സ്ത്രീകള്‍ക്ക് ഭീഷണിയായി ഓസ്റ്റിയോപൊറോസിസ്

ഈ അടുത്ത കാലത്തായി സമൂഹത്തില്‍ പൊതുവെയും സ്ത്രീകള്‍ക്കിടയില്‍ കൂടുതലായും കണ്ടുവരുന്ന അസുഖമാണ് ഓസ്റ്റിയോപൊറോസിസ് എന്ന അസ്ഥികള്‍ക്ക് ബലക്കുറവ് സംഭവിക്കുന്ന രോഗം. 40 വയസ്സുകഴിഞ്ഞ സ്ത്രീകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. പ്രായം കൂടുന്തോറും ഇതിന്‍െറ വ്യാപ്തിയും കൂടുന്നു.  പുരുഷന്മാരിലും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാമെങ്കിലും സ്ത്രീകളുടെ അത്ര വ്യാപകമായിട്ടില്ല. എന്നാല്‍ രോഗം സൃഷ്ടിക്കുന്ന ഭീഷണി കണക്കിലെടുത്ത് ഇതേക്കുറിച്ച പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനും രോഗത്തെ ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 20 ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനമായി ആചരിക്കുന്നുണ്ട്. ലേകാരോഗ്യ സംഘടനയുടെ സഹായത്തോടെ ഇന്‍റര്‍നാഷണല്‍ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തിലാണ് ദിനാചരണം.

എന്താണ് ഓസ്റ്റിയോപൊറോസിസ് ?

ഓസ്റ്റിയോപൊറോസിസ് എന്നത് സാധാരണയായി എല്ലുകളെ ബാധിക്കുന്ന അസുഖമാണ്. ഇത് സംഭവിക്കുന്നത് അസ്ഥിക്ഷയം വര്‍ധിക്കുമ്പോഴോ, പുതിയ അസ്ഥികളുടെ നിര്‍മ്മാണം കുറയുമ്പോഴോ ഇവ രണ്ടുംകൂടി ഒരുമിച്ച് സംഭവിക്കുമ്പോഴോ ആണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുമ്പോള്‍ അവയില്‍ സുഷിരങ്ങള്‍ വര്‍ധിക്കുകയും അവ സങ്കോചിക്കുന്നതിനും ദുര്‍ബ്ബലമാവുന്നതിനും എളുപ്പത്തില്‍ ഒടിയുന്നതിനും കാരണമാകുകയും ചെയ്യുന്നു.

രോഗത്തെക്കുറിച്ചുള്ള  ആശങ്കകള്‍
ഓസ്റ്റിയോപൊറോസിസിനെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്. കാരണം ഒരു സ്ത്രീയ്ക്ക് അല്ളെങ്കില്‍ പുരുഷന് തന്‍െറ അസ്ഥികള്‍ക്ക് ശക്തിക്ഷയം സംഭവിക്കുന്നത് നേരിട്ട് അനുഭവപ്പെടുന്നില്ല. ഇത് നിശബ്ദമായി വളരുകയും വര്‍ഷങ്ങളോളം തിരിച്ചറിയപ്പെടാതെയും ലക്ഷണങ്ങളും അസ്വസ്ഥതകളും ഇല്ലാതിരിക്കുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് ബാധിച്ച എല്ലുകള്‍ ഒടിയുമ്പോള്‍ അല്ളെങ്കില്‍ പൊട്ടുമ്പോഴാണ് രോഗം ആദ്യമായി പ്രകടമാവുക. ഈ ഒടിവുകള്‍ സാധാരണയായി വീഴ്ചമൂലം ഉണ്ടാകാം. എന്നിരുന്നാലും ഓസ്റ്റിയോപൊറോസിസ് മൂലം എല്ലുകളുടെ ശക്തി ക്ഷയിച്ചതാണെങ്കില്‍ ചിലപ്പോള്‍ നിസാരമായ വീട്ടുജോലികള്‍ ചെയ്യുന്നതുപോലും നട്ടെല്ലിന്‍െറ ഒടിവിനു കാരണമാകും.

