മധ്യവയസ്സിനോട് അടുത്ത പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് വീക്കം (ബിനൈൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ) അല്ലെങ്കില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരിൽ മൂത്രസഞ്ചിയുടെ താഴ്ഭാഗത്ത് മൂത്രനാളിക്ക് ചുറ്റുമായി കാണപ്പെടുന്നതാണ് പ്രോസ്റ്റേറ്റ്ഗ്രന്ഥി. മലാശയത്തിനു തൊട്ടുമുന്നിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ശുക്ല ഉൽപാദനത്തെ സഹായിക്കുക, ബീജങ്ങൾക്ക് പോഷണം നൽകുക എന്നിവയാണ് ഈ ഗ്രന്ഥിയുടെ പ്രധാന ധർമം. സാധാരണ 45 വയസ്സിന് മുകളിലുള്ളവരിലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കവും അനുബന്ധ രോഗങ്ങളും വ്യാപകമായി കാണപ്പെടുന്നത്. ഈ പ്രായത്തില്‍ പ്രോസ്റ്റേറ്റ്ഗ്രന്ഥി വലുതാവുകയും ഫലമായി മൂത്രതടസ്സം അനുഭവപ്പെടുകയും ചെയ്യും. പ്രായംകൂടുന്നതിനനുസരിച്ച് ഈ പ്രവണത വർധിക്കുന്നു. ശരീരത്തിലെ പുരുഷ ഹോർമോൺ അളവ് വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് പ്രോസ്റ്റേറ്റ്ഗ്രന്ഥിയുടെ വലുപ്പവും കൂടും.
രോഗം ബാധിച്ചവരിൽ മൂത്രമൊഴിക്കുമ്പോൾ പലതരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടും. ഏറെനാൾകൊണ്ട് ക്രമേണ ഉണ്ടാകുന്ന അസ്വസ്ഥതകൾ പ്രോസ്റ്റേറ്റ്ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണമായി കണക്കാക്കാം. എന്നാൽ, വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുകയും വലിയ അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്താൽ പ്രോസ്റ്റേറ്റ് കാൻസർ പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.
ലക്ഷണങ്ങൾ
മൂത്രം പുറത്തേക്കു വരാൻ കൂടുതൽ സമയമെടുക്കുക, അൽപാൽപമായി മാത്രം പുറത്തു വരുക, കുറഞ്ഞ അളവ് മൂത്രംപോലും പല തവണകളായി പുറത്തു വരുക, മൂത്രമൊഴിച്ചു കഴിഞ്ഞാലും വീണ്ടും ശങ്കതോന്നുക തുടങ്ങിയവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. എന്നാൽ, ചിലരിൽ ബ്ലാഡറിലുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം മൂത്രശങ്ക നിയന്ത്രിക്കാൻ സാധിക്കാതെ വരുക, കുറഞ്ഞ സമയത്തിനുള്ളിൽ പതിവിലധികം തവണ മൂത്രമൊഴിക്കുക, രാത്രി സമയങ്ങളിൽ കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടതായി വരുക, അടിവയറ്റിലും നടുവിന്റെ കീഴ്ഭാഗത്തും വേദന തുടങ്ങിയ പ്രയാസങ്ങൾ അനുഭവപ്പെടാം.
രോഗാവസ്ഥ ഗുരുതരമായവരിൽ, അറിയാതെ മൂത്രം പുറത്തുവരുന്ന അവസ്ഥയുമുണ്ടാകും. അടിവയർ വേദന, മൂത്രത്തിൽ പഴുപ്പ്, മൂത്രമൊഴിക്കുമ്പോൾ രക്തം പുറത്തുവരുക, കാലിലും മുഖത്തും നീര് എന്നിവയും ഗുരുതരാവസ്ഥയിലെത്തിയവരിൽ കാണപ്പെടുന്ന ലക്ഷണങ്ങളാണ്. എല്ലാ രോഗികളിലും എല്ലാ ലക്ഷണങ്ങളും അനുഭവപ്പെടണമെന്നില്ല. തുടക്കത്തിൽ കണ്ടുവരുന്ന സൂചനകളെ അവഗണിക്കുന്നത് കൂടുതൽ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാം.
