കോവിഡ് നിങ്ങളുടെ കാഴ്ചശക്തി കുറയ്ക്കും; വില്ലനാവുക വൈറസല്ല

കോവിഡ് കാലത്തെ ലോക്ഡൗൺ നിങ്ങളുടെ കാഴ്ചശക്തിയെ കാര്യമായി ബാധിക്കുന്നുവെന്ന് പഠനങ്ങൾ. ലോക്ഡൗണിൽ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗ സമയം കൂടിയതും സ്ക്രീനുകളിൽ നോക്കുന്നതിന്‍റെ സമയം (സ്ക്രീൻ ടൈം) വളരെയേറെ വർധിച്ചതുമാണ് കാഴ്ചശേഷിയെ ബാധിക്കുന്നത്. 'ക്വാറന്‍റീൻ മയോപിയ' (ക്വാറന്‍റീൻ ഹ്രസ്വദൃഷ്ടി) എന്ന പുതിയ വിശേഷണം തന്നെ ഇപ്പോൾ ചികിത്സാ രംഗത്ത് ഉണ്ടായിട്ടുണ്ട്.

ഹ്രസ്വദൃഷ്ടി (മയോപിയ) എന്ന കാഴ്ച വൈകല്യമാണ് കൂടുതൽ പേരിൽ അനുഭവപ്പെടുന്നത്. വർക് ഫ്രം ഹോം, ഒാൺലൈൻ പഠനം തുടങ്ങിയവ സർവസാധാരണമായതോടെയാണ് ഈ കാഴ്ച വൈകല്യവും വർധിക്കുന്നത്. ലോക്ഡൗണിൽ വീടിനു പുറത്തിറങ്ങുന്നതിന്‍റെ പോലും സമയം കുറഞ്ഞു. ഇതോടെ നമ്മുടെ ദൃഷ്ടികൾ അകലം കുറഞ്ഞ വസ്തുക്കളിൽ മാത്രം കൂടുതലായി കേന്ദ്രീകരിച്ചു തുടങ്ങി. കണ്ണുകളുടെ ഈ ശീലം ദൂരെയുള്ള വസ്തുക്കളെ കാണാൻ പ്രയാസപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് നയിക്കുകയാണെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.




 

എന്താണ് ഹ്രസ്വദൃഷ്ടി

അടുത്തുള്ള വസ്തുക്കൾ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കൾ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹ്രസ്വദൃഷ്ടി. കാഴ്ചക്കുറവിനൊപ്പം തലവേദന, കണ്ണ് വേദന എന്നിവയും ഇതിന്‍റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. കണ്ണിലെ ലെൻസിന്‍റെയോ കോർണ്ണിയയുടെയോ വക്രത കൂടുന്നതാണ് ഈ അസുഖത്തിന് കാരണം. അകലെയുള്ള വസ്തുക്കളുടെ പ്രതിബിംബം കണ്ണിലെ റെറ്റിനയില്‍ പതിയേണ്ടതിന് പകരം റെറ്റിനയുടെ മുന്നില്‍ പതിയുകയാണ് ഇത്തരക്കാരിൽ ചെയ്യുക. ഇതോടെയാണ് ദൂരക്കാഴ്ച പ്രയാസമാകുന്നത്.

കുട്ടികളെ ലോക്ഡൗണിലെ കാഴ്ചപ്രശ്നങ്ങൾ കൂടുതലായി ബാധിച്ചേക്കാം. കൂടുതൽ സമയം സ്ക്രീനിൽ ചെലവഴിക്കുന്നതിനൊപ്പം പുറത്ത് ഇടപഴകാനുള്ള സാഹചര്യം കുറയുന്നതും ഇതിന് കാരണമാണ്. സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിൽ ഹ്രസ്വദൃഷ്ടി വർധിപ്പിക്കുന്നതായി കോവിഡിന് മുമ്പ് തന്നെ എയിംസിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ 13 ശതമാനം സ്കൂൾ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ ഉപയോഗം മൂലം ഹ്രസ്വദൃഷ്ടിയുണ്ടെന്നാണ് നാല് വർഷം മുമ്പ് എയിംസിന്‍റെ പഠനത്തിൽ കണ്ടെത്തിയത്.

