ടർഫുകളുടെ വരവോടെ കാൽപന്തുകളിയും പാതിരാകളിയായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ പടനയിച്ചിറങ്ങി തിമിർത്താടി കളിച്ചിരുന്ന കളികളിൽ പലതും പാടം വെടിഞ്ഞ് ടർഫ് ഗ്രൗണ്ട് എന്ന ട്രെൻഡ് സെറ്റിലേക്ക് പാതിരയോളം നീളുന്ന കളികളായി മാറി. നാട്ടിലും ഗൾഫിലുമെല്ലാം ടർഫുകൾ ധാരാളമുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പഴയപോലെ സജീവമല്ലെങ്കിലും ടർഫുകളിൽ ഇപ്പോഴും പന്തുരുളുന്നു. എല്ലാ സജ്ജീകരണങ്ങളോടെയും ഒരുക്കിയ ടർഫിൽ അപകടങ്ങൾ പറ്റിയാൽ പരിക്കില്ലെന്ന ധാരണയുണ്ട് പലർക്കും. ഇത്തരം ഗ്രൗണ്ടുകളിലെ പ്രത്യേക പരിശീലനമില്ലാതെയുള്ള കളികൾ ചെറുതും വലുതുമായ പരിക്കുകൾ വരുത്താറുണ്ട് പലപ്പോഴും. ടർഫിലെ പ്രത്യേകതരം കാർപെറ്റ്, കളിയിലെ വേഗം, മെയ്വഴക്കമില്ലായ്മ ഒക്കെ അതിന് കാരണമാകാറുണ്ട്.
സാധാരണ ഗ്രൗണ്ടുകളിലെ എല്ലാ പരിക്കുകളും ടർഫിലും സംഭവിക്കാം. കാൽമുട്ടിലെ പരിക്കുകൾ, കണങ്കാലിലെ ഉളുക്ക്, പെരുവിരലിലെ ഉളുക്ക് എന്നിവയാണ് സാധാരണയായി സംഭവിക്കാറ്.
മുൻകരുതലുകളില്ലെങ്കിൽ സാധാരണ ഗ്രൗണ്ടുകളിലെക്കാൾ വലിയ പരിക്ക് കാൽമുട്ടിന് പറ്റാം. കാൽമുട്ടിെൻറ വള്ളികൾക്കേൽക്കുന്ന പരിക്കാണ് പ്രധാനം. മെനിസ്കസിനേൽക്കുന്ന പരിക്കുകളുമുണ്ട്. കാൽമുട്ട് തെന്നിപ്പോവുകയോ മുട്ടിന് വേദന തോന്നുകയോ ചെയ്താൽ ഡോക്ടറെ കാണണം.
സാധാരണ ഗ്രൗണ്ടിനെക്കാൾ ടർഫ് ഗ്രൗണ്ടിലാണ് കണങ്കാലിലെ ഉളുക്കിന് സാധ്യത കൂടുതൽ. വേദന, നീർവീക്കം, വേദനകൊണ്ട് നടക്കാൻ കഴിയായ്ക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരത്തിൽ നേരിയ ഉളുക്ക് മുതൽ ജോയൻറ് വേർപെടുന്ന കഠിനമായ പരിക്കുകൾ വരെ പറ്റാം. മൂന്നു ദിവസം വിശ്രമിച്ച് ഐസ് കംപ്രഷൻ ചെയ്താൽ സുഖമാകും. തുടർവേദനയോ ആങ്കിൾ തെന്നിപ്പോകുന്ന അവസ്ഥയോ ഉണ്ടായാൽ വിദഗ്ധ ചികിത്സ വേണ്ടിവരും.
പെരുവിരലിെൻറ ഉളുക്കിന് കാരണം കാൽവിരൽ ടർഫ് പ്രതലത്തിൽ കുടുങ്ങുന്നതാണ്. പെരുവിരലിെൻറ ജോയൻറ് അമിതമായി മടങ്ങുന്നത് കാരണം ആ ഭാഗത്ത് വേദനയുണ്ടാകുന്നു. ഇത്തരം പരിക്കുകൾക്ക് പ്രഥമ ചികിത്സ ഐസ് കംപ്രഷനാണ്. ചുരുങ്ങിയത് മൂന്നാഴ്ച വിശ്രമവും വേണം. എന്നിട്ടും വേദന മാറിയില്ലെങ്കിൽ വിദഗ്ധ ഡോക്ടറെ കാണണം. സാധാരണ ഗ്രൗണ്ട് ബൂട്ടിന് പകരം ടർഫ് ബൂട്ടുകൾ ഉപയോഗിച്ചാൽ ഇത്തരം പരിക്കുകൾ ഒരു പരിധി വരെ കുറക്കാനാകും.
