രണ്ടുലക്ഷത്തിൽ സ്തനാർബുദ സാധ്യതക്കാർ 13,168

രണ്ടുലക്ഷത്തിൽ സ്തനാർബുദ സാധ്യതക്കാർ 13,168

കാസർകോട്: ആരോഗ്യവകുപ്പിന്റെ 'ശൈലി' സർവേ ജില്ലയിൽ തുടരുന്നു. രണ്ടുലക്ഷത്തിലധികം പേരിൽ സർവേ പൂർത്തീകരിച്ചപ്പോൾ സ്തനാർബുദ സാധ്യതയുള്ളവരുടെ എണ്ണം 13,168 ആയി. 2217 പേരിൽ ഗര്‍ഭാശയമുഖ കാന്‍സര്‍ സാധ്യതയും കണ്ടെത്തി.

വായിലെ കാന്‍സര്‍ സാധ്യത- 728, ക്ഷയരോഗ സാധ്യത- 1809, രക്താതിമർദ സാധ്യത- 21467, പ്രമേഹ സാധ്യത- 13620 എന്നിങ്ങനെയാണ് മറ്റ് രോഗങ്ങളുടെ കണക്ക്. ജീവിതശൈലി രോഗങ്ങളായ രക്താതിമർദം, പ്രമേഹം, സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, വായിലെ കാന്‍സര്‍, വായുവിലൂടെ പകരുന്ന ക്ഷയം എന്നീ രോഗങ്ങള്‍ക്കാണ് സർവേയിൽ പ്രധാന പരിഗണന നൽകുന്നത്.

വീടുകൾ കയറിയിറങ്ങി 30 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളെയും നേരില്‍ കണ്ടാണ് സർവേ. ആരോഗ്യസ്ഥിതിയും രോഗവിവരങ്ങളും അനാരോഗ്യകരമായ ശീലങ്ങളും പാരമ്പര്യരോഗ പകര്‍ച്ച സാധ്യതയും ചോദിച്ചു മനസ്സിലാക്കി 'ശൈലി' ആപ്പില്‍ രേഖപ്പെടുത്തുന്നു.

സർവേയില്‍ പങ്കെടുക്കുന്ന വ്യക്തിക്ക് നിലവില്‍ രോഗം വരാനുള്ള സാധ്യതയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അവരുടെ മൊബൈലിലേക്ക് സന്ദേശം പോവുകയും തുടര്‍പരിശോധനക്ക് ആവശ്യമായ നിർദേശം നല്‍കുകയും ചെയ്യുന്നു. 

സർവേയിൽ സംസ്ഥാനത്ത് ജില്ല മൂന്നാമത്

'ശൈലി' സർവേയിൽ കാസർകോട് സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത്. 2,09,696 പേരിലാണ് ഇതിനകം സർവേ പൂർത്തിയാക്കിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളാണ് സർവേയിൽ കാസർകോടിനു മുന്നിലുള്ളത്. ജനസംഖ്യ കുറഞ്ഞ ജില്ലകളിൽ ഒന്നാമതാണ് കാസർകോട്.

28 തദ്ദേശ സ്ഥാപനപരിധിയിലെ പരിശീലനം ലഭിച്ച അറുനൂറോളം ആശാവര്‍ക്കര്‍മാര്‍ ജൂണ്‍ പകുതിയോടെയാണ് സർവേ ആരംഭിച്ചത്. 82 ശതമാനം സർവേ പൂർത്തിയാക്കിയ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്താണ് ജില്ലയിൽ ഒന്നാംസ്ഥാനത്ത്.

പുല്ലൂർ പെരിയ 75 ശതമാനം, പനത്തടി 65 ശതമാനം, കള്ളാർ 62 ശതമാനം, ചെങ്കള 56 ശതമാനം എന്നീ പഞ്ചായത്തുകൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി. സെപ്റ്റംബർ 19ന് മുള്ളേരിയ, ബെള്ളൂർ, 23 ന് മധൂർ, പുത്തിഗെ, 24 ന് ബായാർ, മീഞ്ച എന്നിവിടങ്ങളിൽ ആശ വളന്റിയർമാർക്ക് പരിശീലനം നടക്കും.

ഒക്ടോബർ ആറിനു കാസർകോട് നഗരസഭയിലും പത്തിന് മഞ്ചേശ്വരം, വോർക്കാടി എന്നിവിടങ്ങളിലും ആശ വർക്കർമാർക്കുള്ള പരിശീലനം നടക്കുമെന്ന് ആർദ്രം മിഷൻ ജില്ല നോഡൽ ഓഫിസർ ഡോ.വി. സുരേഷ് അറിയിച്ചു. 

Tags:    
News Summary - 13,168 breast cancer cases out of two lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.