ഓട്ടിസം തിരിച്ചറിയാം...

മസ്തിഷ്ക വികാസവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ഓട്ടിസം. ‘തന്നിലേക്ക് തന്നെ ഉള്‍വലിയുക’ എന്നതാണ് ഓട്ടിസം കൊണ്ടര്‍ഥമാക്കുന്നത്. നാഡീ വ്യൂഹ വ്യവസ്ഥിതിയുടെ പ്രവര്‍ത്തനത്തിലും വികാസത്തിലും ഉണ്ടാകുന്ന ക്രമക്കേടുകള്‍ മൂലം ഓട്ടിസം ബാധിച്ചവരില്‍ ആശയവിനിമയം, സങ്കല്‍പശേഷി, പെരുമാറ്റം, സാമൂഹികശേഷി തുടങ്ങിയ തലങ്ങള്‍ മറ്റ് കുട്ടികളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും. പെരുമാറ്റത്തിലും ചലനത്തിലും പ്രകടമാകുന്ന വേറിട്ട സവിശേഷതകളാണ് ഓട്ടിസം തിരിച്ചറിയാന്‍ സഹായകമാകുന്ന പ്രധാന ഘടകങ്ങള്‍.
ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന പ്രചോദനങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാതെ തന്‍്റേതായ ലോകത്ത് വിഹരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ ശരിയായി മനസിലാക്കാനോ അപഗ്രഥിക്കുവാനോ സമപ്രായക്കാരായ മറ്റ് കുട്ടികളെപ്പോലെ കഴിയാറില്ല എന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്. കൂടാതെ അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളാക്കുക, വാക്കുകള്‍ ചേര്‍ത്ത് വാചകങ്ങളാക്കുക തുടങ്ങിയ ഭാഷാപരമായ കഴിവുകള്‍ ഇവരില്‍ തീരെ കുറവായിരിക്കാം. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളില്‍ ഓട്ടിസം കൂടുതലായി കണ്ടുവരുന്നു.
ഓട്ടിസത്തോടൊപ്പം അപസ്മാരം, സ്വയം പീഡനം, നിര്‍ബന്ധബുദ്ധി, ഉറക്കക്കുറവ്, ആക്രമണം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്കിടയാക്കും. മറ്റ് രോഗങ്ങളുടെ അനുബന്ധമായും ഓട്ടിസം വരാം.

കാരണങ്ങള്‍
ജനിതകപരമായ ഘടകങ്ങള്‍ക്ക് പുറമേ തലച്ചോറിലെ രാസവസ്തുക്കളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, തലച്ചോറിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വളര്‍ച്ചാ വൈകല്യങ്ങള്‍ തുടങ്ങിയവ ഓട്ടിസത്തിനിടയാക്കാറുണ്ട്. കൂടാതെ വൈകിയുള്ള പ്രസവം, ഗര്‍ഭകാലത്തെ അസുഖങ്ങള്‍, സങ്കീര്‍ണതയുള്ള പ്രസവങ്ങള്‍ ഇവയൊക്കെ ഓട്ടിസമുള്ള കുട്ടികളുടെ ജനനത്തിനിടയാക്കും. പ്രസവങ്ങളെല്ലാം 30 വയസിനുള്ളില്‍ നടക്കാനും ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

