ഗര്‍ഭകാല പ്രമേഹം; പ്രതിരോധം നേരത്തെ

ഗര്‍ഭസ്ഥശിശുവിന്‍െറ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഗര്‍ഭകാലത്ത് അമ്മക്കുണ്ടാകുന്ന പ്രമേഹം. ഗര്‍ഭാവസ്ഥയില്‍ ഏകദേശം 24 ആഴ്ചകള്‍ക്ക് ശേഷമാണ് പ്രമേഹം പൊതുവേ പ്രകടമാകുക. സാധാരണ പ്രമേഹരോഗിയില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഗര്‍ഭകാലപ്രമേഹത്തില്‍ ഉണ്ടാകണമെന്നില്ല. ഗര്‍ഭകാലം കഴിയുന്നതോടെ പ്രമേഹം അപ്രത്യക്ഷമാകുമെങ്കിലും ഭാവിയില്‍ പ്രമേഹ സാധ്യതക്കിത് വഴിയൊരുക്കാറുണ്ട്.
പ്രമേഹപാരമ്പര്യം, അമിതവണ്ണം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിതശൈലിയില്‍ വന്ന ഗുണകരമല്ലാത്ത മാറ്റങ്ങള്‍, അമിതമായ മാനസിക സംഘര്‍ഷങ്ങള്‍ ഇവ ഗര്‍ഭകാല പ്രമേഹത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്.

സങ്കീര്‍ണതകള്‍
1. ശിശുവിന്‍െറ വളര്‍ച്ചയുടെ ഏറ്റവും പ്രധാനഘട്ടമാണ് ആദ്യത്തെ മൂന്നുമാസം. ഭ്രൂണം പലകോശങ്ങളായി വിഭജിക്കുന്നതും മറുപിള്ള രൂപം കൊള്ളുന്നതും ഈ ഘട്ടത്തിലാണ്. പ്രമേഹം അനിയന്ത്രിതമാകുന്നതോടെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍തന്നെ ഗര്‍ഭം അലസാനോ, കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഉണ്ടാകാനോ ഇടയാകും.
2. മാസമത്തൊതെയുള്ള പ്രസവം.
3. പ്രസവം വളരെ നേരത്തെയാവുക.
4 കുഞ്ഞിന്‍െറ തൂക്കം കൂടുകയോ കുറയുകയോ ചെയ്യുക, തുടങ്ങിയവയാണ് ഗര്‍ഭധാരണത്തിന് അകമ്പടിയായി പ്രമേഹമത്തെുമ്പോഴുണ്ടാകുന്ന പ്രധാന സങ്കീര്‍ണതകള്‍. കൂടാതെ പ്രമേഹം നിയന്ത്രണത്തിലാകാതെ വന്നാല്‍ അമ്മക്ക് നീര്, രക്തസമ്മര്‍ദ്ദം, അപസ്മാരം ഇവ ചിലരില്‍ കാണാറുണ്ട്. ദീര്‍ഘകാലമായി പ്രമേഹമുള്ളവര്‍ ഗര്‍ഭിണിയാകുമ്പോള്‍ സങ്കീര്‍ണതകള്‍ ഗുരുതരമാകാനിടയുള്ളതുകൊണ്ട് പ്രത്യേക ശ്രദ്ധവേണം.

