കോവിഡ്-19 വ്യാപനത്തെ തുടർന്ന് നടപ്പാക്കിയ ലോക്ഡൗണുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. അതിലൊന്ന് ആശുപത്രികളിൽ കോവിഡുമായി ബന്ധപ്പെട്ടതല്ലാതെയുള്ള മറ്റു രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും മരുന്നുവിൽപന കുത്തനെ ഇടിഞ്ഞതും എന്തുകൊണ്ട് എന്നത്. സഞ്ചാരസ്വാതന്ത്ര്യത്തിലും ആശുപത്രികളിലേക്കുള്ള പ്രവേശനത്തിലും വരുത്തിയ കർശന നിയന്ത്രണങ്ങൾ മൂലമാണ് ഇതുണ്ടായത് എന്ന് ലളിതമായി പറയാമെങ്കിലും മറ്റുചില വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചർച്ചചെയ്യേണ്ടിയിരിക്കുന്നു.
ലോക്ഡൗണിനു മുമ്പ് ആശുപത്രികളിലും ക്ലിനിക്കുകളിലും കണ്ടിരുന്ന വലിയതോതിലുള്ള തിരക്കും സ്വകാര്യ പ്രാക്ടിസ് നടത്തുന്ന ഡോക്ടർമാരുടെ വീടുകളിലുണ്ടായിരുന്ന ജനക്കൂട്ടവുമൊന്നും ഇപ്പോൾ കാണുന്നില്ല. അപ്പോൾ ആ ആൾക്കൂട്ടത്തിലെ ഒരു വിഭാഗം ഇപ്പോൾ ചികിത്സ ലഭിക്കാതെ അപകടാവസ്ഥയിലായിരിക്കുേമാ? അവരുടെ ജീവന് ഭീഷണിയുണ്ടോ? അത്യപൂർവം കേസുകളിലൊഴിച്ചാൽ ആളുകൾ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടിലാവുന്നു എന്ന വാർത്തകൾ അധികമായി കേൾക്കാത്തത് എന്തുകൊണ്ട്? ചികിത്സിക്കാതെതന്നെ അവരുടെയെല്ലാം അസുഖങ്ങൾ ഭേദമായോ? യഥാർഥത്തിൽ ചികിത്സയും മരുന്നുമില്ലാതെ മാറുന്ന രോഗങ്ങളായിരുന്നുവോ ഇവരിൽ ചിലർക്കെങ്കിലും ഉണ്ടായിരുന്നത്? ഒരു പഠനംകൊണ്ട് മാത്രം കൃത്യമായ ഉത്തരങ്ങൾ ലഭിക്കുന്ന ചോദ്യങ്ങളാണ് ഇവയെങ്കിലും നമ്മുടെ സാമൂഹിക പ്രത്യേകതകളുടെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ പരിശോധിച്ചുനോക്കാം.
അതേസമയം, ഡോക്ടർമാരുടെ അരികിലെത്തുന്നവരിൽ 20 മുതൽ 30 ശതമാനം വരെയുള്ളവർക്ക് പ്രത്യക്ഷത്തിൽ കാര്യമായ ശാരീരിക തകരാറൊന്നും ഉണ്ടാകാറില്ലെന്നത് നേരത്തേത്തന്നെ കണ്ടെത്തിയ ഒരു വസ്തുതയാണ്.
സർക്കാറിെൻറ അനുവാദത്തോടെ നിലവിൽ ചികിത്സയിലിരിക്കുന്ന രോഗികൾ ടെലിഫോണിൽ ഡോക്ടർമാരുമായി ബന്ധപ്പെട്ട് ഗുരുതരമല്ലാത്ത പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നവരുണ്ടെങ്കിലും അതൊരു ചെറിയ ശതമാനം മാത്രമാണ്. മറ്റൊരു വിഭാഗം ഡോക്ടർമാരെ കാണുകയോ മരുന്നുകൾ കഴിക്കുകയോ ചെയ്യാതെതന്നെ അവരുടെ പ്രശ്നങ്ങളെ അതിജീവിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നു. രോഗം സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ സഹിച്ച് ലോക്ഡൗൺ കഴിഞ്ഞശേഷം ചികിത്സ തേടാമെന്ന് കരുതുന്ന ചെറിയൊരു ശതമാനത്തെയും ഇക്കൂട്ടത്തിൽ കണ്ടേക്കാം. ഇൗ കാലയളവിൽ റോഡപകടങ്ങൾ, തൊഴിലിടങ്ങളിലെ അപകടങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ തീരെ കുറഞ്ഞതും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കുറച്ചിട്ടുണ്ട്. എന്നാലും അതിൽ ചിലരെങ്കിലും തേടിയിരുന്ന ചികിത്സ അനാവശ്യമായിരുന്നുവോ എന്നാണ് വീണ്ടും ഉയരുന്ന ചോദ്യം.
