ഡെങ്കിപ്പനി ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ ​!

എന്താണ്​ ഡെങ്കിപ്പനി

വർഷകാലത്ത്​ കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരപൂർവ രോഗമല്ല ഡെങ്കിപ്പനി. മറിച്ച്​ പ്രാചീന കാലം മുതൽക്കേ ഡെങ്കിപ്പനി ലോകത്തി​ൻ്റെ ഭാഗങ്ങളിലായി കണ്ടുവന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട്​ നൂറ്റാണ്ടുകളായി ദ്രുതഗതിയിലുള്ള നാഗരികവത്​കരണത്തി​ൻ്റെ ഭാഗമായി കൊതുകുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ്​ ഉണ്ടാവുകയും കൊതുകുജന്യ രോഗങ്ങൾ സർവസാധാരണമാകുകയും ചെയ്​തു. പ്രതിവർഷം ഏകദേശം 390 കോടി ജനങ്ങൾക്ക്​ ഈ രോഗം ബാധിക്കുന്നതായും അതിൽ ഏകദേശം 95 കോടിയോളം പേർക്ക്​ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതായും ലോകാരോഗ്യ സംഘടന  കണ്ടെത്തുകയുണ്ടായി. ഇതിൽ 5 ലക്ഷത്തോളം പേർക്ക്​ കിടത്തിചികിത്സ വേണ്ടിവരും. ഇതിൽ ഏകദേശം 20,000 പേർക്ക്​ മാത്രമേ ജീവഹാനി സംഭവിക്കാറുള്ളൂ. 

രോഗകാരണം വൈറസുകൾ 

ഫ്ലാവി വൈറസ്​ ഇനത്തിൽപെട്ട ഒരുതരം RNA വൈറസാണ്​ ഡെങ്കിപ്പനിയുണ്ടാക്കുന്നത്​. അഞ്ചുതരം വൈറസുകൾ രോഗമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​. രോഗബാധിതരും, രോഗാണുബാധിതരും രോഗവാഹകരാണ്​. അവരിൽനിന്നും ഈഡിസ്​ ഈജിപ്​തി കൊതുകുകളിലേക്ക്​ ഈ വൈറസുകൾ കയറിപ്പറ്റും. ഇത്തരത്തിൽ രോഗാണുബാധിതരായ കൊതുക്​ മറ്റൊരു വ്യക്​തിയെ കടിക്കു​േമ്പാൾ അയാളിലും രോഗം പകരുകയായി. സാധാരണ കടിയേറ്റ്​ 4 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം. 

രോഗം പരത്തുന്നത്​ ​കൊതുകുകൾ

ഡെങ്കിപ്പനി ഒരു രോഗിയിൽനിന്നും മറ്റൊരു രോഗിയിലേക്ക്​ താനെ പകരുന്ന ഒരസുഖമല്ല. മറിച്ച്​ രോഗമുള്ള രോഗിയെ കൊതുക്​ കടിക്കുകയും അതേ കൊതുക്​ മറ്റൊരാളെ കടിക്കു​മ്പോൾ മാത്രമാണ്​ രോഗം അയാളിലേക്ക്​ പകരുന്നത്​. എല്ലാ കൊതുകുകൾക്കും ഈ രോഗം പകർത്താനാകില്ല. ‘ഈഡിസ്​ ഈജിപ്​തി’ (Aedes aegypti) എന്നറിയപ്പെടുന്ന ഒരുതരം കറുപ്പിൽ വെളുത്ത ചെറിയ വരകളുള്ള കൊതുകുകളാണ്​ രോഗം പകർത്തുന്നത്​. ജനനംകൊണ്ട്​ ആഫ്രിക്കനാണെങ്കിലും ഇന്ന്​ നൂറിൽപരം രാജ്യങ്ങളിൽ ഈ കൊതുക്​ രോഗം പകർത്തുന്നു.

