ലോക്​ഡൗണിൽ ഇളവുകൾ വന്നതോടെ ജീവിതം സാധാരണഗതിയിലേക്ക്​ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, കോവിഡ്​ അദൃശ്യമെങ്കിലും നമ്മോടൊപ്പമുണ്ട്​ എന്ന ബോധവും സൂക്ഷ്​മതയും എപ്പോഴുമുണ്ടാകണം. അതനുസരിച്ചുള്ള ജീവിതശൈലി ചിട്ടപ്പെടുത്തണം. ഭക്ഷണത്തിലൂടെയും ഭക്ഷണപ്പൊതികളിലൂടെയും കൊറോണ വൈറസ്​ പകരുമെന്ന്​ ശാസ്​ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

എന്നാൽ, വൈറസുള്ള ഒരു പ്രതലത്തിലോ വസ്​തുവിലോ സ്​പർശിച്ചശേഷം ആ കൈ വായിലോ മൂക്കിലോ കണ്ണിലോ തൊട്ടാൽ രോഗം പകരാനിടയുണ്ട്​. പക്ഷേ, ഇത്​ വൈറസ്​ പടരുന്ന പ്രധാന മാർഗമായി കരുതുന്നില്ല. എന്നിരുന്നാലും വ്യാപനം തടയുന്നതിന്​ ഭക്ഷ്യവസ്​തുക്കൾ പാചകം ചെയ്യുന്നവരും കൈകാര്യം ചെയ്യുന്നവരും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്​. 

കോവിഡ്​ പ്രതിരോധത്തിന്​ ഭക്ഷണസാധനങ്ങളുമായി ബന്ധപ്പെട്ട്​ വീടുകളിലും ഭക്ഷണശാലകളിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മാത്രമല്ല, എല്ലാ കാലത്തും ഇക്കാര്യങ്ങൾ പ്രസക്തമാണ് എന്നതുകൂടി ഒാർക്കുക.

⊿ഭക്ഷണം കഴിക്കാൻ റസ്​റ്റാറൻറുകളിൽ/ഹോട്ടലുകളിൽ/കൂൾബാറുകളിൽ പോകുന്നത് പരമാവധി ഒഴിവാക്കുക.
⊿പുറത്തുനിന്ന്​ ഭക്ഷണം അത്യാവശ്യമെങ്കിൽ ആഹാരസാധനങ്ങൾ വാഹനത്തിലേക്ക് വരുത്തുക. ഹോം ഡെലിവറിയും സ്വീകരിക്കാം.
⊿ഡെലിവറി ഏജൻറുമായി സമ്പർക്കം ഒഴിവാക്കാനായി ഡെലിവറി കോർണർ/ഡെലിവറി ബോക്സ്‌ നല്ലതാണ്.
⊿ഭക്ഷണം കൈകാര്യം ചെയ്യുന്നതിനു മുമ്പും ശേഷവും ഹാൻഡ് വാഷ്/സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.
⊿കത്തി, പാത്രം, കട്ടിങ്​ ബോർഡുകൾ, മേശ എന്നിവ ചൂടുള്ള സോപ്പുവെള്ളം ഉപയോഗിച്ച് കഴുകണം.
⊿അടുക്കള ടിഷ്യൂ പേപ്പർ/പേപ്പർ ടവൽ ഉപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക.
⊿അടുക്കളയിലെയും ഭക്ഷണമുറിയിലെയും ഊൺമേശയും മറ്റും വൃത്തിയാക്കുന്നത് തുണികൊണ്ടാണെങ്കിൽ അത് തിളക്കുന്ന വെള്ളത്തിൽ സോപ്പുപൊടിയിട്ട് കഴുകണം.
⊿പഴങ്ങളും പച്ചക്കറികളും ടാപ്പിനു താഴെ വെച്ച് നന്നായി കഴുകണം.
⊿കിഴങ്ങുവർഗങ്ങൾ ബ്രഷും വെള്ളവും ഉപയോഗിച്ച് കഴുകുക.
⊿തുറക്കും മുമ്പേ ടിൻ ഫുഡുകളുടെ അടപ്പ് നന്നായി വൃത്തിയാക്കുക.
⊿ഭക്ഷണം വിതരണം ചെയ്യുന്നവർ ഡിസ്പോസബ്ൾ ഗ്ലൗസ് ഉപയോഗിക്കുക.
⊿ഭക്ഷണം വിളമ്പുന്നവർ ഇടക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം.
⊿ഹോട്ടലുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവരും വിതരണം ചെയ്യുന്നവരും രോഗികളെ സന്ദർശിക്കാൻ പോകരുത്.
⊿ഭക്ഷണശാലകളിലെ തറ, കസേര, മേശ, വാതിലുകൾ, വാതിൽപിടികൾ, ടോയ്​ലറ്റുകൾ എന്നിവ ദിവസം മൂന്നു തവണയെങ്കിലും അണുമുക്തമാക്കണം.
⊿ഭക്ഷണമേശകൾ തമ്മിലുള്ള അകലം കൂട്ടി നിർദിഷ്​ട ശാരീരിക അകലം ഉറപ്പാക്കുക. 
⊿ഒരു മേശക്കുചുറ്റും ഇരിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണം.
⊿ചുമ, ശ്വാസതടസ്സം എന്നിവയുള്ളവർ ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ഹോട്ടൽ സന്ദർശിക്കുകയോ ചെയ്യരുത്.
⊿ഭക്ഷണം പാചകം ചെയ്യുന്നവരും വിളമ്പുന്നവരും മാസ്​ക്കും ഹെയർ നെറ്റും ഗ്ലൗസും ധരിക്കണം.
⊿കൈ കഴുകുന്ന സ്ഥലത്ത് സോപ്പ്/വെള്ളം ചേർക്കാത്ത ഹാൻഡ് വാഷ് നിർബന്ധമായും ഉണ്ടായിരിക്കണം.
⊿സോപ്പ്, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ നിശ്ചിത ഗുണനിലവാരം ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. അവ നേർപ്പിച്ചതാകരുത്.
⊿പല ആളുകൾ സ്​പർശിക്കുന്ന ടാപ്പുകൾ സുരക്ഷിതല്ല. അവ ഇടക്കിടെ അണുമുക്തമാക്കണം.
⊿സെൻസർ ഉള്ള ടാപ്പുകൾ നല്ലതാണ്.
⊿ഭക്ഷണപദാർഥങ്ങൾ അണുമുക്തമായ സ്ഥലങ്ങളിൽ സൂക്ഷിക്കണം.
⊿കാഷ് കൗണ്ടറിൽ ഉള്ളവരും ക്ലീനിങ്​ തൊഴിലാളികളും ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യരുത്.
⊿ഇറച്ചി, മുട്ട, പാൽ തുടങ്ങിയവ ആവശ്യമുള്ളത്ര ചൂടിൽ നന്നായി വേവിക്കണം.
⊿ടോയ്​ലറ്റ് ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും ഹാൻഡ് വാഷ്/സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.

(കോഴിക്കോട്​​ ഇഖ്​റ ഹോസ്​പിറ്റൽ ചീഫ്​ ഫിസിഷ്യൻ & ഡയ​ബറ്റോളജിസ്​റ്റ്​ ആണ് ലേഖകൻ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.