സർവസാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പനി. പടരുന്ന പനികളിൽ പലതും ഗുരുതരമായ സാഹചര്യങ്ങൾ സൃഷ്ടിക്കാറുണ്ട്. അതിനാൽ പകർച്ചപ്പനികൾ പലേപ്പാഴും രോഗത്തിനൊപ്പം ആശങ്കകളും പകർന്നുനൽകാറുണ്ട്. വായു, ജലം, കൊതുക് തുടങ്ങി പനി കടന്നുവരുന്ന വഴികളും തീർത്തും വിഭിന്നമാണ്. രാജ്യാന്തര യാത്രകൾ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതും രോഗവ്യാപന സാധ്യത കൂട്ടിയ മറ്റൊരു ഘടകമാണ്. ആയുർവേദം ‘ജ്വര’ വിഭാഗത്തിലാണ് പനികളെപ്പെടുത്തിയിരിക്കുന്നത്.
പനികൾ ഏറിയും കുറഞ്ഞും വരാം. ചില പനികൾ തുടർച്ചയായി താപനിലയിൽ വ്യത്യാസം വരാതെ പനിക്കും. ചില പനിയാകെട്ട ആവർത്തന സ്വഭാവം കാട്ടും. പനി ഏതുമാകെട്ട പരിഭ്രാന്തരാകാതെ സ്വയം ചികിത്സചെയ്യാതെ ചികിത്സ തേടുകയാണ് വേണ്ടത്. കുട്ടികൾ, പ്രായമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ, പ്രമേഹരോഗികൾ തുടങ്ങിയവരിൽ ഏത് പനിയും മാരകമാകാം എന്നുള്ളതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കണം.
പനിക്കൊപ്പം രോഗികളിൽ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങൾ പനിയെ തിരിച്ചറിയാൻ സഹായകമാണ്. രോഗനിർണയത്തിനും ചികിത്സക്കും സഹായകമാകുന്ന പനി ലക്ഷണങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.
വൈറൽപ്പനി
വൈറൽപ്പനി വായുവിലൂടെ പകരുന്ന രോഗമാണ്. വൈറസുകളാണ് രോഗാണുക്കൾ. തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, തലവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ആസ്ത്മ ബാധിതരെ വൈറൽപനി ബാധിക്കുേമ്പാൾ അസുഖം കൂടാറുണ്ട്. ചികിത്സക്കൊപ്പം വിശ്രമവും വേണ്ടിവരും.
ടൈഫോയ്ഡ്
മലിനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും ആണ് ടൈഫോയ്ഡ് പകരുക. ശരീരതാപനില ഉയർന്ന് നിൽക്കുന്ന, നീണ്ടുനിൽക്കുന്ന പനി ടൈഫോയ്ഡിെൻറ പ്രത്യേകതയാണ്. പനി തുടങ്ങി രണ്ടാഴ്ച കഴിയുേമ്പാൾ ക്ഷീണവും കൂടാറുണ്ട്. വിശപ്പില്ലായ്മ, കുടലിൽ വ്രണങ്ങൾ, മലം കറുത്ത് പോകുക ഇവയും കാണുന്നു. ചികിത്സക്കൊപ്പം മുത്തങ്ങ, ജീരകം, അയമോദകം, ശതകുപ്പ ഇവ ചേർത്ത് തിളപ്പിച്ച വെള്ളം കഴിക്കുന്നത് കുടൽവ്രണം ഉണക്കും.
എച്ച്1എൻ1
വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. ജലദോഷപ്പനി പോലെയാണ് തുടക്കം. തൊണ്ടവേദനക്കും ഛർദിക്കുമൊപ്പം പേശികളിലും സന്ധികളിലും ശക്തമായ വേദനയുണ്ടാകും. പനിക്കും സന്ധിവേദനക്കുമുള്ള ചികിത്സകൾ നൽകുന്നു. പ്രതിരോധവും പ്രധാനമാണ്. ചുമക്കുേമ്പാഴും തുമ്മുേമ്പാഴും വൈറസ് അന്തരീക്ഷത്തിലെത്തി മറ്റുള്ളവരിലേക്ക് പകരുമെന്നതിനാൽ ടവൽകൊണ്ട് പൊത്തിപ്പിടിച്ച് തുമ്മുകയും ചുമക്കുകയും വേണം. പൊതുസ്ഥലത്ത് തുപ്പുന്നതും ചീറ്റുന്നതും ഒഴിവാക്കണം. ശുചിത്വം കർശനമായി പാലിക്കണം. രോഗികളും രോഗാണു വാഹകരും ഭക്ഷണശാലകൾ പാൽവിതരണ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പണിയെടുക്കുന്നതും രോഗപ്പകർച്ചക്കിടയാക്കുന്നു.
