ഇനി ജീവിതം കോവിഡിനൊപ്പം

കോവിഡ്​ തുടങ്ങി അഞ്ചുമാസം പിന്നിടു​േമ്പാഴും രോഗത്തെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. ലോക ജനസംഖ്യയിൽ പകുതിയോളം പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ തളച്ചിട്ട അവസ്​ഥയിലാണ്​. പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും രോഗവ്യാപനം മിക്ക രാജ്യങ്ങളിലും അനിയന്ത്രിതമാണ്​. വ്യാപനം കുറഞ്ഞാൽപോലും രോഗസാധ്യത വി​െട്ടാഴിയുകയില്ല. ഇൗ സാഹചര്യത്തിൽ ‘കോവിഡിനൊപ്പം എങ്ങനെ ജീവിക്കാം’ എന്നകാര്യം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്​. 

കരകയറണം

പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കു മാത്രം മുൻതൂക്കംകൊടുത്ത്​ രാജ്യങ്ങൾക്ക്​ മുന്നോട്ടുപോകാനാവില്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതോടൊപ്പം സമ്പദ്​വ്യവസ്​ഥയെയും മഹാമാന്ദ്യത്തിൽനിന്ന്​ കരകയറ്റണം​. ഫലപ്രദമായ ചികിത്സയോ പ്രതിരോധ കുത്തിവെപ്പോ ഇനിയും ലഭ്യമാകാത്ത സ്​ഥിതിക്ക്​ അനിശ്ചിതമായി ലോക്​ഡൗൺ നീട്ടിക്കൊണ്ടുപോകാൻ ഒരു സമൂഹത്തിനും രാജ്യത്തിനും സാധ്യമല്ല. ഘട്ടംഘട്ടമായി ഇളവുകൾ അനുവദിച്ചേ തീരൂ. ഒപ്പം വൈറസി​​െൻറ സമൂഹവ്യാപനം തടയാൻ ഫലവത്തായ മാർഗങ്ങൾ അവലംബിച്ച്​ ജീവിതരീതികൾ മാറ്റിപ്പണിയണം. കോവിഡ്​ രോഗികൾ നമുക്കിടയിൽ ഉണ്ടാകാമെന്നു മനസ്സിലാക്കി സാഹചര്യവുമായി
പൊരുത്തപ്പെട്ട്​ വൈറസിനെ അതിജീവിച്ച്​ ജീവിക്കാൻ പഠിക്കണം. ശരിയായ ശുചിത്വതന്ത്രങ്ങൾ ആവിഷ്​കരിച്ച്​ നമ്മുടെ ജീവിതരീതിയും സ്വഭാവവും പരിഷ്​കരിക്കുകതന്നെ ഏറ്റവും പ്രധാനം.

തോൽക്കാതിരിക്കാൻ

•പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കുക
•ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകുക
•ശാരീരിക അകലം കർശനമായും പാലിക്കുക

കുട്ടികൾ മുതൽ വയോധികർവരെ ഈ നിർദേശങ്ങൾ പാലിക്കണം​; വീട്ടിലായാലും. സാധനങ്ങൾ വാങ്ങാനും പണമടക്കാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കു​േമ്പാഴുമൊക്കെ ക്യൂ പാലിക്കണം. മറ്റു മിക്ക രാജ്യങ്ങളിലും ഇത്​ സാധാരണമാണെങ്കിലും നമ്മുടെ നാട്ടിൽ ക്യൂ പാലിക്കാൻ വലിയ മടിയാണ്​. ഈ സ്​ഥിതി മാറ്റിയേ തീരൂ. ആരോഗ്യപ്രവർത്തകർ നിർബന്ധമായും N95 മാസ്​ക്കുകൾ ഉപയോഗിക്കണം. 65 വയസ്സിനു മുകളിലുള്ളവരും ആസ്​ത്​മ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം, കരൾരോഗങ്ങൾ, കാൻസർ തുടങ്ങിയ രോഗമുള്ളവർ സർജിക്കൽ/മെഡിക്കൽ മാസ്​ക്​ ഉപയോഗിക്കണം. സാധാരണ ജനങ്ങൾ കോട്ടൺ തുണികൊണ്ടുള്ള മാസ്​ക്കുകൾ ധരിച്ചാൽ മതി. മാസ്​ക്കുകൾ ആറു മണിക്കൂർ കഴിയു​േമ്പാൾ മാറ്റാൻ ശ്രദ്ധിക്കണം​. ആശുപത്രികളിൽ അടിസ്​ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം​. ഒപ്പം ഐസൊലേഷൻ വാർഡുകളുടെ എണ്ണം കൂട്ടുകയും തീവ്രപരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വേണം.