എല്ലാ എല്ലുകളേയും ബാധിക്കാമെങ്കിലും ഇടുപ്പ്, നട്ടെല്ല്, കൈത്തണ്ട എന്നിവിടങ്ങളിലാണ് കൂടുതലും ഒടിവുകളുണ്ടാകുന്നത്. ഇടുപ്പിനുണ്ടാകുന്ന ഒടിവുകള്‍ക്ക് മിക്കവാറും ആശുപത്രിവാസവും മേജര്‍ ശസ്ത്രക്രിയയും  വേണ്ടിവരും. ഈ ഒടിവുകള്‍ വിട്ടുമാറാത്ത വേദനയ്ക്കും വൈകല്യങ്ങള്‍ക്കും ഇടയാക്കുതിനോടൊപ്പം ജീവിതനിലവാരം കുറക്കുകയും ചെയ്യും. സ്വയം നടക്കാനുള്ള കഴിവ് കുറയ്ക്കുകയും നീണ്ടുനില്ക്കുതോ അല്ളെങ്കില്‍ സ്ഥിരമായതോ ആയ വൈകല്യങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനുപോലുമോ കാരണമാകുകയും ചെയ്യുന്നു. ഉയരം കുറയുക, ശക്തമായ പുറംവേദന, അംഗവൈകല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ അനന്തരഫലങ്ങളും ഉണ്ടായേക്കാം.

രോഗ കാരണം 
പ്രായമാണ് പ്രധാന വില്ലന്‍. എല്ലാവരിലും പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥിക്ഷയം സംഭവിക്കാറുണ്ട്. 35 വയസുകഴിഞ്ഞാല്‍ പഴയ അസ്ഥികള്‍ക്ക് പകരമായി പുതിയ അസ്ഥികളുണ്ടാകുന്നത് കുറയുന്നു. ചുരുക്കത്തില്‍ നിങ്ങള്‍ക്ക് പ്രായം കൂടുന്തോറും നിങ്ങളുടെ മൊത്തത്തിലുള്ള അസ്ഥികളുടെ അളവ് കുറയുകയും നിങ്ങള്‍ക്ക് ഓസ്റ്റിയോപൊറോസിസിന്‍െറ സാധ്യതകള്‍ കൂടുകയും ചെയ്യുന്നു. 

പാരമ്പര്യം മറ്റൊരു കാരണമാണ്. ഒടിവുകള്‍ സംഭവിച്ച പാരമ്പര്യമുണ്ടെങ്കില്‍ അത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ കൂട്ടുന്നു.
കുറഞ്ഞ തോതില്‍ മാത്രം കാത്സ്യം ലഭ്യമാകുന്നതും പോഷകാഹരത്തിന്‍െറ കുറവും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിനുള്ള മറ്റു കാരണങ്ങളാണ്. അതോടൊപ്പം വിറ്റാമിന്‍ ഡി-യുടെ അളവ് കുറയുന്നതും ഭാരക്കുറവും എപ്പോഴും ഇരുന്നുകൊണ്ടുള്ള ജീവിതരീതിയും ഇതിന് കാരണമാകാം. പുകവലി, അമിത മദ്യപാനം എന്നിവയും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് ആക്കം കൂട്ടുന്നു. സ്വയംപ്രതിരോധശേഷിയിലെ തകരാറുകളായ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ആമാശയ തകരാറുകളായ കോളിക് ഡിസീസ് പോലുള്ളവ, സ്തനാര്‍ബുദം അല്ളെങ്കില്‍ പ്രോസ്റ്റേറ്റ് അര്‍ബുദം, നാഡീവ്യൂഹത്തിലെ തകരാറുകള്‍മൂലമുള്ള പാര്‍ക്കിന്‍സസ് ഡിസീസ് അല്ളെങ്കില്‍ മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, മജ്ജയിലെ തകരാറുകളായ തലാസീമിയ പോലുള്ളവ, ഭാരം കുറയ്ക്കുന്നതിനു ചെയ്യുന്ന ശസ്ത്രക്രിയകള്‍, ഗ്യാസ്ട്രക്ടമി പോലുള്ള രീതികള്‍ എന്നിവയും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകളും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിനുള്ള സാധ്യത കൂട്ടുന്നു.