നിങ്ങൾ ഏതു തരത്തിലെ ഗ്രൗണ്ടിൽ കളിക്കുകയാണെങ്കിലും ആവശ്യമായ വാംഅപ്പും കൂൾഡൗണും ഹൈഡ്രേഷനും ചെയ്യുന്നത് പരിക്കുകൾ കുറക്കാൻ സഹായിക്കും. ഓരോരുത്തരും കുറഞ്ഞത് 10 മിനിറ്റ് സ്ട്രെച്ചിങ് ഉൾപ്പെടെ കാർഡിയാക് വ്യായാമങ്ങളും കളിക്കുന്നതിനുമുമ്പ് സ്പോർട്സ് അനുബന്ധ വ്യായാമങ്ങളും നിർബന്ധമായും ചെയ്യണം. കളി കഴിഞ്ഞ ഉടൻ പൂർണ വിശ്രമം അരുത്. കുറച്ചു നേരം നടക്കുകയോ സ്ട്രെച്ചിങ്ങോ ചെയ്തതിനുശേഷം ശരീരത്തെ പതിയെ കൂൾഡൗൺ ചെയ്യണം. ഏതൊരു കളിക്കും അത്യാവശ്യമാണ് ആവശ്യത്തിന് വെള്ളം കുടിക്കൽ. പ്രത്യേകിച്ച് ടർഫിൽ കളിക്കുമ്പോൾ സാധാരണ ഗ്രൗണ്ടിൽ കളിക്കുന്നതിൽനിന്ന് വ്യത്യസ്തമായി ശരീരം നന്നായി ചൂടാകും. അതുകൊണ്ടുതന്നെ കൂടുതലായി വെള്ളം കുടിക്കണം.
പരിക്കുരഹിത കളിക്ക് ശരിയായ ഉപകരണങ്ങളും മറ്റു സംരക്ഷണമാർഗങ്ങളും എപ്പോഴും അത്യാവശ്യമാണ്. ടർഫിൽ കളിക്കുമ്പോൾ കാലിൽ ധരിക്കുന്ന മുഴുവൻ സാധനങ്ങളിലും കൃത്യമായ ശ്രദ്ധ വേണം. ടർഫ് ക്ലീറ്റുകൾക്കായി ചെറുതും വൃത്താകൃതിയിലുള്ളതുമായ റബർ സ്റ്റഡുകളുള്ള ഷൂസുകൾ ഉപയോഗിക്കണം. ഇത് വഴുതിവീഴൽ കുറക്കും.
ചില കൃത്രിമ ടർഫ് ഗ്രൗണ്ടുകൾ റീസൈക്കിൾ ചെയ്ത റബർ ടയർ കഷണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള റബർ ടയർ കഷണങ്ങളിൽ ധാരാളം വലിയ രീതിയിലുള്ള ലോഹങ്ങളും മറ്റു മലിനീകരണ വസ്തുക്കളും കാണാൻ സാധ്യതയുണ്ട്. ഇത് അർബുദത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ടർഫിൽ കളിച്ചതിനുശേഷം ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതിനു മുേമ്പ ശരീരം മുഴുവൻ വൃത്തിയാക്കണം.
ഏതു പ്രതലത്തിൽ കളിക്കുകയാണെങ്കിലും കൃത്യമായ മുൻകരുതലുകളും വ്യായാമങ്ങളും എടുക്കുകയാണെങ്കിൽ പരിക്കുകളെ ഒരു പരിധി വരെ തടഞ്ഞുനിർത്താൻ സാധിക്കും. ചെറുപ്രായത്തിലെ പരിക്കുകൾ കായികക്ഷമതയുള്ളതുകൊണ്ട് ആ സമയത്ത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് വരില്ല. എന്നാൽ, പ്രായംചെല്ലുംതോറും മുമ്പ് സംഭവിച്ച പരിക്കുകൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ തുടങ്ങും. അതിനാൽ പരിക്കേറ്റെന്ന് ബോധ്യമായാൽ വിദഗ്ധ ചികിത്സ തേടിയാൽ ഭാവിയിലെ ബുദ്ധിമുട്ടുകൾകൂടി ഒഴിവാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.