ബസിൽ കയറി വീട്ടിലെത്തിയാൽ മാത്രം വഴിയിൽ പാർക്ക് ചെയ്ത കാറിെൻറ കാര്യം ഒാർമ വരുന്നത് ഒരു അസുഖമാണോ?
പാൽ അടുപ്പത്തുവെച്ച് ഒന്നു തിരിഞ്ഞപ്പോഴേക്കും കാളിങ് ബെൽ ശബ്ദിക്കുന്നു. ആരാണ് വന്നതെന്നു നോക്കി തിരിച്ചെത്തിയപ്പോഴേക്കും പാൽ തിളച്ച് തൂവിക്കഴിഞ്ഞിരിക്കും. ഓഫിസിൽ നിന്നിറങ്ങുമ്പോൾ ഒന്നു വിളിക്കണേ എന്ന് രാവിലെ ഭാര്യ പലവട്ടം പറഞ്ഞതാണ്. പക്ഷേ, വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അക്കാര്യം വീണ്ടും ഓർമയിൽ വന്നത്. കാറെടുത്ത് ഓഫിസിൽ പോയ ആൾ തിരികെ ബസിൽ കയറി വീട്ടിലെത്തിയപ്പോൾ മാത്രം പാർക്ക് ചെയ്തിരുന്ന കാറിെൻറ കാര്യം ഓർത്ത ദിവസങ്ങളും നിരവധി. ഇതെല്ലാം നിത്യജീവിതത്തിൽ നമുക്കെല്ലാം നിരന്തരം സംഭവിക്കുന്ന മറവികളാണ്. ഇതിലൊന്നും ഒരുതരത്തിലുള്ള അസ്വാഭാവികതയും ആരും കണാറില്ല. എന്നാൽ, മറവികൾ നിത്യസംഭവങ്ങളാവുകയും അത് ജീവിതത്തിെൻറ മുന്നോട്ടുപോക്കിനെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമ്പോൾ അതിനെ മറവിരോഗം എന്ന് വിളിക്കേണ്ടിവരും.
മറവിയുണ്ടാക്കുന്ന ഒരുപാട് രോഗങ്ങളിൽ ഒന്നുമാത്രമാണ് പൊതുവെ ‘മറവിരോഗം’ എന്നുവിളിക്കുന്ന അൽഷൈമേഴ്സ് (Alzheimer’s disease). അൽൈഷമേഴ്സിന് പുറമെ പക്ഷാഘാതം, തലച്ചോറിലെ മുഴകൾ, ഒരുതരം രക്താർബുദമായ ലിംഫോമ, എച്ച്.ഐ.വി അണുബാധ, പാർക്കിൻസൺസ് രോഗം, ലഹരിമരുന്നുകളുടെ ദൂഷ്യഫലങ്ങൾ, കടുത്ത നിദ്രാഭംഗം, തലച്ചോറിലെ നീർക്കെട്ട് തുടങ്ങി നിരവധി കാരണങ്ങൾമൂലം ഒരു വ്യക്തിക്ക് തുടർച്ചയായ മറവി അനുഭവപ്പെടാം. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ രോഗത്തെ തിരിച്ചറിയാൻ കഴിയൂ.
ഓർമശക്തി ക്ഷയിക്കുകയും മറവി ക്രമണേ കൂടിവരുകയും ഏറ്റവും ദൈനംദിന ജീവിതത്തിൽ ലളിതമായ കാര്യങ്ങൾപോലും ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുമ്പോൾ അടിയന്തരമായി ചികിത്സ തേടണം.
ചോദിച്ച കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നത് രോഗ ലക്ഷണമാണോ?
രോഗലക്ഷണങ്ങളെ പൊതുവെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. കാഠിന്യം കുറഞ്ഞ പ്രാരംഭഘട്ടം അഥവാ മൈൽഡ് അൽഷൈമേഴ്സ് (Mild Alzheimer's disease) ആണ് ഇതിൽ ആദ്യത്തേത്. ഈ ഘട്ടത്തിൽ ചെറിയ മറവികൾ മാത്രമേ അനുഭവപ്പെടുകയുള്ളൂ. രോഗിയുടെ ദൈനംദിന കാര്യങ്ങൾക്ക് വലിയ പ്രയാസങ്ങൾ അനുഭവപ്പെടില്ല. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യൽ, കണക്കുകൾ കൂട്ടൽ എന്നിവക്ക് പ്രയാസം അനുഭവപ്പെടുക, ചോദിച്ച കാര്യങ്ങൾ വീണ്ടും ചോദിച്ചുകൊണ്ടിരിക്കുക, ദിനചര്യകൾ നിർവഹിക്കാൻ കൂടുതൽ സമയമെടുക്കുക, ഇല്ലാത്തത് കാണുകയും കേൾക്കുകയും ചെയ്യുക, പെരുമാറ്റത്തിലുള്ള നേരിയ വ്യതിയാനങ്ങൾ എന്നിവയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ.
