നിശ്ശബ്ദനായ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന രക്തസമ്മർദം പേര് സൂചിപ്പിക്കുന്നതുപോലെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് കടന്നുവരുന്നത്. രക്തക്കുഴലുകളിലൂടെ രക്തം പ്രവഹിക്കുമ്പോൾ രക്തക്കുഴലുകളിലുണ്ടാകുന്ന സമ്മർദമാണിത്. ലോകമെമ്പാടും 1.13 മില്യൺ ജനങ്ങളെയും ഈ അസുഖം ബാധിച്ചിരിക്കുന്നതായിട്ടാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഉൾപ്പെടെ വിവരവിനിമയോപാധികൾ ആളുകളെ ഇത്രയും സ്വാധീനിച്ചിട്ടും ഇപ്പോഴും രക്തസമ്മർദത്തെക്കുറിച്ചോ രോഗാവസ്ഥയെക്കുറിച്ചോ ജനങ്ങൾക്ക് ഒരറിവുമില്ല എന്നതാണ് വാസ്തവം.
അവഗണിക്കരുത് രക്തസമ്മർദത്തെ
രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാലും പലരും അത് അവഗണിക്കുകയാണ്. രോഗമുള്ളവരിൽ പകുതിയോളം പേർ മാത്രമാണ് ബി.പിയെ നിയന്ത്രിച്ചു നിർത്തുന്നുള്ളൂ. രോഗം തിരിച്ചറിയുന്ന സമയത്തുതന്നെ ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇത് ഹൃദയാഘാതം, പക്ഷാഘാതം, കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന രോഗം, തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള ഓർമക്കുറവ്, വൃക്കയെ ബാധിക്കുന്ന നെേഫ്രാപ്പതി എന്നിങ്ങനെ പല രോഗങ്ങളിലേക്ക് നയിക്കുന്നു. ഹൃദയം സങ്കോചിച്ച് രക്തത്തെ ശക്തമായി പുറത്തേക്ക് തള്ളുന്നതാണ് രക്തസമ്മർദത്തിനു പ്രധാന കാരണം. ലോകത്ത് രക്തസമ്മർദമുള്ളവരിൽ 20 ശതമാനം ഇന്ത്യയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രക്തസമ്മർദത്തെക്കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങൾ ആദ്യം തെളിയിക്കപ്പെട്ടത് കുതിരയിൽ നടത്തിയ അപകടകരമായ ഒരു പരീക്ഷണത്തിലൂടെയാണ്. കുതിരയുടെ കഴുത്തിലെ ധമനിയിൽ നീളമേറിയ ഒരു ഗ്ലാസ് കുഴൽ കുത്തിയിറക്കിയാണ് ബി.പിയെക്കുറിച്ചുള്ള ആദ്യ ശാസ്ത്രീയ നിഗമനങ്ങൾ രൂപപ്പെടുത്തിയത്. എന്നാൽ, മനുഷ്യരിലെ ബി.പി അളക്കുന്നതിന് രസം ഉപയോഗിച്ചുള്ള സ്ഫിഗ്േമാമാനോമീറ്റർ കണ്ടെത്തിയത് 89ൽ മാത്രമാണ്. രക്തസമ്മർദം കൂടുന്നതുകൊണ്ട് രക്തക്കുഴലിെൻറ ഭിത്തികൾ തടിച്ചുവീർക്കും എന്ന് കണ്ടെത്തിയത് ഡോ. റിച്ചാർഡ് ൈബ്രറ്റ് ആണ്.
