രക്തക്കുറവ് അഥവാ വിളർച്ച പൊതുവിൽ പറഞ്ഞുകേൾക്കുന്ന സാധാരണ അവസ്ഥയാണ്. മുൻകാലങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളിൽ കൂടുതലായി കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇന്ന് എല്ലാവരിലും, പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡുകളും പാക്കറ്റ് ഫുഡുകളും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നവരിലും കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രോഗത്തിനെ തിരിച്ചറിയുന്നതിനോ കൃത്യമായ പരിഹാരങ്ങളിലേക്കോ പോകുന്നതിന് പകരം ശാരീരിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ താൽക്കാലിക ചികിത്സയിലാണ് പലരും ശ്രദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ ആവർത്തിക്കുകയും നിരന്തരം ഡോക്ടർമാരെ സമീപിച്ച് മരുന്നുകൾ കഴിക്കുകയും ചെയ്യേണ്ടിവരുന്നു.
ചില ആരോഗ്യപ്രശ്നങ്ങളുമായി ഡോക്ടർമാരെ സമീപിക്കുേമ്പാൾ നമ്മുടെ കണ്ണുകളിലെ കീഴ്ഭാഗം താഴ്ത്തിനോക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിരിക്കും. ശരീരത്തിൽ രക്തക്കുറവുണ്ടോ എന്നത് കണ്ടെത്തുന്നതിെൻറ പ്രാഥമിക പരിശോധനയാണിത്. മുഖത്ത് വിളർച്ചയും കണ്ണുകളുടെ ഉൾഭാഗങ്ങളിൽ ചുവപ്പ് നിറം കുറഞ്ഞതായും കണ്ടാൽ പിന്നീട് രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നു. പൊതുവിൽ രക്തത്തിലെ ശ്വേതരക്താണുക്കളുടെയും ഹീമോഗ്ലോബിൻ എന്ന ഘടകത്തിെൻറയും തോത് നോക്കിയാണ് ഒരു വ്യക്തിക്ക് രക്തക്കുറവ് അഥവ അനീമിയ (Anemia) എന്ന രോഗം ഉണ്ടോ എന്ന് കണ്ടെത്തുന്നത്. ഈ രോഗമുള്ളവരിൽ നിരവധി ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുന്നതായി കണ്ടുവരുന്നത്.
കടുത്ത ക്ഷീണം, ഓർമക്കുറവ്, ശരീരത്തിലെ പേശികളിൽ വേദന, മുടികൊഴിച്ചിൽ, തൊലിപ്പുറത്തെ വരൾച്ച, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, കുനിഞ്ഞുനിന്ന് നിവരുേമ്പാഴും ഇരുന്ന് എഴുന്നേൽക്കുേമ്പാഴും തലകറക്കം, നടക്കുേമ്പാൾ കിതപ്പ്, കാലുകളിൽ നീര്, അമിത വിയർപ്പ്, മണ്ണ് പോലുള്ള ദഹിക്കാത്ത വസ്തുക്കൾ കഴിക്കാനുള്ള താൽപര്യം, ചെവിയിൽ മൂളൽ തുടങ്ങി നിരവധി ലക്ഷണങ്ങൾ അനീമിയയുമായി ബന്ധപ്പെട്ട് കണ്ടുവരുന്നുണ്ട്. ഈ ലക്ഷങ്ങൾ മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ടും കണ്ടുവരുന്നതിനാൽ ഒരിക്കലും സ്വയം രോഗനിർണയം നടത്തരുത്. അതേസമയം, അനീമിയയുമായി ബന്ധപ്പെട്ടാണ് 80 ശതമാനവും ഈ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
കുഞ്ഞുങ്ങൾ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് അനീമിയ. അതേസമയം, ആർത്തവ സംബന്ധമായ പ്രശ്നങ്ങളുള്ള സ്ത്രീകളിലും ഗർഭിണികളിലും രക്തക്കുറവിനുള്ള സാധ്യത ഏറെയാണ്. പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ തീരെ ഉൾപ്പെടുത്താത്തവരിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിെൻറ (Hemoglobin) അളവ് പുരുഷന്മാരിൽ 13 മില്ലിഗ്രാമിനും സ്ത്രീകളിൽ 11 മില്ലിഗ്രാമിനും താഴെയാണെങ്കിൽ അവരിൽ അനീമിയ ഉള്ളതായി സംശയിക്കാവുന്നതാണ്. മാസംതോറും ആർത്തവരക്തം നഷ്ടമാവുന്നതിനാലാണ് സ്ത്രീകളിൽ ഈ വ്യത്യാസം പ്രകടമാവുന്നത്.
കൂടാതെ വയറിനുള്ളിലെ അൾസർ, പൈൽസ് (മൂലക്കുരു) തുടങ്ങിയ രോഗങ്ങളും രക്തനഷ്ടത്തിന് കാരണമാവുന്നതിനാൽ അനീമിയക്കുള്ള സാധ്യത കൂടുതലാണ്. ആർത്തവത്തോടനുബന്ധിച്ച് പതിവിൽ കവിഞ്ഞ രക്തസ്രാവം ഉള്ളവർ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർ ഒരു വൈദ്യപരിശോധനക്ക് വിധേയമായി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.
