50 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

രോഗം വരുമ്പോള്‍ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. എല്ലാ കാര്യങ്ങളിലും ഒരു മുന്‍കരുതല്‍ എടുക്കുന്ന നാം ആരോഗ്യത്തിൻെറ കാര്യത്തില്‍ ഈ ശ്രദ്ധ കാട്ടാറില്ല എന്നതാണ് വാസ്തവം. വിദ്യാഭ്യാസം, ജോലി, ഗൃഹനിര്‍മ്മാണം എന്നിവയ്‌ക്കെല്ലാം തന്നെ വളരെ നേരത്തെയുള്ള കരുതലും അതിനുവേണ്ടിയുള്ള മനക്കണക്കും നാം ചെയ്യാറുണ്ട്. ഈ കണക്കുകളോ കരുതലുകളോ ആരോഗ്യത്തിൻെറ കാര്യത്തില്‍ ഇല്ല തന്നെ. പ്രത്യേകിച്ചും സ്ത്രീകള്‍ ആരോഗ്യ വിഷയങ്ങളില്‍ പുറകോട്ടാണ്. ഓജസ്സോടെ ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്ന നാം മധ്യവയസ്സിലേക്കും വാര്‍ദ്ധക്യത്തിലേക്കും കടക്കുന്നത് ആരോഗ്യപരമായ പ്ലാനിങ് ഇല്ലാതെയാണ്. അതുകൊണ്ടുതന്നെ രോഗാതുരകള്‍ ഏറുകയും ചെയ്യും.

മധ്യവയസ്സില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. 50 വയസ്സിലേക്ക് കടക്കുന്ന ഒരു ശരാശരി സ്ത്രീയുടെ സാഹചര്യങ്ങള്‍ വിശകലനം ചെയ്താല്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കര്‍മ്മനിരതയാകുന്ന കാലഘട്ടം ഇതാണ് എന്ന് മനസ്സിലാകും. വയസ്സായ മാതാപിതാക്കള്‍, പഠിത്തം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്ന മക്കള്‍, കല്യാണ പ്രായമായ പെണ്‍കുട്ടികള്‍ എന്നിങ്ങനെ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുടെ ഒരു വേലിയേറ്റം, അതിനൊപ്പം ആര്‍ത്തവ വിരാമം അടുക്കുന്നതിൻെറ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍.... ഇതിനിടയില്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാന്‍ സമയമില്ലാതെ പോകുന്നതില്‍ അത്ഭുതമില്ല. മധ്യവയസ്സിലേക്ക് കടക്കുന്ന ഒരു സ്ത്രീയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പലതാണ്. അവയെ നമുക്ക് മൂന്നായി തരം തിരിക്കാം.

1. സ്ത്രീകളിലും പുരുഷന്മാരിലും പൊതുവായി കാണുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍
2. മാസമുറ നിന്നു പോയതിൻേറയോ ആര്‍ത്തവ വിരാമം അടുക്കുന്നതിൻേറയോ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍
3. പ്രായം കൂടുന്നതിനനുസരിച്ച് പ്രത്യുല്പാദന അവയവങ്ങളുടെ അര്‍ബുദം ബാധിക്കാനുള്ള സാധ്യതകള്‍

50 വയസ്സിലേയ്ക്കു കടക്കുന്ന സ്ത്രീകളിൽ സാധ്യതയേറെയുള്ള ചില ആരോഗ്യ പ്രശ്‌നങ്ങള്‍:
1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
2. പ്രമേഹരോഗം
3. അമിതവണ്ണം
4. തൈറോയ്ഡ് ഹോര്‍മോണിൻെറ കുറവ്.