അടുത്ത ഘട്ടത്തിനെ ഇടത്തരം അഥവാ മോഡറേറ്റ് അൽഷൈമേഴ്സ് രോഗം (Moderate Alzheimer’s disease) എന്ന് പറയുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തിരിച്ചറിയാൻ വിഷമം, വസ്ത്രം ധരിക്കാൻ പ്രയാസം, ഇല്ലാത്തത് കേൾക്കുകയും കാണുകയും ചെയ്യുക, പൊടുന്നനെയുള്ള സ്വഭാവമാറ്റങ്ങൾ എന്നിവയാണ് ഈ ഘട്ടത്തിെൻറ ലക്ഷണങ്ങൾ.
കടുത്ത ഘട്ടമായ സിവിയർ അൽഷൈമേഴ്സ് ഡിസീസ് ആണ് ഈ രോഗത്തിെൻറ ഗുരുതരമായ അവസ്ഥ. ആരോടും ആശയവിനിമയം നടത്താൻ കഴിയാതെയാവുക, എല്ലാ കാര്യത്തിനും പരസഹായം ആവശ്യമായിവരുക, ഒന്നിലും താൽപര്യമില്ലായ്മ, നടക്കാൻപോലും കഴിയാത്ത അവസ്ഥ, കിടപ്പിലാവുക തുടങ്ങിയ ലക്ഷണങ്ങളാണ് ഈ ഘട്ടത്തിൽ പ്രകടമാവുക.
മറക്കാതിരിക്കാം ഇൗ കാരണങ്ങൾ
രോഗകാരണങ്ങൾ പൂർണമായും മനസ്സിലാക്കാൻ ശാസ്ത്രത്തിനായിട്ടില്ല. പരിസ്ഥിതി, ജീവിതശൈലി, പാരമ്പര്യം, ജനിതക ഘടകങ്ങൾ എന്നിവ ചില കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട്.
പങ്കുണ്ട് പാരമ്പര്യത്തിനും
പാരമ്പര്യവും ഒരു സാധ്യതയാണ്. മാതാപിതാക്കൾ, സഹോദരങ്ങൾ, ഒന്നിൽ കൂടുതൽ കുടുംബാംഗങ്ങൾ എന്നിവർക്ക് രോഗമുണ്ടായിരുന്നുവെങ്കിൽ രോഗസാധ്യത കൂടുതലാണ്. മാതാവിൽനിന്ന് രോഗം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള സാധ്യതയും ഏറെയാണ്. മുൻകാലങ്ങളിൽ മംഗോളിസം എന്നപേരിൽ അറിയപ്പെട്ടിരുന്ന ഡൗൺ സിൻഡ്രോം എന്ന ജനിതക രോഗമുള്ളവർക്ക് മറവിരോഗത്തിനുള്ള സാധ്യതയേറെയാണ്. കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം എന്നീ രോഗങ്ങളും സാധ്യത കൂട്ടും.
പൂർണ വിമുക്തിയെ കുറിച്ച് പറയാറായിട്ടില്ല
പൂർണമായും ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ, ഈ രംഗത്ത് ഗവേഷണങ്ങൾ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.
ഇൗ മറവികൾക്ക് എന്താണ് മരുന്ന്?
രോഗലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ചികിത്സകളാണ് ഇന്ന് നിലവിലുള്ളത്. പെരുമാറ്റത്തിലുള്ള വൈകല്യങ്ങളെ നിയന്ത്രിക്കുക, ഓർമശക്തി കൂട്ടുക, മാനസിക വൈകല്യങ്ങളെ കുറക്കുക തുടങ്ങിയവക്കുള്ള മരുന്നുകളാണ് നൽകുന്നത്. ഓർമശക്തി ക്ഷയിക്കാതിരിക്കാനുള്ള മരുന്നുകൾ, മസ്തിഷ്കത്തിെൻറ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ഘടകങ്ങളടങ്ങിയ ഭക്ഷണം (മീനെണ്ണ, വെളിച്ചെണ്ണ), ഉറക്കമില്ലായ്മക്കും സ്വഭാവവൈകല്യങ്ങൾക്കും വിഷാദരോഗങ്ങൾക്കുമുള്ള മരുന്ന് എന്നിവയാണ് പ്രധാനമായും നൽകുന്നത്. രോഗലക്ഷണങ്ങളെ വൈകിപ്പിക്കൽ തന്നെയാണ് മുഖ്യ ചികിത്സ. ഇതിനുള്ള അനേകം മരുന്നുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
രോഗസാധ്യതയുള്ളവരിൽ അത് കുറക്കാനുള്ള ഇമ്യൂണൈസേഷൻ തെറപ്പി, മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ, രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന കൊഗ്നറ്റിവ് ട്രെയിനിങ്, ശാരീരികക്ഷമത വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കൽ, രോഗിക്ക് പിന്തുണ നൽകാൻ കുടുംബാംഗങ്ങളെ പരിശീലിപ്പിക്കൽ എന്നിവ ചികിത്സക്രമങ്ങളിൽ ഉൾപ്പെടുന്നു.
