പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം തിരിച്ചറിയാം... വന്ധ്യത ഒഴിവാക്കാം...

വന്ധ്യത ഒരു രോഗമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് 2008ലാണ്. വിവിധ കാരണങ്ങളാല്‍ സ്ത്രീക്കും പുരുഷനും വന്ധ്യത ഉണ്ടാകാം. അണ്ഡോല്‍പാദനത്തിലുണ്ടാകുന്ന ക്രമക്കേടുകള്‍ ആണ് സ്ത്രീയെ വന്ധ്യതയിലേക്ക് നയിക്കുന്ന പ്രധാന ഘടകം. അണ്ഡോല്‍പാദനത്തില്‍ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം ആര്‍ത്തവത്തില്‍ വന്‍ വ്യതിയാനവും വരുത്തുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം. (പി.സി.ഒ.എസ്). സ്ത്രീ വന്ധ്യതയുടെ 60 ശതമാനവും പി.സി.ഒ.എസ് മൂലമാണ്. ‘പുഷ് പഘ് നി’ എന്നാണ് ആയുര്‍വേദം ഈ രോഗത്തെ സൂചിപ്പിക്കുന്നത്.
സ്ത്രീയുടെ സന്താനോല്‍പാദന ശേഷിയുമായി ബന്ധപ്പെട്ട വളരെ സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. ക്രമമായ ആര്‍ത്തവം സ്ത്രീയുടെ ആരോഗ്യാവസ്ഥയുടെ നല്ല സൂചനകളിലൊന്നാണ്. ജീവിതശൈലിയിലും ഭക്ഷണസംസ്കാരങ്ങളിലും ഇപ്പോള്‍ വന്ന മാറ്റങ്ങള്‍ കൗമാരക്കാരില്‍ പോലും ക്രമവും സുഗമവുമായ ആര്‍ത്തവത്തെ ഇല്ലാതാക്കി. പി.സി.ഒ.എസിന് ഇടയാക്കുന്ന പ്രധാന ഘടകവും അനാരോഗ്യകരമായ ജീവിത രീതി ആണ്. വന്ധ്യതയിലേക്കുള്ള ചവിട്ടുപടികളാണ് തുടര്‍ച്ചയായുള്ള ആര്‍ത്തവ ക്രമക്കേടുകള്‍.
പി.സി.ഒ.എസ് വന്ധ്യതക്കിടയാക്കുന്നതെങ്ങനെ?
ഗര്‍ഭാശയത്തിന്‍െറ ഇരുവശത്തുമായി കാണുന്ന ചെറു ഗ്രന്ഥികളാണ് അണ്ഡാശയങ്ങള്‍. അണ്ഡാശയങ്ങളാണ് അണ്ഡം ഉല്‍പാദിപ്പിക്കുന്നത്. പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ 40,000 മുതല്‍ നാല് ലക്ഷം വരെ പൂര്‍ണവളര്‍ച്ചയത്തൊത്ത അണ്ഡങ്ങള്‍ ഓരോ അണ്ഡാശയത്തിന്‍െറയും അറകളിലുണ്ടാകും. പെണ്‍കുട്ടിയില്‍ വളര്‍ച്ച ആരംഭിക്കുന്നതുമുതല്‍ ‘ഗര്‍ഭധാരണം’ എന്ന പ്രക്രിയക്കു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ശരീരത്തില്‍ നടക്കുന്നുണ്ട്. ഗര്‍ഭധാരണ സാധ്യത ഉറപ്പാക്കുന്ന ഘടകങ്ങളില്‍ പ്രധാനമാണ് കൃത്യമായ അണ്ഡോല്‍പാദനം. മാസത്തിലൊരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഓരോ അണ്ഡം വീതം അണ്ഡാശയത്തില്‍നിന്നും പുറത്തുവരുന്ന പ്രക്രിയ ആണ് അണ്ഡവിസര്‍ജനം. ആരോഗ്യവതിയായ സ്ത്രീയില്‍ വിവിധ ഹോര്‍മോണുകളുടെ നിയന്ത്രണത്തില്‍ അണ്ഡവിസര്‍ജനം കൃത്യമായി നടക്കാറുണ്ട്. എന്നാല്‍, പി.സി.ഒ.എസ് ഉള്ളവരില്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലം അണ്ഡവിസര്‍ജനം നടക്കാറില്ല. പിറ്റ്യൂട്ടറിയില്‍നിന്നുള്ള ഹോര്‍മോണുകളോട് അണ്ഡാശയം അമിതമായി പ്രതികരിക്കുന്നതാണ് രോഗകാരണം.
