കാന്‍സര്‍ ഏതു തരത്തിലുള്ളതാണെങ്കിലും അത് സൃഷ്ടിക്കുന്ന ഭീകരത ചില്ലറയല്ല. പലപ്പോഴും തുടക്കത്തില്‍ അറിയാതെ പോകുന്നതാണ് കാന്‍സറെന്ന രോഗത്തിന് നമ്മളെ കീഴ്പ്പെടുത്താന്‍ സഹായകരമാകുന്നത്. ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ വേണ്ട രീതിയില്‍ ഗൗരവത്തോടെ എടുക്കാത്തതാണ് രോഗം ഗുരുതരാവസ്ഥ പ്രാപിക്കുന്നതിന് കാരണം. എന്നാല്‍, തിരിച്ചറിയാന്‍ എപ്പോഴും വൈകുന്ന ഒന്നാണ് പാന്‍ക്രിയാറ്റിക് കാൻസർ. ആഗ്നേയഗ്രന്ഥിയില്‍ കാന്‍സര്‍ വരുന്നതാണ് ഇത്. കൂടിയ മരണനിരക്കണ് പാന്‍ക്രിയാറ്റിക് കാന്‍സറിെൻറ ഭീകരത വർധിപ്പിക്കുന്നത്. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് മരണ നിരക്ക് വർധിക്കാന്‍ കാരണം.
ഇനി പറയുന്ന ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം
വയറിെൻറ കനം
വയറിെൻറ കനം പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. എന്നാൽ, ഇതുകൊണ്ടു മാത്രം പാന്‍ക്രിയാറ്റിക് കാന്‍സറാണോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല. മറ്റു പല രോഗങ്ങള്‍ക്കും ഈ ലക്ഷണം ഉണ്ടാവാം. വയറിെൻറ കനത്തിനോടൊപ്പംതന്നെ മറ്റു ചില ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.
മഞ്ഞപ്പിത്തം
പാന്‍ക്രിയാറ്റിക് കാന്‍സറിെൻറ ആദ്യ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞപ്പിത്തം. കണ്ണും ചർമവും മഞ്ഞ നിറത്തിലാകുന്നു. ഇത് ബിലിറുബിെൻറ അളവ് വർധിപ്പിക്കുന്നു. ഇത് കരളില്‍ കെമിക്കല്‍ രൂപപ്പെടാന്‍ കാരണമാകുന്നു. അതിെൻറ ഫലമായി കരള്‍ ബിലിറുബിന്‍ പുറന്തള്ളുന്നു. ഇത് പിന്നീട് ട്യൂമര്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. ഇത് പാന്‍ക്രിയാസിലാണ് ഏറ്റവും പെട്ടെന്ന് പിടിക്കുന്നതും. അതുകൊണ്ടുതന്നെ മഞ്ഞപ്പിത്തം കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്.
മൂത്രത്തിെൻറ നിറവ്യത്യാസം
മഞ്ഞപ്പിത്തം ഉണ്ടെങ്കില്‍ സ്വാഭാവികമായും മൂത്രത്തിെൻറ നിറത്തിലും വ്യത്യാസം കാണാം. എന്നാല്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മൂത്രത്തിന് ഇരുണ്ട മഞ്ഞ നിറമായിരിക്കും ഉണ്ടാവുക. രക്തത്തിലെ ബിലിറുബിെൻറ അളവ് നല്ലതുപോലെ വർധിച്ചിട്ടുണ്ടെങ്കില്‍ മൂത്രത്തിന് ബ്രൗണ്‍ നിറമായിരിക്കും ഉണ്ടാവുക.
മലത്തില്‍ നിറംമാറ്റം
മലത്തില്‍ നിറംമാറ്റം ഉണ്ടെങ്കിലും ശ്രദ്ധിക്കുക. ഗ്രേ കളറിലും കട്ടിയില്ലാതെയും ആണെങ്കില്‍ ആരോഗ്യ വിദഗ്ധെൻറ ഉപദേശം തേടാവുന്നതാണ്.
ചർമത്തിലെ ചൊറിച്ചില്‍
ചർമത്തിലെ ചൊറിച്ചില്‍കൊണ്ട് കഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ അത് അലര്‍ജി എന്നു പറഞ്ഞ് തള്ളിക്കളയരുത്. മാത്രമല്ല, ചർമത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിറംമാറ്റം ഉണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്.
അസഹനീയമായ വയറുവേദന
അസഹനീയമായ വയറുവേദനയാണ് മറ്റൊരു പ്രശ്നം. കാന്‍സര്‍ ശരീരത്തില്‍ വളരുന്നുണ്ട് എന്നതിെൻറ സൂചനയാണ് പലപ്പോഴും അസഹനീയമായ വയറുവേദനക്കു പിറകില്‍. ഇടക്കിടക്ക് ഇത്തരം വയറുവേദന ഉണ്ടെങ്കിലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.
പുറംവേദന
പുറംവേദനയാണ് മറ്റൊരു ലക്ഷണം. പല കാരണങ്ങള്‍ കൊണ്ടും പുറംവേദന ഉണ്ടാവാം. എന്നാല്‍, നട്ടെല്ലിനുള്ളില്‍ മുകളില്‍ തുടങ്ങി താഴെ അവസാനിക്കുന്ന തരത്തിലുള്ള വേദന ഇടക്കിടക്ക് ഉണ്ടാവുന്നുണ്ടെങ്കില്‍ പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് സംശയിക്കാവുന്നതാണ്.
