കുട്ടികളിലെ പൊണ്ണത്തടി ഒരു രോഗാവസ്ഥയാണെന്ന് രക്ഷിതാക്കൾ തിരിച്ചറിയണം. ഇത് മനസ്സിലാക്കാതെ വീണ്ടും അവർക്ക് കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ നൽകി സ്നേഹിക്കുന്നവർ അറിയേണ്ടത്, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് നമ്മൾ അവരെ നയിക്കുന്നത് എന്നാണ്. പ്രായത്തിനനുസരിച്ചുള്ള ശാരീരിക, മാനസികപ്രവര്ത്തനങ്ങളുള്ള കുട്ടികൾ അവർക്ക് ആവശ്യമുള്ള അളവിലായിരിക്കും കഴിക്കുക. അതവരുടെ സാധാരണ അവസ്ഥയാണെന്ന് തിരിച്ചറിയണം. അതിന് പകരം നിർബന്ധിച്ച് തീറ്റിച്ച് ഭാവിയിൽ പൊണ്ണത്തടിയന്മാരാക്കി മാറ്റുകയല്ല വേണ്ടത്. കുട്ടികളുടെ വയറ് നിറഞ്ഞാലും, സ്നേഹംകൊണ്ട് വീണ്ടും വീണ്ടും വാരിക്കോരി തീറ്റിക്കുന്ന രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് വണ്ണമല്ല ആരോഗ്യം.
കാരണങ്ങൾ: കുട്ടികൾക്കിടയിൽ പൊണ്ണത്തടി ഉണ്ടാകുന്നതിന് പലതരം കാരണങ്ങളുണ്ട്. പാരമ്പര്യം ഒരു കാരണമാണെന്ന് പറയാമെങ്കിലും പൊണ്ണത്തടിയുടെ കാര്യത്തിൽ ലോകത്തും രാജ്യത്തും ഉണ്ടാകുന്ന വർധനയുടെ കണക്കുകൾ അനുസരിച്ച് ജീനുകളെ മാത്രം കുറ്റം പറയാനാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അധികം ഭക്ഷിക്കുകയും കുറച്ചുമാത്രം കളിക്കുകയും ചെയ്യുന്നതാണ് കുട്ടികൾ തടിക്കാൻ കാരണം.
ഭക്ഷണശീലം, ജീവിതശൈലി, വ്യായാമക്കുറവ്, ഇതെല്ലാമാണ് നമ്മുടെ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും പൊണ്ണത്തടി കൂട്ടുന്നതിന് കാരണമായതായി ഒരു സർവേ പറയുന്നത്. അർധരാത്രി സമയത്തെ ഫാസ്റ്റ് ഫുഡ് തീറ്റ, സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള നവമാധ്യമങ്ങളുടെ ഉപയോഗത്തില്‍ കാണിക്കുന്ന അമിതാസക്തി തുടങ്ങിയവയെല്ലാം കുട്ടികളെ പൊണ്ണത്തടിയന്മാർ ആക്കിമാറ്റുന്നുണ്ട്. പിസ്സയും ബർഗറും സാൻറ്വിച്ചും ഉൾെപ്പടെയുള്ള ബേക്കറി വിഭവങ്ങൾക്കായും ചിക്കൻ വിഭവങ്ങൾക്കുമായി വാശിപിടിക്കുേമ്പാൾ കീഴടങ്ങി കുട്ടികളുടെ വാശിക്ക് വഴങ്ങി ഒപ്പം നിൽക്കുകയാണെങ്കിൽ മരുന്നുകൾകൂടി ഉൾപ്പെടും അവെൻറ ഭക്ഷണത്തിൽ. ദിവസേന 600 മി.ലിറ്റർ കോളപോലുള്ള പാനീയം കുടിക്കുന്ന ഒരാളിൽ ഒരു വർഷംകൊണ്ട് ഏകദേശം 11 കിലോ തൂക്കം വർധിക്കും. ഒപ്പം പ്രതിരോധശേഷി കുറയുന്നതിനും ഇത് കാരണമാകും.
