അനുഭവിക്കുന്നവന് വലിയ പ്രയാസമില്ലെങ്കിലും സമീപത്തിരിക്കുന്നവർക്കും ഒരേ മുറി പങ്കിടുന്നവർക്കും ഇത്ര അസഹനീയമായൊരു സംഗതി കൂർക്കം വലിയല്ലാതെ മറ്റൊന്നില്ലെന്നു വേണം പറയാൻ. കൂർക്കംവലിയുടെ പേരിൽ പഴി കേൾക്കുന്നവർ നിരവധിയാണ്. കൂർക്കം വലിക്കുന്നവരെ ഉണർത്തി കാര്യം പറഞ്ഞാലും തന്‍റെ ‘കുറ്റം’ സമ്മതിക്കാൻ പലപ്പോഴും കൂർക്കംവലിക്കാർ തയാറാവാറില്ല. കൂർക്കംവലി ഒരു രോഗമല്ലെങ്കിൽകൂടി ദാമ്പത്യ ബന്ധത്തിൽ പോലും അസ്വാരസ്യങ്ങൾക്ക് വഴിവെക്കാവുന്ന വില്ലനാണ്.
മനുഷ്യൻ ഉണ്ടായ കാലം മുതൽക്കു തന്നെ ഉള്ളതാവാം കൂർക്കംവലിയും. ഉറങ്ങുന്ന സമയത്ത് ശ്വാസോച്ഛ്വാസത്തിലുണ്ടാവുന്ന തടസ്സമാണ് കൂർക്കം വലിക്ക് കാരണം. കൂർക്കം വലിക്കുന്ന അസുഖമുള്ളവർ പലപ്പോഴും മറ്റുള്ളവർക്കിടയിൽ ഒരു പരിഹാസപാത്രമാവുന്നതിനും കാരണമാവാറുണ്ട്. ഉറക്കത്തിനിടയിൽ അനുഭവപ്പെടുന്ന ശ്വാസതടസമാണ് പലപ്പോഴും കൂർക്കംവലി ഉണ്ടാക്കുന്നത്. വായുവിന് നേരെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാതാവുന്നതോെടയാണ് കൂർക്കംവലിയുണ്ടാക്കുന്നത്. മലർന്ന് കിടക്കുമ്പോൾ നാവ് തൊണ്ടയിലേക്കിറങ്ങി ശ്വാസത്തിന് തടസ്സം നിൽക്കുന്നതിനാലാണിത്. ഉറങ്ങാനായി ചെരിഞ്ഞ് കിടക്കുന്നത് നാവ് കാരണമുള്ള ശ്വാസതടസത്തെ മറികടക്കാമെന്നതിനാൽ അൽപ സമയത്തേക്കെങ്കിലും കൂർക്കം വലിയുടെ പിടിയിലമരാതിരിക്കാൻ സഹായിക്കും.
പേടിക്കണം, വില്ലനാണ്
നാം കരുതുന്നതുപോലെ കൂർക്കം വലി ഒരു നിസാരക്കാരനല്ല. അത് ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ’ പോലുള്ള ഉറക്ക തകരാറിന്‍റേയോ മറ്റ് ചില രോഗങ്ങളുടെയോ ലക്ഷണമായേക്കാം. കൂർക്കം വലിക്കുന്നവരിൽ ഹൃദയാഘാതം, രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയും പ്രമേഹ സാധ്യതയും കൂടുതലായിരിക്കും. മാത്രമല്ല, നാക്ക് കാരണം തൊണ്ട അടയുന്നതിനാൽ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കാര്യക്ഷമമായി നടക്കാതിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാകും. ഇക്കൂട്ടരിൽ രക്തത്തിന്‍റെ ഓക്സിജൻ സാന്ദ്രത കുറയാനും ഇടയുണ്ട്. അമിതവണ്ണമുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കണ്ടുവരുന്നത്. കൂർക്കം വലിക്കുന്ന സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ്. വ്യായാമം ശീലമാക്കുന്നിലൂടെ തടി കുറയുകയും കൂർക്കംവലിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.
