരത്തിൽ നടത്തം ജീവിതത്തിൻെറ ഭാഗമാക്കാൻ നമുക്ക് സാധിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.