സ്വകാര്യ ആശുപത്രികളിലാകട്ടെ സർക്കാർ ആശുപത്രികളിലാകട്ടെ അതിതീവ്ര പരിചരണ വിഭാഗങ്ങളിൽ തിരക്കൊഴിഞ്ഞ് സമയമില്ല. മരണത്തോട് മല്ലിടുന്ന കോവിഡ് രോഗികൾ. ചികിത്സയ്ക്ക് വേണ്ടിയുള്ള നെടുവീർപ്പുകൾ, ദീർഘനിശ്വാസങ്ങൾ, നേർത്ത രോദനങ്ങൾ, ചികിത്സാ സേവനത്തിന് വേണ്ടിയുള്ള പരക്കംപാച്ചിലുകൾ, ഒടുവിൽ ഒരുപക്ഷേ പ്രാർഥനകൾ വിഫലമാകുന്ന ഒരു സമയം. നിശബ്ദത, നിസ്സംഗത. പുറത്തേക്കെടുക്കുന്ന ജീവൻ നിലച്ച ശരീരങ്ങൾ.

കാഷ്വാലിറ്റിയിൽ നിന്ന് ഐ.സി.യുവിലേക്ക് ദൂരം കുറവാണ്. 5-10 ശതമാനം കോവിഡ് രോഗികളും മരിക്കുന്നത് ഐ.സി.യുവിലോ ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽവെച്ചോ ആണെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. അതിവിദഗ്ധ ചികിത്സ വേണ്ട ഇടമാണ് ഇൻറൻസിവ് കെയർ യൂണിറ്റുകൾ (ഐ.സി.യുകൾ). ഈ കോവിഡ് മരണങ്ങൾക്കപ്പുറം ഒന്ന് ചിന്തിക്കേണ്ടതല്ലേ, യഥാർഥത്തിൽ ലഭിക്കേണ്ട അതിവിദഗ്ധ ചികിത്സ കിട്ടുന്നുണ്ടോ എന്ന്. ഐ.സി.യുവിൽ വേണ്ടത്ര ജീവനക്കാരുണ്ടോ, ആര് അന്വേഷിക്കാൻ.... അല്ലേ?

ആരാണ് ഇൻറൻസിവിസ്റ്റ്

പാശ്ചാത്യ നാടുകളിൽ ഒരാളെ ഐ.സി.യുവിലേക്ക് മാറ്റുമ്പോൾ ചോദിക്കുന്ന ചോദ്യമുണ്ട്. ''ഇൻറൻസിവിസ്റ്റ് ഉണ്ടോ?''. ഇവിടെ അങ്ങനെ ഒരു ചോദ്യം ഉയരാത്തത് ആ വിഭാഗക്കാരെ അറിയാത്തതുകൊണ്ടാണ്. ഐ.സി.യുകളിൽ അതിതീവ്ര പരിചരണം ആവശ്യമുള്ള ഒന്നോ അതിലധികം രോഗങ്ങളുള്ളവരെ ചികിത്സിക്കാൻ സ്പെഷലൈസ് ചെയ്ത ഫിസീഷ്യനാണ് ഇൻറൻസിവിസ്റ്റ്. അന്തർദേശീയ മാനദണ്ഡമനുസരിച്ച് ഇൻറൻസിവിസ്റ്റ് ആണ് ഐ.സി.യുകളിലെ മുഖ്യ ഉത്തരവാദിത്തം നിർവഹിക്കുക. എം.ഡി മെഡിസിൻ , പൾമണോളജി, അനസ്തീഷ്യ എന്നിവയിലൊന്നിൽ പഠനം കഴിഞ്ഞ് 1-3 വർഷം തീവ്ര പരിചരണ വിഭാഗത്തിൽ പ്രത്യേക പഠനവും പരിശീലനവും നേടിയവരാണ് ഇൻറൻസിവിസ്റ്റ്. ക്രിട്ടിക്കൽ കെയർ മെഡിസിനിലാണ്​ സ്​പെഷലൈസേഷൻ എന്നതിനാൽ ഓരോ രോഗികൾക്കും വേണ്ട പ്രത്യേക ചികിത്സയിലും പരിചരണത്തിലും ശ്രദ്ധചെലുത്താനും രോഗിയുടെ ഗുരുതരാവസ്ഥ മറികടക്കാനുനുള്ള ചികിത്സ നിർദ്ദേശിക്കാനും ഐ.സി.യു ചുമതലയിലുള്ള ഇൻറൻസിവിസ്റ്റിനാകും. അതായത്​ രോഗിക്ക്​ അസുഖം ഒന്നിലേറെ ഭാഗങ്ങളെയോ അവയവങ്ങളേയൊ ബാധിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട സ്​പെഷലിസ്​റ്റുളോട്​ വിദഗ്​ധ അഭിപ്രായം തേടി അവ ഏകോപിപ്പിച്ച്​ മിനിട്ടുകൾ​ക്കുള്ളിൽ തന്നെ ചികിത്സ ലഭ്യമാക്കുകയയെന്ന വെല്ലുവിളിയും​ ഉത്തരവാദിത്തവുമാണ്​ ഇവർക്ക്​ ഐ.സി.യുകളിൽ നിറവേറ്റാനുള്ളത്​.


