കൊല്ലം: പേവിഷബാധമൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. പ്രതിരോധമാണ് പ്രധാനമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. മൃഗങ്ങളുടെ കടിയേറ്റാല്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് എത്രയും വേഗം കഴുകണം.
നായ്ക്കളാണ് പ്രധാന രോഗവാഹകര്‍. പൂച്ച, കുറുക്കന്‍, അണ്ണാന്‍, കുതിര, വവ്വാല്‍ തുടങ്ങിയവയും ഉള്‍പ്പെടും. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന പേവിഷബാധയുടെ വൈറസുകള്‍ മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍, നക്കല്‍ എന്നിവയിലൂടെയാണ് ശരീരത്തിലെത്തുക.
രോഗലക്ഷണങ്ങള്‍
തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദന, തരിപ്പുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വെളിച്ചത്തോടും വായുവിനോടും വെള്ളത്തിനോടും ഭയം പിന്നാലെ പ്രത്യക്ഷമാകും. രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 2-3 മാസം വരെ എടുക്കും. ചിലര്‍ക്ക് നാല് ദിവസത്തിനകവും രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ആറ് വര്‍ഷം വരെ എടുക്കുന്നവയുമുണ്ട്.
പ്രഥമ ശുശ്രൂഷ പ്രധാനം
പച്ച വെള്ളവും സോപ്പും ഉപയോഗിച്ച് കടിയേറ്റ ഭാഗം 10-15 മിനിറ്റ് നന്നായി കഴുകണം. പൈപ്പില്‍നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നതാണ് നല്ലത്. ബെറ്റഡിന്‍ ലോഷന്‍/ഓയിന്‍മെന്റ് ലഭ്യമാണെങ്കില്‍ മുറിവ് കഴുകിയ ശേഷം പുരട്ടാം. മുറിവ് കെട്ടി െവക്കരുത്.
പ്രതിരോധ മാര്‍ഗങ്ങള്‍
രോഗവാഹകരായ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കണം. ആറുമാസം പ്രായമായാല്‍ ആദ്യ കുത്തിവെപ്പ് എടുക്കാം. ഓരോ വര്‍ഷ ഇടവേളയില്‍ തുടരാം. പേവിഷബാധക്ക് ഫലപ്രദമായ ചികിത്സ ഇല്ല. കടിയോ മാന്തലോ പോറലോ ഏറ്റാല്‍ കുത്തിവെപ്പ് അനിവാര്യം.
പട്ടി, പൂച്ച ഇവയെ സ്ഥിരം കൈകാര്യം ചെയ്യുന്നവരും വന്യമൃഗങ്ങളുമായി ഇടപഴകുന്നവരും മുന്‍കൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കണം എന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ല ആശുപത്രി, താലൂക്ക് ആശുപത്രികള്‍, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ ആര്യങ്കാവ്, തഴവ, തെന്മല, അച്ചന്‍കോവില്‍, പാരിപ്പള്ളിയിലും പേവിഷബാധക്കെതിരെയുള്ള വാക്സിൻ ലഭ്യമാണ്.
ജില്ല ആശുപത്രി, കൊട്ടാരക്കര-പുനലൂര്‍-കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികള്‍, പാരിപ്പള്ളി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഇമ്യൂണോ ഗ്ലോബുലിനും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.