രോഗം നിര്‍ണയം
ആധുനിക രോഗനിര്‍ണയ രീതികള്‍ ഉപയോഗപ്പെടുത്തി മുറിവുകളുണ്ടാക്കാതെതന്നെ ഇവ കണ്ടത്തൊം. ചികിത്സയുടെ ചരിത്രം, ശാരീരിക പരിശോധന, അസ്ഥികളുടെ എക്സ്-റേ, ബോ ഡെന്‍സിയോമെട്രി, പ്രത്യേക ലാബറട്ടറി പരിശോധനകള്‍ എന്നിവ വഴി രോഗം തിരിച്ചറിയാം. അസ്ഥിക്ഷയത്തിന് കാരണമാകാവുന്ന ഹൈപ്പര്‍പാരതൈറോയിഡിസം തുടങ്ങിയ മറ്റ് രോഗങ്ങളല്ളെന്ന് മനസിലാക്കുതിനായി അധിക പരിശോധനകള്‍ വേണ്ടി വന്നേക്കും.
 നേരത്തെ തന്നെ രോഗം കണ്ടത്തെിയാല്‍ ചികിത്സ നേരത്തെ ആരംഭിക്കുന്നതിനും ഒടിവുണ്ടാകുന്നതിനുള്ള സാധ്യതകള്‍ കുറക്കുന്നതിനും സാധിക്കും. ബോ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ് (ബി.എം.ഡി) നടത്തിയാല്‍ എല്ലുകളുടെ കട്ടി, ഓസ്റ്റിയോപൊറോസിസ് ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാം. ഡ്യൂവല്‍ എനര്‍ജി  എക്സ്-റെ അബ്സോര്‍പിഷ്യോമെട്രി അല്ളെങ്കില്‍ ഡെക്സ ഉപയോഗിച്ച് നട്ടെല്ല്, ഇടുപ്പെല്ല്, ശരീരത്തിലെ ആകമാന അസ്ഥികള്‍ എന്നിവയുടെ സാന്ദ്രത കണ്ടത്തെുന്നതിനും ഒടിയാനുളള സാധ്യത എത്രമാത്രമാണെന്നു തിരിച്ചറിയുന്നതിനും സാധിക്കും. എല്ലുകളുടെ സാന്ദ്രത അളക്കുതിനുള്ള മറ്റ് മാര്‍ഗങ്ങളാണ് അള്‍ട്രാസൗണ്ട്, ക്വാണ്ടിറ്റേറ്റീവ് കംപ്യൂട്ടഡ് ടോമോഗ്രഫി (ക്യുസിടി) എന്നിവ. എക്സ്-റേ പോലെ വളരെ പെട്ടെന്നും കൃത്യമായും അസ്ഥികളുടെ സാന്ദ്രത അളക്കുന്നതാണ് ബോ ഡെന്‍സിറ്റോമെട്രി.   

രോഗത്തെ തടയാം
നല്ല പോഷകാഹാരം, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ എന്നിവ ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത് തടയുകയും അസുഖത്തിന്‍െറ വളര്‍ച്ച കുറക്കുകയും ഒടുവുകളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യും.

കാത്സ്യം, വിറ്റാമിന്‍ ഡി, മാംസ്യം എന്നിവ എല്ലുകളുടെയും പേശികളുടെയും വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. പാല്‍, പനീര്‍ പോലുള്ള പാല്‍ ഉല്‍പന്നങ്ങള്‍, ഇലക്കറികള്‍, വാള്‍നട്ട്, പരിപ്പുകള്‍, റാഗി പോലുളളവ, ഈന്തപ്പഴം, ഏത്തപ്പഴം, ആത്തച്ചക്ക തുടങ്ങിയ പഴങ്ങള്‍ എന്നിവ കാത്സ്യത്തിന്‍െറ നല്ല ഉറവിടങ്ങളാണ്.
കുട്ടിക്കാലം മുതല്‍ കൃത്യമായി ഭാര നിയന്ത്രണ വ്യായാമങ്ങള്‍ ചെയ്യുന്നത് എല്ലുകള്‍ക്ക്  ഉയര്‍ന്ന സാന്ദ്രത ലഭിക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ആയാസരഹിതമായ ജീവിതശൈലി ഒടിവുകളുണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നതിനാല്‍ കൃത്യമായി വ്യായാമം ചെയ്യുന്നത് വളരെ പ്രധാനമാണ്. വ്യായാമങ്ങള്‍ എല്ലുകളുടെയും പേശികളുടെയും ശക്തി നിലനിര്‍ത്തുവാന്‍ സഹായിക്കും. ഊര്‍ജ്ജസ്വലതയോടെയുള്ള നടത്തം, ജോഗിംഗ്, നീന്തല്‍, ബാഡ്മിന്‍റന്‍ പോലുള്ള കളികള്‍ എന്നിവ പേശികളെ ശക്തിപ്പെടുത്തുകയും എല്ലുകളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും ചെയ്യും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു പ്രഫഷണലിന്‍െറ സഹായത്തോടെ പ്രായത്തിനനുസരിച്ചുള്ള വ്യായാമങ്ങളാവണം ചെയ്യേണ്ടത്. പുകവലി നിര്‍ത്തുന്നതും മദ്യത്തിന്‍െറ ഉപയോഗം കുറക്കുന്നതും ഒടിവുകളുണ്ടാകുന്നതിനുള്ള സാധ്യതകള്‍ കുറക്കുന്നു.

