വൃക്ക മാറ്റിവെക്കേണ്ടി വരുമ്പോള്‍

മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളില്‍ വളരെ പ്രധാന സ്ഥാനമാണ് വൃക്കകള്‍ക്കുള്ളത്. ശ്വാസകോശത്തിന് താഴെയായി നട്ടെല്ലിന് ഇരുവശത്തുമാണ് ഇവയുടെ സ്ഥാനം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയും രക്തത്തെ ശുചീകരിക്കുകയുമാണ് വൃക്കകളുടെ മുഖ്യ പ്രവര്‍ത്തനം. രക്തത്തിലെ അസിഡിറ്റി അഥവാ അമ്ളാംശങ്ങളുടെ ക്രമീകരണങ്ങളും ശരീരത്തിലെ ജലാംശത്തിന്‍്റെ നിയന്ത്രണവും വൃക്കകളുടെ ചുമതലയാണ്. ഇതുകൂടാതെ ശരീരത്തിന് ആവശ്യമുള്ള ചില ഹോര്‍മോണുകളുടെ ഉല്‍പാദനവും വൃക്കകളാണ് നിര്‍വഹിക്കുന്നത്. രോഗംമൂലം വൃക്കകളുടെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ അത് ജീവനുതന്നെ ഭീഷണിയായിത്തീരുന്നു.

വൃക്കസ്തംഭനത്തിന്‍െറ കാരണങ്ങള്‍
നിരവധി കാരണങ്ങള്‍ മൂലം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവാം. ക്രോണിക് നെഫ്രൈറ്റിസ് എന്ന് വിളിക്കുന്ന വൃക്കകളിലെ നീര്‍ക്കെട്ട്, അണുബാധ, അമിത രക്തസമ്മര്‍ദം, പ്രമേഹം, വൃക്കയിലെ കല്ല്, മറ്റ് മൂത്രാശയ രോഗങ്ങള്‍ എന്നിവമൂലം വൃക്കകളുടെ പ്രവര്‍ത്തനം ക്രമേണ കുറഞ്ഞുകുറഞ്ഞു വന്ന് പൂര്‍ണമായി നിലക്കുമ്പോഴാണ് വൃക്കസ്തംഭനം ഉണ്ടാവുന്നത്. എലിപ്പനി ബാധ, പാമ്പുകടി, ഛര്‍ദിയും അതിസാരവും മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍ എന്നീ കാരണങ്ങളാലും വൃക്കകളുടെ പ്രവര്‍ത്തനം പൊടുന്നനെ നിലക്കാം.

വൃക്കമാറ്റിവെക്കല്‍ എപ്പോള്‍..?
രോഗം മൂര്‍ച്ഛിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലക്കുകയും മരുന്നുകള്‍ ഉപയോഗിച്ച് രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയാതെ വരുകയും ചെയ്യുന്ന അവസരത്തിലാണ് രോഗിയെ ഡയാലിസിസിന് വിധേയമാക്കുക. യന്ത്രസഹായത്താല്‍ രക്തശുചീകരണം നടത്തുന്ന പ്രക്രിയയാണിത്.  വൃക്കകളുടെ എല്ലാതരം പ്രവര്‍ത്തനങ്ങളും നിറവേറ്റാന്‍ ഇത്തരം കൃത്രിമ ഉപകരണങ്ങള്‍ക്കാവാത്തതിനാല്‍ വൃക്കകള്‍ക്ക് പകരമായി ഇതിനെ കാണാനാവില്ല.
അതുകൊണ്ടുതന്നെ ഡയാലിസിസിന് വിധേയരാവുന്ന രോഗികളില്‍ ക്രമേണ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ന്നുവരുകയും ഡയാലിസിസ് ഫലപ്രദമല്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.
ആരോഗ്യമുള്ള മറ്റൊരു വ്യക്തിയുടെ വൃക്ക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് രോഗിയുടെ ശരീരത്തില്‍ വെച്ചുപിടിപ്പിക്കലാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ. അതിസങ്കീര്‍ണമായ പ്രവൃത്തിയായതിനാല്‍ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ഇത് ചെയ്യുന്നത്.

ആര്‍ക്കൊക്കെ വൃക്ക ദാനം ചെയ്യാം...?
രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി വൃക്കകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രോഗങ്ങളില്ലാത്ത അടുത്ത ബന്ധുക്കളെയാണ് സാധാരണ വൃക്ക ദാതാക്കളായി തിരഞ്ഞെടുക്കുക. മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ വൃക്കകളാണ് മാറ്റിവെക്കലിന് ഉത്തമം. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവര്‍ക്കും വൃക്ക ദാനം ചെയ്യാം. എന്നാല്‍, ഇതിന് ചില നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അടുത്ത ബന്ധുവായതുകൊണ്ട് മാത്രം ഒരാള്‍ക്ക് വൃക്ക ദാനംചെയ്യാന്‍ കഴിയാറില്ല. ദാനം ചെയ്യുന്ന വ്യക്തിയുടെയും സ്വീകരിക്കുന്ന വ്യക്തിയുടെയും രക്ത ഗ്രൂപ്പുകള്‍ ഒന്നായിരിക്കുകയും വെളുത്ത രക്താണുക്കളിലെ ആന്‍്റിജനുകള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടായിരിക്കുകയും വേണം. രണ്ടു വ്യക്തികളുടെയും രക്തം ക്രോസ്മാച്ച് നടത്തിയശേഷമേ ശസ്ത്രക്രിയ നടത്താറുള്ളൂ.