നിസ്സാര പ്രശ്നങ്ങൾക്കുപോലും ചികിത്സതേടുന്ന സ്വഭാവം പൊതുവെ മലയാളികൾക്കുണ്ട്. ഉയർന്ന വിദ്യാഭ്യാസ നിലവാരം സൃഷ്ടിച്ച ആരോഗ്യസംബന്ധമായ അറിവും വ്യാപകമായി ലഭിക്കുന്ന മികച്ച ചികിത്സ സംവിധാനങ്ങളുമാണ് ഇതിനൊരു കാരണം. പണമില്ലാത്തവർക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന സംവിധാനങ്ങൾ കേരളത്തിെൻറ മുക്കിലും മൂലയിലുമുള്ളതും ചെറിയകാര്യങ്ങൾക്ക് ചികിത്സ തേടുന്നതിന് ഒരു കാരണമാവാം.
ചെറിയ ശാരീരികപ്രശ്നം വരുേമ്പാൾ, എന്തിനാണ് വെറുതെ റിസ്ക് എടുക്കുന്നത് എന്നു കരുതി ഡോക്ടർമാരെ സമീപിക്കുന്നത് ശീലമായവരാണ് നാം. ചിലരാകെട്ട മരുന്നുകളാണ് ആരോഗ്യം സൃഷ്ടിക്കുന്നത് എന്ന് ധരിച്ചവശമായവരുമാണ്. ചെറിയ വിശ്രമം, അല്ലറചില്ലറ വീട്ടുവൈദ്യം എന്നിവകൊണ്ട് മാറുന്നവയാണ് ഗൗരവമല്ലാത്ത മിക്ക രോഗങ്ങളും. ചെറിയ പനിയോ ജലദോഷമോ ശരീരവേദനയോ വരുേമ്പാൾ നമ്മുെട പൂർവികർ ചെയ്തിരുന്നതും ഇതുതന്നെ. അതിനുപകരം അവനവെൻറ സാമ്പത്തികശേഷിക്കനുസരിച്ച് മൾട്ടിസ്പെഷാലിറ്റി ആശുപത്രികളിൽ ചികിത്സ തേടുന്നവരായി ഭൂരിപക്ഷവും മാറിക്കഴിഞ്ഞു. ഇൗ യാഥാർഥ്യം പുനഃപരിശോധിക്കാനുള്ള ഒരു അവസരംകൂടിയാണ് ഇപ്പോൾ നമുക്ക് ലഭിച്ചിട്ടുള്ളത്.
അതേസമയം, നിരന്തരം ഡോക്ടർമാരെ കണ്ട് ചികിത്സ തേടുന്ന ഒരു സ്വഭാവവും ചെറിയ അളവിലെങ്കിലും സമൂഹത്തിലുണ്ടെന്ന കാര്യം വിസ്മരിച്ചുകൂട. ശാരീരിക രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതും അതേസമയം മാനസികമായതലത്തിലുള്ള ഒരു പ്രശ്നവുമാണിത്. സൊമാറ്റഫോം ഡിസോർഡർ (Somatoform Disorders) എന്നാണ് ഇതിനെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. വേദനാരോഗം (Pain Disorder), ഇല്ലാത്ത രോഗത്തെക്കുറിച്ചുള്ള ഭയം (Hypochondriasis) എന്നിവയെല്ലാം ഇൗ വിഭാഗത്തിൽപെടുന്നവയാണ്.