എലിപ്പനി
വൈറൽപ്പനിപോലെ തോന്നിപ്പിക്കുന്നതും എന്നാൽ രോഗിയെ ഗുരുതരാവസ്ഥയിൽ എത്തിക്കുന്നതുമായ പനികളിലൊന്നാണ് എലിപ്പനി. എലികൾക്ക് പുറമെ പട്ടികൾ, പക്ഷികൾ, മറ്റ് വന്യമൃഗങ്ങൾ തുടങ്ങിയവയും രോഗാണുവാഹകരായ-രോഗബാധിതരായ ജന്തുക്കളുടെ മൂത്രവുമായോ മറ്റ് ശരീരഭാഗങ്ങളുമായോ നേരിട്ട് ബന്ധമുണ്ടാകുേമ്പാൾ ബാക്ടീരിയകൾ ശരീരത്തിൽ കടക്കുന്നു.
ഒരാഴ്ച നീണ്ടുനിന്ന ശേഷം പനി കുറയുകയും ശക്തമായി തിരിച്ചുവരുകയും ചെയ്യും. ശക്തമായ തലവേദന, പേശീവേദന, നെഞ്ച് വേദന ഇവയുമുണ്ടാകും. പേശികൾ വലിഞ്ഞുമുറുകുന്നപോലെയും അനുഭവപ്പെടും. കണ്ണിൽ മഞ്ഞയും ചുവപ്പും നിറം പ്രത്യക്ഷപ്പെടുന്നത് എലിപ്പനിയുടെ പ്രത്യേകതയാണ്. കണ്ണിൽ രക്തസ്രാവമുണ്ടാകാം. മഞ്ഞപ്പിത്തവും വരാം. അടിയന്തര ചികിത്സ തേടേണ്ട രോഗമാണിത്.
വൃക്കസ്തംഭനം, രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുക, കരൾ സ്തംഭനം, ഹൃദയം, ശ്വാസകോശം ഇവയുടെ പ്രവർത്തന സ്തംഭനം തുടങ്ങിയവ എലിപ്പനി സൃഷ്ടിക്കുന്ന സങ്കീർണതകളിൽ പ്രധാനമാണ്.
ഡെങ്കിപ്പനി
മാരകമായേക്കാവുന്ന കൊതുകുജന്യ രോഗങ്ങളിൽ ഒന്നാണ് ഡെങ്കിപ്പനി. ഇൗഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗമുള്ള വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ഏഴ് ദിവസങ്ങൾക്കുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള കഴിവ് നേടുന്നു. ഒരിക്കൽ രോഗാണുവാഹകരായി മാറിയ കൊതുകുകൾ തുടർന്നങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ പ്രാപ്തരാണ്.
കടുത്ത ചൂടോടെ പനി തുടങ്ങുന്നവരാണ് ഏറെയും. പ്ലേറ്റ്ലറ്റ് കുറവ്, ചർമ്മത്തിലെ ചുവന്ന് തടിച്ച പാടുകൾ, അസഹനീയമായ പേശീവേദന എന്നിവ പ്രധാനമായും കാണുന്നു. ചർമ്മത്തിലുണ്ടാകുന്ന രക്തസ്രാവത്തിെൻറ സൂചനകളാണ് ചുവന്ന പാടുകൾ. നെഞ്ചിലും മുഖത്തും കൈകളിലുമാണ് പാടുകൾ സാധാരണയുണ്ടാവുക. കൂടാതെ തലയുടെ മുൻ ഭാഗത്തും കണ്ണിന് ചുറ്റും ശക്തമായ വേദനയുണ്ടാകുന്നതും ഡെങ്കിപ്പനിയുടെ സൂചനയാണ്. കണ്ണ് ചലിപ്പിക്കുേമ്പാൾ വേദനയുണ്ടാകും. പനിക്കൊപ്പം പ്ലേറ്റ്ലറ്റിെൻറ എണ്ണം കൂടുന്ന ഒൗഷധങ്ങളും നൽകുന്നു.
രക്തസ്രാവത്തോടു കൂടിയ ഡെങ്കിപ്പനി
ശക്തമായ പനിയോടൊപ്പം വായ, മൂക്ക്, മോണ ഇവയിലൂടെയുള്ള രക്തസ്രാവം െഡങ്കി ഹെമറേജിക് പനിയുടെ പ്രധാന ലക്ഷണം. രക്തസ്രാവം കാരണം മലം കറുത്തിരിക്കും. ശ്വാസം മുട്ടൽ, സ്വഭാവ വ്യതിയാനം ഇവയും കാണാറുണ്ട്.