പി.സി.ഒ.എസ് ഉള്ളവരില്‍ അണ്ഡാശയത്തിന്‍െറ വലുപ്പം കൂടും. അണ്ഡാശയം അമിതമായി ഈസ്ട്രജനും പുരുഷഹോര്‍മോണായ ആന്‍ഡ്രജനും ഉല്‍പാദിപ്പിക്കും. കൊച്ച് കുമിളകള്‍ പോലെ വെള്ളം നിറഞ്ഞ മുഴകള്‍ അണ്ഡാശയത്തില്‍ ഉണ്ടാകുന്നത്  ഈ രോഗാവസ്ഥയുടെ മറ്റൊരു പ്രത്യേകതയാണ്. ഇവരില്‍ അണ്ഡം കുറച്ച് വലുതായ ശേഷം അതിന്‍െറ വളര്‍ച്ച മുരടിക്കാറുണ്ട്. അണ്ഡോല്‍പാദനം നടക്കാതിരിക്കാനും അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്ത് വരാതിരിക്കാനും അമിതമായി ഉല്‍പാദിപ്പിക്കുന്ന പുരുഷ ഹോര്‍മോണ്‍ ഇടയാക്കി വന്ധ്യതയിലേക്ക് നയിക്കുന്നു.
ലക്ഷണങ്ങളെ കരുതിയിരിക്കാം

  • ആര്‍ത്തവം ചിലമാസം വരാതിരിക്കുക.
  • ചിലപ്പോള്‍ നിലക്കാത്ത രക്തം പോക്ക്.
  • മുടി കൊഴിച്ചില്‍.
  • അനിയന്ത്രിതമായി മീശയും താടിയും വളരുക.
  • മുഖക്കുരു
  • തുടര്‍ച്ചയായ ഗര്‍ഭമലസല്‍
  • ശരീരത്തിന്‍െറ മടക്കുകളില്‍ കറുത്തനിറം പ്രത്യക്ഷപ്പെടുക.
  • അമിതവണ്ണം.
  • തോള്‍ഭാഗം അമിതമായി തടിക്കുക.
  • വളരെ കുറഞ്ഞ തോതില്‍ ആര്‍ത്തവം - തുടര്‍ന്ന് നില്‍ക്കുക.
  • വന്ധ്യത.
  • ഇന്‍സുലിന്‍ പ്രതിരോധം

തുടങ്ങിയ ലക്ഷണങ്ങള്‍ പി.സി.ഒ.എസുമായി ബന്ധപ്പെട്ട് കാണാറുണ്ട്.
കൗമാരം ഏറെ ശ്രദ്ധയോടെ
പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോമുമായി ബന്ധപ്പെട്ടുണ്ടാകുന്ന ലക്ഷണങ്ങള്‍ പെണ്‍കുട്ടികളില്‍ കൗമാരത്തില്‍ തന്നെ പ്രകടമാകാറുണ്ട്. ഇവയെ ശ്രദ്ധയോടെ കാണുന്നതിനും പരിഹരിക്കുന്നതിനും അമ്മയുടെ സഹായവും, സഹകരണവും പെണ്‍കുട്ടിക്ക് അനിവാര്യമാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍, അമിതവണ്ണം ഇവയൊക്കെ വൈകാതെ ചികിത്സിക്കുന്നത് വന്ധ്യത ഒഴിവാക്കാന്‍ സഹായകമാണ്.