ചൈനയിലെ 1,20,000 കുട്ടികളിൽ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ആറിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഹ്രസ്വദൃഷ്ടിയുടെ ശതമാനം മുൻവർഷത്തേക്കാൾ മൂന്ന് മടങ്ങായാണ് വർധിച്ചത്. 2050ഓടുകൂടി ലോക ജനസംഖ്യയുടെ പകുതിയോളം പേർക്കും ഹ്രസ്വദൃഷ്ടി അനുഭവപ്പെടുമെന്ന് ബ്രയൻ ഹോൾഡൻ വിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. വികസിത രാജ്യങ്ങളിൽ വൻതോതിലാണ് കാഴ്ചപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.




നല്ല കാഴ്ചക്ക് മുൻകരുതലെടുക്കാം

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും സ്ക്രീൻ ടൈമും ഏറെ വർധിച്ച സാഹചര്യത്തിൽ കണ്ണുകളെ കാത്തുസൂക്ഷിക്കാൻ മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്.

കണ്ണുകളുടെ വ്യായാമം വളരെ അത്യാവശ്യമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഏറെ നേരം ഫോണിലോ കമ്പ്യൂട്ടറിലോ നോക്കുമ്പോൾ ഇടവിട്ടുള്ള സമയങ്ങളിൽ അൽപം ദൂരെയുള്ള സ്ഥലങ്ങളിലേക്ക് നോക്കണം. ഒാരോ 20 മിനിറ്റിലും സ്ക്രീനിൽ നിന്ന് കണ്ണെടുത്ത് 20 സെക്കൻഡ് നേരം 20 അടി ദൂരേക്ക് നോക്കണം. 20-20-20 മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇടക്കിടെ കണ്ണ് ചിമ്മുന്നത് കണ്ണിലെ ഈർപ്പം നിലനിർത്തി കണ്ണ് വരളുന്നത് ഒഴിവാക്കും. കൃഷ്ണമണികൾ കറക്കിയും താഴേക്കും മേലേക്കും നോക്കിയുമുള്ള വ്യായാമങ്ങളും ചെയ്യാം. അതേപോലെ കൃഷ്ണമണി കൊണ്ട് സാങ്കൽപ്പികമായി '8' വരയ്ക്കുന്നതും ചെയ്യാം.




 

ഉറക്കം നഷ്ടപ്പെടുത്തുന്ന 'ബ്ലൂ ലൈറ്റ്'

ഡിജിറ്റൽ സ്ര്കീനുകളിൽ നിന്നുള്ള ബ്ലൂലൈറ്റ് കണ്ണിന്‍റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഹ്രസ്വദൃഷ്ടിക്ക് പുറമേ സ്ഥിരമായുള്ള കാഴ്ചക്കുറവിനും അമിതമായി ബ്ലൂലൈറ്റ് ഏൽക്കുന്നത് കാരണമാകും. ഉറക്കപ്രശ്നങ്ങളും ഇതോടൊപ്പമുണ്ടാകാറുണ്ട്. ബ്ലൂലൈറ്റ് തടയുന്ന ഷീൽഡുകളും കണ്ണടകളും ഇപ്പോൾ ലഭ്യമാണ്.

മൂന്ന് വയസുവരെ കുട്ടികൾക്ക് സ്മാർട്ട് ഫോണോ ടാബ്ലെറ്റോ നൽകുന്നത് ഉചിതമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാല് മുതൽ ആറ് വയസുവരെ ദിവസം 30 മിനുട്ടിൽ കൂടുതൽ സ്ക്രീനിൽ നോക്കരുത്. പ്രൈമറി സ്കൂൾ പ്രായത്തിൽ ദിവസം ഒരു മണിക്കൂറാണ് അനുയോജ്യമായ സ്ക്രീൻ ടൈം. പത്ത് വയസിൽ ഇത് ദിവസം രണ്ട് മണിക്കൂറാണ്. പഠനം ഓൺലൈനായ ലോക്ഡൗൺ കാലത്ത് ഈ നിയന്ത്രണം അപ്രായോഗികമാണ്. എന്നാലും, പരമാവധി സ്ക്രീൻ സമയം കുറച്ചും കണ്ണിന് ആവശ്യമായ വിശ്രമവും വ്യായാമവും നൽകിയും വിലയേറിയ കാഴ്ചയെ കാത്തുസംരക്ഷിക്കാം. 

Tags:    
News Summary - covid may affect your eyesight, long screen time became the villain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.