ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദനയോ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളോ അനുഭവിച്ചറിയാത്തവർ വളരെ വിരളമായിരിക്കും. ഇക്കാര്യത്തിൽ പ്രായ ലിംഗ ഭേദങ്ങൾക്കും ഏത് ജോലിയാണ് ചെയ്യുന്നത് എന്നതിനുമൊന്നും വലിയ പ്രസക്തിയില്ല. പലപ്പോഴും ഉടൻ മാറുമെന്ന നിലയിൽ അവഗണിക്കുന്നവരാണ് ഭൂരിഭാഗം പേരും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 30 മുതൽ 55 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ അധികമായി കണ്ടുവരുന്നത്. മാരകമായ കാരണങ്ങൾ ഇല്ലാത്ത (നോൺ സ്പെസിഫിസിക്) നടുവേദനയാണ് സാധാരണയായി 90 ശതമാനം പേരിലും കാണപ്പെടുന്ന ലക്ഷണം.
വാരിയെല്ലിനും തുടയെല്ലിനും ഇടയിലുണ്ടാകുന്ന വേദനയ്ക്കാണ് പൊതുവെ നടുവേദന എന്ന് പറയുന്നത്. രണ്ട് നട്ടെല്ലും അതിനിടയിൽ ഉള്ള ഡിസ്കും അനുബന്ധ ലിഗമെന്റുകളും ചേർന്നതാണ് നട്ടെല്ലിന്റെ ഫങ്ഷണൽ യൂനിറ്റുകൾ. നടുവിന്റെ അനക്കവും അസുഖങ്ങളും ബാധിക്കുന്നത് ഈ യൂനിറ്റുകളെയാണ്.
നടുവിന്റെ ആരോഗ്യത്തിന് കശേരുവിന്റെ (വെർട്ടിബ്രൽ കോളം) ചുറ്റുപാടുമുള്ള മസിലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും, ശരീരഭാരവും നിയന്ത്രിക്കേണ്ടതും പ്രധാനമാണ്. ഈ കശേരുക്കളാണ് കൈകാലുകളിലേക്കുള്ള സൂഷ്മനാ നാഡികളെ സംരക്ഷിക്കുക, ശരീരം നിവർന്ന് നിൽക്കാൻ സഹായിക്കുക, ശരീരത്തിന്റെ ചലനത്തിന് സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നത്.
നടുവിനും അതിന്റെ ചുറ്റുഭാഗത്തുമുണ്ടാകുന്ന വേദന, നടുവിൽനിന്ന് കാലുകളിലേക്ക് പടരുന്ന വേദന, കാലുകളിൽ മാത്രം കാണപ്പെടുന്ന വേദന എന്നിവയെല്ലാം നട്ടെല്ലിന്റെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളാകാം.
തരിപ്പ്, പുകച്ചിൽ, ചുട്ടു നീറ്റൽ. കാലുകൾക്കുണ്ടാകുന്ന ബലക്കുറവ്, കടച്ചിലും തരിപ്പും മൂലം കൂടുതൽ സമയം നിൽക്കാനും നടക്കാനും സാധിക്കാതെ വരിക, മലബന്ധം, മൂത്രതടസ്സം തുടങ്ങിയവയെല്ലാം ഞരമ്പ് ഞെരുങ്ങുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുടെ സൂചനകളാണ്.
1. മാരകമായ കാരണങ്ങൾ ഇല്ലാത്ത (നോൺ സ്പെസിഫിസിക്) നടുവേദന
നടുവിനെ ബാധിക്കുന്ന പേശി വലിവോ (സ്‌പൈൻ സ്‌ട്രെയിൻ), സാധാരണയായി ചെയ്യാത്ത ജോലികൾ ചെയ്യുന്നത് മൂലമോ, എന്തെങ്കിലും പരിക്കുകൾ കാരണമോ നടുവേദന വരാൻ സാധ്യതയുണ്ട്. ഒന്നോ രണ്ടോ ദിവസത്തെ വിശ്രമംകൊണ്ട് ഈ ബുദ്ധിമുട്ടിന് ആശ്വാസം ലഭിക്കും. മരുന്നുകൾ, ഫിസിയോ തെറാപ്പി എന്നിവയും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. സമാന ബുദ്ധിമുട്ട് വീണ്ടും ആവർത്തിക്കാതിരിക്കാൻ നടുവേദനക്ക് കാരണമായ പ്രവൃത്തി ഒഴിവാക്കുക എന്നതാണ് മാർഗം.