തനിക്ക് എന്തൊക്കെയോ രോഗമുണ്ടെന്ന ശക്തമായ തോന്നൽ, അതിെൻറ പേരിൽ നിരന്തരം ഡോക്ടർമാരെ സന്ദർശിക്കൽ, രോഗമൊന്നും ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞാലും വിശ്വാസം വരായ്ക, ക്ലിനിക്കൽ-ലാബ് പരിശോധനയിൽ കുഴപ്പങ്ങളില്ലെങ്കിലും രോഗം ഉണ്ടെന്ന വിശ്വാസം തുടരുക തുടങ്ങിയവയൊക്കെ ഇൗ പ്രശ്നം നേരിടുന്നവുടെ മാനസികാവസ്ഥകളാണ്. ഇക്കൂട്ടർ നിരന്തരം ഡോക്ടർമാരെ സന്ദർശിച്ച് തങ്ങളുടെ ആവലാതികളുടെ കെട്ടഴിക്കുകയും രോഗമൊന്നും ഇല്ലെന്നു പറയുന്ന ഡോക്ടറെ അവിശ്വസിച്ച് കൂടുതൽ ബിരുദവും പേരുമുള്ള മറ്റൊരു ഡോക്ടറെ തേടിപ്പോകുകയും ചെയ്യുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ വർധിച്ചുവരുന്നതും ‘ഡോക്ടർ ഷോപ്പിങ്’ എന്ന് ഡോക്ടർമാർതന്നെ കളിയാക്കി വിളിക്കുന്നതുമായ പ്രവണതയാണിത്.
തലവേദന, നെഞ്ചുവേദന, പുറംവേദന തുടങ്ങി വിവിധ അവയവങ്ങളിൽ വേദന, ശരീരഭാഗങ്ങളിൽ തരിപ്പ്, പുകച്ചിൽ, കഠിനമായ ക്ഷീണം, അവയവങ്ങൾക്ക് ബലക്ഷയം, കാഴ്ചക്കുറവ്, കേൾവിക്കുറവ് എന്നീ ലക്ഷണങ്ങളെല്ലാം ഇത്തരം പ്രശ്നമുള്ളവരിൽ കാണാറുണ്ട്. ഇവിടെയൊക്കെ യഥാർഥ വില്ലൻ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കളുടെ സാന്നിധ്യമോ മറ്റു ശാരീരികപ്രശ്നങ്ങളോ അല്ല. മറിച്ച് ഒരു വ്യക്തിയുടെ പ്രത്യേക മാനസിക നിലകളിൽനിന്ന് ഉരുത്തിരിയുന്ന ശാരീരിക അവസ്ഥകളാണ്.
സൊമാറ്റഫോം ഡിസോർഡർ (Somatoform Disorders), ഡിസ്സോസിയേറ്റിവ് ഡിസോർഡർ (Dissociative Disorders), സൈക്കോസൊമാറ്റിക് ഡിസോർഡർ (Psychosomatic Disorders) തുടങ്ങി നിരവധി മാനസികപ്രശ്നങ്ങൾ മൂലം ഒരു വ്യക്തിക്ക് ശാരീരികപ്രശ്നങ്ങൾ അനുഭവപ്പെടാമെന്നാണ് വൈദ്യശാസ്ത്രത്തിെൻറ കണ്ടെത്തൽ. കടുത്ത മാനസിക സമ്മർദം നീണ്ടുനിൽക്കുേമ്പാഴാണ് ചിലരിൽ ഇത്തരം അവസ്ഥ കണ്ടുവരുന്നത്.
ഇത്തരം രോഗികൾക്ക് വേദനകളും അസ്വസ്ഥതകളും യഥാർഥത്തിൽ അനുഭവപ്പെടുമെങ്കിലും ശാരീരികവേദനകൾക്ക് നൽകുന്ന വേദനസംഹാരികളോ മറ്റു മരുന്നുകളോ ഫലപ്രദമാകാറില്ല. മറിച്ച് അവരുടെ പ്രശ്നങ്ങൾ കണ്ടെത്തിയുള്ള മന$ശാസ്ത്രചികിത്സയാണ് നൽകേണ്ടത്. സൈക്കോതെറപ്പിയും ആവശ്യമെങ്കിൽ മാനസികപ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നും ഉപയോഗിച്ചുള്ള ചികിത്സയാണ് ഇക്കൂട്ടർക്ക് ആവശ്യം.