നമ്മുടെ വീട്ടിനെ ചുറ്റിപ്പറ്റിയുള്ള നല്ല വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലാണ്​ ഇവ മുട്ടയിടുന്നത്​. മരങ്ങളുടെ പോടുകൾ, പൂച്ചട്ടിയുടെ കീഴിൽ വെക്കുന്ന പാത്രങ്ങൾ, നമ്മൾ വലിച്ചെറിയുന്ന ഖരമാലിന്യങ്ങളായ ടിന്നുകൾ, പൊട്ടിയ ഗ്ലാസുകൾ, പഴയ ടയറുകൾ, വീട്ടിനുള്ളിൽ അലങ്കാരമായി വെക്കുന്ന ‘ജലധാരാ യന്ത്രം’ (Fountain), വീപ്പകൾ, വളർത്തുമൃഗങ്ങൾക്കായി വെക്കുന്ന വെള്ളപ്പാത്രങ്ങൾ, മഴക്കുഴികൾ, അധികം ആഴമില്ലാത്ത കിണറുകൾ എന്തിന്​ വീടലങ്കരിക്കാനും ‘ഭാഗ്യം നേടാനുമായി’ വെയ്​ക്കുന്ന ‘ലക്കിബാബു’ (Lucky bambu)യിൽ പോലും ഇവ മുട്ടയിടും. സാധാരണ ആറ്​ മാസങ്ങളിലേറെ, ചിലപ്പോൾ ഒരുവർഷത്തോളം ഈ മുട്ടകൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്​ നിലനിൽക്കാനാകും. അനുകൂല സാഹചര്യത്തിൽ വെറും ഒരാഴ്​ചകൊണ്ട്​ മുട്ടയിൽനിന്നും പൂർണ വളർച്ചയെത്തിയ കൊതുകുകളായി മാറും.

ആൺകൊതുകുകളും പെൺകൊതുകുകളും സാധാരണ സസ്യങ്ങളുടെ ചാറ്​, പൂന്തേൻ മുതലായവയാണ്​ ആഹാരമാക്കാറുള്ളതെങ്കിലും പെൺകൊതുകുകൾക്ക്​ മുട്ടയുടെ വികാസത്തിന്​ രക്​തം ആവശ്യമുള്ളതിനാലാണ്​ നമ്മളെ കടിക്കുന്നത്​. അതുകൊണ്ട്​ പെൺകൊതുകുകൾ വീട്ടിനുള്ളിൽ ഫർണിച്ചറുകളുടെ അടിയിലും അലമാരയുടെ ഇടയിലും മറ്റും പതുങ്ങിയിരിക്കും. പകൽസമയത്ത്​  സൂര്യനുദിച്ചതിനുശേഷം രണ്ടുമണിക്കൂറും സൂര്യാസ്​തമനത്തിന്​ മുമ്പുള്ള രണ്ടുമണിക്കൂറുമാണ്​ കൂടുതലും നമ്മെ കടിക്കുന്നതെങ്കിലും പകൽ ഏതുസമയത്തും കടിക്കാം. സാധാരണ ഇവ കടിക്കു​േമ്പാൾ വലിയ വേദന ഉണ്ടാക്കാത്തതിനാൽ  പലപ്പോഴും നമ്മളറിയില്ല. കാലിലും കൈയിലുമാണ്​ കൂടുതൽ കടിക്കുന്നത്​. നല്ല വെളിച്ചമുള്ളിടത്ത്​ രാത്രിയും ഇവ കടിക്കും.  

