വൃക്ക രോഗങ്ങളെ കരുതിയിരിക്കാം...

അതി സങ്കീര്‍ണ്ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയിലാണ് വൃക്കകള്‍ കാണപ്പെടുന്നത്. ഏകദേശം 140 ഗ്രാം ഭാരമുണ്ടാകും ഓരോ വൃക്കകള്‍ക്കും.
സൂക്ഷ്മരക്തക്കുഴലുകളുടെ ഒരു കൂട്ടമാണ് വൃക്കകള്‍ എന്നു പറയാം. രക്തത്തിലെ മാലിന്യങ്ങളെ നിരന്തരം വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മ്മം. ഒപ്പം ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗീരണം ചെയ്യുകയും അനാവശ്യമായവയെ മൂത്രമായി പുറന്തള്ളുകയും ചെയ്യും. രക്തം വൃക്കകളിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ കടന്നുപോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്.
ശരീരത്തിലെ ജലാംശത്തിന്‍െറ അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. കുടിക്കുന്ന വെള്ളത്തിന്‍െറ അളവിനനുസരിച്ച് മൂത്രം നേര്‍പ്പിക്കാനും കട്ടി കൂട്ടാനും വൃക്കകള്‍ക്കാകും. ശരീരത്തിലെ ലവണങ്ങളുടെ അളവ് ക്രമീകരിക്കുന്നതിലും വൃക്കകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഹാരത്തിലെ മത്സ്യത്തിന്‍െറ രാസപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന യൂറിയ, ക്രിയറ്റിനിന്‍ തുടങ്ങിയവയെ ശരീരത്തില്‍നിന്ന് നീക്കം ചെയ്യുന്നതും വൃക്കകളാണ്. അമ്ള-ക്ഷാരങ്ങളുടെ അളവ് ക്രമീകരിക്കുന്നതും വൃക്കകളുടെ ജോലിയാണ്.
രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നതിനാവശ്യമായ ഹോര്‍മോണുകള്‍, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വളര്‍ച്ചക്കും ആവശ്യമുള്ള ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉല്‍പാദനത്തിനും വൃക്കകള്‍ കൂടിയേ തീരൂ. എല്ലിന്‍െറയും പല്ലിന്‍െറയും വളര്‍ച്ചക്ക് ആവശ്യമായ വിറ്റാമിന്‍ ഡി വൃക്കയില്‍ വെച്ചാണ് കാര്യക്ഷമമാകുന്നത്.

വൃക്കരോഗങ്ങള്‍ സങ്കീര്‍ണ്ണമാകുന്നതെങ്ങനെ?
ചെറിയ പ്രശ്നങ്ങളും പ്രയാസങ്ങളും വൃക്കകള്‍ കാര്യമാക്കാറില്ല. തകരാറുകള്‍ പരിഹരിക്കാന്‍ വൃക്കകള്‍ കഠിന ശ്രമം നടത്തും. അതിനാല്‍ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണാറില്ല. വൃക്കകളുടെ പ്രവര്‍ത്തനം 30 ശതമാനം മാത്രമുള്ളപ്പോള്‍ പോലും ബാഹ്യമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത വീണ്ടും കുറയുമ്പോള്‍ ആണ് പ്രത്യക്ഷമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം അവസ്ഥയെ വൃക്ക പരാജയം എന്ന് പറയുന്നു. പ്രധാനമായും രണ്ട് തരത്തില്‍ വൃക്ക പരാജയം ഉണ്ടാകാം.
1) പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം.
2) സ്ഥായിയായ വൃക്ക പരാജയം.

പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം
ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, വൃക്കയിലുണ്ടാകുന്ന അണുബാധ, പാമ്പുകടി, തേനീച്ചക്കുത്ത്, വിഷമദ്യം തുടങ്ങിയ കാരണങ്ങളാല്‍ വൃക്കകളുടെ പ്രവര്‍ത്തനക്ഷമത പൊടുന്നനെ കുറയുന്ന അവസ്ഥയാണിത്.

സ്ഥായിയായ പരാജയം
അമിത രക്ത സമ്മര്‍ദം, അനിയന്ത്രിതമായ പ്രമേഹം, കൊളസ്ട്രോള്‍, മദ്യപാനം, മാംസാഹാരത്തിന്‍െറ അമിതോപയോഗം, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം തുടങ്ങിയ ഘടകങ്ങളാല്‍ കാലക്രമേണ വൃക്കകള്‍ പ്രവര്‍ത്തനയോഗ്യമല്ലാതെ ആയിത്തീരുന്ന അവസ്ഥയാണ് സ്ഥായിയായ വൃക്കപരാജയം.
* ജനിതകപരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍
* വൃക്കകളിലെ മുഴകള്‍
* വലുപ്പമേറിയ ഗര്‍ഭാശയ മുഴകള്‍
* പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ചമൂലം ഉണ്ടാകുന്ന വൃക്കകളിലെ പ്രവര്‍ത്തന തടസ്സങ്ങള്‍.
* കുട്ടികളിലെ തുടര്‍ച്ചയായ കരപ്പന്‍
* തുടര്‍ച്ചയായ അണുബാധകള്‍
ഇവ വൃക്കകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തി വൃക്ക പരാജയത്തിനിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധയോടെ കാണേണ്ടതാണ്.

