കാസർകോട്: ആര്‍ദ്രം മിഷനിലൂടെ ജില്ലയില്‍ പത്തിന പരിപാടികള്‍ നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ്. പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും തടയാനുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ സംരക്ഷണത്തിനുള്ള ബോധവത്കരണ പരിപാടികളും ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ രൂപവത്കരണവും പദ്ധതികളില്‍ ഉള്‍പ്പെടും.
തിരഞ്ഞെടുത്ത അഞ്ച് രോഗങ്ങളുടെ നിര്‍മാര്‍ജനമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. മലേറിയ, ക്ഷയം, എച്ച്.ഐ.വി, മന്ത്, കാലാഅസര്‍ എന്നിവയെ ജില്ലയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.
ജില്ലയില്‍ ഈ വര്‍ഷം തദ്ദേശീയമായി പത്ത് മലേറിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഇത് നൂറിനടുത്തായിരുന്നു. ക്ഷയരോഗ ബാധിതരുടെ എണ്ണം കുറച്ച് മറ്റുള്ളവരിലേക്ക് പകരുന്നത് കുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും.
എച്ച്.ഐ.വി പ്രതിരോധ രംഗത്തും വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. എച്ച്.ഐ.വി ബാധിതരായവര്‍ പൂര്‍ണമായും ചികിത്സ തേടി എന്ന് ഉറപ്പാക്കും. അര്‍ബുദ നിയന്ത്രണ പദ്ധതി നടപ്പാക്കും. ഗര്‍ഭാശയ അർബുദം, സ്തനാര്‍ബുദം, വായിലെ അര്‍ബുദം എന്നിവയുടെ പരിശോധന സജീവമാക്കും.
ഗര്‍ഭാശയ അർബുദം കണ്ടെത്താന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പാപ്സ്മിയര്‍ പരിശോധനയും സ്തനാര്‍ബുദ ലക്ഷണങ്ങള്‍ കണ്ടാല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധിക്കാനും വായയിലെ അർബുദവുമായി ബന്ധപ്പെട്ട് ജില്ലാ പബ്ലിക്ക് ഹെല്‍ത്ത് ലാബ് അല്ലെങ്കില്‍ ജില്ല ആശുപത്രിയില്‍ സജ്ജമാക്കുന്ന ലാബ് വഴി പരിശോധിക്കാനും സൗകര്യമൊരുക്കും. അർബുദ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സജീവമാക്കും.
ജനറല്‍ ആശുപത്രി, ജില്ല ആശുപത്രി എന്നിവിടങ്ങളിലെ ജില്ല പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഹോര്‍മോണ്‍ അനാലിസിസ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കും. പരിശോധന ഫലം ഇ- മെയിലിലേക്കോ മൊബൈല്‍ ഫോണിലേക്കോ ലഭ്യമാകുന്ന തരത്തില്‍ ക്രമീകരിക്കും.
വാർഷികാരോഗ്യ പരിശോധന ജില്ലയില്‍ ആരംഭിച്ചു. പരിശോധനകളുടെ കണക്കില്‍ സംസ്ഥാനത്ത് ജില്ല നാലാം സ്ഥാനത്താണ്. 1.85 ലക്ഷം പേര്‍ ഇതുവരെ ആരോഗ്യ പരിശോധന നടത്തി. ശൈലീ ആപ് മുഖേന ആശ വര്‍ക്കര്‍മാര്‍ ഇതിന്റെ സര്‍വേ പൂര്‍ത്തിയാക്കി. സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രാഥമിക, സാമൂഹികിരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനുള്ള സൗകര്യവും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.