നിയന്ത്രിക്കാം
ജീവിതശൈലി തിരുത്തുകയാണ് അമിതവണ്ണം തടയാനും അതുണ്ടാകാതിരിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം. കടുത്ത ഭക്ഷണനിയന്ത്രണം ഏർപ്പെടുത്തുന്നതിനു പകരം അവരെ കളിച്ചു വളരാൻ അനുവദിച്ചാൽ പൊണ്ണത്തടി മറികടക്കാം. ജനനം മുതല്‍ കുട്ടികളുെട ഭക്ഷണത്തിലൂടെയും ജീവിതരീതിയിലൂടെയും അമിത വണ്ണമുണ്ടാകാതിരിക്കാൻ മാതാപിതാക്കളുടെ ശ്രദ്ധ ആവശ്യമാണ്.
കൈയിൽ കിട്ടുന്നതെല്ലാം അകത്താക്കുന്ന കുട്ടികളുടെ ഭക്ഷണനിയന്ത്രണം അവരെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ അതിലിടപെടുകയും അവർക്കായി ഒരു ഭക്ഷണക്രമം രൂപപ്പെടുത്തുകയും മാത്രമാണിതിന് പരിഹാരം. കുട്ടികള്‍ക്ക് വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ പ്രിയങ്കരമാണ്. എന്നാല്‍, കുട്ടിയുടെ ആരോഗ്യകരമായ ഭാവിയെ കരുതി ഇത്തരം ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം. മാസത്തിലൊരിക്കൽ ഇവ കഴിക്കുന്നതുകൊണ്ട് വലിയ അപകടമില്ല. അതും വീട്ടിലുണ്ടാക്കിയതാണ് ഉത്തമം.
ബേക്കറി വിഭവങ്ങൾക്ക് പകരം പഴങ്ങളോ വീട്ടിലുണ്ടാക്കുന്ന എണ്ണകുറഞ്ഞ പലഹാരങ്ങളോ നല്കാന് ശ്രമിക്കുക. കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ ചോക്ലറ്റ് വാങ്ങിനല്‍കുന്ന ശീലം ഒഴിവാക്കണം. വിശക്കുമ്പോഴല്ലാതെ ആഹാരം കഴിക്കുന്ന പ്രവണത ഒഴിവാക്കണം. ടി.വി കാണുമ്പോഴും വായിക്കുമ്പോഴും ഒക്കെ എന്തെങ്കിലും കഴിക്കുന്ന ശീലം ഉപേക്ഷിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. കുട്ടികളില്‍ പ്രത്യേകമായ വ്യായാമമുറകള്‍ നിര്‍ദേശിക്കേണ്ട ആവശ്യം ഇല്ല. കൂട്ടുകൂടി കളിക്കാന്‍ ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും അനുവദിച്ചാല്‍ മതിയാകും.
അതിനുമുണ്ടു പല തടസ്സങ്ങള്‍. കൂട്ടുകൂടാന്‍ ആളില്ല, കളിസ്ഥലത്തിെൻറ കുറവ്, അത്തരം സാഹചര്യങ്ങളിൽ സൈക്ലിങ്, നീന്തല്‍, നടത്തം തുടങ്ങി എന്തെങ്കിലും ചെയ്യേണ്ടതാണ്. ഇതിനൊപ്പം 50 ശതമാനത്തിലധികം കുട്ടികളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ടി.വി കാണുകയോ മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. അത്തരം കാര്യങ്ങളിൽനിന്ന് വിലക്കണം. ടി.വിയും കമ്പ്യൂട്ടറുമൊന്നും ദിവസവും അരമണിക്കൂറില്‍ കൂടുതല്‍ അനുവദിക്കാതിരിക്കുകയാണു നല്ലത്.
തയാറാക്കിയത്: ഡോ. ഹസ്നത്ത് സൈബിൻ
അസി. സർജൻ,
സി.എച്ച്.സി ഒാമാനൂർ, മലപ്പുറം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.