വാഷിങ്ടൺ: കടുത്ത വാക്സിൻ നിലപാട് പുലർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്ത അമേരിക്കൻ ഫെമിനിസ്റ്റ് എഴുത്തുകാരി നവോമി വുൾഫിന് ട്വിറ്ററിൽ വിലക്ക്. കോവിഡ് മഹാമാരിയെ കുറിച്ചും ഇതിന്‍റെ ഭാഗമായ ലോക്ഡൗൺ, വാക്സിൻ എന്നിവയെ കുറിച്ചും തെറ്റായ ധാരണകൾ പരത്തുന്നുവെന്ന് പറഞ്ഞാണ് നടപടി.
വാക്സിൻ പാസ്പോർട്ട് ഏർപെടുത്താൻ യു.എസ് സർക്കാർ തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി വുൾഫ് രംഗത്തെത്തിയിരുന്നു. ''എണ്ണമറ്റ വംശഹത്യകൾക്ക് ഇതുപോലുള്ള തുടക്കമാണ്'' എന്നായിരുന്നു അന്ന് പ്രതികരണം.
വാക്സിൻ വ്യാപകമായി നൽകിത്തുടങ്ങിയ ഘട്ടത്തിൽ വാക്സിനെ കുറിച്ച് ഇവർ പറഞ്ഞത്, ''അപ്ലോഡുകൾ സ്വീകരിക്കാനാവുന്ന സോഫ്റ്റ്വേർ വേദി'' മാത്രമാണെന്നായിരുന്നു. വാക്സിൻ നൽകിയവരുടെ മൂത്രം അഴുക്കുചാലുകൾ വഴിയും മറ്റു ജലമാർഗങ്ങൾ വഴിയും കൂട്ടമായി ഒഴുകുന്നത് തടയണമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
വുൾഫിനെ വിലക്കിയതിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. 'വിഡ്ഢിയായതിന്റെ പേരിൽ ആദ്യമായി ട്വിറ്റർ വിലക്കിയ വ്യക്തിയാകും' ഇവരെന്ന് ചിലർ പരിഹസിച്ചു.
എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യനുള്ള പ്രഹരമാണ് വിലക്കെന്ന് ചിലർ കുറ്റപ്പെടുത്തി. അമേരിക്കയിൽ വിവാദമുയർത്തിയ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയ ആളാണ് വുൾഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.