ക്ലിനിക്കൽ-ലാബ് പരിശോധനകളിൽ പ്രശ്നങ്ങൾ കണ്ടെത്താതിരിക്കുകയും അതേസമയം ദീർഘകാലമായി ശാരീരിക അസ്വസ്ഥതകൾ തുടരുകയും ചെയ്യുന്നപക്ഷം വ്യക്തിക്ക് എന്തെങ്കിലും തരത്തിലുള്ള മാനസികപ്രശ്നങ്ങൾ ഉണ്ടോ എന്ന് ആരായേണ്ടിയിരിക്കുന്നു. ഇതിനായി മനോരോഗ വിദഗ്ധെൻറ സഹായം തേടാം. അസുഖത്തിെൻറ മൂലകാരണം കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയാൽ പ്രശ്നം പരിഹരിക്കാവുന്നതാണ്.
വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളോട് മനസ്സ് പ്രത്യേകരീതിയിൽ പ്രതികരിക്കുേമ്പാഴാണ് ഇത്തരം മനോജന്യ ശാരീരിക രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സൊമാറ്റഫോം ഡിസോർഡർ പ്രശ്നമുള്ള രോഗികളുടെ കാര്യത്തിൽ പൊതുവെ മാനസിക അസ്വസ്ഥതകളൊന്നും പ്രത്യക്ഷത്തിൽ പ്രകടമാകുകയോ രോഗിക്ക് അനുഭവപ്പെടുകയോ ചെയ്യില്ല. ശാരീരിക അസ്വസ്ഥതകൾമാത്രമായിരിക്കും ഇക്കൂട്ടരുടെ പ്രശ്നം. ജീവിതത്തിൽ പ്രത്യേകിച്ച് പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാത്തവരെയും ഒരുതരത്തിലുള്ള മാനസിക സംഘർഷങ്ങൾ ബാധിക്കാത്തവരെയും പിടികൂടാമെന്നതും വർഷങ്ങൾ നീണ്ടുനിന്നേക്കാമെന്നതും ഈ രോഗത്തിെൻറ പ്രത്യേകതകളാണ്.
അതേസമയം, ഡിസ്സോസിയേറ്റിവ് (കൺവേർഷൻ) ഡിസോർഡർ രോഗികളിൽ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ ഒരേസമയം പ്രത്യക്ഷപ്പെടുന്നതായി കാണാം. കേൾവിശക്തി ഇല്ലാതാവുക, സംസാരശേഷി നഷ്ടമാവുക, അവയവങ്ങളുടെ ചലനശേഷി, സ്പർശനശേഷി എന്നിവ നഷ്ടമാവുക തുടങ്ങിയ ശാരീരികപ്രശ്നങ്ങൾ ഇക്കൂട്ടരിൽ കാണപ്പെടുമെങ്കിലും ലബോറട്ടറികളിലെ പരിശോധന, എക്സ്റേ, സ്കാനിങ് എന്നിവയിലൂടെ രോഗം കണ്ടെത്താനാവില്ല. പക്ഷേ, സാധാരണയായി ഇത്തരം പ്രശ്നങ്ങൾ അധികകാലം നീണ്ടുനിൽക്കാറില്ല. എന്നാൽ, സൈക്കോസൊമാറ്റിക് ഡിസോർഡർ കേസുകളിൽ ആസ്ത്മ, നിരന്തരമായ തുമ്മൽ, ആമാശയ അൾസർ തുടങ്ങിയ പ്രത്യക്ഷരോഗങ്ങൾതന്നെ കണ്ടെത്താനാവും. ഇതിനെല്ലാം പുറമെ കാണപ്പെടുന്ന മാലിംഗറങ് (Malingering) വിഭാഗത്തിൽപെട്ടവരിൽ ബോധപൂർവമായി എന്തെങ്കിലും പ്രത്യേക ലക്ഷ്യം നേടാനായി പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളാണ്.