നേരിട്ടുള്ള ശരീര പരിശോധനയിലൂടെയും മൂത്രം, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെയും പ്രോസ്റ്റേറ്റ്ഗ്രന്ഥിയുടെ വീക്കം തിരിച്ചറിയാനാകും. കൂടുതൽ വ്യക്തത ലഭിക്കാൻ സ്കാനിങ് രീതിയാണ് തിരഞ്ഞെടുക്കുന്നത്. ഇതുവഴി പ്രോസ്റ്റേറ്റ്ഗ്രന്ഥിയുടെ വീക്കം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ചുരുക്കം ചിലരിൽ എൻഡോസ്കോപ്പി പോലുള്ള പരിശോധനകളും ആവശ്യമായിവരാറുണ്ട്.
പ്രാരംഭഘട്ടത്തിൽ മരുന്നു കഴിച്ചുതന്നെ പ്രോസ്റ്റേറ്റ്ഗ്രന്ഥി വീക്കം മാറ്റിയെടുക്കാൻ സാധിക്കും. പ്രോസ്റ്റേറ്റ്ഗ്രന്ഥി വീക്കം കുറച്ചുകൊണ്ട് മൂത്രനാളിയിലൂടെ സുഗമമായ ഒഴുക്ക് സാധ്യമാക്കുന്നതാണ് ആദ്യഘട്ട ചികിത്സ. എന്നാൽ, രോഗാവസ്ഥ ഗുരുതരമായാൽ വിവിധ രീതിയിലുള്ള സർജറികളെ ആശ്രയിക്കുക മാത്രമാണ് പരിഹാരം. മധ്യവയസ്സ് കടന്നവരിൽ മൂത്രസംബന്ധമായ പ്രയാസങ്ങൾ അനുഭവപ്പെടുന്നുവെങ്കിൽ തീർച്ചയായും പ്രോസ്റ്റേറ്റ്ഗ്രന്ഥി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്. രോഗം കണ്ടെത്താൻ വൈകുന്നത് അവസ്ഥ ഗുരുതരമാകുന്നതിനും വഴിവെക്കും.
പ്രോസ്റ്റേറ്റ്ഗ്രന്ഥി അണുബാധ ഏത് പ്രായത്തിലുള്ള പുരുഷന്മാരിലും ബാധിക്കാം. സുരക്ഷിതമല്ലാത്തതും അസാധാരണവുമായ ലൈംഗികബന്ധത്തിലൂടെയും മലദ്വാരത്തിൽനിന്നുള്ള അണുബാധമൂലവും പ്രോസ്റ്റേറ്റ്ഗ്രന്ഥിയില് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ചവരിൽ അടിവയർ വേദന, നടുവേദന തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
പ്രോസ്റ്റേറ്റ്ഗ്രന്ഥിയെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ അവസ്ഥയാണ് പ്രോസ്റ്റേറ്റ് കാൻസർ. പല കാരണങ്ങൾകൊണ്ട് പുരുഷ ഹോർമോൺ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെയും അവിടെയുള്ള കാൻസർ കോശങ്ങളെയും ഉദ്ദീപിപ്പിക്കുന്നതാണ് പ്രോസ്റ്റേറ്റ് കാൻസർ എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്. പ്രോസ്റ്റേറ്റ് വീക്കം അനുഭവിക്കുന്നവരിൽ കണ്ടുവരുന്ന സമാന ലക്ഷണങ്ങൾതന്നെയാണ് കാൻസർ ബാധിച്ചവരിലും പ്രാരംഭഘട്ടത്തിൽ അനുഭവപ്പെടുക.
റെഡ്മീറ്റ്, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എന്നിവ അമിതമായി കഴിക്കുന്നതും വ്യായാമമില്ലാത്ത ജീവിതശൈലിയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾക്ക് സാധ്യത വർധിപ്പിക്കും. ലക്ഷണങ്ങൾ തിരിച്ചറിയുകയും എത്രയും വേഗം ചികിത്സ ഉറപ്പാക്കുകയുമാണ് ഈ രോഗാവസ്ഥകളിൽനിന്ന് രക്ഷനേടാനുള്ള ഏറ്റവും മികച്ച മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.