െഎ.സി.യുകളുടെ ഇന്ത്യൻ അവസ്ഥ

2.5-3 ലക്ഷം ഐ.സി.യു കിടക്കകൾ ഉള്ള ഇന്ത്യയിൽ ആകെയുള്ളത് 5000 ഇൻറൻസിവിസ്റ്റുകളാണ്.എം.ഡി. മെഡിസിൻ അല്ലെങ്കിൽ അനസ്ത്യഷ്യ ഡോക്ടർ ആണ് ഇന്ത്യയിൽ ഭൂരിഭാഗവും ഐ.സി.യുകളും കൈകാര്യം ചെയ്യുന്നത്. മതിയായ ഇൻറൻസിവിസ്റ്റുകളെ കൂടുതലായി പരിശീലനംനൽകി പുറത്തുകൊണ്ടുവരണമെങ്കിൽ തന്നെ 10 -13 വർഷം വേണ്ടിവരും. ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് അത് പരിഹാരമാവില്ല. ഈ ഐ.സി.യു കിടക്കകൾക്ക് ആനുപാതികമായി ഇൻറർസിവിസ്റ്റുകൾ വരണമെങ്കിൽ ചുരുങ്ങിയത് 20-25 വർഷമെങ്കിലും എടുക്കും.

ഇൻറൻസിവിസ്റ്റുകളുടെ കുറവ് ആരോഗ്യ സംവിധാനത്തിൽ പ്രകടമല്ലായിരുന്നുവെങ്കിലും കോവിഡ് മഹാമാരിയിലാണ് ഐ.സി.യുകളിലെ അനാഥാവസ്ഥ കൂടുതൽ പ്രകടമായതും ഈ തസ്തികയുടെ പ്രസക്തി വർധിച്ചതും. കോവിഡ് ആദ്യഘട്ടത്തിൽ അത്ര പ്രകടമല്ലായിരുന്നെങ്കിലും രണ്ടാം തരംഗത്തിൽ കോവിഡ് മരണങ്ങളും കോവിഡാനന്തര ബലഹീനതകളെത്തുടർന്നുള്ള മരണങ്ങളും ഏറിയതും ഐ.സി.യുകളിലെ രോഗീ പരിചരണത്തിലെ ശ്രദ്ധക്കുറവാണ് എന്ന ആരോപണം ഉയരാനിടയാക്കി. ഈ ചർച്ചകളാണ് ഇനിയും ഐ.സി.യുകളിൽ അതീവശ്രദ്ധ ആവശ്യമാണ് എന്ന നിഗമനത്തിൽ ആരോഗ്യവിദഗ്ധർ എത്താനിടയാക്കിയത്.

ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും വിദഗ്ധരുടെ അഭാവവുമാണ് കോവിഡ് മരണങ്ങൾ കൂടാനുള്ള കാരണം. പൂർണ ഗുണനിലവാരത്തിലുള്ള ഐ.സി.യു പ്രവർത്തിക്കണമെങ്കിൽ ഇൻറൻസിവിസ്റ്റ് കൂടിയേതീരൂവെന്ന മാനദണ്ഡം നഗരപ്രദേശങ്ങളിൽ പോലും അപൂർവം ചിലയിടത്ത് മാത്രമാണ് ഉള്ളത്. ഇൻറൻസിവിസ്റ്റുള്ള ആശുപത്രികളിലെത്തുന്ന രോഗികളിൽ മരണ ശതമാനം കുറവാണെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ആശുപത്രികളിൽ അവശ്യം വേണ്ട വെൻറിലേറ്ററുകൾ പോലും നോക്കുകുത്തിയാണ്. കാരണം അത് ഉപയോഗിക്കാൻ സാങ്കേതിക പരിജ്ഞാനമുള്ള നഴ്സുമാരും ഡോക്ടർമാരും ഇല്ല എന്നതാണ് പ്രധാന കാരണം. ഇൻറൻസിവിസ്റ്റ് ഉണ്ടായിരുന്നെങ്കിൽ അവർ നഴ്സുമാർക്കും ഡോക്ടർമാർക്കും പരിശീലനം നൽകി അത് പ്രവർത്തനക്ഷമമാകുമായിരുന്നു.

ഇൻറൻസിവിസ്റ്റി​െൻറ കുറവ് പരിഹരിക്കാം

കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ കാട്ടിത്തന്ന ഒരു മാതൃകയുണ്ട്. ഇവിടെ സജ്ജമാക്കിയ ടെലി ഐ.സി.യു യൂണിറ്റിന്റെ സഹായത്താൽ കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിലെ കമാൻഡ് സെൻററിൽ ഇരുന്ന് ടെലി മെഡിസിൻ യൂണിറ്റിന്റെ സഹായത്താൽ 24 മണിക്കൂറും രോഗികളെ നിരീക്ഷിക്കുവാനും ചികിത്സ നിർദ്ദേശിക്കുവാനും വിദഗ്ധർക്ക് സാധിക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ടെലി -ഐ.സി.യു സംവിധാനമായിരുന്നു കഴിഞ്ഞ വർഷം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ വിജയകരമായി സജ്ജീകരിച്ചത്. ടെലി ഐ.സി.യു സംവിധാനത്തിലെ വിദഗ്ധ ചികിത്സ, സാങ്കേതികവിദ്യ എന്നീ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കിയതാകട്ടെ, കോഴിക്കോടിലെ ഒരു സ്വകാര്യ ആശുപത്രിയും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. എങ്ങനെയായിരുന്നു സംവിധാനം എന്ന് അന്വേഷിക്കു മ്പോഴാണ് 'ക്ലൗഡ് ഫിസീഷ്യൻസ്' എന്ന ആരോഗ്യമേഖലയിലെ പുതുമേഖലയെപ്പറ്റി മനസ്സിലാക്കിയത്. ദൂരസ്ഥലങ്ങളിലെ ഐ.സി.യു. സ്പെഷലൈസ്ഡ് ഫിസീഷ്യൻസ് അഥവാ ഇന്റൻസിവിസ്റ്റുകളെ ആരോഗ്യമേഖലയിലെ പുതുസംവിധാനങ്ങൾ വഴി നമ്മുടെ ആശുപത്രികളിൽ ഉപയോഗപ്പെടുത്തുന്ന സംവിധാനമാണിത്. ഇത്തരം ചികിത്സ നിർദേശം നൽകുന്ന വിദഗ്ധരാണ് ക്ലൗഡ് ഫിസീഷ്യൻസ്.


