അനുപ്രിയ എട്ടാം ക്ലാസുകാരിയാണ്. പി.ടി പിരീഡിൽ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കെ കൂട്ടുകാരിയാണ് അവളോട് ചോദിച്ചത്, കണ്ണ് എന്താ ചുവന്നിരിക്കുന്നതെന്ന്. വെയിലത്ത് കളിച്ചതു കൊണ്ടാവാം കണ്ണ് ചുവന്നതെന്നാണ് അവൾ കരുതിയത്. രാത്രി അച്ഛന്റെ കൂടെ ഡോക്ടറുടെ അടുത്ത് പോയപ്പോഴാണ് തന്റെ കണ്ണുകളെ കടന്നാക്രമിച്ച ചെങ്കണ്ണ് രോഗത്തെ പറ്റി അവളറിയുന്നത്.
കണ്ണുകളിലെ വെളുത്ത പ്രതലത്തിൽ ഉണ്ടാക്കുന്ന അണുബാധയും നീർക്കെട്ടുമാണ് ചെങ്കണ്ണ് അഥവാ പിങ്ക് ഐ. ബാക്ടീരിയയോ വൈറസോ മൂലമാണ് ചെങ്കണ്ണ് രോഗം ബാധിക്കുന്നത്. സാധാരണയായി വേനൽക്കാലത്താണ് ഇത്തരം രോഗങ്ങൾ കൂടുതലായി കാണപ്പെടാറുള്ളത്.
രോഗികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് ചെങ്കണ്ണ് പകരുന്നത്. വീട്ടിലോ ഓഫീസിലോ രോഗം ബാധിച്ച ആളുകൾ ഉണ്ടെങ്കിൽ അവരുടെ കണ്ണിൽ നിന്നും വരുന്ന വെള്ളം രോഗം ബാധിക്കാത്ത ആൾ തൊടുയോ ദേഹത്ത് ആവുകയോ ചെയ്താൽ രോഗം ബാധിക്കാൻ സാധ്യതയേറെയാണ്. പൊതുവേയുള്ള മിഥ്യാധാരണയാണ് കണ്ണിലേക്ക് നോക്കിയാൽ രോഗം വരുമെന്നത്. അന്തരീക്ഷത്തിൽനിന്നോ രോഗം ബാധിച്ച ആളുമായുള്ള അടുത്തിടപഴകൽ മൂലമോ ആണ് ചെങ്കണ്ണ് പകരുന്നത്.
കണ്ണിന് ചുവപ്പ്, കണ്ണിൽ പീള അടിയുക, കണ്ണിൽ പൊടി ഉള്ളതു പോലെ തോന്നുക, കണ്ണുനീർ ധാരാളമായി ഒഴുകുക, കണ്ണിൽ നീരുവെക്കുക, കൺപോളകൾക്ക് വീക്കവും തടിപ്പും, വെള്ളത്തിലേക്ക് നോക്കുമ്പോൾ കണ്ണുകളിലെ വേദന, കണ്ണുകളിലെ ചൊറിച്ചിൽ.
ചെങ്കണ്ണ് സാധാരണയായി 5 മുതൽ 7 ദിവസം വരെ നീണ്ട് നിൽക്കാം. രോഗം സങ്കീർണമായാൽ 21 ദിവസം വരെയും നീണ്ടുനിൽക്കുന്നു. ചെങ്കണ്ണ് ബാധിച്ചാൽ ഉടൻ നേത്ര രോഗ വിദഗ്‌ധനെ കാണിച്ച ശേഷം വീട്ടിൽ വിശ്രമിക്കേണ്ടതാണ്. കണ്ണിന് വിശ്രമം നൽകുക എന്നത് തന്നെയാണ് ചെയ്യേണ്ടത്.
വ്യക്തിശുചിത്വം പാലിക്കണം. ചെങ്കണ്ണ് വളരെ പെട്ടെന്ന് പടരാൻ സാധ്യതയുള്ളതിനാൽ കൈകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ചു കഴുകണം. രോഗി പ്രത്യേകം സോപ്പ്, ടവ്വൽ മുതലായവ ഉപയോഗിക്കണം. വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തി ഉണ്ടെങ്കിൽ കുട്ടികൾക്ക് രോഗം പിടിപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുള്ള ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ വേഗത്തിൽ രോഗമുക്തി നേടാം.
വൈറൽ അണുബാധയോ മറ്റെതെങ്കിലും തരത്തിലുള്ള അണുബാധയോ കാരണമാണ് കുഞ്ഞുങ്ങളിൽ ചെങ്കണ്ണ് കാണപ്പെടുന്നത്. കുട്ടികളുടെ കണ്ണിന്റെ വെളുത്ത ഭാഗത്ത് ചെറുതായി ചുവപ്പ് ആണ് ആദ്യം കാണപ്പെടുക. പിന്നീട് കണ്ണ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി കാണാം.
ശുദ്ധമായ തണുത്ത ജലം കൊണ്ട് കുഞ്ഞിന്റെ കണ്ണുകൾ ഇടക്കിടക്ക് കഴുകുക എന്നതാണ് പ്രതിവിധി കൂടാതെ നേത്രരോഗ വിദഗ്ധൻ നിർദേശിക്കുന്ന മരുന്നും ഉപയോഗിക്കണം.
കുഞ്ഞുങ്ങളിലും മുതിർന്നവരിലും ചെങ്കണ്ണ് സംശയം തോന്നിയാൽ ഉടൻ ഡോക്ടറുടെ സേവനം ഉറപ്പാക്കുക. ചെറിയ അശ്രദ്ധ നിങ്ങളുടെ കാഴ്ചയെ പോലും ബാധിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.