മുട്ടിലിഴയാതിരിക്കാന്‍ മുട്ടുകളെ സംരക്ഷിക്കാം

കാല്‍മുട്ടുവേദന ഏറെ കണ്ടുവരുന്നത് കൂടുതല്‍ കായികാധ്വാനം ചെയ്യുന്ന ചെറുപ്പക്കാരിലാണ്. സ്പോര്‍ട്സ് രംഗത്തുള്ള ചെറുപ്പക്കാര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത് കാല്‍മുട്ടിലെ വാഷറുകളും വള്ളികളുമാണ്. മധ്യവയസ്സോടെ കാല്‍മുട്ടില്‍ കഠിന വേദനയുണ്ടാവുന്നതിന് കാരണം വാഷറുകള്‍ക്കും വള്ളികള്‍ക്കും പറ്റുന്ന കേടുപാടുകളെ യുവത്വകാലത്ത് നിസ്സാരമായി തള്ളിക്കളയുന്നതുകൊണ്ടാണ്.

എന്താണ് വാഷര്‍ അഥവാ മെനിസ്കസ്...?
കാല്‍മുട്ടിലെ സന്ധികള്‍ക്കിടയില്‍ C ആകൃതിയിലുള്ള കശേരുക്കളാണ് വാഷര്‍ (Meniscus). കാല്‍മുട്ടുകളുടെ പ്രവര്‍ത്തനത്തില്‍ മര്‍മപ്രധാനമാണ് ഇവ. വാഹനങ്ങളിലെ ഷോക് അബ്സോര്‍ബറുകളുടേതിന് സമാനമാണ് ഇവയുടെ ധര്‍മം. കാല്‍മുട്ടുകളിലെ സന്ധികള്‍ക്ക് വേണ്ട ലൂബ്രിക്കന്‍റ് നല്‍കാന്‍ സഹായിക്കുന്നത് കൂടാതെ തുടയെല്ലിന്‍െറയും മുട്ടുകാലിന്‍െറയും സന്ധികള്‍ക്കിടയിലെ വിടവുകള്‍ നികത്തി സംയുക്തമായ പ്രവര്‍ത്തനത്തിന് സഹായിക്കലും ഭാരവും മര്‍ദവും ഏറ്റെടുക്കലും വാഷറുകളുടെ ഉത്തരവാദിത്വമാണ്.

ഡിസ്കോയിഡ് മെനിസ്കസ്
ഏകദേശം മൂന്ന് ശതമാനം ജനങ്ങളില്‍ കണ്ടുവരുന്ന ജനിതക തകരാറാണ് ഇത്. കാല്‍മുട്ടുകളിലെ പുറംഭാഗത്തേക്കുള്ള (Lateral) വാഷറിനെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നതെങ്കിലും അപൂര്‍വമായി രണ്ടു വാഷറുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. സാധാരണ വാഷറുകള്‍ ചന്ദ്രക്കല പോലെ നേരിയതും അര്‍ധവൃത്താകൃതിയിലുള്ളതുമായിരിക്കുമ്പോള്‍ ഡിസ്കോയിഡ് മെനിസ്കസ് ബാധിച്ച വാഷറുകള്‍ കട്ടി കൂടിയതും പൂര്‍ണ ചന്ദ്രാകൃതിയിലുള്ളതും ആയിരിക്കും.യുവതികളില്‍ കൂടുതലായി കണ്ടുവരുന്ന ഇത്തരം വാഷറുകള്‍ പൊട്ടാന്‍ സാധ്യതയേറെയാണ്.

ലക്ഷണങ്ങള്‍
നടക്കുമ്പോഴും കോണിപ്പടി ഉപയോഗിക്കുമ്പോഴും വേദന, ഇടവിട്ട് കാല്‍മുട്ടില്‍ പിടിത്തം (Knee Locking), മുട്ടുമടക്കി താഴെ ഇരിക്കാന്‍ ബുദ്ധിമുട്ട്, കാല്‍മുട്ടില്‍ നീര്‍ക്കെട്ട്, കാല്‍മുട്ട് മുഴുവന്‍ നിവര്‍ത്താന്‍ ബുദ്ധിമുട്ട്, കാല്‍മുട്ടില്‍നിന്ന് വിഭിന്ന ശബ്ദങ്ങള്‍.

