എന്താണ് എച്ച്3എൻ2? അറിയേണ്ടതെല്ലാം

എച്ച്3എൻ2 വൈറസ് ബാധ മൂലം രാജ്യത്ത് രണ്ട് മരണം സ്ഥിരീകരിച്ചിരിക്കുകയാണ് ഒന്ന് കർണാടകയിലും മറ്റൊന്ന് ഹരിയാനയിലും. രാജ്യത്താകെ 90 ​പേർക്ക് എച്ച്3 എൻ2 മൂലം പനി ബാധിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.

തണുപ്പിൽ നിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റവും പനി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്താണ് എച്ച്3എൻ2 എന്നും ലക്ഷണങ്ങളും പരിശോധിക്കാം.

എന്താണ് എച്ച്3എൻ2 വൈറസ്?

ഇൻഫ്ലുവൻസ എ വൈറസിന്റെ സബ് ടൈപ്പാണ് എച്ച്3എൻ2. ഇത് ശ്വാസകോശ അണുബാധയുണ്ടാക്കുന്നു. ഈ വൈറസ് പക്ഷികളിലും സസ്തനികളിലും രോഗബാധയുണ്ടാക്കും. പക്ഷികളിലും മറ്റ് മൃഗങ്ങളിലും വൈറസിന് പലതവണ വ്യതിയാനം സംഭവിച്ചിട്ടുണ്ട്.

എച്ച്3എൻ2 ആണ് മനുഷ്യരിൽ ഇൻഫ്ലുവൻസക്കിടവരുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ലക്ഷണങ്ങൾ എന്തെല്ലാം?

ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, പക്ഷിപ്പനി, പന്നിപ്പനി, തുടങ്ങിയ ഇൻഫ്ലുവൻസ അണുബാധ മനുഷ്യരിൽ ഗുരുതരമല്ലാത്ത ശ്വസന അണുബാധ (പനിയും ചുമയും) ഉണ്ടാക്കുന്നു. അത് ഗുരുതരമായി ന്യുമോണിയ ആവുകയും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോമിലേക്കും (ശ്വാസകോശത്തിലെ വായു അറകളിൽ ദ്രാവകം നിറഞ്ഞ് ഓക്സിജൻ ലഭിക്കാത്ത അവസ്ഥ) മരണത്തിലേക്കും നയിക്കാം.

എച്ച്3എൻ2 വിന്റെ സാധാരണ ലക്ഷണങ്ങൾ:

  • കുളിര്
  • ചുമ
  • പനി
  • ഓക്കാനം
  • ഛർദി
  • തൊണ്ട വേദന
  • ശരീര/സന്ധി വേദന
  • ചില കേസുകളിൽ വയറിളക്കം
  • തുമ്മലും മൂക്കൊലിപ്പും

ആർക്കെങ്കിലും ശ്വസനത്തിന് തടസം നേരിടുകയോ​ നെഞ്ചുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക, നിരന്തരം പനി, ഭക്ഷണമിറക്കുമ്പോൾ തൊണ്ടവേദന എന്നിവ അനുഭവപ്പെടു​ന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം.

എങ്ങനെയാണ് വൈറസ് പടരുന്നത്?

ചുമക്കുമ്പോഴും തുമ്മുമ്പോഴും അടുത്തിടപഴകുമ്പോഴുമാണ് എച്ച്3എൻ2 പകരുന്നത്. വൈറസുള്ള പ്രതലം സ്പർശിച്ച കൈകൾ വൃത്തിയാക്കാതെ മൂക്കും വായയും തൊട്ടാലും രോഗം ബാധിക്കാം. ഗർഭിണികൾ, കുഞ്ഞുങ്ങൾ, വൃദ്ധർ, രോഗ പ്രതിരോധശേഷി കുറവുള്ള മറ്റുള്ളവർ എന്നിവർക്ക് ​രോഗം സങ്കീർണമാകാം.

എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം?

  • പൾസ് ഓക്സി മീറ്ററിന്റെ സഹായത്തോടെ ഓക്സിജൻ ലെവൽ പരിശോധിച്ചുകൊണ്ടിരിക്കണം
  • ഓക്സിജൻ സാച്ചുറേഷൻ ലെവൽ 95 ന് തഴെയാണെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണുക
  • 90 ൽ കുറവാണെങ്കിൽ ഐ.സി.യു ചികിത്സ ആവശ്യമാണ്.
  • സ്വയം ചികിത്സ അരുത്
  • ആവശ്യത്തിന് വിശ്രമിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • പനി കുറയാൻ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാം

പാലിക്കേണ്ടവയും അരുതാത്തവയും

  • സ്ഥിരമായി ​സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക
  • മാസ്ക് ധരിക്കുക, ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കുക
  • മൂക്കും വായയും തൊടുന്നത് ഒഴിവാക്കുക
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും പൊത്തിപ്പിടിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • പനിയും ശരീരവേദനയുമുണ്ടെങ്കിൽ പാരസെറ്റമോൾ കഴിക്കാം
  • പൊതു സ്ഥലങ്ങളിൽ തുപ്പരുത്
  • കൈ കൊടുക്കുന്നതുപോലെ സ്പർശനത്തോടെയുള്ള അഭിവാദ്യങ്ങൾ ഒഴിവാക്കുക
  • സ്വയം ചികിത്സ, ആന്റിബയോട്ടിക് ഉപയോഗം എന്നിവ ഒഴിവാക്കുക
  • ആൾക്കൂട്ടത്തിനിടയിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്
Tags:    
News Summary - H3N2 Influenza A Virus: All You Need To Know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.