രക്തസമ്മർദത്തിന് പ്രധാന കാരണം
ഹൃദയം ചുരുങ്ങി രക്തത്തെ മഹാധമനിയിലേക്ക് ശക്തമായി പമ്പ് ചെയ്യുന്നതാണ് രക്തസമ്മർദത്തിന് പ്രധാന കാരണം. ശരീരത്തിെൻറ എല്ലാ ഭാഗങ്ങളിലുമായി കോടാനുകോടി സൂക്ഷ്മരക്തലോമികകളാണുള്ളത്. സൂക്ഷ്മരക്തക്കുഴലുകൾ സങ്കോചിച്ചിരുന്നാൽ മാത്രമേ രക്തക്കുഴലുകളിൽ ആവശ്യത്തിന് രക്തസമ്മർദം ഉണ്ടാവുകയുള്ളൂ. സാധാരണഗതിയിൽ ശരീരത്തിലെ കുറെ ആർട്ടീരിയോളുകളും അടഞ്ഞ നിലയിൽത്തന്നെയാണ് ഉണ്ടാവുക. വികസിച്ചവയും ഉണ്ടാകും. കൂടുതൽ ആർട്ടീരിയോളുകളുടെ ഈ വികാസത്തോതിനെ പെരിഫറൽ റസിസ്റ്റൻസ് എന്നാണ് പറയുന്നത്. രക്തസമ്മർദം നിയന്ത്രിക്കുന്നത് ഈ പെരിഫറൽ റെസിസ്റ്റൻസാണ്. രക്തസമ്മർദം ഇങ്ങനെയൊക്കെയാണെങ്കിലും ജീവെൻറ തുടിപ്പ് നിലനിർത്തുന്നത് രക്തസമ്മർദമാണ്. ഇത് ഒരുപരിധിയിലധികമാകുമ്പോൾ മാത്രമാണ് രോഗാവസ്ഥയാകുന്നത്.
ലക്ഷണങ്ങൾ പ്രകടമാകില്ല
സാധാരണനിലയിൽ ലക്ഷണങ്ങൾകൊണ്ട് കണ്ടെത്താൻ കഴിയാത്തതാണ് രക്തസമ്മർദം. അതായത്, ഇതിെൻറ ലക്ഷണങ്ങൾ പലതും പ്രകടമാകില്ല. അതുകൊണ്ടുതന്നെ രക്തസമ്മർദം വല്ലാതെ കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുന്ന രീതിയിൽ അപകടാവസ്ഥയിലെത്തുമ്പോഴാണ് രക്തസമ്മർദമാണെന്ന് മനസ്സിലാകുന്നത്. അപ്പോഴേക്കും ചികിത്സ ഫലിക്കാത്ത നിലയിലെത്തിയിട്ടുണ്ടാവും. 120/80 ആണ് പൊതുവെ അംഗീകരിച്ചിട്ടുള്ള സുരക്ഷിതമായ രക്തസമ്മർദം. ഇത് 129/89 എന്നതിലേക്ക് നീങ്ങുന്നുവെങ്കിൽ അമിത രക്തസമ്മർദം എന്ന രോഗാവസ്ഥയിലേക്ക് നീങ്ങുന്നതിെൻറ ലക്ഷണമാണ്.
സാധാരണനിലയിൽ തലവേദന രക്തസമ്മർദത്തിെൻറ ലക്ഷണമാവണമെന്നില്ല. എന്നാൽ, നമ്മൾ അവഗണിക്കുന്ന തലവേദന ചില സമയത്ത് രക്തസമ്മർദത്തിെൻറ ലക്ഷണമാകും. തലച്ചോറിലേക്കുള്ള ഓക്സിജെൻറ അളവിൽ കുറവ് സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ തലവേദനയുണ്ടാകുന്നത്. മൂക്കിൽനിന്ന് രക്തം വരുന്നതും രക്തസമ്മർദത്തിെൻറ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്. കണ്ണുകളിലെ വേദനയിൽ നമ്മൾ പലപ്പോഴും കമ്പ്യൂട്ടറിനെ കുറ്റം പറയാറാണ് പതിവ്. എന്നാൽ, നമ്മൾ അവഗണിക്കുന്ന ഈ വേദന രക്തസമ്മർദം ഉയരുന്നതിെൻറ സൂചനയാവാം. ശാരീരികവും മാനസികവുമായ ക്ഷീണം എപ്പോഴും ഉണ്ടാവുന്നത് രക്തസമ്മർദം ഉയർന്ന തോതിലാണ് എന്നതിെൻറ ലക്ഷണമാണ്. പലപ്പോഴും നെഞ്ചുവേദനയെയും ചുമയെയും ഹൃദയവുമായി ബന്ധപ്പെട്ട അസുഖമായിട്ടാണ് കണക്കാക്കാറുള്ളത്. എന്നാൽ, ഇത് രക്തസമ്മർദത്തിെൻറ ലക്ഷണമായും പ്രകടമാകാറുണ്ട്്. രക്തസമ്മർദ പരിശോധനയിലൂടെ മാത്രമേ ഇതിെൻറ അളവും ഗൗരവവും കണ്ടെത്താനാകൂ.