പ്രാരംഭലക്ഷണങ്ങള്‍
ശരീരത്തിലെ ജലാംശം നമ്മുടെ ആവശ്യമനുസരിച്ച് ക്രമപ്പെടുത്താനുള്ള വൃക്കകളുടെ കഴിവ് നഷ്ടമാകുന്നതോടുകൂടി രാത്രികാലങ്ങളില്‍ കൂടെകൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടാകാറുണ്ട്. കൂടാതെ മൂത്രം കൂടുതലായി പതയുക, വായും നാവും വരളുക, വിളര്‍ച്ച, ക്ഷീണം, ഛര്‍ദ്ദി ഇവയും ആരംഭത്തില്‍ ഉണ്ടാകാം.

ശരീരത്തിലെ നീര്‍ക്കെട്ട്
അടുത്ത ഘട്ടത്തില്‍ ലവണങ്ങളെ ക്രമപ്പെടുത്താനുള്ള കഴിവുകളും ജലാംശം പുറന്തള്ളാനുള്ള കഴിവും വൃക്കകള്‍ക്ക് നഷ്ടമാകും. ഉപ്പ് ശരീരത്തില്‍ തങ്ങി നില്‍ക്കാനും മൂത്രത്തിന്‍െറ അളവ് കുറയാനും ഇതിനിടയാക്കും. തുടര്‍ന്ന് ശരീരത്തില്‍ കണ്ണിന് ചുറ്റും കണങ്കാലുകളിലും ദേഹത്ത് പല ഭാഗങ്ങളിലുമായി നീര്‍ക്കെട്ടുണ്ടാകും.

ശ്വാസം മുട്ടല്‍
വൃക്കത്തകരാറുകള്‍ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടികിടക്കാന്‍ ഇടയാക്കും. ഇത് ശ്വാസകോശത്തിന്‍െറ ഓക്സിജന്‍ സ്വീകരിക്കാന്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്ത് വിടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ബാധിക്കും. മൂത്രത്തിലൂടെ മാംസ്യം നഷ്ടപ്പെടുന്നത് കൂടുന്തോറും നീര് കൂടുതലാകും. നീര് ശ്വാസകോശത്തെ ബാധിക്കുന്നതോട് കൂടി ശ്വാസം മുട്ടല്‍ അനുഭവപ്പെടും.

അസ്ഥി രോഗങ്ങള്‍ കൂടുന്നു
വൃക്കത്തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ പൊള്ളയാവുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്കിത് വഴിവെക്കും.

ഹൃദ്രോഗം
ഹൃദയത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ഹൃദയധമനികളില്‍ കൊഴുപ്പും മറ്റും അടിയുന്ന അവസ്ഥ വൃക്കരോഗമുള്ളവരില്‍ കൂടുതലായിരിക്കും. വൃക്കരോഗികളില്‍ ധമനികളുടെ ഉള്ളിലെ പാളികള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ ഉണ്ടാകുന്നതോടൊപ്പം ധമനികള്‍ക്ക് വഴക്കവും, മൃദുലതയും നഷ്ടമാകുന്നു. ധമനികളുടെ ജരിതാവസ്ഥ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ ധമനികള്‍ കൂടുതല്‍ ഇടുങ്ങിയതും കട്ടിയുള്ളതുമായി മാറിയിട്ടുണ്ടാകും.

ചര്‍മ്മം വരളുന്നു
വിളറിയ വരണ്ട ചര്‍മ്മം, ചാരനിറം, രക്തം കെട്ടി നില്‍ക്കുന്ന പാടുകള്‍, ചൊറിയുമ്പോള്‍ പാടുകള്‍ ഇവ വൃക്കത്തകരാറുകള്‍ ഉള്ളവരില്‍ കാണാറുണ്ട്. കൈകള്‍, നാക്ക്, കണ്‍പോളകളുടെ ഉള്‍വശം തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതല്‍ വിളര്‍ച്ച കാണപ്പെടും. വിയര്‍പ്പിന് ദുര്‍ഗന്ധം ഉണ്ടാകാറുമുണ്ട്.

വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാം
* രക്ത സമ്മര്‍ദം, പ്രമേഹം ഇവ കര്‍ശനമായും നിയന്ത്രിച്ച് നിര്‍ത്തുക.
* പാരമ്പര്യവും വൃക്ക രോഗവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. രക്ത ബന്ധമുള്ളവര്‍ക്ക് വൃക്ക രോഗമുണ്ടെങ്കില്‍ വൃക്ക പരിശോധന അനിവാര്യമാണ്.
* കൊഴുപ്പ്, ഉപ്പ്, ഫാസ്റ്റ് ഫുഡുകള്‍ ഇവ പരമാവധി കുറയ്ക്കുക.
* പുകവലി, മദ്യം, ലഹരി വസ്തുക്കള്‍ ഇവ പൂര്‍ണ്ണമായും ഒഴിവാക്കുക.
ഒൗഷധങ്ങള്‍ക്കൊപ്പം സ്നേഹപാനം, അവഗാഹം, പിണ്ഡസ്വേദം, ഉപനാഗം തുടങ്ങിയ വിശേഷ ചികിത്സകളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഏകനായകം, കോവല്‍വേര്, തേറ്റാമ്പരല്‍, നീര്‍മരുത്, ഞെരിഞ്ഞില്‍, നീര്‍മാതളവേര്, തെച്ചിവേര്, ചെറൂള, മുരിക്കിന്‍തൊലി, ത്രിഫല, വയല്‍ച്ചുള്ളി, അമൃത്, കരിങ്ങാലി, പാച്ചോറ്റി തുടങ്ങിയവ വൃക്കകള്‍ക്ക് കരുത്തേകുന്ന ഒൗഷധികളില്‍പ്പെടുന്നു.


drpriyamannar@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.