അടുത്തിടെ എന്നെ ഒരാൾ ഫോണിൽ വിളിച്ചു. പരിചയമുള്ള ആളല്ല. ഞാൻ ലഡാക്കിലും ചൈനയിലെ എവറെസ്റ്റിന്റെ ബേസ് ക്യാമ്പിലുമൊക്കെ പോയിട്ടുണ്ട് എന്നറിഞ്ഞതുകൊണ്ട് ഒരു സംശയ നിവൃത്തിക്ക് വിളിച്ചതാണ്. അദ്ദേഹം സംഭാഷണം തുടങ്ങിയത് തന്നെ ഇപ്രകാരമായിരുന്നു, ‘ഞാൻ എൻറെ ഓഫീസിലെ 14 സ്റ്റാഫുമായി അടിച്ചു പൊളിക്കാൻ ഒരു ടൂർ പോകുന്നു. അഞ്ച് ദിവസം കള്ളു കുടിച്ചു മറിയാനാണ് പരിപാടി. ‘ലേ’ യിലേക്ക് ടിക്കറ്റ് എടുത്തു കഴിഞ്ഞു. അവിടെ താമസമൊക്കെ ചെലവുള്ളതാണോ? എന്തൊക്കെയാണ് കാണാനുള്ളത്? മദ്യം വാങ്ങിക്കൊണ്ടു പോകണോ അതോ അവിടെ കിട്ടുമോ? തുടങ്ങിയ കാര്യങ്ങളാണ് എനിക്ക് അറിയേണ്ടത്.’
‘നിങ്ങളുടെ കൂടെയുള്ള ആരെങ്കിലും ഇതിനു മുമ്പ് ലേ യിൽ പോയിട്ടുണ്ടോ?'-ഞാൻ മറു ചോദ്യം ചോദിച്ചു .
‘ഇല്ല..എന്താ?’
‘പോയിട്ടുണ്ടെങ്കിൽ ഇങ്ങനെയൊരു ബാലിശമായ ചോദ്യം ചോദിക്കില്ലായിരുന്നു’ -ഞാൻ സിനിമ സ്റ്റൈലിൽ മറുപടി പറഞ്ഞു.
പിന്നെ ഞാൻ കുറെ നേരം അദ്ദേഹത്തിന് ക്ലാസ് എടുത്തു. എന്തിനേറെപ്പറയുന്നു, പിറ്റേന്ന് രാവിലെ തന്നെ ലേ ടിക്കറ്റ് ക്യാൻസൽ ചെയ്യാനും യാത്ര ഷിംലയിലേക്ക് മാറ്റാനും തീരുമാനമെടുത്താണ് കക്ഷി ഫോൺ വെച്ചത് !
ഞാൻ ഒരു യാത്ര മുടക്കിയാണെന്നു കരുതരുത്. ഹൈ അൾട്ടിറ്റ്യൂഡ് ഉള്ള പർവത നിരകൾ കള്ളു കുടിച്ചു കളിക്കാനുള്ള സ്ഥലങ്ങളല്ല എന്ന് അറിയാവുന്നതു കൊണ്ടാണ് ഞാൻ അദ്ദേഹത്തെ അങ്ങനെ ഉപദേശിച്ചത്. നമ്മുടെ നാട്ടിൽ നിന്ന് ദിവസവും നിരവധി പേർ ലഡാക്ക് പോലെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് യാത്ര പുറപ്പെടുന്ന കാലമാണിത്. അവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതിനെപ്പറ്റിയാണ് ഈ കുറിപ്പ്.
സത്യം പറഞ്ഞാൽ ഇതൊന്നുമറിയാതെയാണ് ഞാൻ ആദ്യമായി ലഡാക്ക് യാത്ര നടത്തിയത്. 11 വർഷം മുമ്പായിരുന്നു അത്. രോഹ്തങ് പാസ്സ് പിന്നിട്ട് ലേയിലേക്ക് കാർ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് അസഹ്യമായ തലവേദന അനുഭവപ്പെട്ടു തുടങ്ങി. പിന്നെയത് കഴുത്തിലേക്കും വ്യാപിച്ചു. സ്പോണ്ടിലോസിസ് എന്ന അസുഖം എനിക്ക് പിടിപെടുന്നതിന്റെ തുടക്കമായിരിക്കും എന്നാണു കരുതിയത്. മൂന്നു ദിവസം, ലേ എത്തുന്നതുവരെ, കഴുത്തിൽ ബെഡ് ഷീറ്റ് കൊണ്ട് മുറുക്കിക്കെട്ടി, തല അനക്കാതെ വെച്ചാണ് ഞാൻ കാർ ഓടിച്ചു തീർത്തത്. ഇടയ്ക്ക് നല്ല പനിയും വന്നു. ലേയിലെത്തി, എന്റെ കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കലിന്റെ സഹോദരനായ ഡോക്ടർ ഹെജാസിനെ ഫോൺ ചെയ്തു വിവരം പറഞ്ഞപ്പോൾ ഹെജാസ് പറഞ്ഞു: ‘ഇത് ഹൈ അൾട്ടിറ്റ്യൂഡ് സിക്ക്നെസ്സ് ആണ്..dimox ടാബ് വാങ്ങി കഴിക്കുക.ധാരാളം വെള്ളം കുടിക്കുക.എന്തായാലും, ഇതും വെച്ച് മൂന്നു ദിവസം ലഡാക്കിലൂടെ യാത്ര ചെയ്തിട്ടും മരിക്കാത്ത ബൈജു ചേട്ടൻ എന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതമായിരിക്കും’
അങ്ങനെയാണ് ആദ്യമായി ഹൈ അൾട്ടിറ്റ്യൂഡ് സിക്ക്നെസ്സ് എന്ന വാക്ക് എന്റെ ജീവിതത്തിലേക്ക് എന്നെ ഞെട്ടിച്ചുകൊണ്ട് കടന്നു വരുന്നത്!