ചിക്കുൻഗുനിയ
കൊതുക് പരത്തുന്ന മറ്റൊരു രോഗമാണ് ചിക്കുൻ ഗുനിയ. വൈറസാണ് രോഗാണു. പെെട്ടന്നുണ്ടാകുന്ന പനി, ചർമത്തിൽ ചുവന്ന പാടുകൾ, ചൂടുകുരു പോലെയുള്ള ചുവന്ന കുരുക്കൾ ഇവയുണ്ടാകും. കഠിനമായ സന്ധി വേദനയാണ് രോഗത്തിെൻറ പ്രധാന ലക്ഷണം. ചലനം പ്രയാസകരമാകുന്ന വിധത്തിൽ കാൽമുട്ട്, കൈക്കുഴ, കൈകാൽ വിരലുകൾ, കഴുത്ത്, നടുവ് ഭാഗങ്ങളിലൊക്കെ കഠിനമായ വേദന ഉണ്ടാകാം. ശരീരത്തിൽ നീരുണ്ടാകുന്നതോടൊപ്പം വെളിച്ചത്തിലേക്ക് നോക്കാനും രോഗിക്ക് ബുദ്ധിമുട്ടുണ്ടാകും.
ചിക്കുൻഗുനിയ ബാധിച്ചവരിൽ വലിയൊരു വിഭാഗം ആളുകളിലും ആഴ്ചകൾ കഴിഞ്ഞാലും സന്ധി വേദന മാറുന്നില്ലെന്നത് അനുബന്ധ പ്രശ്നങ്ങളിൽ പ്രധാനമാണ്. ഉചിതമായ വാത ചികിത്സക്കൊപ്പം ലഘു വ്യായാമങ്ങൾ ചെയ്യുന്നത് വേദനയും നീർക്കെട്ടും കുറക്കും. രണ്ട്- മൂന്ന് മാസമെങ്കിലും തുടർ ചികിത്സ ചെയ്യേണ്ടതുണ്ട്. രോഗ ബാധിതരായവരിൽ ചിലരിൽ തൊലിയിലെ പാളികൾ ഇളകുക, ചൊറിച്ചിൽ, വരൾച്ച എന്നിവ ഉണ്ടാകും. കഷായങ്ങൾക്കൊപ്പം ഏലാദി വെളിച്ചെണ്ണ, ജാത്യാദി കേരം ഇവ പുറമേ പുരട്ടുന്നത് നല്ല ഫലം തരും.
ജപ്പാൻ ജ്വരം
കൊതുക് പരത്തുന്ന ജപ്പാൻ ജ്വരത്തിൽ വൈറസാണ് രോഗാണു. പെെട്ടന്നുണ്ടാകുന്ന ഉയർന്ന പനി, കുളിര്, പനി തുടങ്ങി രണ്ട് ദിവസം കഴിഞ്ഞ് കോച്ചൽ, കഴുത്ത് തിരിക്കാൻ പ്രയാസം, പേശികളുടെ അയവില്ലായ്മ, അപസ്മാരം ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയാനാകും. ഉടൻ തന്നെ ചികിത്സ തേടണം.
കുരങ്ങ് പനി
ചെറിയ സസ്തനികൾ, കുരങ്ങുകൾ, പക്ഷികൾ എന്നിവയിലാണ് കുരങ്ങ് പനിയുടെ വൈറസ് സാധാരണ കാണപ്പെടുക. ഇവയുടെ രക്തം കുടിച്ച് വളരുന്ന ചെള്ളുകളാണ് രോഗാണുവിനെ മനുഷ്യരിൽ എത്തിക്കുന്നത്. ശക്തിയായ പനിക്കൊപ്പം, തലവേദന, ശരീര വേദന, വയറു വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തലച്ചോറിനെ ബാധിക്കുന്നത് മൂലം േബാധക്ഷയം, അപസ്മാരം തുടങ്ങിയവയും ഉണ്ടാകും. രോഗ ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ചികിത്സക്കൊപ്പം ആരോഗ്യ സുരക്ഷയും നൽകേണ്ടതുണ്ട്.
നിപാ വൈറസ് പനി
വൈറസ് മൂലം പകരുന്ന ഒരു പ്രത്യേകയിനം പനിയാണ് നിപാ വൈറസ് പനി. ഒരു ജന്തുജന്യ രോഗമാണിത്. രോഗ ബാധിതരായ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും നിപാ വൈറസ് പടരാറുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രോഗ ലക്ഷണങ്ങൾ ആരംഭിക്കാൻ 5-14 ദിവസം വേണ്ടി വരുന്നു. പനി, തലവേദന, തലകറക്കം, ബോധക്ഷയം, ശ്വാസ തടസ്സം, കാഴ്ച മങ്ങൽ ഇവ കാണുന്നു. മസ്തിഷ്ക വീക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ചികിത്സ തേടിയില്ലെങ്കിൽ കഠിനമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകുകയും രോഗി അബോധാവസ്ഥയിൽ ആകുന്നതും നിപയുടെ പ്രത്യേകതയാണ്.