ലോക്​ഡൗൺ ഇളവുവരു​ന്നു

പല രാജ്യങ്ങളും ലോക്​ഡൗണിൽ കാര്യമായ ഇളവുകൾ വരുത്താൻ തുടങ്ങിട്ടുണ്ട്​. ഇന്ത്യയിൽ ആഭ്യന്തര വിമാന സർവിസ്​ നവംബറോടെ പൂർവസ്​ഥിതി പ്രാപിക്കും. ഇതോടൊപ്പം രോഗവാഹകരുടെ ഒഴുക്കും കൂടും. അതുകൊണ്ടുതന്നെ രോഗസ്​ഥിരീകരണത്തിനുള്ള പരിശോധനകൾ കൂടുതൽ വ്യാപകമാക്കേണ്ടതുണ്ട്​. കേന്ദ്ര-സംസ്​ഥാന സർക്കാറുകളുടെ ഇട​െപടലിലൂടെ ഇതി​​െൻറ ചെലവ്​ നിയന്ത്രിക്കണം. ഒപ്പം, കൂടുതൽ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ഇത്​ ലഭ്യമാക്കുകയും വേണം. 

തൊഴിലിടങ്ങൾ സജീവമാകു​േമ്പാൾ

എത്ര നാളാണ്​ മനുഷ്യന്​ ജോലിക്കു പോകാതെ പിടിച്ചുനിൽക്കാൻ സാധിക്കുക. ​േജാലിസ്​ഥലങ്ങളും കാൻറീനുകളും ഭക്ഷണശാലകളും വ്യവസായ സ്​ഥാപനങ്ങളുമൊക്കെ തുറന്നു പ്രവർത്തിക്കാതിരിക്കാനാവില്ല. ഇന്ത്യയിലെ ആറു ദശലക്ഷം വരുന്ന ചെറുകിട-ഇടത്തരം വ്യവസായ യൂനിറ്റുകൾ പ്രവർത്തിക്കേണ്ടതുണ്ട്​. പക്ഷേ, ഇവിടങ്ങളിലൊക്കെയും ശാരീരിക അകലം പാലിക്കുന്നുവെന്ന്​ ഉറപ്പാക്കണം. ജോലിക്കാർക്ക്​ ആവശ്യമായ സുരക്ഷാ മാർഗനിർദേശങ്ങൾ നൽകുകയും അവ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കുകയും വേണം.  

ജോലിസ്​ഥലങ്ങളുടെ ശുചീകരണം പ്രധാനമാണ്​. ക്ലീനിങ്​​ ജോലിക്കാർക്ക്​ ആവശ്യമായ സാമാന്യ അറിവും പരിശീലനവും കൊടുക്കണം. അതോടൊപ്പം, അവരുടെ സ്വയം സുരക്ഷക്കുള്ള സംവിധാനം ഒരുക്കുകയും വേണം. ഇവർ നിർബന്ധമായും ഗ്ലൗസ്​ ധരിക്കണം. കടകളും മാളുകളും മാർക്കറ്റുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്​. പക്ഷേ, അങ്ങോട്ട്​ ഇടക്കിടെ പോകുന്നത്​ ഒഴിവാക്കുക. ദീർഘകാലം സൂക്ഷിക്കാവുന്ന ഭക്ഷ്യവസ്​തുക്കൾ കരുതുക. അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. റെസിഡൻറ്​സ്​​ അസോസിയേഷനുകൾക്കും സന്നദ്ധ സംഘടനകൾക്കും ഇതിൽ പങ്കുചേരാം.

ഒഴിവാക്കാവുന്ന യാത്രകൾ

കുട്ടികളും 65 വയസ്സു പിന്നിട്ടവരും യാത്രകൾ ഒഴിവാക്കുക. രോഗങ്ങളുള്ളവർ പൊതുഗതാഗത സൗകര്യം ഉപയോഗിക്കരുത്​. രോഗികളെ സന്ദർശിക്കുന്നതും തൽക്കാലം ഒഴിവാക്കണം. പുറത്തുപോകു​േമ്പാൾ ഒരു ചെറിയ സാനിറ്റൈസർ കരുതുക. ഇടക്ക്​ കൈകളിൽ പുരട്ടുക. ആളുകളെ​േയാ പ്രതലങ്ങളിലോ കമ്പികളിലോ ഒക്കെ സ്​പർശിച്ചശേഷം മുഖത്ത്​ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. വീടിനകത്തു കയറും മു​േമ്പ കൈകൾ സോപ്പിട്ടു കഴുകണം. 