ഗർഭസ്ഥശിശുവിെൻറ വളർച്ചക്ക് ആവശ്യമായ രക്തം മാതാവിെൻറ ശരീരം നൽകുന്നതിനാൽ ഗർഭിണികളിൽ അനീമിയ സാധാരണമാണ്. അതുകൊണ്ടുതന്നെ ഗർഭകാലാരംഭം മുതൽ ഡോക്ടർമാർ ഗർഭിണികളോട് ഫോളിക് ആസിഡ് അടങ്ങിയ ഗുളികകൾ സ്ഥിരമായി കഴിക്കാൻ നിർദേശിക്കാറുണ്ട്.
ചില എൻസൈമുകളുടെ കുറവുമൂലവും അപൂർവം ചിലരിൽ അനീമിയ കണ്ടുവരാറുണ്ട്. ജനിതകകാരണങ്ങളാലായതിനാൽ ഈ പ്രശ്നത്തിന് മരുന്നുകൾ സ്ഥിരമായി കഴിക്കുന്നത് മാത്രമാണ് പരിഹാരം. രക്താർബുദം മൂലവും രോഗികളിൽ വിളർച്ചയുണ്ടാവും. അർബുദ ചികിത്സയോടൊപ്പം മരുന്നുകളും രക്തം കുത്തിവെക്കലുമാണ് ഇത്തരം അവസ്ഥകളിൽ നിർദേശിക്കുക.
രക്തത്തിലെ ചുവന്ന രക്താണുക്കളാണ് ശരീരത്തിലെ കലകളിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. അതുകൊണ്ടുതന്നെ അനീമിയമൂലം ചുവന്ന രക്താണുക്കളുടെ എണ്ണം കുറഞ്ഞാൽ വിവിധ ശാരീരിക പ്രശ്നങ്ങളോടൊപ്പം ശരീരത്തിെൻറ പൊതുവായുള്ള രോഗപ്രതിരോധ ശേഷിയും കുറയുന്നു. ഇത് മറ്റു സാംക്രമിക രോഗങ്ങൾ പിടിപെടാൻ കാരണമാവുന്നു.
പരിഹാരം
ഭക്ഷ്യവസ്തുക്കളിലെ ഇരുമ്പ് സത്താണ് രക്തപോഷണത്തിന് ആവശ്യമുള്ളത്. അതുകൊണ്ട് ഇരുമ്പ് സത്ത് കൂടുതലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, ഇറച്ചി, മത്സ്യം, മുട്ട, പയറുവർഗങ്ങള്‍, മാതളം, ബീന്‍സ്, ഉണങ്ങിയ പഴങ്ങൾ, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വർധിപ്പിക്കാന്‍ സഹായിക്കും.
എന്നാൽ, പോഷണങ്ങൾ കുറഞ്ഞ, രുചിക്ക് മാത്രം പ്രാധാന്യമുള്ള ബേക്കറി, ഫാസ്റ്റ് ഫുഡുകൾ മുതലായവ ഒഴിവാക്കണം. പച്ചക്കറികൾ, പഴങ്ങൾ, പാൽ, മുട്ട എന്നിവ ഉൾപ്പെട്ട സമീകൃത ആഹാരമാണ് ഒരു വ്യക്തിക്ക് ആവശ്യം. ഈത്തപ്പഴം, ഉണക്കമുന്തിരി, ചീര, മുരിങ്ങയില തുടങ്ങിയവയിൽ ധാരാളം ഇരുമ്പുസത്ത് ഉള്ളതിനാൽ അവ പതിവായി കഴിക്കുന്നത് ഗുണംചെയ്യും. അതേസമയം, കാൽസ്യത്തിെൻറ അളവ് കൂടുതലായാൽ അത് ഇരുമ്പുസത്ത് ശരീരത്തിലേക്ക് ആഗിരണം ചെയ്യുതിനെ കുറക്കുമെന്നതിനാൽ കാൽസ്യം ഗുളികകൾ കഴിക്കുന്നവർ അക്കാര്യം ഡോക്ടറോട് സൂചിപ്പിക്കണം. അതുപോലെ ചായയിലും കാപ്പിയിലും ഉള്ള ഫിനോളിക് സംയുക്തങ്ങൾ, തേയിലയിലുള്ള ടാനിൻ എന്നിവയും ഇരുമ്പുസത്തിെൻറ ആഗിരണത്തെ കുറക്കുന്നതിനാൽ ചായയുടെയും കാപ്പിയുടെയും ഉപയോഗവും കുറക്കണം.
വിറ്റാമിൻ-സി ശരീരത്തിൽ ഇരുമ്പ് സത്തിെൻറ ആഗിരണം വർധിപ്പിക്കുന്നതിനാൽ ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ ധാരാളം കഴിക്കുന്നതും രക്തക്കുറവ് പരിഹരിക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.