പിന്നെ, കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള റോഡ് യാത്രയ്ക്കിടയിൽ എവറസ്റ്റിെൻറ ബേസ് ക്യാമ്പ് സ്ഥിതി ചെയ്യുന്ന ടിബറ്റിലെ ടിംഗ്രി എന്ന സ്ഥലത്തു വെച്ച് വീണ്ടും ഇതേ പ്രശ്നങ്ങൾ എന്നെ പിടികൂടി. അന്നും dimox കഴിച്ചും വെള്ളം കുടിച്ചും ഞാൻ പ്രശ്നപരിഹാരം കണ്ടെത്തി. (ടിബറ്റിലെ പല പ്രദേശങ്ങളിലും ഞങ്ങൾ താമസിച്ച ഹോട്ടൽ മുറികളിൽ ആശുപത്രികളെ തോൽപ്പിക്കുന്ന രീതിയിൽ ഓക്സിജൻ കുഴലുകളും ഇൻഹേലിംഗ് മെഷിനുകളുമുണ്ടായിരുന്നു!)
പക്ഷേ, എല്ലാവരും എന്നെപ്പോലെ ഭാഗ്യവാന്മാരായിക്കൊള്ളണം എന്നില്ല. അടുത്തിടെ ലേയിൽ ഷൂട്ട് ചെയ്തു കൊണ്ടിരുന്ന മലയാള സിനിമയുടെ സംവിധായകൻ ഇതേ ഹൈ അൾട്ടിറ്റ്യൂഡ് സിക്ക്നെസ്സ് പിടികൂടി മരിച്ചിരുന്നു. അങ്ങനെ ദിനവും നിരവധി മരണങ്ങൾ ലേയിലും മറ്റും നടക്കുന്നുണ്ട്.
എന്താണ് ഹൈ അൾട്ടിറ്റ്യൂഡ് സിക്ക്നെസ്സ് എന്ന് ചോദിച്ചാൽ, 1500 മീറ്ററിന് മേലെ ഉയരമുള്ള സ്ഥലങ്ങളിലെത്തുന്നവർക്ക് സംഭവിക്കാവുന്ന രോഗമെന്ന് ലളിതമായി ഉത്തരം പറയാം. ഉയരമുള്ള പ്രദേശങ്ങളിൽ ഓക്സിജൻ കുറയുകയും ശ്വാസകോശത്തിലെ ജലം കൂടുതലായി ബാഷ്പീകരിച്ചു പോവുകയും ചെയ്യുന്നതിൻറെ ഫലമായാണ് ഈ രോഗം പിടികൂടപ്പെടുന്നത്. തലവേദന, പനി, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, തളർച്ച, കൈ-കാലുകളിൽ നീര്, മൂക്കിൽ നിന്ന് രക്തം വരിക എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ, ഇതൊന്നും മൈൻഡ് ചെയ്യാതെ കൊണ്ടു നടന്നാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങും. ബ്രോങ്കൈറ്റിസിന്റെ ലക്ഷണങ്ങൾ, കടുത്ത പനി, കഫം, ശ്വാസ തടസ്സം എന്നിവയാണ് അടുത്ത പടി. Retinal hemorrhage, ബോധക്ഷയം, കടുത്ത തലവേദന എന്നിവയാണ് അവസാന സ്റ്റേജ്. അതോടെ ഹൈ അൾട്ടിറ്റ്യൂഡ് സിക്ക്നെസ്സ് പിടിപെട്ടവൻ മരണത്തിനു കീഴടങ്ങുകയും ചെയ്യും.
നിർജലീകരണം അഥവാ ഡി ഹൈഡ്രേഷൻ ആണ് ഹൈ അൾട്ടിറ്റ്യൂഡ് സിക്ക്നെസ്സ്നു പ്രധാന കാരണം. ഇതു വരാതെ നോക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
പർവതങ്ങളെയും പ്രകൃതി ശക്തികളെയും ഒരിക്കലും വെല്ലുവിളിക്കരുത്. അവയ്ക്ക് കീഴടങ്ങുക മാത്രമാണ് മനുഷ്യന് അഭികാമ്യം. ടൂർ പോകാൻ തീരുമാനിച്ചാലുടൻ ബിവറേജസിലേക്ക് ഓടി കുപ്പികൾ വാങ്ങി പായ്ക്ക് ചെയ്യുന്നവർക്ക് പറ്റുന്ന സ്ഥലങ്ങളല്ല ലഡാക്കും ടിബറ്റുമൊന്നും. അടിച്ചു പൊളിക്കാൻ പറ്റിയ പ്രദേശങ്ങളുമല്ല അവ. പ്രകൃതിയുടെ അപാര സൗന്ദര്യം നുകരുക, നല്ല ഓർമകളുമായി മടങ്ങുക. -അതാവട്ടെ നമ്മുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.