ഒരു രോഗികയെ കടിക്കുമ്പോൾ ഡങ്കി വൈറസുകൾ കൊതുകി​​െൻറ ശരീരത്തിൽ പ്രവേശിക്കും. ഇവ 10 മുതൽ 12 ദിവസംകൊണ്ട്​ വളർന്ന്​ പെരുകി കൊതുകി​​െൻറ ഉമിനീർ ഗ്രന്ഥിയിലെത്തുന്നു. ഇൗ കൊതുക്​ അപ്പോഴേക്കും രോഗം പകർത്തുവാൻ കഴിവുള്ളതായിത്തീരും. അതായത്​ 12 ദിവസത്തിന്​ മേലെ പ്രായമുള്ള കൊതുകുകൾ മാത്രമേ രോഗം പകരാൻ കാരണമാകൂ. വളർ​ച്ചയെത്തിയ ഒരു പെൺകൊതുക്​ ജീവിക്കുന്നത്​ വെറും മൂന്ന്​ ആഴ്​ചകൾ മാത്രം. നമ്മുടെ പിറകിൽനിന്നും വന്ന്​ കടിക്കുന്നതുകൊണ്ടും വളരെ വേഗത്തിൽ പറക്കാനുള്ള കഴിവുള്ളതുകൊണ്ടും ഇവയെ പിടിക്കാൻ പ്രയാസമാണ്​. 

രോഗലക്ഷണങ്ങൾ

ഏത്​ പ്രായക്കാരെയും ബാധിക്കാവുന്ന ഈ പനി കൊതുകുകടിയേറ്റ്​ 5 മുതൽ 7 ദിവസങ്ങൾക്കുള്ളിൽ പ്രകടമാകും. ശക്​തിയായ പനി, കഠിനമായ തലവേദന, കണ്ണുകൾക്ക്​ പിന്നിൽ വേദന, സന്ധികളിലും പേശികളിലും വേദന മുതലായവയാണ്​ പ്രധാന ലക്ഷണങ്ങൾ. എല്ലുകൾ നുറുങ്ങുന്ന പോലുള്ള വേദനയുണ്ടാകുന്നതിനാൽ ‘‘ബ്രേക്ക്​ ബോൺ ഫീവർ’ (Break Bone Fever) എന്നുകൂടി ഇതറിയപ്പെടുന്നു. ചിലപ്പോൾ ചർമത്തിൽ ചെറിയ ചുവന്ന നിറവും ഉണ്ടാകും. ശർദിയും ചിലപ്പോൾ കാണാം. ചിലരിൽ ഇവയൊന്നും ഇല്ലാതെ ഒരു സാധാരണ പനിപോലെ വന്നു പോകും. 

ശ്രദ്ധിക്കേണ്ടത്​

സാധാരണഗതിയിൽ അത്ര അപകടകാരിയല്ല ഡങ്കിപ്പനി. താൽക്കാലികമായ ചില ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ വലിയ പ്രശ്​നങ്ങളില്ലാതെ വന്നുപോകുന്ന ഒരു പനിയാണിത്​. എന്നാൽ മുൻ വർഷങ്ങളിൽ ഡെങ്കിപ്പനിയുണ്ടാവുകയും ഇപ്പോൾ മറ്റൊരുതരം (Type) ഡങ്കി വൈറസുകൾ കൊണ്ട്​ പനിയുണ്ടായാൽ ചിലപ്പോൾ രോഗ സങ്കീർണതകൾക്ക്​ സാധ്യ​തയേറും. ശരീരത്തിൽ രക്​തസമ്മർദം കുറയുക, രക്​തസ്രാവമുണ്ടാവുക മുതലായവ മൂലം ചിലപ്പോൾ മരണംവരെ സംഭവിക്കാം.

എന്നാൽ സാധാരണഗതിയിൽ ഒരു ശതമാനത്തിന്​ താഴെ വരെ മാത്രമേ ഇത്തരം രോഗസങ്കീർണതകൾ കാണാറുള്ളൂ. രക്​തം കട്ടപിടിക്കാനുതകുന്ന ‘പ്ലേറ്റ്​ലെറ്റുകൾ’ സാധാരണ രക്​തത്തിൽ 1.5 ലക്ഷം മുതൽ 4 ലക്ഷം വരെയുണ്ടാകും. ഡങ്കിപ്പനിയിൽ ഇതി​​െൻറ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. സാധാരണഗതിയിൽ ഒരാഴ്​ചക്കുള്ളിൽ ഇൗകുറവ്​ താനെ പരിഹരിക്കപ്പെടും. എന്നാൽ ഒരു ചെറിയ ശതമാനം രോഗികളിൽ മാത്രം എണ്ണം 10,000-ത്തിൽ താഴെയെത്തിയാൽ രക്​തം അല്ലെങ്കിൽ പ്ലേറ്റ്​ലെറ്റ്​’ ​കൊടുക്കേണ്ടതായി വരും. 