2. ഡിസ്ക് സംബന്ധമായ അസുഖങ്ങൾ
ഡിസ്‌ക് ഹെർണിയേഷൻ (ഡിസ്‌ക് തള്ളിച്ച), സ്‌പോൺഡിലോസിസ് (നട്ടെല്ല് തേയ്മാനം), പേശിവലിവ്, ഉളുക്ക്, ലിസ്‌തെസിസ് (നട്ടെല്ലിന്റെ സ്ഥാനമാറ്റം), സ്റ്റെനോസിസ് (സുഷുമ്‌നാനാഡിയുടെ ചുരുങ്ങൽ) തുടങ്ങിയവയെല്ലാം നട്ടെല്ലിന്റെ ഡിസ്കിന്റെ അനാരോഗ്യം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. താരതമ്യേന ചെറുതായ നടുവേദനകൾ വിശ്രമം, ഫിസിയോ തെറാപ്പി, മസിലുകളുടെ റിലാക്സേഷനുള്ള മരുന്നുകൾ, ചൂട് പിടിക്കൽ എന്നിവകൊണ്ട് മാറ്റാവുന്നതാണ്. 90 ശതമാനവും ഇങ്ങനെ ഉള്ളതാണ്.
അതേസമയം കഠിനമായ വേദനയുള്ളവർക്ക് നട്ടെല്ലിലേക്കുളള സെലക്റ്റീവ് നേർവ് റൂട്ട് ബ്ലോക്ക് എന്ന ഇൻജക്ഷനും സഹായിക്കും. രോഗലക്ഷണങ്ങൾ രണ്ടുമുതൽ നാലാഴ്ച വരെമാത്രമേ, നീണ്ടുനിൽക്കുകയുള്ളൂ. ഡിസ്ക് സംബന്ധമായ അസുഖമുള്ളവരിൽ അഞ്ച് മുതൽ 10 ശതമാനം പേർക്ക് വരെ താക്കോൽ ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടി വന്നേക്കാം. ഡിസ്കിന്റെ തള്ളിച്ചയുടെ വ്യാപനം അനുസരിച്ച് എൻഡോസ്കോപ്പിക് പി.ഇ.എൽ.ഡി/ ട്യൂബലാർ മൈക്രോസ്കോപിക് അല്ലെങ്കിൽ ഓപ്പൺ ശസ്ത്രക്രിയയും വേണ്ടിവന്നേക്കാം.
3. സുഷുമ്ന നാഡി ചുരുങ്ങുന്നത്
പ്രായമായവരിലാണ് സാധാരണയായി സുഷമ്‌നാ നാഡി ചുരുങ്ങുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ കാണപ്പെടുന്നത്. ലമ്പാർ കനാൽ സ്റ്റേനോസിസ് എന്നാണ് ഇത്തരം സാഹചര്യങ്ങൾ പറയുന്നത്. കൂടുതൽ നേരം നിൽക്കുമ്പോഴും നടക്കുമ്പോഴും കാലിൽ തരിപ്പ്, കടച്ചിൽ, ബലക്കുറവ് എന്നിവയുണ്ടാകും. ഇരിക്കുമ്പോഴും കിടക്കുമ്പോഴുമാണ് ആശ്വാസം ലഭിക്കുക. ചെറിയ പ്രശ്നങ്ങളേ ഉള്ളൂ എങ്കിൽ മരുന്നുകളും വ്യായാമവും കൊണ്ട് ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്. അതേസമയം രോഗലക്ഷണങ്ങൾ കൂടുതലായാൽ സുഷ്മനാ നാഡിയുടെ ചുരുങ്ങിയ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യേണ്ടി വരും.