കുട്ടികളുടെ കൂർക്കംവലി
കുട്ടികളിലെ കൂർക്കം വലിയ നിസാരമായി കാണരുത്. രാവിലെ എഴുന്നേൽക്കുമ്പോൾ മടി, കടുത്ത വാശി, ഏകാഗ്രതക്കുറവ് തുടങ്ങിയവ കുട്ടികളിലെ കൂർക്കംവലിയുടെ കാരണങ്ങളാണ്. കൂർക്കം വലിക്കുന്ന കുട്ടികളിൽ കേൾവിക്കുറവ് ഉണ്ടാക്കാം.
ഇവയാകാം കാരണങ്ങൾ
- ജലദോഷവും മൂക്കടപ്പും
- തൊണ്ടയിലെ പേശികൾ അയഞ്ഞ് ദുർബലമാകുന്നത്
- ടോൺസിലൈറ്റിസ്
- ശ്വാസഗതിയിൽ കുറുനാക്ക് തടസ്സമാകുന്നത്
- മൂക്കിന്‍റെ പാലത്തിനുണ്ടാകുന്ന തകരാറുകൾ
കിടത്തത്തിൽ ചില മാറ്റങ്ങൾ
കൂർക്കംവലിക്കുന്ന ശീലമുള്ളവർ തലയിണ ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ ചെരിഞ്ഞ് കിടക്കാനും ശ്രദ്ധിക്കണം. ചെരിഞ്ഞു കിടക്കുന്നത് കൂർക്കംവലി തടയാൻ ഒരു പരിധി വരെ സഹായകരമാണ്.
കിടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ഹൃദയെത്ത ആരോഗ്യത്തോടെ നിലനിർത്തുന്നതിന് വളരെ നല്ലതാണിത്. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കാപ്പി, ചായ, മദ്യം എന്നിവ കുടിക്കരുത്.
മൂക്കിലെയും തൊണ്ടയിലേയും പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന കൂർക്കംവലി ചികിത്സിച്ച് ഭേദമാക്കുകയേ വഴിയുള്ളൂ. ജലദോഷമുണ്ടെങ്കിൽ അത് മാറാനുള്ള മാർഗങ്ങൾ സ്വീകരിച്ചാൽ കൂർക്കംവലി ബുദ്ധിമുട്ടിക്കില്ല.
ചില പൊടിക്കൈകൾ
- വെളുത്തുള്ളി ചതച്ച് വെള്ളത്തിലിട്ട് ആ വെള്ളത്തോടൊപ്പം വെളുത്തുള്ളി വിഴുങ്ങുന്നത് കൂർക്കം വലി കുറയാൻ നല്ലതാണ്. വെളുത്തുള്ളിയുടെ ഉപയോഗം കൂർക്കം വലി കുറക്കാൻ സഹായകമാണെന്നാണ് കണ്ടെത്തൽ.
- പുതിനയില വെള്ളത്തിലിട്ട് പുതിർത്തിയ ശേഷം കുടിക്കുന്നത് ദഹന പ്രശ്നങ്ങളെ പരിഹരിച്ച് നല്ല ഉറക്കം പ്രദാനം ചെയ്യും. കുർക്കം വലിക്ക് തടയിടാൻ ഇത് നല്ലതാണ്.
- കൂർക്കം വലി പിടിച്ചുകെട്ടാനുള്ള മറ്റൊരു മാർഗം ആവി പിടിക്കുകയെന്നതാണ്. മൂക്കടപ്പ് അകറ്റി ശ്വാസോച്ഛാസം ആയാസരഹിതമാക്കുന്നത് വഴി ആവി പിടിക്കൽ കൂർക്കംവലിക്ക് തടയിടും.
- തേനും ഒലിവ് ഓയിലും ചേർത്ത് കിടക്കുന്നതിന് മുമ്പ് കുടിക്കുന്നത് ഫലപ്രദമാണ്.
- അൽപം മഞ്ഞൾ പൊടി പാലിൽ കലർത്തി കഴിക്കുന്നത് കൂർക്കംവലി തടയാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.