രോഗ ചികിത്സ
ഓസ്റ്റിയോപൊറോസിസ് പൂര്‍ണമായി സുഖപ്പെടുത്താനാവില്ളെങ്കിലും അത് തടയുകയോ രോഗം കൂടുന്നതിന്‍െറ വ്യാപ്തി കുറക്കുകയോ ചെയ്യാന്‍ സാധിക്കും. മെഡിക്കല്‍ ഫിസിഷ്യന്‍, ഓര്‍ത്തോപിഡീഷ്യന്‍, ഗൈനക്കോളജിസ്റ്റ്, എന്‍ഡോക്രൈനോളജിസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തി അവരുടെ സഹായത്തോടെ ശരിയായ ചികിത്സാവിധി തീരുമാനിക്കാവുന്നതാണ്. കാത്സ്യം, വിറ്റാമിന്‍ ഡി സപ്ളിമെന്‍റുകളും ബൈഫോസ്ഫണേറ്റുകളും  സാധാരണയായി ഓസ്റ്റിയോപൊറോസിസ് ചികിത്സയില്‍ ഉപയോഗിച്ചുവരുന്നു. ഹോര്‍മോ റീപ്ളേസ്മെന്‍റ തെറാപ്പി, ഈസ്ട്രജന്‍ ആഗണിസ്റ്റസ്, കാത്സിറ്റോനിന്‍, പാരാതൈറോയ്ഡ് ഹോര്‍മോ, ഡെനോസുമാബ് എന്നിവയും ഡോക്ടറുടെ നിര്‍ദ്ദശപ്രകാരം ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്. ഓസ്റ്റിയോപൊറോസിസ് ഒടിവുകള്‍ ചികിത്സിക്കാന്‍ പുതിയ എല്ലുകള്‍ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്ന ഘടകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. പാരാതൈറോയ്ഡ് ഹോര്‍മോണിന്‍െറ സിന്തറ്റിക് രൂപമായ ടെറിപാരാറ്റൈഡ് ഇപ്പോള്‍ ധാരാളമായി ലഭ്യമാണ്. അത് ചില തരത്തിലുള്ള ഓസ്റ്റിയോപൊറോസിസ് ചികിത്സയില്‍ ഫലപ്രദമാണെ് തെളിഞ്ഞിട്ടുണ്ട്.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ തുടരേണ്ടത് ആവശ്യമാണ്. ചിലര്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാറുണ്ട്. അതിനാല്‍ത്തന്നെ ചികിത്സയുടെ ഗുണഫലങ്ങള്‍ വ്യക്തമാവുകയുമില്ല. എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ മരുന്നുകള്‍  നിര്‍ത്തുതിനുമുമ്പ് ഡോക്ടറെ സമീപിക്കണം.  

(ലേഖകന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍  ഓര്‍ത്തോപീഡിക്സ് & സ്പൈന്‍ സര്‍ജറി വിഭാഗത്തില്‍ സീനിയര്‍ കസള്‍ട്ടന്‍റ് ആണ്)

Tags:    
News Summary - Osteoporosis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.