4. സുസ്ഥിരമായ /കുറെ നാളുകൾ നീണ്ടുനിൽക്കുന്ന നടുവേദന
അമിതവണ്ണം, പുകവലി, തുടർച്ചയായി ഇരുന്നുള്ള ജോലി, ഇരിപ്പിന്റെ തെറ്റായ രീതി, ശാരീരിക ആരോഗ്യ കുറവ്, നട്ടെല്ലിന്റെ തേയ്മാനം, അസ്ഥിയുടെ ബലക്കുറവ്, നടുവിനെ ബലപ്പെടുത്തുന്ന മസിലുകളുടെ ശോഷണം, ഡിസ്ക് സംബന്ധമായ മറ്റ് അസുഖങ്ങൾ മൂലം ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന മുതലായവയെല്ലാം നടുവേദനയ്ക്ക് കാരണമാകും. ലക്ഷണങ്ങൾ ആറ് ആഴ്ച്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ പരിശോധന അനിവാര്യമാണ്. നടുവേദനയുടെ വിവിധ ലക്ഷണങ്ങൾ നിരീക്ഷിച്ച് കൃത്യമായ കാരണം കണ്ടെത്തി വേണം ചികിത്സ നൽകാൻ.
5. മെറ്റബോളിക് ബോൺ പ്രശ്നങ്ങൾ
വിറ്റാമിൻ ഡി3, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ സി ഗുളികളുടെ അമിത ഉപയോഗം, തൈറോയ്ഡ് രോഗങ്ങൾ, കിഡ്നി, ലിവർ എന്നിവിടങ്ങളിൽ ഉൾപ്പെടെ ശരീരത്തിലുണ്ടാകുന്ന ട്യൂമറുകളും രോഗങ്ങളും, ഇവയെല്ലാം നട്ടെലിന്റെ കശേരുവിന്റെ ഉപാപചയ പ്രക്രിയയെ ബാധിക്കുകയും നടുവേദന ഉണ്ടാക്കുകയും ചെയ്യാം. രോഗത്തിനനുസരിച്ച് വേണം ചികിത്സ നൽകാൻ.
6. ഇൻഫ്ളമേറ്ററി ബാക് പെയിൻ
നട്ടെല്ലിനെ ബാധിക്കുന്ന ഇൻഫ്ളമേറ്ററി നടുവേദനകൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ വേദന കുറയ്ക്കാൻ കഴിയും. കൂടുതൽ വിശ്രമിക്കുമ്പോഴും അതിരാവിലെയും ആയിരിക്കും ഇങ്ങനെയുള്ളവരിൽ വേദന കൂടുന്നത്.
7. ക്വാഡാ എക്വിന സിൻഡ്രോം
സുഷ്മനാ നാഡിയുടെ ഗുരുതരമായ കംപ്രഷൻ മൂലമാണ് ഇത് ഉണ്ടാകുന്നത്. മാസീവ് ഡിസ്ക് പ്രോലാപ്സ് /ട്യൂമർ / പൊട്ടൽ (ഫ്രാക്ചർ)/ രക്തം കട്ട പിടിക്കൽ എന്നിവ മൂലമാണ് ഇതുണ്ടാകുന്നത്. മൂല മലമൂത്ര വിസർജനങ്ങൾ തടസ്സപ്പെടുക, കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഞരമ്പിന്റെ പ്രവർത്തനം തകരാറിലാകുന്ന ലക്ഷണമായതിനാൽ എത്രയും പെട്ടന്ന് (48 മണിക്കൂറിനുള്ളിൽ) ശസ്ത്രക്രിയ ചെയ്താൽ മാത്രമേ നഷടപ്പെട്ട ഞരമ്പിന്റെ പ്രവർത്തനം തിരിച്ചു കിട്ടുന്നതിന് സാധ്യതയുള്ളൂ. 48 മണിക്കൂറിന് ശേഷം ഞരമ്പിന്റെ പ്രവർത്തനം തിരികെ കിട്ടാത്ത വിധം തകരാറിലാകുകയും ചെയ്യും.