ഓപറേഷന്‍ തിയറ്ററില്‍ ഒരേ സമയത്താണ് ദാതാവിന്‍്റെയും സ്വീകര്‍ത്താവിന്‍്റെയും ശസ്ത്രക്രിയകള്‍ നടത്തുക. ദാതാവിന്‍്റെ വൃക്ക എടുത്തയുടന്‍തന്നെ സ്വീകര്‍ത്താവിന്‍്റെ ശരീരത്തില്‍ തുന്നിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത്. എടുത്തുമാറ്റപ്പെട്ട വൃക്ക രോഗിയുടെ ശരീരത്തിലെ ധമനികളില്‍ വെച്ചുപിടിപ്പിക്കുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് മൂത്രനാളി മൂത്രസഞ്ചിയുമായി തുന്നിച്ചേര്‍ക്കും. ഈ പ്രക്രിയകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ വൃക്ക പ്രവര്‍ത്തിച്ചുതുടങ്ങും. സ്വീകര്‍ത്താവിന്‍്റെ ശരീരം പുതുതായി വെച്ചുപിടിപ്പിക്കുന്ന വൃക്കയെ തിരസ്കരിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കുകയാണ് അടുത്തപടി. ഏതൊരു ശരീരവും തന്‍്റെയുള്ളിലത്തെുന്ന അന്യവസ്തുക്കളെ തിരസ്കരിക്കാനുള്ള പ്രവണത കാണിക്കും. ഇതിനെ അതിജീവിക്കാനുള്ള ഒൗഷധങ്ങളാണ് പിന്നീട് രോഗി കുറെ കാലത്തേക്ക് കഴിക്കേണ്ടിവരുക. ഇത്തരം ഒൗഷധങ്ങളുടെ ഉപയോഗം വ്യക്തിയുടെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ എളുപ്പത്തില്‍ മറ്റു രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഈ കാരണംകൊണ്ടുതന്നെ രോഗി ശസ്ത്രക്രിയയെ തുടര്‍ന്ന് സൂക്ഷ്മതയോടെ ജീവിക്കേണ്ടിയിരിക്കുന്നു. അണുബാധ ഏല്‍ക്കാതിരിക്കാനും മറ്റു രോഗങ്ങള്‍ പിടിപെടാതെ സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

ശസ്ത്രക്രിയക്കുശേഷം ജീവിതം സൂക്ഷ്മതയോടെ
ശസ്ത്രക്രിയക്കുശേഷം വൃക്ക ദാനം ചെയ്യുന്നയാള്‍ക്ക് ഒരുമാസത്തിനകം പതുക്കെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. ശരീരത്തിന്‍്റെ പ്രവര്‍ത്തനത്തിന് ആരോഗ്യമുള്ള ഒരു വൃക്ക മതി എന്നതിനാല്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമില്ലാതെ ദാതാവിന് തുടര്‍ന്നുള്ള ജീവിതം നയിക്കാവുന്നതാണ്.അതേസമയം, വൃക്ക സ്വീകരിച്ച വ്യക്തി കൂടുതല്‍ സൂക്ഷ്മതയോടെ ജീവിക്കേണ്ടിയിരിക്കുന്നു. ശസ്ത്രക്രിയക്കുശേഷം ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും ഐ.സി.യുവില്‍ കഴിയേണ്ടതുണ്ട്. തുടര്‍ന്ന് കുറെ നാളത്തേക്ക് പ്രത്യേക പരിചരണവും രോഗിക്ക് നല്‍കേണ്ടതുണ്ട്്. ശരീരത്തില്‍, പ്രത്യേകിച്ച് മൂത്രാശയ ഭാഗങ്ങളില്‍ അണുബാധയേല്‍ക്കാതെ സൂക്ഷിക്കണം.

ശസ്ത്രക്രിയക്കുശേഷം സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെങ്കിലും കഠിനമായ ജോലികള്‍ ചെയ്യുന്നതില്‍നിന്ന് രോഗിക്ക് വിലക്കുണ്ട്. ആഹാരത്തിന്‍്റെ കാര്യത്തിലും ചില നിയന്ത്രണങ്ങളുണ്ട്. തടികൂടാതെ സൂക്ഷിക്കുകയും വേണം. രോഗിക്ക് മറ്റ് എന്ത് അസുഖം വന്നാലും വിദഗ്ധ ചികിത്സതന്നെ നല്‍കണം.വൃക്കയുടെ പ്രവര്‍ത്തനക്ഷമത ഇടക്കിടക്ക് ഉറപ്പുവരുത്തുന്നതോടൊപ്പം പ്രമേഹം, രക്തസമ്മര്‍ദം എന്നിവ  പരിശോധിക്കുകയും വേണം.ശസ്ത്രക്രിയക്ക് വിധേയനായ രോഗിക്ക് ദാമ്പത്യജീവിതത്തിന് തടസ്സമൊന്നുമില്ളെങ്കിലും മൂന്നു വര്‍ഷമെങ്കിലും കഴിഞ്ഞശേഷമേ കുട്ടികള്‍ ഉണ്ടാവാന്‍ പാടുള്ളൂ. രോഗി സ്ത്രീയാണെങ്കില്‍ ഗര്‍ഭത്തിന്‍്റെ ആരംഭകാലം തൊട്ടേ ഗൈനക്കോളജിസ്റ്റ് അടക്കമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരിക്കണം.സാധാരണയായി 95 ശതമാനം വരെ വിജയസാധ്യതയുള്ള ഈ ശസ്ത്രക്രിയ ചെയ്യുന്ന വ്യക്തിക്ക് പത്തു വര്‍ഷത്തോളം ആരോഗ്യത്തോടെ ജീവിക്കാനാവും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

(എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സ് യൂറോളജി വിഭാഗം മേധാവിയാണ് ലേഖകൻ )

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.