കോവിഡ് കാലത്തെ അന്നവിചാരം
text_fieldsലോക്ഡൗണിൽ ഇളവുകൾ വന്നതോടെ ജീവിതം സാധാരണഗതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, കോവിഡ് അദൃശ്യമെങ്കിലും നമ്മോടൊപ്പമുണ്ട് എന്ന ബോധവും സൂക്ഷ്മതയും എപ്പോഴുമുണ്ടാകണം. അതനുസരിച്ചുള്ള ജീവിതശൈലി ചിട്ടപ്പെടുത്തണം. ഭക്ഷണത്തിലൂടെയും ഭക്ഷണപ്പൊതികളിലൂടെയും കൊറോണ വൈറസ് പകരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
എന്നാൽ, വൈറസുള്ള ഒരു പ്രതലത്തിലോ വസ്തുവിലോ സ്പർശിച്ചശേഷം ആ കൈ വായിലോ മൂക്കിലോ കണ്ണിലോ തൊട്ടാൽ രോഗം പകരാനിടയുണ്ട്. പക്ഷേ, ഇത് വൈറസ് പടരുന്ന പ്രധാന മാർഗമായി കരുതുന്നില്ല. എന്നിരുന്നാലും വ്യാപനം തടയുന്നതിന് ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുന്നവരും കൈകാര്യം ചെയ്യുന്നവരും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
കോവിഡ് പ്രതിരോധത്തിന് ഭക്ഷണസാധനങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും ഭക്ഷണശാലകളിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മാത്രമല്ല, എല്ലാ കാലത്തും ഇക്കാര്യങ്ങൾ പ്രസക്തമാണ് എന്നതുകൂടി ഒാർക്കുക.
⊿ഭക്ഷണം കഴിക്കാൻ റസ്റ്റാറൻറുകളിൽ/ഹോട്ടലുകളിൽ/കൂൾബാറുകളിൽ പോകുന്നത് പരമാവധി ഒഴിവാക്കുക.
⊿പുറത്തുനിന്ന് ഭക്ഷണം അത്യാവശ്യമെങ്കിൽ ആഹാരസാധനങ്ങൾ വാഹനത്തിലേക്ക് വരുത്തുക. ഹോം ഡെലിവറിയും സ്വീകരിക്കാം.
⊿ഡെലിവറി ഏജൻറുമായി സമ്പർക്കം ഒഴിവാക്കാനായി ഡെലിവറി കോർണർ/ഡെലിവറി ബോക്സ് നല്ലതാണ്.
⊿ഭക്ഷണം കൈകാര്യം ചെയ്യുന്നതിനു മുമ്പും ശേഷവും ഹാൻഡ് വാഷ്/സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.
⊿കത്തി, പാത്രം, കട്ടിങ് ബോർഡുകൾ, മേശ എന്നിവ ചൂടുള്ള സോപ്പുവെള്ളം ഉപയോഗിച്ച് കഴുകണം.
⊿അടുക്കള ടിഷ്യൂ പേപ്പർ/പേപ്പർ ടവൽ ഉപയോഗിച്ച് ഇടക്കിടെ വൃത്തിയാക്കുക.
⊿അടുക്കളയിലെയും ഭക്ഷണമുറിയിലെയും ഊൺമേശയും മറ്റും വൃത്തിയാക്കുന്നത് തുണികൊണ്ടാണെങ്കിൽ അത് തിളക്കുന്ന വെള്ളത്തിൽ സോപ്പുപൊടിയിട്ട് കഴുകണം.
⊿പഴങ്ങളും പച്ചക്കറികളും ടാപ്പിനു താഴെ വെച്ച് നന്നായി കഴുകണം.
⊿കിഴങ്ങുവർഗങ്ങൾ ബ്രഷും വെള്ളവും ഉപയോഗിച്ച് കഴുകുക.
⊿തുറക്കും മുമ്പേ ടിൻ ഫുഡുകളുടെ അടപ്പ് നന്നായി വൃത്തിയാക്കുക.
⊿ഭക്ഷണം വിതരണം ചെയ്യുന്നവർ ഡിസ്പോസബ്ൾ ഗ്ലൗസ് ഉപയോഗിക്കുക.
⊿ഭക്ഷണം വിളമ്പുന്നവർ ഇടക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം.
⊿ഹോട്ടലുകളിൽ ഭക്ഷണം ഉണ്ടാക്കുന്നവരും വിതരണം ചെയ്യുന്നവരും രോഗികളെ സന്ദർശിക്കാൻ പോകരുത്.
⊿ഭക്ഷണശാലകളിലെ തറ, കസേര, മേശ, വാതിലുകൾ, വാതിൽപിടികൾ, ടോയ്ലറ്റുകൾ എന്നിവ ദിവസം മൂന്നു തവണയെങ്കിലും അണുമുക്തമാക്കണം.
⊿ഭക്ഷണമേശകൾ തമ്മിലുള്ള അകലം കൂട്ടി നിർദിഷ്ട ശാരീരിക അകലം ഉറപ്പാക്കുക.
⊿ഒരു മേശക്കുചുറ്റും ഇരിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണം.
⊿ചുമ, ശ്വാസതടസ്സം എന്നിവയുള്ളവർ ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ഹോട്ടൽ സന്ദർശിക്കുകയോ ചെയ്യരുത്.
⊿ഭക്ഷണം പാചകം ചെയ്യുന്നവരും വിളമ്പുന്നവരും മാസ്ക്കും ഹെയർ നെറ്റും ഗ്ലൗസും ധരിക്കണം.
⊿കൈ കഴുകുന്ന സ്ഥലത്ത് സോപ്പ്/വെള്ളം ചേർക്കാത്ത ഹാൻഡ് വാഷ് നിർബന്ധമായും ഉണ്ടായിരിക്കണം.
⊿സോപ്പ്, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ നിശ്ചിത ഗുണനിലവാരം ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. അവ നേർപ്പിച്ചതാകരുത്.
⊿പല ആളുകൾ സ്പർശിക്കുന്ന ടാപ്പുകൾ സുരക്ഷിതല്ല. അവ ഇടക്കിടെ അണുമുക്തമാക്കണം.
⊿സെൻസർ ഉള്ള ടാപ്പുകൾ നല്ലതാണ്.
⊿ഭക്ഷണപദാർഥങ്ങൾ അണുമുക്തമായ സ്ഥലങ്ങളിൽ സൂക്ഷിക്കണം.
⊿കാഷ് കൗണ്ടറിൽ ഉള്ളവരും ക്ലീനിങ് തൊഴിലാളികളും ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യരുത്.
⊿ഇറച്ചി, മുട്ട, പാൽ തുടങ്ങിയവ ആവശ്യമുള്ളത്ര ചൂടിൽ നന്നായി വേവിക്കണം.
⊿ടോയ്ലറ്റ് ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും ഹാൻഡ് വാഷ്/സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.
(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ് ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.