ഗര്‍ഭകാലപ്രമേഹം ഗര്‍ഭസ്ഥശിശുവിന്‍െറ വളര്‍ച്ചയെ ബാധിക്കുന്നതെങ്ങനെ?
അമ്മയുടെ രക്തത്തിലൂടെ കൂടുതല്‍ ഗ്ളൂക്കോസ് എത്തുമ്പോള്‍ കുഞ്ഞിന്‍െറ ശരീരത്തില്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിക്കപ്പെടാന്‍ ഇടയാക്കും. കുഞ്ഞിന്‍െറ ശരീരത്തിലെ ഷുഗര്‍ കുറഞ്ഞ് അപകടകരമായി മാറുന്നതിന്‍െറ കാരണവും ഇതാണ്. കൂടാതെ കുഞ്ഞിന്‍െറ ശരീരം കൂടുതലായി തടിക്കാനും വളരാനും അമിത ഇന്‍സുലിന്‍ ഇടയാക്കുന്നു.
അതുപോലെ പ്രസവശേഷം അമ്മയില്‍ നിന്നുള്ള കൂടിയതോതിലുള്ള ഗ്ളൂക്കോസിന്‍െറ വരവ് നിലക്കുമ്പോള്‍ കുഞ്ഞിന്‍െറ ശരീരത്തിലുള്ള കൂടിയതോതിലുള്ള ഇന്‍സുലിന്‍ പ്രമേഹ നിലവാരത്തെ വല്ലാതെ താഴ്ത്തുന്നു. അതിനാല്‍, പ്രമേഹബാധിതയായ അമ്മയുടെ കുഞ്ഞുങ്ങളെ പ്രസവം കഴിഞ്ഞ ഉടന്‍തന്നെ പ്രമേഹത്തിന്‍െറ തോത് ഉറപ്പാക്കി വേണ്ടത്ര ചികിത്സയും പരിചരണവും നല്‍കാറുണ്ട്.

സമീകൃതഭക്ഷണം അനിവാര്യം
പ്രമേഹബാധിതയായ ഗര്‍ഭിണി ഭക്ഷണം ഒഴിവാക്കാനുള്ള പ്രവണത തീര്‍ത്തും ഒഴിവാക്കണം. സമീകൃതഭക്ഷണം മിതമായ അളവില്‍ ദിവസവും ആറു തവണകളായി കഴിക്കുന്നത് അമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്‍െറയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യാറുണ്ട്. സാവധാനം മാത്രം ദഹിക്കുന്നതും നാരുകള്‍ ധാരാളമടങ്ങിയതുമായ പോഷകഭക്ഷണമാണ് കഴിക്കേണ്ടത്. തവിടുമാറ്റാത്ത കൂവരക്, ചുവന്ന അരി, ഓട്സ്, ഗോതമ്പ്, നുറുക്ക് ഗോതമ്പ്, പരിപ്പ് വര്‍ഗങ്ങള്‍, ചെറുപയര്‍, കടല, ഇലക്കറികള്‍, പച്ചക്കറികള്‍ ഇവ ഉള്‍പ്പെട്ട ഭക്ഷണം ക്രമമായും മിതമായും കഴിക്കാവുന്നതാണ്. ഹൃദയ സംരക്ഷണത്തിനായി അയല, മത്തി, ചൂര, കിളിമീന്‍ ഇവ ഉള്‍പ്പെടുത്താം. മുരങ്ങയില, മുരിങ്ങപ്പൂ, മുട്ട, ചൂട ഇവ കുഞ്ഞിന്‍െറ എല്ലിനും പല്ലിനും കരുത്തേകും. നെല്ലിക്കയും ഇലക്കറികളും അമ്മയുടെ വിളര്‍ച്ച തടയാന്‍ പര്യാപ്തമാണ്. പേരക്ക, സലാഡ് ഇവ ഇടനേരങ്ങളില്‍ കഴിക്കാവുന്നതാണ്.

വ്യായാമം
ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ഗര്‍ഭിണി വ്യായാമം തെരഞ്ഞെടുക്കാവൂ. വ്യായാമത്തിന് മുമ്പും ശേഷവും പ്രമേഹത്തിന്‍െറ തോത് നിര്‍ണയിക്കുകയും വേണം.

വിശ്രമം
ഗര്‍ഭസ്ഥശിശുവിന്‍െറയും അമ്മയുടെയും ആരോഗ്യത്തിന് വേണ്ടത്ര വിശ്രമം അനിവാര്യമാണ്. ഇടനേരങ്ങളില്‍ വിശ്രമിക്കുന്നതോടൊപ്പം രാത്രിയില്‍ എഴു മണിക്കൂറെങ്കിലും ഉറങ്ങാനും ശ്രദ്ധിക്കണം. തുടര്‍ച്ചയായി ഗര്‍ഭം അലസുന്ന സ്ത്രീകള്‍ ഒൗഷധത്തോടൊപ്പം പൂര്‍ണ വിശ്രമമെടുക്കേണ്ടിവരും.

