കൊച്ചി: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരം സുശാന്ത് സിങ് രജ്പുത് ആകസ്മികമായി ജീവിതം അവസാനിപ്പിച്ചതിെൻറ ഞെട്ടലിലാണ് പ്രേക്ഷകലോകം. ചെറുപ്പത്തിലേ താരശോഭയിൽ തിളങ്ങിയ ഈ പ്രതിഭയുടെ ആത്മഹത്യക്കു പിന്നിൽ വിഷാദരോഗമാണെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ താരത്തിന് ആദരാഞ്ജലി അർപ്പിച്ച് ഞായറാഴ്ച സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പോസ്റ്റുകൾക്കൊപ്പം തന്നെ, മാനസിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും നിരവധി പേർ എഴുതുന്നു.
തെൻറ 16ാം വയസ്സിൽ മരിച്ച അമ്മയെക്കുറിച്ചാണ് താരം അവസാനമായി ഇൻസ്റ്റഗ്രാമിൽ നൊമ്പരം നിറഞ്ഞ അക്ഷരങ്ങൾ കുറിക്കുന്നത്. അദ്ദേഹത്തിെൻറ അവസാനമായി പുറത്തിറങ്ങിയ 'ചിച്ചോരെ' എന്ന ഹിറ്റ് ചിത്രം ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ലെന്നുറക്കെ പറയുന്നതായിട്ടുപോലും അതേ വഴിയിലൂടെ സുശാന്ത് നടന്നുമറഞ്ഞതിെൻറ വിങ്ങലിലാണ് ആരാധകർ.
മരണവാർത്ത വന്നതിനു പിന്നാലെ വിഷാദരോഗത്തിനും ആത്മഹത്യ പ്രവണതക്കും കൗൺസലിങ്ങും ചികിത്സയും തേടേണ്ടതിെൻറ അനിവാര്യതയെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ആർ.ഐ.പി സുശാന്ത് എന്ന ഹാഷ് ടാഗിനൊപ്പം തന്നെ ഡിപ്രഷൻ കിൽസ്, മെൻറൽ ഹെൽത്ത് മാറ്റേഴ്സ് എന്നിവയും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം നിറയുന്നു. താൻ അനുഭവിക്കുന്ന വിഷാദത്തെക്കുറിച്ചും അതിനു ചികിത്സ തേടിയതിനെക്കുറിച്ചും തുറന്നു പറഞ്ഞ് എഴുത്തുകാരി കൂടിയായ ഡോ. ഷിംന അസീസ് തന്നെ ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. ആത്മഹത്യ പ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണെന്ന് അവർ പറയുന്നു. വിഷാദരോഗം എന്നത് ഒരപൂർവതയല്ല. ആത്മഹത്യ ചെയ്യാൻ തോന്നുന്നുണ്ടെന്ന് അടുപ്പമുള്ള ആരോടെങ്കിലും തുറന്നു പറയേണ്ടത് അത്യാവശ്യമാണെന്നും മറ്റുള്ളവരെ കേൾക്കാൻ നാം തയാറാകണമെന്നും ഷിംനയുടെ കുറിപ്പിലുണ്ട്. തങ്ങൾ വിഷാദത്തിലകപ്പെട്ടതും അതിജീവിച്ചതുമായ അനുഭവങ്ങൾ പങ്കുവെച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
ഉപദേശം മരുന്നാകില്ല
തിരിച്ചറിയപ്പെടാത്ത പോകുന്ന ഒരു ആരോഗ്യപ്രശ്നമാണ് വിഷാദരോഗം. രണ്ടാഴ്ച മിക്കവാറും എല്ലാ ദിവസവും വല്ലാത്ത വിഷാദം തോന്നുകയും പ്രത്യാശ നഷ്ടമാകുകയും നേരേത്ത ആഹ്ലാദം നൽകിയ യാതൊന്നിലും ഒരു സന്തോഷവും തോന്നാതിരിക്കുകയും ചെയ്യുമ്പോൾ വിഷാദരോഗ സാധ്യത പരിഗണിക്കണം.
ഇതിെൻറയൊക്കെ പ്രതിഫലനം വ്യക്തിയുടെ പെരുമാറ്റത്തിൽ നിഴലിക്കും. ഒപ്പമുള്ളവർക്കു ഇതൊക്കെ മനസ്സിലായാലും നിസ്സാരമെന്ന് കരുതി അവഗണിക്കും, എന്തെങ്കിലും ഉപദേശം നൽകി അവസാനിപ്പിക്കും. വിഷാദരോഗത്തിലെ ആത്മഹത്യ സാധ്യത 15 ശതമാനമാണ്. ഉപദേശമല്ല ചികിത്സയാണ് വിഷാദരോഗത്തിനു വേണ്ടത്. ഔഷധങ്ങളും മനഃശാസ്ത്ര ഇടപെടലുകളും ഒക്കെ ചേരുന്ന പ്രതിവിധികളിലൂടെ നിയന്ത്രണ വിധേയമാക്കാവുന്നതാണിത്.
\ഡോ. സി.ജെ. ജോൺ,
മാനസിക ആരോഗ്യ വിദഗ്ധൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.