ഇൗ കാര്യങ്ങൾ മറക്കരുത്?
ശാരീരികക്ഷമത വർധിപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്യുക, മാനസിക സമ്മർദം കുറക്കുക, പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാക്കി അവ നിയന്ത്രിക്കാൻ പരിശീലിപ്പിക്കുക, രോഗിയോട് കരുണയോടെയും ക്ഷമയോടെയും പെരുമാറാൻ കുടുംബാംഗങ്ങൾക്ക് പരിശീലനം നൽകുക തുടങ്ങിയ കാര്യങ്ങൾ രോഗിയുടെ പ്രയാസങ്ങൾ കുറക്കും.
കരുതലെടുക്കേണ്ട കാര്യങ്ങൾ
തലച്ചോറിലെ രക്തചംക്രമണത്തിന് വിഘാതമാവുന്ന ജീവിതശൈലികൾ ഉപേക്ഷിക്കുക, കൃത്യമായി വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക എന്നിവക്ക് പുറമെ രക്തസമ്മർദം, അമിതഭാരം, വിഷാദരോഗം എന്നിവക്ക് തുടക്കത്തിലേ ഫലപ്രദമായ ചികിത്സ തേടുക എന്നിവയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള ചില മാർഗങ്ങൾ.
തലച്ചോറിന് സംഭവിക്കുന്ന ക്ഷതങ്ങൾ ഒരു കാരണമാണ്. ഗുരുതരമായ മസ്തിഷ്ക ക്ഷതങ്ങൾ, നിരന്തരമുണ്ടാവുന്ന ചെറിയ ക്ഷതങ്ങൾ എന്നിവ രോഗസാധ്യത വർധിപ്പിക്കും. 90 ശതമാനം പേരിലും 60-65 വയസ്സു മുതലും 10 ശതമാനം പേരിൽ 30 വയസ്സു മുതലും രോഗം കണ്ടുവരുന്നു.
മനോരോഗവും മറവിരോഗവും തമ്മിൽ
വിഷാദരോഗം (Depression), അകാരണമായ ഭയം (Phobia), വിഭ്രാന്തി അഥവാ ചിത്തഭ്രമം (Schizophrenia) എന്നീ മാനസിക പ്രശ്നങ്ങൾ രോഗസാധ്യത വർധിപ്പിക്കുന്നതായി കാണാറുണ്ട്.
ഒാർമകളിൽ നിന്ന് മാഞ്ഞു പോകുേമ്പാൾ
പൂർണമായും ഫലപ്രദമായും ചികിത്സിച്ചുമാറ്റാൻ കഴിയാത്തതിനാൽ ഈ രോഗത്തെ ടെർമിനൽ ഇൽെനസ് എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. രോഗം ക്രമേണ മൂർച്ഛിക്കുന്നതോടെ പരിസരങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടെ ഒരുകാര്യവും ഓർമിക്കാൻ കഴിയാതെ ജീവിതവുമായുള്ള ബന്ധം നഷ്ടമായി രോഗി തികച്ചും ഒറ്റപ്പെട്ടുപോകുന്നു. തുടർന്ന് ഭക്ഷണം കഴിക്കുക, ടോയ്ലറ്റ് ഉപയോഗിക്കുക, ദേഹശുദ്ധിവരുത്തുക തുടങ്ങിയ പ്രാഥമിക കാര്യങ്ങൾപോലും നിർവഹിക്കാനാവാതെ നിഷ്ക്രിയനാവുകയും കിടപ്പിലാവുകയും ചെയ്യുന്നു. രോഗം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ശരാശരി നാലു മുതൽ എട്ടു വർഷം വരെയാണ് രോഗിയുടെ ജീവിതകാലം.
മനസ്സറിഞ്ഞ പിന്തുണ ആവശ്യം
വിവിധ ഘട്ടങ്ങളിൽ രോഗിയോട് പെരുമാറേണ്ട വിധവും അവരെ ശുശ്രൂഷിക്കുന്ന രീതികളും ബന്ധുക്കൾ അറിഞ്ഞിരിക്കണം. രോഗിക്ക് നല്ലതോതിൽ മാനസിക പിന്തുണ നൽകുകയാണ് ഇതിൽ പ്രധാനം. രോഗിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ദേഷ്യപ്പെടാതെ മറുപടി നൽകാൻ ശ്രദ്ധിക്കണം. കൂടാതെ ദൈനംദിന കാര്യങ്ങളിൽ മുഴുസമയവും രോഗിയെ സഹായിക്കേണ്ടതായും വരും. സാന്ത്വന മനോഭാവത്തോടെയും കാരുണ്യത്തോടെയും രോഗിയോട് പെരുമാറാൻ പരിശീലനം നേടുകയും വേണം.
തയാറാക്കിയത്: ഡോ. രാജീവ് എം.പി
പ്രഫസർ ഓഫ് ന്യൂറോ സർജറി,
കോഴിക്കോട് മെഡിക്കൽ കോളജ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.