ക്ലൗഡ് ഫിസീഷ്യൻസ്: മറയത്തെ അപ്പോത്തിക്കരി

കോവിഡ് പോലുള്ള മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഗ്രാമപ്രദേശങ്ങളിൽ പോലുമെത്തുന്ന പ്രത്യേകിച്ചും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണവും വൈദഗ്ധ്യവും ആശുപത്രികളിൽ ലഭ്യമാകുക എന്നതാണ് ക്ലൗഡ് ഫിസിഷ്യൻ ലക്ഷ്യമിടുന്നത്. അങ്ങനെ ചെയ്യുമ്പോൾ, വീഡിയോ നിരീക്ഷണം, തത്സമയ 24x7 ടെലി സാന്നിധ്യം, ഡാറ്റ അപ്ലോഡ് ക്ലിനിക്കൽ പിന്തുണ എന്നിവ നൽകാൻ തദ്ദേശീയമായി ആവിഷ്കരിച്ച പ്ലാറ്റ്ഫോമാണ് ക്ലൗഡ് ഫിസിഷ്യൻ ഹെൽത്ത്കെയറിന്റെത്. രോഗികൾക്ക് ലോകോത്തര പരിചരണം നൽകുന്നതിന് ഉയർന്ന പരിശീലനം ലഭിച്ച പരിചയസമ്പന്നരായ ക്ലിനിക്കൽ ടീമിന്റെ സഹായത്താലാണ് ആരോഗ്യസേവനം സാധ്യമാകുന്നതെന്ന് ക്ലൗഡ് ഫിസീഷ്യൻസ് ഹെൽത്ത്കെയർ ഡയറക്ടർ ഡോ. ദീലീപ് രാമൻ വ്യക്തമാക്കുന്നു.

ഹോസ്പിറ്റൽ ഐ.സി.യുവുകളിൽ ഹാർഡ്വെയർ ഇൻസ്റ്റാൾ ചെയ്ത് ഫിസീഷ്യൻ സേവനം ലഭ്യമാകുന്ന കമാൻഡ് സെൻററുമായി ബന്ധിപ്പിക്കുന്നു. ബെഡ്സൈഡ് മോണിറ്ററിനെ കണക്ട് ചെയ്ത് ക്യാമറയും ഉണ്ടാകും. മുഴുവൻ സമയ നിരീക്ഷണവും ആരോഗ്യ പരിശോധനയും കൃത്യമായി വിലയിരുത്തി നിർദ്ദേശവും റിപ്പോർട്ടും നൽകിയാണ് ക്ലൗഡ് ഫിസീഷ്യൻ ടീം പ്രവർത്തിക്കുന്നത്.

സേവനവും സാങ്കേതിക വിദ്യയും ക്ലൗഡ് ഫിസീഷ്യൻ, ആശുപത്രികൾക്ക് നൽകിവരുന്നുണ്ട്. സാങ്കേതികവിദ്യ മാത്രമായോ, വിദഗ്ധരുടെ സേവനം മാത്രമായോ ഉപയോഗപ്പെടുത്താം. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ സംവിധാനങ്ങളുമായി കൈകോർക്കാൻ സമ്മതമാണെന്ന് ക്ലൗഡ് ഫിസീഷ്യൻ ഹൈൽത്ത് കെയർ അധികൃതർ പറയുന്നു. ബംഗളുരു ആസ്ഥാനമാക്കിയ ക്ലൗഡ് ഫിസിഷ്യൻസ് ഹെൽത്ത് കെയറിലെ 100 ജീവനക്കാരിൽ 60 ശതമാനവും ക്ലിനിക്കൽ ജീവനക്കാരാണ്.ഇന്ത്യയിലെമ്പാടും 350 ഐ.സി.യു കിടക്കകൾ ഈ സ്ഥാപനത്തിെൻറ മേൽനോട്ടത്തിലുണ്ട്.13 സംസ്ഥാനങ്ങളിലായി 30 ആശുപത്രികൾ. ലേ ലഡാക്കിലെ എസ്.എൻ.എം. ഹോസ്പിറ്റൽ, കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളും ഈ പട്ടികയിലുണ്ട്.

