നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനപ്പെട്ട ഒരു അവയവമാണ് ചെവി. മറ്റേതൊരു ശരീര ഭാഗം പോലെ തന്നെ ചെവിയേയും നല്ല രീതിയിൽ പരിപാലിക്കണം. ഈർക്കിലോ, തീപ്പെട്ടി കൊള്ളിയോ വാഹനത്തിന്‍റെ താക്കോലോ അങ്ങനെ എന്തെങ്കിലുമൊക്കെ ചെവിയിലിട്ട് തിരിച്ചില്ലെങ്കിൽ ചിലർക്ക് ഒരു സമാധാനവും കിട്ടാറില്ല.
ബഡ്സ് ഉപയോഗിച്ച് സ്വന്തമായി ചെവി വൃത്തിയാക്കുന്നവരും കുറവല്ല. ചെറിയൊരു അശ്രദ്ധ നിങ്ങളുടെ കേൾവി ശക്തി തന്നെ നഷ്ടമായേക്കാമെന്നാണ് ആരോഗ്യ വിദഗ്്ധർ അഭിപ്രായപ്പെടുന്നത്.
ചെവി വൃത്തിയായി സൂക്ഷിക്കേണ്ടത് അതിപ്രധാനമായ കാര്യമാണെന്നതിൽ സംശയമില്ല. എന്നാൽ എപ്പോഴും ചെവി വൃത്തിയാക്കിക്കൊണ്ടിരിക്കേണ്ടതില്ല. ചെവിക്കുള്ളിലുണ്ടാകുന്ന മെഴുക് പാളി ചെവിയെ സംരക്ഷിച്ചു നിർത്തുന്നതാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പിന്നെ എന്തിനാണ് ചെവി വൃത്തിയാക്കുന്നതെന്ന സംശയം പലർക്കുമുണ്ട്. ചെവി സ്വയം വൃത്തിയാക്കരുതെന്നാണ് ഇ.എൻ.ടി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ചെവിക്കുള്ളിൽ വേദനയോ ചൊറിച്ചിലോ കേൾവിക്കുറവോ അനുഭവപ്പെടാത്ത പക്ഷം ചെവി വൃത്തിയാക്കേണ്ടതില്ലെന്ന് ബനാറസ് ഹിന്ദു സർവകലാശാലയിലെ ഇ.എൻ.ടി വിദഗ്ധൻ രാജേഷ് കുമാർ പറയുന്നു. എന്നാൽ ഇത് സ്വയമോ കുടുംബാംഗങ്ങളെക്കൊണ്ടോ ചെയ്യിക്കരുെതന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മാത്രമല്ല, ഇയർ ബഡ്സ് ഉപയോഗിച്ച് വീട്ടിൽ വെച്ച് ചെവി വൃത്തിയാക്കാൻ ശ്രമിക്കരുത്. അതുകൊണ്ട് ചെവി വൃത്തിയാവില്ലെന്ന് മാത്രമല്ല, ചെവിക്ക് പരിക്കേൽക്കുകയും കേൾവി ശക്തി നഷ്ടപ്പെടുകയും ചെയ്യും. അതുകാണ്ടു തന്നെ ചെവിയുടെ പരിചരണത്തിന് ഡോക്ടറെ സമീപിക്കുന്നതാണ് നല്ലതെന്നും ഡോ. രാജേഷ് കുമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.