കൊച്ചി: കോവിഡ് സമൂഹ വ്യാപന ആശങ്കക്കിടെ അടിയന്തര സാഹചര്യം നേരിടാൻ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ അത്യാധുനിക സംവിധാനത്തോടെ പുതിയ തീവ്രപരിചരണ വിഭാഗം (ഐ.സി.യു) സജ്ജമായി. യന്ത്രസഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കയാണ് സജ്ജീകരിച്ചിരിക്കുന്നത്.
എല്ലാ ബെഡുകൾക്കും വെൻറിലേറ്റർ സഹായമുണ്ട്. തീവ്രാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെൻറിലേറ്ററിൽ ചികിത്സിക്കാം. ഇതോടെ മെഡിക്കൽ കോളജിൽ ആകെ വെൻറിലേറ്ററുകൾ 75 ആയി. ഇമേജ് ട്രാൻസ്ഫർ ചെയ്യുന്നതിന് പാക്സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂനിറ്റ്, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, മൂന്ന് വിഡിയോ ലാറിങ് ഗോസ്കോപ്, അൾട്രാ സൗണ്ട്, ഡിജിറ്റൽ എക്സ്റേ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിെൻറ ഇ-ഹെൽത്ത് സോഫ്റ്റ്വെയറിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം. കോവിഡ് പ്രോട്ടോകോൾ ഉറപ്പാക്കാൻ സി.സി ടി.വി കാമറ ശൃംഖലയും ഒരുക്കി.
പൊതുമരാമത്ത് വകുപ്പ് നവീകരിച്ച് പണിത കെട്ടിടത്തിലാണ് ഐ.സി.യു ബ്ലോക്ക്. അത്യാധുനിക സംവിധാനം ഒരുക്കാൻ ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ട്, ഹൈബി ഈഡൻ എം.പിയുടെ ഫണ്ട്, ബി.പി.സി.എല്ലിെൻറ സാമൂഹിക പ്രതിബദ്ധത ഫണ്ട് എന്നിവയിൽനിന്ന് ഒരു കോടി വീതം ലഭിച്ചു. പ്രത്യേക ഐ.സി.യു, രോഗനിർണയത്തിനുള്ള ആർ.ടി.പി.സി.ആർ ലബോറട്ടറി എന്നിവയോടെ കോവിഡ് ചികിത്സയിൽ സംസ്ഥാനത്തെ മുൻനിര കേന്ദ്രമായിരിക്കുകയാണ് എറണാകുളം മെഡിക്കൽ കോളജ്.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി. സതീശൻ, സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, നഴ്സിങ് സൂപ്രണ്ട് സാൻറി അഗസ്റ്റിൻ, ബയോ മെഡിക്കൽ എൻജിനീയർ നിതിൻ എന്നിവരാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.