ശബ്ദത്തിലൂടെ കോവിഡ് നിർണയിക്കാം; സാങ്കേതികവിദ്യ വികസിപ്പിക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും

ന്യൂഡൽഹി: രോഗകാരിയായ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്ന പുതിയ നാല് സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. ഇതിനായി ഇസ്രായേലിൽ നിന്നുള്ള വിദഗ്ധരുമായി പ്രത്യേക വിമാനം ഈ ആഴ്ച ഇന്ത്യയിലെത്തും. ഉമിനീർ സാമ്പിളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഫലങ്ങൾ നൽകാൻ കഴിയുന്ന രണ്ട് കോവിഡ് -19 ടെസ്റ്റുകൾ ഇന്ത്യ-ഇസ്രായേൽ സംഘം വികസിപ്പിക്കും. ഒരു വ്യക്തിയുടെ ശബ്ദം കേട്ട് കോവിഡ് ഉണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് മൂന്നാമത്തേത്. ശ്വസന വായുവിൽ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് വൈറസിനെ കണ്ടെത്തുന്ന രീതിയാണ് നാലാമതായി വികസിപ്പിക്കുക. 

ഡൽഹി എയിംസിലാണ് ഇസ്രായേൽ സംഘം എത്തുക. നവീന സാങ്കേതിക വിദ്യകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രായേലിൽ നടത്തിക്കഴിഞ്ഞതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റോൺ മാൽകിൻ പറഞ്ഞു. അവസാന ഘട്ടമാണ് ഇന്ത്യയിൽ പൂർത്തിയാക്കുന്നത്. 

ഉമിനീരിലെ പോളി അമിനോ ആസിഡുകളെ അധികരിച്ചുള്ള പുതിയ കോവിഡ് ടെസ്റ്റിൽ 30 മിനിറ്റിനകം ഫലം നിർണയിക്കാനാകുമെന്ന് ഇസ്രയേൽ ഡയറക്ടറേറ്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് മേധാവി ഡാനി ഗോൾഡ് പറയുന്നു. ഇതുവഴി നിങ്ങൾ ഒരു വിമാനത്താവളത്തിലോ ഷോപ്പിങ് മാളിലോ പരിശോധനക്ക് വിധേയമായാൽ ഉടൻ ഫലം വ്യക്തമാക്കാൻ സാധിക്കും. തത്സമയ പരിശോധന സമ്പദ് വ്യവസ്ഥക്കും ഊർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. 

ഉമിനീർ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ വീടുകളിൽ തന്നെ നടത്താവുന്ന ബയോകെമിക്കൽ പരിശോധനയാണ് രണ്ടാമത്തേത്. 30 മിനിറ്റിനുള്ളിൽ ഇതിന്‍റെയും ഫലം അറിയാനാകും. 

മൂന്നാമതായി നിർമിത ബുദ്ധി ഉപയോഗിച്ച് ഒരാളുടെ ശബ്ദം ശ്രവിച്ച് വൈറസ് സാന്നിധ്യം കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിക്കുക. കോവിഡിന്‍റെ ആദ്യഘട്ടമാണ് ഇത്തരത്തിൽ കണ്ടെത്താനാവുക. വൈറസ് ശ്വസനവ്യവസ്ഥയെ ആക്രമിക്കുന്ന ആദ്യഘട്ടത്തിലെ ശബ്ദമാണ് വിശകലനം ചെയ്യുന്നത്. മൊബൈൽ ഫോണിലൂടെ പോലും ഈ പരിശോധന നടത്താനാകും. 

നാലാമത്തെ പരിശോധന രീതിയിൽ ശ്വസന പരിശോധനയാണ് നടത്തുന്നത്. ഒരു ട്യൂബിനകത്തേക്ക് നിശ്വാസവായു ശേഖരിച്ച ശേഷം പ്രത്യേക യന്ത്രത്തിൽ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് വൈറസ് സാന്നിധ്യം കണ്ടെത്തുകയാണ് ചെയ്യുക. 

പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനാണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുക. ഓരോ സാങ്കേതിക വിദ്യയും ഉപയോഗിച്ച് 4000 മുതൽ 5000 വരെ ടെസ്റ്റുകൾ നടത്തിയാണ് ഇവയുടെ ഫലപ്രാപ്തി നിർണയിക്കുക. 

ശക്തമായ ഉഭയകക്ഷി ബന്ധത്തിന്‍റെ ഭാഗമായാണ് പുതിയ സഹകരണമെന്ന് ഇസ്രായേൽ അംബാസിഡർ പറഞ്ഞു. ആയിരക്കണക്കിന് ഇസ്രായേൽ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിലും ആരോഗ്യ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിലും ഇന്ത്യ സഹായിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നരേന്ദ്ര മോദിയും മൂന്ന് പ്രാവശ്യം ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Israeli scientists coming to India with 4 potential Covid breakthrough tech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.