വിശപ്പില്ലായ്മയും തടി കുറവും
വിശപ്പില്ലായ്മയും അകാരണമായി തടി കുറയുന്നതും ശ്രദ്ധയില്‍പെട്ടാല്‍ ഡോക്ടറെ കാണാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. പാന്‍ക്രിയാറ്റിക് കാന്‍സറിെൻറ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അത്.
ഛർദിയും മനംപിരട്ടലും
ഛർദിയും മനംപിരട്ടലും ദഹനപ്രശ്നങ്ങള്കൊണ്ടോ മറ്റേതെങ്കിലും പ്രശ്നങ്ങള്‍കൊണ്ടോ ഉണ്ടാവും. എന്നാല്‍, അതിന് പരിഹാരം കാണാന്‍ മരുന്ന് കഴിക്കുന്നതിനു മുമ്പ് ഛർദിയുടെ കാരണം അന്വേഷിക്കുന്നത് നല്ലതാണ്. പാന്‍ക്രിയാറ്റിക് കാന്‍സറിെൻറ ലക്ഷണങ്ങളില്‍ ഒന്നാകാം ഇത്.
പിത്താശയപ്രശ്നങ്ങള്:
പിത്താശയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അല്പം ശ്രദ്ധിക്കാം. ധമനികളില്‍ ബ്ലോക്ക് വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലാവുന്നത്. അതിനു പിന്നിൽ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ആണോ എന്ന് നോക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കരളിെൻറ വലുപ്പം വർധിക്കുന്നു
പാന്‍ക്രിയാറ്റിക് കാന്‍സര്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കരളിനെതന്നെ ആദ്യം ബാധിക്കുന്നു. അതിെൻറ ഫലമായി കരളിെൻറ വലുപ്പം വർധിക്കുന്നു. ബിലിറുബിന്‍ തന്നെയാണ് ഇതിന് കാരണം.
രക്തം കട്ടപിടിക്കുന്നു
പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡീപ് വെയിന്‍ ത്രോംബോസിസിന് കാരണമാകുന്നു. പ്രത്യേകിച്ച് കാലുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടാന്‍ ഇത് കാരണമാകും. ഇതിെൻറ ഫലമായി കാലില്‍ അസഹനീയ വേദനയും വീക്കവും ചുവന്ന നിറവും അനുഭവപ്പെടുന്നു. ഇതെല്ലാം പാന്‍ക്രിയാറ്റിക് കാന്‍സറിെൻറ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
രോഗനിര്‍ണയം
പാൻക്രിയാസ് സംബന്ധമായ രോഗനിർണയം സങ്കീർണമാണ്. ഉദരഭാഗത്തിെൻറ ഉള്ളിലേക്ക് നിൽക്കുന്ന അവയവമായതിനാൽ പാൻക്രിയാസ് സംബന്ധിച്ച രോഗങ്ങൾ അത്ര എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാറില്ല. അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ, എം.ആർ.ഐ, എൻഡോസ്കോപിക് അൾട്രാസൗണ്ട് എന്നിവയിലൂടെ രോഗ നിർണയം നടത്താം. രോഗം സ്ഥിരീകരിച്ചാല്‍ ശസ്ത്രക്രിയ വഴി കാന്‍സര്‍ കോശങ്ങളെ നീക്കം ചെയ്യാറുണ്ട്.
വിപ്പിൾ നടപടിക്രമം
പാൻക്രിയാറ്റിക് കാൻസർ ഉള്ള ഒരു വ്യക്തിക്ക് ശസ്ത്രക്രിയ നിർബന്ധമാണ്. അത്തരം ഒരു ശസ്ത്രക്രിയയാണ് വിപ്പിൾ നടപടിക്രമം (പാൻക്രിയാറ്റോഡുവോഡെനെക്ടമി). എന്നാൽ, ദഹനവ്യവസ്ഥയിൽ പലപ്പോഴും വലിയ മാറ്റങ്ങൾ വരുത്തുന്ന വളരെ സങ്കീർണമായ ഒരു പ്രവർത്തനമാണ് വിപ്പിൾ നടപടിക്രമം. ഇത് നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം. പാൻക്രിയാറ്റിക് കാൻസർ ബാധിച്ചവർക്ക് അതിജീവിക്കാനുള്ള അവസരം നൽകുന്ന ഒരേയൊരു അറിയപ്പെടുന്ന ചികിത്സാ രീതിയാണിത്.
ശസ്ത്രക്രിയ കഴിഞ്ഞാൽ രോഗികൾ സാധാരണയായി ആശുപത്രി വിട്ട് ഒരാഴ്ചക്കുള്ളിൽ വീട്ടിലേക്കു പോകും. പക്ഷേ, മിക്ക ആളുകൾക്കും സാധാരണ ജീവിതനിലവാരത്തിലേക്ക് പൂർണമായി തിരിച്ചുവരാൻ രണ്ടു മുതൽ ആറു മാസം വരെ സമയമെടുക്കും. ആത്യന്തികമായി, രോഗികൾ മുമ്പ് ചെയ്തിരുന്ന എന്തും ശസ്ത്രക്രിയക്കുശേഷവും ചെയ്യാൻ കഴിയേണ്ടതാണ്. എന്നാൽ, ചിട്ടയായ ആഹാരക്രമം, വ്യായാമം, മരുന്നുകൾ എന്നിവയെല്ലാം നിങ്ങളുടെ ഡോക്ടറുടെ ഉപദേശപ്രകാരം ശസ്ത്രക്രിയക്കു മുമ്പും ശേഷവും തുടരേണ്ടതാണ്.
(ആസ്റ്റർ ഹോസ്പിറ്റൽസ് കൺസൽട്ടൻറ് ഓങ്കോ സർജനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.