പോളിസിസ്റ്റിക് ഓവറി -പരിഹാരങ്ങള്‍
ചികിത്സ
പി.സി.ഒ.എസുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കനുസരിച്ച് വിഭിന്നമായ ചികിത്സകളാണ് ആയുര്‍വേദം ഓരോരുത്തര്‍ക്കും നല്‍കുക. പ്രായം കൂടുന്തോറും പി.സി.ഒ.എസ് രോഗികള്‍ക്ക് പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം ഇവ വരാനുള്ള സാധ്യത കൂടുതലാണ്. അത് കൂടി പരിഗണിച്ചാണ് ചികിത്സ നല്‍കാറുള്ളത്. ഒൗഷധങ്ങള്‍ക്കൊപ്പം സ്നേഹപാനം, ഉദ്യര്‍ത്തനം, പിചു, നസ്യം തുടങ്ങിയവയും ചിലഘട്ടങ്ങളില്‍ വേണ്ടി വരാറുണ്ട്. കൊഴുപ്പടങ്ങിയ ഭക്ഷണരീതികള്‍, വ്യായാമമില്ലായ്മ  ഇവക്കൊകെ ഈ രോഗാവസ്ഥയുമായി ഏറെ ബന്ധമുണ്ട്. അതിനാല്‍, ഒൗഷധത്തോടൊപ്പം ജീവിതശൈലി ക്രമീകരണവും ചികിത്സയുടെ വിജയത്തിന് അനിവാര്യമാണ്.
നാടന്‍ ഭക്ഷണം ശീലമാക്കാം
നാടന്‍ ഭക്ഷണ ശീലങ്ങളില്‍ നിന്നകന്നത് പോളിസിസ്റ്റിക് ഓവറിക്കിടയാക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന പ്രവണത കൗമാരക്കാരില്‍ കൂടുതലാണ്. വന്ധ്യത, മറവി, പൊണ്ണത്തടി,പ്രമേഹം ഇവയെ തടയാനും, പ്രസരിപ്പ് നിലനിര്‍ത്താനും പ്രഭാതഭക്ഷണം കൂടിയേ തീരൂ.
കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, ഈത്തപ്പഴം, ഓട്സ്, ബദാം, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, എള്ള്, ഉലുവ, റാഗി, മുതിര, ഇഞ്ചി ഇവ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് സ്ത്രീകളുടെ പ്രത്യുല്‍പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറെ പര്യാപ്തമാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുരിങ്ങക്കായ  ഭക്ഷണത്തില്‍ പെടുത്തുന്നത് അണ്ഡോല്‍പാദനം ക്രമപ്പെടുത്താന്‍ സഹായകമാകും. കൂടാതെ ആര്‍ത്തവകാലത്ത് ഭക്ഷണം സമീകൃതമായിരിക്കാനും ശ്രദ്ധിക്കണം.
കോള, ബര്‍ഗര്‍, കൊഴുപ്പ് കൂടിയ മാംസ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍,  റെഡിമെയ്ഡ് വിഭവങ്ങള്‍ ഇവ ഒഴിവാക്കി നാടന്‍ വിഭവങ്ങള്‍ ശീലിക്കുന്നതാണ് പി.സി.ഒ.എസ് തടയാന്‍ ഉചിതം.
വ്യായാമം ശീലമാക്കാം
കൗമാരം മുതല്‍ തന്നെ വ്യായാമം ജീവിതത്തിന്‍െറ ഭാഗമാക്കുന്നത് പി.സി.ഒ.എസ് വരാതിരിക്കാന്‍ സഹായകമാകും. അരമണിക്കൂറെങ്കിലും ലഘുവായ വ്യായാമങ്ങള്‍ ശീലമാക്കാം.

(മാന്നാര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടറാണ് ലേഖിക)
drpriyamannar@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.