മണവും രുചിയും നഷ്ടപ്പെടുന്നത് കോവിഡ് ലക്ഷണമാകാം

ന്യൂഡൽഹി: മണവും രുചിയും പെട്ടെന്ന് നഷ്ടമാകൽ കോവിഡ്-19 ബാധയുടെ ലക്ഷണമാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകർക്കായി പുറത്തിറക്കിയ പരിഷ്കരിച്ച മാർഗരേഖയിലാണ് മണവും രുചിയും നഷ്ടമാകുന്നതിനെ കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽപെടുത്തിയത്. 

പനി, ചുമ, ക്ഷീണം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, തൊണ്ടവേദന, വയറിളക്കം, എക്സ്പെക്റ്റൊറേഷൻ, മയാൽജിയ, റിനോറിയ തുടങ്ങിയവയാണ് കോവിഡിന്‍റെ മറ്റ് ലക്ഷണങ്ങളായി പറയുന്നത്. 

കോവിഡ് ബാധിച്ച വ്യക്തി ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറപ്പെടുവിക്കുന്ന സ്രവകണങ്ങളിലൂടെയാണ് പ്രധാനമായും കോവിഡ് പകരുന്നതെന്ന് മാർഗരേഖയിൽ പറയുന്നു. നിലത്ത് പതിക്കുന്ന ഈ കണങ്ങളിലും വൈറസ് സജീവമായി തുടരാൻ സാധ്യതയുണ്ട്. ഈ പ്രതലത്തിൽ മറ്റൊരാൾ തൊടുകയും ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുകയും ചെയ്താലും കോവിഡ് പകരാം. 

60 വയസിനു മുകളിലുള്ളവരാണ് ഏറെ ഭീഷണി നേരിടുന്നത്. പ്രമേഹം, ഹൈപർടെൻഷൻ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവരും ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. 

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിൽ പടർന്നുപിടിച്ച് ലോകത്താകെ വ്യാപിച്ച കോവിഡ്-19 ഇതുവരെ നാല് ലക്ഷത്തിലേറെ പേർക്കാണ് ജീവഹാനി വരുത്തിയത്. 77 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇന്ത്യയിൽ മൂന്ന് ലക്ഷത്തിലേറെയാണ് കോവിഡ് രോഗികൾ. മരണം 9000ത്തോട് അടുക്കുകയാണ്. 

Tags:    
News Summary - Sudden Loss Of Smell And Taste Symptoms Of Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.