ചികിത്സ
താക്കോല്‍ദ്വാര ശസ്ത്രക്രിയ വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ സര്‍ജന്മാരും ഭാഗികമായ മെനിസ്കെക്ടമി (വാഷറിന്‍െറ പൊട്ടിപ്പോയ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന രീതി) അവലംബിക്കുന്നുണ്ട്. വാഷറിലെ പരിക്കിന്‍െറ വ്യാപ്തി ചെറുതാണെങ്കില്‍ പെട്ടെന്നുള്ള പ്രശ്നപരിഹാരത്തിന് ഇത് ഗുണം ചെയ്യും. എന്നാല്‍, വലിയ പരിക്കിനും ഈ രീതി അവലംബിച്ചാല്‍ രോഗശാന്തി പരിമിതമായ കാലത്തേക്ക് മാത്രമാകാം. ചില സന്ദര്‍ഭങ്ങളില്‍, വാഷറിന്‍െറ ബലവും പരിക്കേറ്റ ഭാഗവും വലിപ്പവും ആര്‍ത്രോസ്കോപ്പിലൂടെ നിരീക്ഷിച്ച ശേഷം മാത്രമേ സര്‍ജന്‍ ശസ്ത്രക്രിയയെക്കുറിച്ച് അന്തിമ തീരുമാനം എടുക്കാറുള്ളൂ.
അടുത്ത കാലം വരെ വാഷറിന് പരിക്കേല്‍ക്കുകയോ കീറല്‍ വരികയോ ചെയ്താല്‍ പരിക്കേറ്റ ഭാഗം മുഴുവനും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു പതിവ്. ശസ്ത്രക്രിയക്കുശേഷം രോഗിക്ക് ആശ്വാസം ലഭിക്കുമെങ്കിലും കാലക്രമേണ സന്ധിതേയ്മാനത്തിന് ഇത് കാരണമാകും. വാഷര്‍ നീക്കം ചെയ്യാതെ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്ത് നിലനിര്‍ത്തുന്ന രീതിയാണ് കുറേക്കൂടി നല്ലത്. ഇത് വേദന കുറക്കുന്നതിനും കാല്‍മുട്ടിനെ സാധാരണ രീതിയിലേക്ക് എത്തിക്കുന്നതിനും സഹായിക്കും. കാല്‍മുട്ടിലെ വാഷറിനുള്ളില്‍ കൂടുതല്‍ രക്തയോട്ടമുള്ളിടത്ത് ഇത്തരം ശസ്ത്രക്രിയ 85 ശതമാനം വരെ വിജയിക്കാറുണ്ട്. കാല്‍മുട്ടുകളിലെ വാഷറുകള്‍ക്കുണ്ടാകുന്ന പരിക്കുകളുടെ ചികിത്സക്കായി അന്താരാഷ്ട്രതലത്തില്‍ അവലംബിക്കുന്ന രീതിയും ഇതുതന്നെ.
കാല്‍മുട്ടിലെ ലിഗമെന്‍റിന് (വള്ളികള്‍) ഏല്‍ക്കുന്ന പരിക്കുകളെ നിസ്സാരമാക്കുന്നവരാണ് പലരും. പൊട്ടിപ്പോയ ലിഗമെന്‍റുകള്‍ ഉടന്‍ നേരെയാക്കുന്നതിനുപകരം യുവസമൂഹം കൊണ്ടുനടക്കാറാണ് പതിവ്. ഇത്തരക്കാരുടെ കാല്‍മുട്ടിലെ വാഷറുകളെ അമിത ഭാരവും മര്‍ദവും കൂടുതല്‍ നാശത്തിലേക്ക് നയിക്കുന്നു. മിത ഭക്ഷണവും ചിട്ടയായ ജീവിതരീതിയും വ്യായാമവും വാഷറുകളില്‍ പരിക്കുവരാതെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. പില്‍ക്കാലത്ത് മുട്ടിലിഴയാതിരിക്കാന്‍ വാഷറുകളെ സംരക്ഷിച്ചേ മതിയാകൂ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.