സ്കൂളിൽ പോകാൻ സമയത്ത് കുട്ടികളിൽ പ്രകടമാകുന്ന വയറുവേദന, ഛർദി, തലചുറ്റൽ, ബോധക്ഷയം തുടങ്ങിയവ ഇവിടെ സൂചിപ്പിച്ച പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. വലിയവരിൽ ഇത് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ പങ്കെടുക്കേണ്ടിവരുന്ന വിവിധ ഘട്ടങ്ങളിലാണ് പ്രത്യക്ഷപ്പെടുക. തൊഴിലിടങ്ങളിലെ അന്തരീക്ഷം മോശമാകുമ്പോൾ അവിടെയുള്ള ജീവനക്കാരിൽ ജോലിക്ക് പോകുംമുമ്പ് ഇത്തരം ലക്ഷണങ്ങൾ കാണുന്നു. പരീക്ഷക്കാലത്തും, പൊതുവേദികളെ അഭിമുഖീകരിക്കേണ്ടിവരുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉദയംചെയ്യാറുണ്ട്. ഇത്തരം ഘട്ടങ്ങൾ കഴിയുന്നതോടെ രോഗലക്ഷണങ്ങൾ സാധാരണ അപ്രത്യക്ഷമാകുകയും ചെയ്യും.
അതേസമയം, ഒരു വിഭാഗത്തിൽ ലഘുവായ മാനസികരോഗങ്ങളും ശാരീരിക അസ്വസ്ഥതകളായി പ്രത്യക്ഷപ്പെടാറുണ്ട്. ചെറിയതോതിലുള്ള വിഷാദരോഗം, ഉത്കണ്ഠ രോഗം, ഉന്മാദരോഗം എന്നിവയുടെ ലക്ഷണങ്ങളായും ശാരീരികപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. മാനസികപ്രശ്നങ്ങളെ തുടർന്ന് പ്രത്യക്ഷമാവുന്ന ശാരീരിക രോഗലക്ഷണങ്ങൾ ഭൂരിഭാഗവും തിരിച്ചറിയപ്പെടാതെ പോകുന്നു എന്നത് ഒരു യാഥാർഥ്യമാണ്. അതേസമയം, മനസ്സിന് ആവശ്യമായ പരിചരണം നൽകുകവഴി ഇത്തരം രോഗങ്ങളെ ഫലപ്രദമായി ചികിത്സിച്ചുഭേദമാക്കാനാകും. ഏതെങ്കിലും തരത്തിലുള്ള അസുഖം നമ്മെ പിടികൂടുമ്പോൾ കഴിയുന്നതും വിദഗ്ധ ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്. ആ ഡോക്ടർ നിർദേശിച്ചാൽ മാത്രമേ മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടതുള്ളു. ഡോക്ടർമാരെ മാറിമാറി കാണുന്ന പ്രവണത പലപ്പോഴും രോഗത്തെ പ്രതികൂലമായി ബാധിച്ചേക്കാം. എന്നുമാത്രമല്ല, പരിശോധനകളുടെ പേരിലും മറ്റും കടുത്ത സാമ്പത്തികനഷ്ടത്തിനും സമയനഷ്ടത്തിനും ഇടയാക്കുകയും ചെയ്യും.
ലോക്ഡൗൺ കാലത്ത് മറ്റു രോഗികൾ കുറഞ്ഞു എന്നത് സാമൂഹികപരമായി നല്ല ലക്ഷണമാണ്. വിശ്രമം, വീട്ടിൽനിന്നുള്ള ഭക്ഷണം, ശാരീരിക ശുചിത്വം, അന്തരീക്ഷ മാലിന്യങ്ങളുടെ കുറവ്, ചെറിയ ശാരീരിക അസ്വസ്ഥതകളെ സ്വയം കൈകാര്യം ചെയ്യാനുള്ള മാനസികാവസ്ഥ എന്നിവയെല്ലാം ഇതിന് കാരണമായേക്കാം. എന്തുകൊണ്ട് ലോക്ഡൗണിനുശേഷവും നമുക്ക് ഇൗ വഴിതന്നെ തിരഞ്ഞെടുത്തുകൂടാ?
(ലേഖിക േകാഴിക്കോട് മെഡിക്കൽ കോളജ് മനോരോഗ വിഭാഗം മേധാവിയാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.