ലണ്ടൻ: ആസ്ട്രസെനേകയുടെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഏഴ് പേർ മരിച്ചതായി യു.കെ ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. 1.8 കോടി പേരാണ് യു.കെയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത്. ഇവരിൽ 30 പേരിലാണ് രക്തം കട്ടപിടിക്കുന്ന അപൂർവ പാർശ്വഫലം ഉണ്ടായത്. അതേസമയം, രക്തം കട്ടപിടിച്ചത് വാക്സിന്‍റെ പാർശ്വഫലം കാരണം തന്നെയാണോയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
22 പേരിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായാണ് റിപ്പോർട്ട് ചെയ്തത്. എട്ട് പേരിൽ മറ്റ് തരത്തിലുള്ള രക്തം കട്ടപിടിക്കലാണുണ്ടായത്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ വ്യതിയാനമാണ് രക്തക്കട്ട രൂപപ്പെടുന്നതിനിടയാക്കുന്നത്.
വാക്സിന്‍റെ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന പാർശ്വഫലങ്ങൾ, ഇതിന്‍റെ ഗുണഫലവുമായി തട്ടിച്ചുനോക്കുമ്പോൾ നിസാരമാണെന്നും അതിനാൽ വാക്സിൻ തുടരുമെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കി.
ആസ്ട്രസെനേക വാക്സിന്‍റെ പാർശ്വഫലങ്ങളെകുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ ഉത്കണ്ഠയിലേക്ക് നീങ്ങുകയാണ്. ആസ്ട്രസെനേക വാക്സിൻ ചെറുപ്പക്കാർക്ക് നൽകേണ്ടെന്ന് ജർമനി തീരുമാനിച്ചിരുന്നു. 60 വയസിന് മുകളിലുള്ളവരിൽ മാത്രം ഉപയോഗിച്ചാൽ മതിയെന്നാണ് തീരുമാനം. നേരത്തെ, കാനഡയും നെതർലൻഡും സമാന തീരുമാനം കൈക്കൊണ്ടിരുന്നു.
മുമ്പ് ഏതാനും യൂറോപ്യൻ രാജ്യങ്ങൾ ആസ്ട്രസെനേക വാക്സിൻ നിർത്തിവെച്ചിരുന്നു. എന്നാൽ, സുരക്ഷിതമാണെന്നാണ് ലോകാരോഗ്യ സംഘടനയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയതോടെ വാക്സിനേഷൻ പുന:രാരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.