തൈറോയ്ഡ് ഹോര്‍മോണിൻെറ അളവ് ചെറിയ തോതില്‍ കുറഞ്ഞു തുടങ്ങുന്നത് പ്രത്യേകമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. പക്ഷെ, ആരോഗ്യപരമായ ജീവിതത്തെ ഇത് ബാധിക്കുന്നു. ക്ഷീണം, കൈകാല്‍ കഴപ്പ്, വിളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ജീവിതത്തിൻെറ ഭാഗമായി മാറുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും പാരമ്പര്യ രോഗങ്ങള്‍ എന്നതില്‍ ഉപരി ജീവിതശൈലി രോഗങ്ങളുമാണ്. ജീവിതസൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച് വ്യായാമം കുറയുകയും ഭക്ഷണരീതികള്‍ പാടേ മാറുകയും ചെയ്യുന്നു. പാരമ്പര്യമായി ഈ രോഗസാധ്യതയുള്ളവര്‍ക്ക് ഈ രോഗങ്ങള്‍ നേരത്തെ തന്നെ പിടിപെടും. ഈ രണ്ട് രോഗങ്ങളും പ്രാരംഭ ദശയില്‍ ലക്ഷണങ്ങളൊന്നുമുണ്ടാക്കുന്നില്ല എന്നതുകൊണ്ട് അത് കണ്ടുപിടിക്കാനും വൈകുന്നു. മാത്രമല്ല 'എനിക്ക് പ്രശ്‌നമൊന്നുമില്ല' എന്നു പറഞ്ഞ് വാസ്തവങ്ങളെ നേരിടാനുള്ള ഒരു വിമുഖതയും മനുഷ്യസഹജമാണ്.

ഈ പ്രായത്തില്‍ വരുന്ന സ്ത്രീ ഹോര്‍മോണുകളുടെ വ്യതിയാനങ്ങളും അടിവയറ്റിലെ കൊഴുപ്പ് വര്‍ധിക്കാൻ ഒരു കാരണമാണ്. അമിതമായ കൊഴുപ്പ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിൻെറ പ്രവര്‍ത്തനത്തെ തടയുന്നത് പ്രമേഹത്തിന് ഒരു കാരണമാണ്.

ആര്‍ത്തവ വിരാമത്തിൻെറ പ്രായം ശരാശരി 50 - 51 വയസ്സാണ്. എന്നാല്‍ ഇതിന് പത്ത് വര്‍ഷം മുന്‍പ് തന്നെ വ്യത്യാസങ്ങള്‍ ശരീരത്തിലും ആര്‍ത്തവ ക്രമത്തിലും രക്തസ്രാവത്തിലും കണ്ടു തുടങ്ങുന്നു. തെറ്റിവരുന്ന ആര്‍ത്തവവും അമിത രക്തസ്രാവവും സ്ത്രീകളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഈ ക്രമക്കേടുകള്‍ മാസക്കുളി നില്‍ക്കാന്‍ പോകുന്നതുകൊണ്ടു മാത്രമായിരിക്കില്ല. ചിലപ്പോള്‍ പ്രത്യുത്പാദന അവയവങ്ങളില്‍ വരുന്ന അര്‍ബുദ രോഗത്തിൻെറ മുന്നോടിയും ആയിരിക്കാം. അതിനാല്‍ മാസക്കുളിയില്‍ ക്രമക്കേടുകള്‍ കണ്ടാല്‍ ഒരു സ്ത്രീരോഗ വിദഗ്ധയുടെ ഉപദേശം തേടുക തന്നെ വേണം.

ഈ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (oestrogen ൻെറ അളവ് കുറയുക, progesterone oestrogen എന്നീ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, എന്നിവ) ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഉറക്കമില്ലായ്മ, തലയില്‍ നിന്ന് ആരംഭിച്ച് താഴേയ്ക്കു വ്യാപിക്കുന്ന ചൂടിൻെറ അലകളും അതിനെ തുടര്‍ന്നുണ്ടാകുന്ന വിയര്‍പ്പും സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇത് ഉറക്കക്കുറവിനും കാരണമാകുന്നു. തീവ്രമായ രീതിയില്‍ ഈ പ്രതിഭാസം ചെറിയ ശതമാനം സ്ത്രീകളിലേ കാണുന്നുള്ളൂ.

