വീട്ടിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ മറ്റുള്ളവരിലേക്കും പകരുമോ? പഠനം പറയുന്നത് ഇങ്ങനെ

അഹമ്മദാബാദ്: വീട്ടിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവർക്കും രോഗം ബാധിക്കുമോ? പകരാൻ സാധ്യതയുണ്ടെന്നാകും ഉത്തരം. എന്നാൽ, എല്ലാവരിലേക്കും കൊറോണ വൈറസ് പകരാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനം പറയുന്നത്. ഗുജറാത്ത് ഗാന്ധിനഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലാണ് രോഗവ്യാപനത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ.

വീട്ടിൽ ഒരാൾക്ക് കോവിഡ് ബാധിക്കുമ്പോൾ മറ്റുള്ളവരിൽ രോഗത്തിനെതിരായ ഒരു പ്രതിരോധ സംവിധാനം സ്വയം വികസിച്ചുവരുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ദിലീപ് മാവ്ലങ്കർ പറയുന്നു. എല്ലാവർക്കും കോവിഡ് ബാധിക്കുമെന്നത് ശരിയാവാൻ സാധ്യതയില്ല. 80 മുതൽ 90 ശതമാനം വരെ വീടുകളിലും ഒരാൾക്ക് കോവിഡ് ബാധിക്കുമ്പോൾ മുഴുവനാളുകൾക്കും കോവിഡ് ബാധിച്ചിട്ടില്ല. എല്ലാവർക്കും കോവിഡ് ബാധിച്ച കുടുംബങ്ങളുണ്ടെങ്കിലും അവ വളരെ കുറവാണ്. എന്നാൽ, ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുപോലും മറ്റൊരാൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്യാത്ത നിരവധി വീടുകളുണ്ട് -മാവ്ലങ്കർ ചൂണ്ടിക്കാട്ടുന്നു.

വീടുകളിലെ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള അന്താരാഷ്ട്രതലത്തിലെ 13 പ്രബന്ധങ്ങൾ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ പഠനമെന്ന് അദ്ദേഹം പറയുന്നു.

കുടുംബത്തിലെ ഒരാളിൽനിന്ന് മറ്റൊരാളിലേക്കുള്ള രണ്ടാംഘട്ട വ്യാപനത്തിന്‍റെ നിരക്ക് 10 മുതൽ 15 ശതമാനം വരെയെന്നാണ് കണ്ടെത്തിയത്. മൂന്ന് പ്രബന്ധങ്ങളിൽ മാത്രമാണ് 30 ശതമാനത്തിലേറെ രണ്ടാംഘട്ട വ്യാപനം നടന്നതായി പറയുന്നത്. ഐ.സി.എം.ആർ നടത്തിയ പഠനത്തിൽ ഇത്തരത്തിലുള്ള വ്യാപനത്തിന്‍റെ നിരക്ക് എട്ട് ശതമാനമാണ്.

ഭർത്താവിൽനിന്ന് ഭാര്യയിലേക്കും തിരിച്ചുമുള്ള വൈറസ് വ്യാപന നിരക്ക് 45 മുതൽ 65 ശതമാനം വരെയാണ്. ഒരേ കിടക്കയിൽ ഉറങ്ങുന്നവരിൽ പോലും വൈറസ് വ്യാപനം 100 ശതമാനം ഇല്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുതിർന്ന ഒരാളിൽനിന്ന് കുട്ടിയിലേക്കുള്ള വൈറസ് വ്യാപന നിരക്ക് കുറവാണ്. എന്നാൽ വയോധികരിലേക്കുള്ള രോഗവ്യാപനം കൂടുതലാണെങ്കിലും ഇതുപോലും 15നും 20 ശതമാനത്തിനും ഇടയിലാണ്.

വ്യത്യസ്ത ആളുകൾക്ക് വൈറസിനെതിരെ വ്യത്യസ്ത പ്രതിരോധ ശേഷിയാണുള്ളത്. വീട്ടിൽ ഒരാൾക്ക് കോവിഡ് ലക്ഷണം തുടങ്ങി സ്ഥിരീകരിക്കുന്നത് വരെയുള്ള ദിവസങ്ങളിൽ എല്ലാവരുമായും സമ്പർക്കത്തിൽ വരാൻ സാധ്യതയുണ്ടായിട്ടും എല്ലാവർക്കും കോവിഡ് പകരുന്നില്ല.

ജനങ്ങളിൽ വലിയൊരു വിഭാഗത്തെയും വൈറസ് ബാധിക്കാൻ സാധ്യതയില്ല. ആർജിത പ്രതിരോധ ശേഷി ആളുകളിൽ ഉണ്ടാകുന്നുണ്ട്. അഹമ്മദാബാദിൽ വൻതോതിലുള്ള വൈറസ് വ്യാപനത്തിന് ശേഷം വലിയ കുറവ് രേഖപ്പെടുത്തിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

വലിയ തോതിൽ രോഗവ്യാപനമുണ്ടായ ഡൽഹിയിലും ധാരാവിയിലും എല്ലാ വീട്ടുകാരും രോഗബാധിതരായിട്ടില്ല. ചെറിയതോതിലുള്ള അണുബാധയേൽക്കുമ്പോൾ തന്നെ മറ്റുള്ളവരിൽ പ്രതിരോധ ശേഷിയുണ്ടാവുകയാണ്.

നേരത്തെ, രോഗബാധിതന്‍റെ കുടുംബത്തിലെ എല്ലാവരെയും പരിശോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് നിർത്തി. ലക്ഷണമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. എന്തുകൊണ്ട് രോഗബാധിതരുമായി സമ്പർക്കത്തിൽ വരുന്ന എല്ലാവരിലും രോഗം പകരുന്നില്ല എന്നതു സംബന്ധിച്ച് കൂടുതൽ പഠനം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.