സമാനതകളില്ലാത്ത സ്വഭാവസവിശേഷതകള്‍
ഓട്ടിസമുള്ളവരില്‍ ചില പ്രത്യേകതരം സ്വഭാവസവിശേഷകതള്‍ കാണാറുണ്ട്. ആറ് മാസം പ്രായമാകുമ്പോള്‍ പോലും ഓട്ടിസത്തിന്‍െറ സൂചനകള്‍ അച്ഛനമ്മമാര്‍ക്ക് കണ്ടത്തൊനാകും.
കണ്ണിലേക്ക് നോക്കുമ്പോള്‍ മുഖം തിരിക്കുക, വിരല്‍ചൂണ്ടാന്‍ കഴിയാതിരിക്കുക, ആവശ്യമില്ലാതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുക. ഇവ പ്രധാന ലക്ഷണങ്ങളാണ്.
മറ്റുള്ളവര്‍ പറയുന്നത് ഏറ്റ് പറയുക, സംസാരത്തില്‍ വിചിത്രമായ ഈണമുണ്ടാക്കുക തുടങ്ങി പ്രത്യേകതകള്‍ ഉള്ള സംസാര രീതിയാണ് ഇവര്‍ക്കുള്ളത്. ഒന്നരവയസായിട്ടും ചെറിയവാക്കുകളിലൂടെ പോലും ആശയവിനിമയം നടത്താതിരിക്കുകയും ആദ്യം മറ്റ് കുട്ടികളെപ്പോലെ സംസാരിക്കാനും ശബ്ദമുണ്ടാക്കാനും ശ്രമിക്കുകയും പിന്നീട് ഇത്തരം ശേഷികള്‍ നഷ്ടമാവുകയും ചെയ്താല്‍ പ്രത്യേക ശ്രദ്ധയോടെ കാണണം.
സ്നേഹം പ്രകടിപ്പിക്കാനുള്ള ശേഷിയും ഇവരില്‍ കുറവാണ്. അച്ഛനോ അമ്മയോ എടുത്താലും ഇല്ളെങ്കിലും പ്രത്യേകിച്ച് വികാരങ്ങള്‍ ഒന്നും ഇവര്‍ക്കുണ്ടാകാറില്ല. ചിലര്‍ വിരല്‍ കുത്തി നടക്കുകയും കൈകള്‍കുത്താതെ പെട്ടെന്ന് വീഴുകയും ചെയ്യും. വിളിച്ചാല്‍ പ്രതികരിക്കുകയുമില്ല. ഓടാനും പടികയറാനും ചിലര്‍ മടികാണിക്കും.
വ്യത്യസ്തമായ കളികളാണ് ഓട്ടിസമുള്ള കുട്ടികളുടേത്. സമപ്രായക്കാരുമായി കൂട്ടുകൂടാനും കളിക്കാനും ഇവര്‍ ഇഷ്ടപ്പെടാറില്ല. ഒറ്റക്കിരുന്ന് കളിക്കാനും ആളുകളേക്കാള്‍ കളിപ്പാട്ടങ്ങളോട് ഇടപഴകാനുമാണ് ഇവര്‍ക്കിഷ്ടം. കളിപ്പാട്ടങ്ങളോട് താല്‍പര്യമുണ്ടെങ്കിലും അതിന്‍െറ ശരിയായ രൂപത്തില്‍ ഉപയോഗിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. കളിപ്പാട്ടങ്ങള്‍ നിലത്തടിച്ച് ആനന്ദം കണ്ടത്തെുന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.
ശബ്ദം കേള്‍ക്കാന്‍ ഇഷ്ടമുള്ളവരും ഇല്ലാത്തവരുമുണ്ട് ഇവരുടെ കൂട്ടത്തില്‍. അതുപോലെ തന്നെ പ്രകാശത്തിലേക്ക് നോക്കാന്‍ ഇഷ്ടപ്പെടുന്നവരും തീര്‍ത്തും ഇഷ്ടമില്ലാത്തവരുമുണ്ട്. തൊടുന്നതും ചിലര്‍ക്കിഷ്ടമില്ല.
വട്ടം കറങ്ങുക, നിലത്ത് കിടന്ന് ഉരുളുക, ഇരുകൈകളും വെറുതേ ഇളക്കുക ഇവയും ഓട്ടിസം ബാധിച്ച കുട്ടികളില്‍ കാണാറുണ്ട്. ഇത്തരം സമാനതകളില്ലാത്ത സ്വഭാവസവിശേഷതകളാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ പ്രകടമാക്കുക. സംഗീതം, കണക്ക് തുടങ്ങിയവയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികളില്‍ പലരും കാര്യങ്ങള്‍ മനപാഠമാക്കാന്‍ കഴിവുള്ളവരും ബുദ്ധിയുള്ളവരുമാണ്.