സ്ത്രീകള്‍ക്ക് ഈ പ്രായത്തില്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണമാകുന്നു. പെട്ടെന്ന് നിയന്ത്രണം വിട്ട് ദേഷ്യപ്പെടുക, ചെറിയ കാര്യങ്ങള്‍ കൊണ്ടുപോലും മനസ്സിൻെറ സ്വസ്ഥത നഷ്ടപ്പെടുക എന്ന് തുടങ്ങി, വിഷാദ രോഗങ്ങള്‍ക്കു വരെ ഇത് കാരണമായേക്കാം. തൊലിയില്‍ വീഴുന്ന ചുളിവുകള്‍, ചര്‍മത്തിൻെറ വരള്‍ച്ച തുടങ്ങിയവ സൗന്ദര്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

എല്ലുകളുടെ ബലം നാം കഴിക്കുന്ന ആഹാരത്തിലെ കാല്‍സ്യത്തിന്റെ അളവനുസരിച്ചും നാം ചെയ്യുന്ന വ്യായാമവും അനുസരിച്ചും ഇരിയ്ക്കും. എല്ലുകളുടെ ഉറപ്പ് തുടങ്ങുന്നത് ഗര്‍ഭാവസ്ഥയിലാണ്. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്ക് കാല്‍സ്യം ഗുളികകള്‍ നല്‍കുന്നത്. മധ്യവയസ്സായാല്‍ സ്ത്രീകള്‍ കാല്‍സ്യം ഗുളിക കഴിച്ചു തുടങ്ങണം. ആര്‍ത്തവ വിരാമം വന്നാല്‍ പ്രത്യേകിച്ചും. കുട്ടികളായിരിക്കുമ്പോഴേ വ്യായാമം ശീലമാക്കുക. അത് ജീവിതകാലം മുഴുവന്‍ തുടര്‍ന്നുകൊണ്ടു പോവുക, ജീവിതത്തില്‍ വ്യായാമം ചെയ്യുന്നത് ശീലമാക്കിയിട്ടില്ലെങ്കില്‍, മധ്യവയസ്സിലെങ്കിലും ആരംഭിക്കുക.

ജോലിക്കും കുടുംബത്തിനും വേണ്ടി ഓടുന്ന നെട്ടോട്ടത്തിനിടയില്‍ ദിവസം ഒരു മണിക്കൂര്‍ അവനവനുവേണ്ടി നീക്കി വയ്ക്കുന്നത് അനിവാര്യമാണ്. അത് സ്വാര്‍ത്ഥതയല്ല തന്നെ. പൊക്കത്തിനൊത്ത വണ്ണം എന്നത് ഒരു മന്ത്രം പോലെ മനസ്സില്‍ പതിയട്ടെ. ദുര്‍മേദസ്സ് നമ്മുടെ മുട്ടുകള്‍ക്കും ഹൃദയത്തിനും രക്തധമനികള്‍ക്കും ഒരു ഭാരം തന്നെയാണ്. അത് ജീവിതത്തിൻെറ ദൈര്‍ഘ്യം കുറയ്ക്കുമെന്നു മാത്രമല്ല, ജീവിതത്തിൻെറ ഗുണനിലവാരത്തെയും ബാധിക്കും. സ്ത്രീകളെന്നും കുടുംബങ്ങളുടെ അത്താണിയാണ്. വാർധക്യത്തിൽ കുടുംബത്തിന് ഭാരമാകാതെ ജീവിക്കണമെങ്കിൽ 50 വയസ്സിലെങ്കിലും സ്വന്തം ആരോഗ്യത്തെ പറ്റി ചിന്തിയ്ക്കൂ. ഉണരൂ വനിതകളെ, ആരോഗ്യ സമ്പുഷ്ടമായ ജീവിതത്തിലേക്ക് നടന്നടുക്കൂ....

പട്ടം എസ്.യു.ടി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആണ് ലേഖിക.
Tags:    
News Summary - Health care of women over 50

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.