8. സ്പൊൺഡെലോലിസ്തെസിസ്
നട്ടെല്ലിലെ കശേരുക്കൾ സ്ഥാനം തെറ്റുന്നത് മൂലമുണ്ടാകുന്ന നടുവേദനയാണിത്. നടുവേദന, കാൽ തരിപ്പ്, ബലക്കുറവ്, കാൽ കടച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ.
രോഗികളോട് ബെൽറ്റ് ധരിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. വ്യായാമങ്ങൾ, ശരീരഭാരം കുറക്കൽ തുടങ്ങിയവയിലൂടെ കുറയുന്നില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ സ്ഥാനം തെറ്റിയ എല്ലുകൾ സ്ക്രൂ ഉപയോഗിച്ച് പഴയ രീതിയിൽ ആക്കേണ്ടി വരും.
9. നട്ടെല്ലിന്റെ വളവുകൾ
നട്ടെല്ലിന്റെ വളവുകളും നടുവേദനക്ക് കാരണമാകാറുണ്ട്. അപകടങ്ങൾ മൂലമോ, ഞരമ്പിനെ ബാധിക്കുന്ന മറ്റു പ്രശ്നങ്ങൾ കാരണമോ, ബലക്കുറവ് മൂലമോ വളവുകൾ ഉണ്ടാകാം. പ്രായം, വളവിന്റെ കാഠിന്യം, വേദന, അംഗവൈകല്യ സാധ്യത എന്നിവ കണക്കിലെടുത്തുമാണ് ചികിത്സ തീരുമാനിക്കുന്നത്.
10. നട്ടെല്ലിന്റെ സമീപമുള്ള അവയവങ്ങളിൽനിന്നും വ്യാപിക്കുന്ന വേദന.
നട്ടെല്ലിന് സമീപമുള്ള അവയവങ്ങളായ കിഡ്നി, പാൻക്രിയാസ്, അയോർട്ട, പ്രോസ്റ്റേറ്റ്, യൂട്രസ്, പെരിട്ടോണിയം എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾ നടുവേദനയായി അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ളവർക്ക് അതാത് അവയവത്തിന്റെ ലക്ഷണങ്ങൾ കൂടി നടുവേദനയോടൊപ്പം കണ്ടുവരാറുണ്ട്. ഞരമ്പുകളെ ബാധിക്കുന്ന ഹെർപ്പസ് സോസ്റ്റർ എന്ന അസുഖവും വളരെ കഠിനമായ നടുവേദനയോടെ കൂടി കണ്ടു വരാറുണ്ട്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തൊലിപ്പുറത്ത് കുമിളകൾ പ്രത്യക്ഷപ്പെടും.
ചിലരിൽ രാത്രി കിടക്കുമ്പോൾ ഉണ്ടാകുന്ന വേദന, പനി, വിശപ്പില്ലായ്മ, തൂക്കം കുറയൽ, നടുവേദന കാരണം മലമൂത്ര തടസ്സം, കാലിന് ബലക്കുറവും ഉണ്ടാവുക, വളരെക്കാലം സ്റ്റിറോയിഡുകളോ/ രോഗപ്രതിരോധ മരുന്നുകളോ ഉപയോഗിച്ചിരുന്നവർ, (ഉദാ. കാൻസർ ചികിത്സ എടുത്തിരുന്നവർ), പ്രായം കൂടിയവരിൽ അപകടത്തെ തുടർന്നുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവയും ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇൻഫെക്ഷൻ ട്യൂമർ പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ളവർ ഉടൻതന്നെ ചികിത്സ തേടേണ്ടതുണ്ട്.
നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങൾ മൂലം വളരെയധികം ബുദ്ധിമുട്ടുകളാണ് രോഗി അനുഭവിക്കേണ്ടി വരുന്നത്. ഇതിനെ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന അതിനൂതന ശസ്ത്രക്രിയകളും ഇന്ന് പ്രചാരത്തിലുണ്ട്. തുടക്കത്തിൽ തന്നെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ പൂർണ്ണമായി ഭേദമാക്കാവുന്നതാണ്.
(കോഴിക്കോട് ആസ്റ്റർ മിംസിലെ സ്പൈൻ സർജറി വിഭാഗം ഡയറക്ടറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.