ജീവിതശൈലി കാരണമാകും
പുത്തൻ ജീവിതശൈലിയുടെ ഫലമെന്നോണം കടന്നുവന്ന ഈ നിശ്ശബ്ദകൊലയാളിയെ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ, അതായത്, ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയാൽ ഈ അസുഖത്തെ ഭയപ്പെടാതെ ജീവിക്കാവുന്നതാണ്. പുകവലി, അമിത മദ്യപാനം, പൊണ്ണത്തടി, വ്യായാമക്കുറവ്, പ്രായം എന്നിവ ഉയർന്ന രക്തസമ്മർദത്തിന് കാരണമാണ്. രക്തസമ്മർദത്തിന് മാനസികപിരിമുറുക്കവും കാരണമാകാറുണ്ട്. എന്നാൽ, മാനസിക പിരിമുറുക്കമുണ്ടാവുമ്പോൾ താൽക്കാലികമായി രക്തസമ്മർദം ഉയരുകയാണ് ചെയ്യുന്നത്.
രോഗാവസ്ഥയുടെ തുടക്കത്തിൽതന്നെ രോഗം തിരിച്ചറിഞ്ഞാൽ വ്യായാമത്തിലൂടെയും (ഡോക്ടറുടെ നിർദേശപ്രകാരം) മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കിയും ഉപ്പിെൻറ ഉപയോഗം കുറച്ചുകൊണ്ടും മരുന്നില്ലാതെ രോഗം നിയന്ത്രിക്കാം. എന്നാൽ, മരുന്ന് ഉപയോഗിച്ചു തുടങ്ങുന്ന ഘട്ടമാണെങ്കിൽ മരുന്ന് കഴിക്കുകയും ഒപ്പം ഡോക്ടറുടെ വിദഗ്ധ നിർദേശം പാലിക്കുകയും ജീവിതശൈലീ ക്രമീകരണം തുടരുകയും വേണം. ജീവിതശൈലീ ക്രമീകരണം എന്നാൽ നമ്മുടെ ജീവിതചര്യയിൽ ചിട്ടയും ക്രമവും ഉണ്ടാക്കുക എന്നതാണ്. ഇത് നമ്മുടെ ജീവിതത്തെ ആരോഗ്യകരമാക്കുകയാണ് ചെയ്യുന്നത്. അമിത രക്തസമ്മർദമുള്ളവർ ഭക്ഷണത്തിെൻറ അളവ് നിയന്ത്രിക്കുക, ഉപ്പിെൻറ ഉപയോഗം മിതമാക്കുക, കൊഴുപ്പ് കുറക്കുക, വറുത്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക, വ്യായാമം പതിവാക്കുക, പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക, മനസ്സിന് സന്തോഷമുള്ള പ്രവൃത്തികളിൽ ഏർപ്പെടുക, സമയാസമയങ്ങളിൽ വൈദ്യപരിശോധന നടത്തുക എന്നിവയിലൂടെ രക്തസമ്മർദത്തെ നിയന്ത്രിച്ചുനിർത്തേണ്ടതാണ്.
ആധുനികയുഗത്തിൽ പ്രായഭേദമന്യേ കടന്നുവരുന്ന ഈ നിശ്ശബ്ദ കൊലയാളിയെ അതിജീവിക്കാൻ ജീവിതശൈലീ ക്രമീകരണം പിന്തുടരേണ്ടതാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതിരിക്കുന്നതാണ് നല്ലതെന്ന നയം പിന്തുടരുന്നതും മരണത്തിലേക്ക് വരെ നയിക്കാവുന്ന ഇത്തരം അസുഖങ്ങളെ പാടേ അകറ്റിനിർത്താൻ നമ്മെ സഹായിക്കും.
തയാറാക്കിയത്: ഡോ. മുഹമ്മദ് അഫ്റോസ്
കൺസൾട്ടൻറ് ഫിസിഷ്യൻ
മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.