രോഗപ്രതിരോധ മാർഗങ്ങൾ

പരിസരശുചീകരണം: ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കുവാൻ ഏറ്റവും ഫലപ്രദമായതും എന്നാൽ പ്രയാസമേറിയതുമാണ്​ പരിസര ശുചീകരണം. ഭരണാധികാരികളും ഉദ്യോഗസ്​ഥരും പൊതുജനവും ഒറ്റക്കെട്ടായി വിചാരിച്ചാൽ മാത്രമേ ശുചിത്വ കേരളം എന്ന സുന്ദര സ്വപ്​നം യാഥാർഥ്യമാകൂ. മാലിന്യ നിർമാർജനത്തിന്​ ഉറവിട മാലിന്യ സംസ്​കരണം എന്നുപറഞ്ഞ്​ പൊതുജനത്തി​​െൻറ തലയിൽ എല്ലാ ഉത്തരവാദിത്തവും വെച്ചുകൊടുത്ത്​ കൈകഴുകാൻ സർക്കാറിനോ, മറിച്ച്​ എല്ലാം സർക്കാറിൻ്റെ ചുമതലയാണ്​ എന്നുപറഞ്ഞ്​ സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന്​ ജനങ്ങൾക്കോ മാറിനിൽക്കാനാവില്ല. 

വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ ഖരമാലിന്യങ്ങളും വീടി​ൻ്റെയും ഒാഫീസിൻ്റെയും മറ്റു കെട്ടിടങ്ങളുടെയും പരിസരത്തുനിന്ന്​ മാറ്റണം. ഖരമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്​. മാലിന്യസംസ്​കരണത്തിന്​ പഞ്ചായത്തുകളും,​ കോർപറേഷനുകളും കേന്ദ്രീകൃത സംവിധാനങ്ങൾ ഫലപ്രദമായ രീതിയിൽ  നടപ്പാക്കാനുള്ള സാ​േങ്കതിക വൈദഗ്​ധ്യവും മൂലധനവും കൈവരിക്കണം. അല്ലാതെ ഒരറ്റത്തുനിന്ന്​ മാലിന്യങ്ങൾ നീക്കംചെയ്​ത്​ മറ്റൊരിടം മലിനമാക്കുകയല്ല ചെയ്യേണ്ടത്​. 

ഒാരോ ജില്ലയിലെയും ഭരണസിരാകേന്ദ്രങ്ങളായ കലക്​ടറേറ്റി​​െൻറ പരിസരങ്ങൾ ​പോലും ലക്ഷക്കണക്കിന്​ കൊതുകുകളുടെ പ്രജനനത്തിന്​ ഉതകുന്ന ഒട്ടനവധി ഖരമാലിന്യ വസ്​തുക്കൾ സുലഭമായി കാണും. കേസുകളിൽപെട്ട്​ തുരു​െമ്പടുത്ത്​ നശിക്കുന്ന ആയിരക്കണക്കിന്​ വാഹനങ്ങളിൽ തങ്ങിനിൽക്കുന്ന മഴവെള്ളം കൂത്താടികളുടെ വിഹാരകേ​ന്ദ്രങ്ങളാണ്​. മധുരപാനീയങ്ങൾ കുടിച്ച്​ വലിച്ചെറിയുന്ന ടിന്നുകൾ, പൊട്ടിയ മദ്യക്കുപ്പികൾ എല്ലാം കൊതുകുകളുടെ കൂടാരങ്ങളായി മാറും.

വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പം, ഉപയോഗ്യശൂന്യമായ ടയറുകളുടെ വർധനവിന്​ കാരണമായി. തീരെ ശുചിത്വബോധമില്ലാത്ത അന്യസംസ്​ഥാനക്കാരുടെ വരവോടെ കേരളത്തിൽ പലയിടങ്ങളിലും പരിസരമലിനീകരണം രൂക്ഷമായി എന്ന സത്യം ഇനിയെങ്കിലും നമ്മൾ അംഗീകരിക്കണം. അവരുടെ താമസസ്​ഥലങ്ങളിൽ കൂടുതൽ ശുചിത്വം ഏർപ്പെടുത്തുകയും കൃത്രിമമായി ആരോഗ്യരംഗത്തിലെ ഉദ്യോഗസ്​ഥർ സ്​ഥലം സന്ദർശിക്കുകയും പരിഹാരപരമായ പ്രതിവിധികൾ സ്വീകരിക്കുകയും വേണം.

സ്​കൂളും പരിസരവും വൃത്തിയാക്കുവാൻ കുട്ടികളും അധ്യാപകരും ചേർന്ന്​ ഒത്തൊരുമിച്ച്​ പ്രവർത്തിക്കണം. ആഴ്​ചയിൽ കുറച്ച്​ സമയം ഇതിനായി കണ്ടെത്തുവാൻ സ്​കൂൾ അധികൃതർ തയാറാകണം. കോളജുകളിൽ എൻ.സി.സി, എൻ.എസ്​.എസ്​, Scout മുതലായ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ ശുചിത്വ പരിപാലനത്തിന്​ നേതൃത്വം കൊടുക്കുകയും സ്​ഥിരമായ ശുചിത്വ പരിപാടികൾ നടപ്പാക്കുവാൻ സഹായിക്കുകയും വേണം.പള്ളികൾ, ആരാധനാലയങ്ങൾ മുതലായവയും ശുചിത്വ കേരളത്തിനായി പൊതുജനങ്ങളെ ബോധവത്​കരിക്കണം. സംഘടനകൾ, രാഷ്​ട്രീയ പാർട്ടികൾ, റസിഡൻഷ്യൽ അസോസിയേഷൻ തുടങ്ങിയ എല്ലാ സംഘടനകളും ഒത്തൊരുമിച്ച്​ കൈകോർത്താൽ മാത്രമേ വൃത്തിയുള്ള ഒരു പരിസരം നമ്മൾക്കും അടുത്ത തലമുറക്കും ലഭിക്കുകയുള്ളൂ.

എങ്ങനെയെങ്കിലും ഇൗ മഴക്കാലം തള്ളിനീക്കിയാൽ തീരാൻ പോകുന്ന ഒരു പ്രശ്​നമായല്ല ഡെങ്കിപ്പനിയെ താങ്കൾ സമീപിക്കേണ്ടത്​. മറിച്ച്​ നമ്മുടെ പരിസര മലിനീകരണത്തി​​െൻറ ആകത്തുകയാണ്​, ഈ കൊതുക് ജന്യ രോഗങ്ങൾ അൽപം കഴിയുമ്പോൾ ജല ജന്യരോഗങ്ങൾ,  എലിപ്പനി, മലേറിയ മുതലായ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴിെതളിയും. അതിനുമുൻപ് പ്രധിരോധത്തിലെത്തിയ ഒരു കർമ്മ പദ്ധതിക്ക് സർക്കാർ രൂപം നൽകണം. എത്രകൊണ്ടിട്ടും പഠിക്കാത്ത നമ്മൾ മലയാളികൾ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഭാവി ജീവിതം ദുസ്സഹമാകും.

ഡോ.എസ്​.കെ സുരേഷ്​ കുമാർ
 

(സീനിയർ കൺസൽറ്റഡ് ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റും കാലിക്കറ്റ് ഫോറം ഫോർ ഇൻഡേണൽ മെഡിസിൻ മുൻ സെക്രട്ടറിയുമായിരുന്നു ലേഖകൻ)


 

Tags:    
News Summary - Dengue Fever to Be a Lesson - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.