ന്യൂഡൽഹി: കോവിഡ് ബാധിതരിൽ വൈറസ് വീണ്ടുമെത്തുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ മെമ്മറി ബി കോശങ്ങളുടെ സാന്നിധ്യം പ്രതിരോധ ശേഷി ഒരു വർഷം വരെ നൽകുമെന്ന് പഠനം. എല്ലിലെ മജ്ജയിലും ലിംഫ് നോഡുകളിലുമായി കാണുന്ന മെമ്മറി ബി കോശങ്ങൾ ഒരു വർഷം വരെ വൈറസ്ബാധ വീണ്ടും വരാതെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് വാഷിങ്ടൺ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നു. രോഗ മുക്തരിൽ ആറു മാസം മുതൽ ഒരു വർഷം വരെ രോഗപ്രതിരോധ ശേഷി തിരിച്ചറിഞ്ഞിട്ടുണ്ട്.
എല്ലിലെ മജ്ജയിലും ലിംഫ് നോഡുകളിലുമായി കാണുന്ന മെമ്മറി ബി കോശങ്ങൾ ഒരിക്കൽ ശരീരത്തെ ബാധിച്ച പകർച്ചരോഗാണുക്കളെ അതിവേഗം തിരിച്ചറിഞ്ഞ് വീണ്ടും ആക്രമണമുണ്ടാകുന്ന പക്ഷം ഉടൻ ആന്‍റിബോഡി ഉൽപാദിപ്പിക്കുന്നു. ശരീരത്തിൽ ആന്‍റിബോഡിയുടെ അളവ് കുറഞ്ഞവരിലും ആവശ്യത്തിന് ഉൽപാദിപ്പിക്കാൻ ഇവയുള്ളതിനാൽ രോഗ ബാധ അതിവേഗം ആവർത്തിക്കാനുള്ള സാധ്യത കുറവാണെന്ന് നാച്വർ ജേണൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു.
2003ൽ തിരിച്ചറിഞ്ഞ സാഴ്സ് വൈറസ് ബാധിതരിൽ 20 വർഷം വരെ ആന്‍റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. കോവിഡ് ബാധക്കു കാരണമായ വൈറസും സാഴ്സ് വൈറസും തമ്മിൽ സാമ്യമുള്ളതിനാൽ ഇതേ സാധ്യത െകാറോണ വൈറസിനുമുണ്ടെന്നും പഠനം പറയുന്നു.
സ്വാഭാവികമായ പ്രതിരോധം കൂടുതൽ നിലനിൽക്കാമെങ്കിലും വാക്സിനും കോവിഡ് ആക്രമണം തടയുന്നതിൽ നിർണായകമാകും. ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കാനും വാക്സിന് സാധ്യമാകും. രോഗം വന്ന് ഒരു വർഷം കഴിഞ്ഞ് വാക്സിൻ നൽകിയാലും കൂടുതൽ പ്ലാസ്മ കോശങ്ങൾ ഉൽപാദിപ്പിച്ച് പ്രതിരോധം ശക്തമാക്കും. വാക്സിനു മുമ്പുണ്ടായിരുന്നതിന്‍റെ 50 ഇരട്ടിവരെ പ്രതിരോധം ഇതുവഴിയുണ്ടാകും. പ്ലാസ്മ കോശങ്ങളിൽ ചിലത് സ്വയം മെമ്മറി ബി കോശങ്ങളുടെ റോൾ ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.