ചികിത്സ
ചികിത്സയുടെ വിജയത്തിന് ഓട്ടിസം നേരത്തെ തിരിച്ചറിയുന്നതുമായി ഏറെ ബന്ധമുണ്ട്. തുടര്‍ചികിത്സയും പരിചരണവും അനിവാര്യമായ ഒരു രോഗമാണ് ഓട്ടിസം. കൂടാതെ ചികിത്സക്കൊപ്പം മാതാപിതാക്കള്‍ കുട്ടിയോടൊപ്പം താമസിക്കുകയും വേണ്ടത്ര സ്നേഹവും ശ്രദ്ധയും നല്‍കുകയും വേണം. സ്നേഹപാനം, ശിരോപിച്ചു, മൃദുസ്നേഹശോധനം, വസ്തി, നസ്യം, അഞ്ജനം തുടങ്ങിയ ചികിത്സകള്‍ ഒൗഷധങ്ങള്‍ക്കൊപ്പം ഓട്ടിസത്തിന്‍െറ വിവിധഘട്ടങ്ങളില്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നു.
ഓട്ടിസത്തോടൊപ്പം അപസ്മാരം, ഉറക്കക്കുറവ് ഇവയുണ്ടെങ്കില്‍ അതിനും ചികിത്സ നല്‍കും. ആശയവിനിമയം, സാമൂഹ്യബോധം, സ്വയം തൊഴില്‍ ചെയ്യുക തുടങ്ങിയ ശേഷികളെ  വളര്‍ത്തിയെടുത്ത് കുട്ടികളെ പരാമവധി സ്വയം പര്യാപ്തതയിലത്തെിക്കുന്നതും ചികത്സയുടെ ഭാഗമാണ്.

ഗര്‍ഭകാലം ശ്രദ്ധയോടെ
ഗര്‍ഭകാലത്ത് അമ്മ നേരിടുന്ന മാനസിക സമ്മര്‍ദങ്ങളും വൈകാരിക പ്രശ്നങ്ങളും പോഷകാഹാരക്കുറവുമെല്ലാം ഗര്‍ഭസ്ഥശിശുവിന്‍െറ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ  പ്രതികൂലമായി ബാധിച്ച് ഓട്ടിസം പോലെയുള്ള രോഗങ്ങള്‍ക്കിടയാക്കാറുണ്ട്. അതിനാല്‍ പോഷക ഭക്ഷണത്തോടൊപ്പം മാനസികോല്ലാസം, ലഘുവ്യായാമം, വിശ്രമം ഇവ ഗര്‍ഭിണി ഉറപ്പാക്കേണ്ടതാണ്്.

ഓട്ടിസം പരിചരണം ക്ഷമയോടെ
യാഥാര്‍ഥ്യത്തോട് മാതാപിതാക്കള്‍ ആദ്യം തന്നെ പൊരുത്തപ്പെടുക എന്നത് പരിചരണത്തില്‍ ഏറെ പ്രധാനമാണ്. കുഞ്ഞിന്‍െറ മനസ് കാണുകയും പ്രശ്നങ്ങള്‍ പഠിക്കുകയും ചെയ്യുന്നതിലൂടെ പരിചരണം മെച്ചപ്പെടുത്താനാകും. പ്രാഥമിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ദിനചര്യകള്‍ ചിട്ടയോടെ പിന്തുടരാന്‍ ക്ഷമയോടെ പരിശീലിപ്പിക്കുന്നത് ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താറുണ്ട്. ആശയവിനിമയം നടത്താനുള്ള കുട്ടിയുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രതികരണങ്ങള്‍ ശ്രദ്ധിക്കുകയും വേണം. ബുദ്ധിയുള്ള കുട്ടികളുടെ കഴിവുകളെ പ്രത്യേകം തിരിച്ചറിയണം. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നും ഭക്ഷണവും തുടരുകയും വേണം. മൊബൈല്‍ ഫോണ്‍ കുട്ടിക്ക് നല്‍കാതിരിക്കാനും ശ്രദ്ധിക്കണം.

ഭക്ഷണം
മുലപ്പാല്‍ രണ്ട് വയസ് വരെയും തുടരണം. ടിന്‍ഫുഡുകള്‍, ബേക്കറി വിഭവങ്ങള്‍, മൈദ അടങ്ങിയ ഭക്ഷണം ഇവ തീര്‍ത്തും ഒഴിവാക്കണം. ഗോതമ്പ്, പാല്‍, പാലുല്‍പ്പന്നങ്ങള്‍ ഇവ അവസ്ഥക്കനുസരിച്ച് ചിലപ്പോള്‍ ഒഴിവാക്കാറുണ്ട്. പച്ചക്കറികളും, മത്സ്യങ്ങളും ഉള്‍പ്പെട്ട നാടന്‍ ഭക്ഷണമാണ് കുട്ടിക്ക് അനുയോജ്യം. മത്സ്യങ്ങളില്‍ അയല, മത്തി, കിളിമീന്‍, ചൂര ഇവ ഏറെ ഗുണകരമാണ്.

drpriyamannar@gmail.com
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.