അണുമുക്തമാക്കണം

•പൊതുഗതാഗത സംവിധാനങ്ങളിൽ തിരക്കുകുറക്കാൻ നടപടികൾ കൈക്കൊള്ളണം. യാത്രക്കാർ കൂടുതൽ സ്​പർശിക്കുന്ന കമ്പികളും പ്രതലങ്ങളും അണുമുക്തമാക്കണം. 
•കതകി​​െൻറ പിടികൾ, സ്വിച്ചുകൾ, മേശയുടെ പ്രതലം, ഫോണുകൾ, കീബോർഡുകൾ, മൗസ്, ടോയ്​ലറ്റുകൾ, ടാപ്പുകൾ, സിങ്കുകൾ മുതലായവ അണുനാശിനികൾ ഉപയോഗിച്ച്​ അണുമുക്തമാക്കണം. 
•ഒാഫിസുകളിൽ പോകുന്നവർ സ്വന്തമായി പേന കരുതുക. പേനകൾ കൈമാറി ഉപയോഗിക്കരുത്​. ബാങ്കുകളിലും മറ്റും കെട്ടിയിടുന്ന പേന ഒഴിവാക്കുക.
•ഒാഫിസുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്​റ്റേഷൻ, ബസ്​ സ്​റ്റാൻഡ്​ തുടങ്ങിയ
പൊതുസ്​ഥലങ്ങളിൽ ഉയർന്ന ശുചിത്വമാനദണ്ഡങ്ങൾ പാലിക്കണം. 
•സ്​കൂളുകളിലും കോളജുകളിലും ഷിഫ്​റ്റ്​ സ​​മ്പ്രദായം ഏർപ്പെടുത്തി തിരക്കു കുറക്കാം. 

ചില കാര്യങ്ങൾകൂടി ശ്രദ്ധിക്കൂ

⊿കടകളിൽ തിരക്കേറിയ സമയങ്ങളിൽ സാധനങ്ങൾ വാങ്ങാൻ പോകരുത്. ക്യൂവിൽ നിൽക്കുമ്പോൾ അകലം പാലിക്കുക
⊿ ബില്ലടക്കുന്നതിനും മറ്റു പണ ഇടപാടുകൾക്കും പരമാവധി Google Pay, PhonePe, Net Banking സംവിധാനങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളോ ഉപയോഗിക്കുക
⊿വീട്ടിലെത്തിയശേഷം സാധനങ്ങൾ വാങ്ങിയ കവറുകൾ മാറ്റണം. കൈകൾ സോപ്പ്​/ഹാൻഡ്​വാഷ്​ ഉപയോഗിച്ച്​് കഴുകി വൃത്തിയാക്കണം.
⊿സോപ്പ്, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ നിശ്ചിത ഗുണനിലവാരം ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. അവ നേർപ്പിച്ചതാകരുത്.
⊿ടോയ്​ലറ്റ് ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും ഹാൻഡ് വാഷ്/സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.
⊿ പല ആളുകൾ സ്​പർശിക്കുന്ന ടാപ്പുകൾ സുരക്ഷിതമല്ല. അവ ഇട​ക്കിടെ വൃത്തിയാക്കണം. സെൻസർ ഉള്ള ടാപ്പുകൾ നല്ലതാണ്.
⊿ഭക്ഷണപദാർഥങ്ങൾ അണുമുക്തമായ സ്ഥലങ്ങളിൽ സൂക്ഷിക്കണം.
⊿പഴങ്ങളും പച്ചക്കറികളും ടാപ്പിനു താഴെവെച്ച് നന്നായി കഴുകണം. 
⊿കിഴങ്ങുവർഗങ്ങൾ ബ്രഷും വെള്ളവും ഉപയോഗിച്ച് കഴുകുക. 
⊿സംഭാരം, ലെസ്സി, ജ്യൂസ്​ തുടങ്ങിയവയുടെ കവർ നന്നായി കഴുകാതെ കടിച്ചുതുറന്ന്​ വലിച്ചുകുടിക്കരുത്​.

(ലേഖകൻ കോഴിക്കോട് ഇഖ്​റ ഹോസ്​പിറ്റൽ ചീഫ്​ ഫിസിഷൻ & ഡയ​ബറ്റോളജിസ്​റ്റ്​ ആണ്)

Tags:    
News Summary - Life with Covid Or Covid 19 -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.