നിപാ ബാധയുണ്ടായവരിൽ ചിലർക്ക് ദീർഘകാല അനന്തര ഫലങ്ങൾ, അപസ്മാരം, വ്യക്തിത്വ വൈകല്യങ്ങൾ ഇവയും കാണാറുണ്ട്. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങൾ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയുടെ പരിശോധനകളിലൂടെ രോഗസ്ഥിരീകരണം നടത്താം. രോഗം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയും നടത്തുന്നു.
ഒരിനം പഴംതീനി വവ്വാലുകളുടെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന വൈറസാണ് നിപ. നിപയുടെ സ്വാഭാവിക വാഹകരാണ് വവ്വാലുകൾ. ഡെങ്കി വൈറസും ഇൗഡിസ് കൊതുകും എന്ന പോലെ നിപാ വൈറസ് വവ്വാലിനെ ഒരു തരത്തിലും ഉപദ്രവിക്കില്ല. പരസ്പര സഹവർത്തിത്വം (co-evolution) ആണിത്. എന്നാൽ വവ്വാലിെൻറ കാഷ്ഠത്തിലൂടെയും മറ്റ് സ്രവങ്ങളിലൂടെയും വൈറസ് മൃഗങ്ങളിലും മനുഷ്യരിലുമെത്തുന്നു.
പനി - പരിഹാരങ്ങൾ
സ്വയം ചികിത്സ പാടില്ല
പനി മാരകമാകുന്നത് പലപ്പോഴും കൃത്യ സമയത്ത് ഉചിതമായ ചികിത്സ ലഭിക്കാതെ പോകുേമ്പാഴാണ്. സ്വയം ചികിത്സ കൊണ്ടുള്ള പ്രശ്നങ്ങളും പനിയെ മാരകമാക്കാറുണ്ട്. പനിയുടെ കാരണം കണ്ടെത്തുന്നതിൽ രോഗ ലക്ഷണങ്ങൾക്ക് നിർണായക പങ്കുണ്ട്. എന്നാൽ, മരുന്നുകൾ സ്വയം വാങ്ങി കഴിക്കുേമ്പാൾ രോഗ ലക്ഷണങ്ങളും അവ്യക്തമാകുന്നു. ഇത് രോഗ നിർണയത്തിനും തുടർന്നുള്ള ചികിത്സയ്ക്കും തടസ്സമാകാറുണ്ട്. അതു പോലെ സ്വയം വാങ്ങി കഴിക്കുന്ന മരുന്നുകൾ പലതും ശരീരത്തിൽ ചെലുത്തുന്ന പ്രവർത്തനങ്ങളും രോഗ നിർണയത്തിന് പലപ്പോഴും പ്രശ്നമാകാറുണ്ട്. പ്രത്യേകിച്ച് പനി പടരുന്ന സാഹചര്യത്തിൽ ഇത്തരം തെറ്റായ പ്രവണതകൾ ഒഴിവാക്കേണ്ടതാണ്.
പ്രതിരോധം പ്രധാനം
പ്രതിരോധമാണ് ചികിത്സയെക്കാൾ അഭികാമ്യം എന്നത് പനിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമാണ്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, ഒൗഷധങ്ങളുടെ ഉപയോഗം തുടങ്ങിയവയിലൂടെ പനിയുടെ കടന്നു വരവിനെ പ്രതിരോധിക്കാനാവും. ച്യവനപ്രാശം, അമൃതപ്രാശം, ബ്രഹ്മരസായനം, ദശമൂല കടമത്രയം കഷായം, ഇന്ദുകാന്തം കഷായം, ഇന്ദുകാന്ത ഘൃതം, അമൃതാരിഷ്ടം, ദശമൂലരാഷ്ടം, വില്വാദി ഗുളിക, ദ്രാക്ഷാദി കഷായം, അഗസ്ത്യരസായനം തുടങ്ങി പ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്ന ഒൗഷധങ്ങൾ ഡോക്ടറുടെ നിർദേശാനുസരണം തെരഞ്ഞെടുക്കാവുന്നതാണ്.
പനി പടരാതിരിക്കാൻ
തയാറാക്കിയത്: ഡോ. പ്രിയ ദേവദത്ത്, കോട്ടക്കൽ ആര്യവൈദ്യശാല, മാന്നാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.