"ഒരു ഐ.സി.യു. ഫിസീഷ്യന് പരമാവധി 15 രോഗികളെ കൃത്യമായി നിരീക്ഷണ വിധേയമാക്കി ചികിത്സ നിർദ്ദേശിക്കാമെങ്കിൽ ക്ലൗഡ് ഫിസീഷ്യന് 50-65 പേരെ കൈകാര്യം ചെയ്യാനാകും. ആശുപത്രികളിൽ ഒരു രോഗിയുടെ ഫയൽ എടുക്കാൻ പത്തോ പതിനഞ്ചോ മിനിട്ട് എടുക്കുമെങ്കിൽ ക്ലൗഡ് ഫിസീഷ്യൻസി​െൻറ ഭാഗമായ ഹോസ്പിറ്റൽ ഐ.സി.യുവിൽ ഒരൊറ്റ ക്ലിക്കിൽ ഡിജിറ്റൽ ഡാറ്റ ലഭ്യമാകും.

ഈ മഹാമാരിയും കടന്നുപോകും

മെഡിക്കൽ രംഗത്ത്​ സാ​ങ്കേതിക വിദ്യ സൃഷ്​ടിച്ച പുരോഗതി ഉൾകൊണ്ടുമാത്രമേ ഇനി ആരോഗ്യരംഗം മുന്നോട്ടുപോകു. ആർട്ടിഫിഷ്യൽ ഇൻറലിജൻസും മെഷീൻ ലേണിങും ആശുപത്രിയിലൂെട അവിഭാജ്യഘടകമാകുന്ന കാലം വിദൂരമല്ല. ആ അനിവാര്യത ഉൾകൊള്ളാൻ ​ആതുരശുശ്രൂഷ രംഗവും പൊതുസമൂഹവും തയാറാകുകയാണ്​ വേണ്ടതെന്ന് ആതുരശുശ്രൂഷ രംഗത്ത്​ സാ​ങ്കേതിക വിദ്യയുടെ പുതുപാഠങ്ങൾ സംസ്​ഥാനത്തിന്​ പരിചയപ്പെടുത്തിയ ടെക്​ ക്വസ്റ്റ് ഇന്നവേഷൻസ് ചീഫ് മെഡിക്കൽ ഡയറക്ടറും പ്രമുഖ ആരോഗ്യ വിദഗ്ദ്ധനുമായ ഡോ. പി. മോഹനകൃഷ്ണൻ വ്യക്തമാക്കി. കേരളത്തിലെ ആദ്യ ടെലി ഐ.സി.യു, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ സജ്ജമാക്കുന്നതിൽ നേതൃപരമായ പങ്ക്​ വഹിച്ചയാളാണ്​ ഡോ. മോഹനകൃഷ്​ണൻ. താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ചികിത്സ മേഖലകളിൽ ശാസ്ത്രപുരോഗതി മുന്നോട്ട് വെയ്ക്കുന്ന ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഉപയോഗപ്പെടുത്തിയാൽ ഈ കോവിഡ്​ കാലത്ത് മരണക്കയത്തിലെത്താതെ വലിയ ഭാഗം ജനതയെ ജീവിതത്തിലേക്ക് പിടിച്ചുകരകയറ്റാൻ പര്യാപ്തമായേക്കും. അതുതന്നെയല്ലേ ഒരു ജനകീയ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നതും.

Tags:    
News Summary - Status of ICUs in Indian Hospitals and need of Intensivist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.