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാം
ഗര്‍ഭസ്ഥശിശുവിന്‍െറ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അമ്മയുടെ മാനസിക ആരോഗ്യ നിലവാരവുമായി ഏറെ ബന്ധമുണ്ട്. ഗര്‍ഭകാലത്ത് പ്രമേഹമുണ്ടെന്നറിയുമ്പോള്‍ ഭയാശങ്കകള്‍ ഒഴിവാക്കി മനസിന് സന്തോഷം നല്‍കാന്‍ ശ്രദ്ധിക്കണം. ബന്ധുക്കളുടെ സ്നേഹം നിറഞ്ഞ പരിചരണം, പുസ്തകവായന, സംഗീതം ഇവക്ക് മനസമ്മര്‍ദ്ദത്തെ കുറക്കാനാകും.

ഒൗഷധം
പ്രമേഹബാധിതയായ ഗര്‍ഭിണിയുടെ വിവിധ അവസ്ഥകള്‍ക്കനുസരിച്ച് അമ്മക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമായ ഒൗഷധങ്ങളാണ് നല്‍കുക. ഗര്‍ഭസ്ഥ ശിശുവിന്‍െറ ക്രമാനുഗതമായ വളര്‍ച്ചക്കും ഗര്‍ഭരക്ഷക്കും വിവിധ ഒൗഷധങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്ന പാല്‍ക്കഷായങ്ങള്‍ നല്ലഫലം തരും. ഗര്‍ഭത്തിന്‍െറ എല്ലാ മാസങ്ങളിലും കുറുന്തോട്ടി മാത്രമായും പാല്‍ക്കഷായം തയാറാക്കാവുന്നതാണ്. കുറുന്തോട്ടി വേര് 15 gm കഴുകിച്ചതച്ച് 150 ml പാലും 600 ml വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് 150 ml ആകുന്നതുവരെ വറ്റിച്ച് ദിവസവും ഒരുനേരം കഴിക്കാവുന്നതാണ്. വശളച്ചീര, തിരുതാളി, പായ്യോറ്റിത്തൊലി, ചെങ്ങഴിനീര്‍ക്കിഴങ്ങ്, നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, ശതാവരിക്കിഴങ്ങ്, പുത്തേരിച്ചുണ്ട, കണ്ടകാരിച്ചുണ്ട തുടങ്ങിയവ ഗര്‍ഭിണിക്ക് പ്രയോജനപ്പെടുത്തുന്ന ഒൗഷധികളില്‍ ചിലതാണ്.

ഗര്‍ഭകാല പ്രമേഹം പ്രതിരോധം നേരത്തെ
പ്രമേഹ ലക്ഷണങ്ങള്‍ കണ്ടശേഷം പ്രതിരോധ നടപടികള്‍ ആരംഭിക്കാം എന്നുള്ള നിലപാട് മാറ്റുകയും പ്രമേഹത്തിന് കടന്നുവരാന്‍ പഴുതുകളില്ലാത്തവിധം ജീവിതശൈലി ക്രമീകരിക്കുകയുമാണ് വേണ്ടത്. ഗര്‍ഭിണിയാകുന്നതിന് മുമ്പുതന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം, തൈറോയ്ഡ്, ഹോര്‍മോണ്‍ തുടങ്ങിയവയുടെ തോത് നിര്‍ണയിക്കുകയും ഉണ്ടെങ്കില്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ടും ഉചിതമാണ്. പ്രമേഹ പാരമ്പര്യമുള്ളവര്‍ക്ക് പോലും നേരത്തെ തുടങ്ങുന്ന ജീവിതശൈലി ക്രമീകരണത്തിലൂടെതന്നെ നല്ളൊരു ശതമാനം ഗര്‍ഭകാല പ്രമേഹത്തെ തടയാനാകും.

drpriyamannar@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.