അമ്മയുടെ സ്നേഹം ആദ്യം മുലപ്പാലായാണ് കുഞ്ഞിലെത്തുന്നത്. ജനിച്ച് ആറുമാസംവരെ കുഞ്ഞിെൻറ സമ്പൂർണ ആഹാരമാണ് മുലപ്പാൽ. ഉദ്യോഗസ്ഥരായ സ്ത്രീകൾ ഒരുപാടുള്ള കേരളത്തിൽ ആറുമാസത്തിനുശേഷം, ചിലപ്പോൾ അതിനും മുമ്പുതന്നെ, മുലയൂട്ടൽ താൽക്കാലികമായി നിർത്തിെവച്ച് അമ്മക്ക് ജോലിക്കുപോകേണ്ടി വന്നേക്കാം. കുഞ്ഞിനു വേണ്ട അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, ലാക്ടോസ്, വിറ്റമിനുകൾ, ധാതുക്കൾ, ലവണങ്ങൾ, എൻസൈമുകൾ മുതലായവ ഉചിതമായ അളവിലും ദഹിക്കാൻ എളുപ്പമുള്ള രൂപത്തിലും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. അണുകുടുംബമായി ജീവിക്കുന്ന ദമ്പതിമാർക്ക് മുലയൂട്ടലിൽ ബോധവത്കരണം ഇന്ന് അനിവാര്യമാണ്. ഗർഭിണി ആയിരിക്കുമ്പോൾതന്നെ മുലകൊടുക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തണം.
മുന്നൊരുക്കങ്ങൾ
അമ്മമാർ സ്വന്തം മാറിടം പരിശോധിക്കണം (Breast self examination). സ്ഥിരമായി പരിശോധിക്കുന്ന സ്ത്രീരോഗ വിദഗ്ധക്ക് നിങ്ങളെ സഹായിക്കാനാകും. മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന അവസ്ഥ ഒരു സിറിഞ്ച് ഉപയോഗിച്ച് പ്രത്യേകരീതിയിൽ പുറത്തേക്കു വലിച്ചാൽ പ്രസവമാവുമ്പോഴേക്കും സാധാരണനിലയിലാവും. അല്ലെങ്കിൽ മുലയൂട്ടൽ തുടങ്ങുമ്പോഴേക്കും ഇത് കൂടുകയും കുഞ്ഞിന് വേണ്ടത്ര പാൽ ലഭിക്കാതെ വരുകയും ചെയ്യും.
മുലയൂട്ടാൻ തുടങ്ങാം
സാധാരണ പ്രസവത്തിനുശേഷം 30 മിനിറ്റിനുള്ളിലും സിസേറിയനുശേഷം ഒരു മണിക്കൂറിനുള്ളിലും മുലയൂട്ടാൻ തുടങ്ങാം. കുട്ടി ജനിച്ചുകഴിഞ്ഞ ഉടന് മുലയില് ഊറുന്ന പാലിന് കൊളസ്ട്രം എന്നാണ് പറയുന്നത്. ആദ്യ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ചുരത്തുന്ന നേരിയമഞ്ഞ നിറമുള ദ്രാവകമാണിത്. ഇത് ആദ്യത്തെ ദിവസം 40-50 മി.ലിറ്റർ വരെയാണ് (ആ ദിവസങ്ങളിൽ കുഞ്ഞിന് അത്രയേ ആവശ്യമുള്ളൂ). ഇത് നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ പോഷകം നല്കുന്നതിനൊപ്പം രോഗങ്ങളില്നിന്ന് സംരക്ഷിക്കുകയും ഭാവിയിൽ രോഗപ്രതിരോധ ശേഷി നല്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, കുഞ്ഞിന് തീർച്ചയായും കൊളസ്ട്രം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പാലില്ലെന്ന ആവലാതി വേണ്ട
കുഞ്ഞിനു പാലില്ലെന്ന് അമ്മയുടെ ആവലാതി തൊണ്ണൂറു ശതമാനവും മാനസികംതന്നെയാണ്. അതുകൊണ്ട് അമ്മയുടെ കൂടെ നിൽക്കുന്നവർക്ക് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാം. ചുറ്റുംനിന്ന് പാലില്ല എന്ന് പറയുമ്പോൾ അമ്മയും മാനസികമായി ഈ അഭിപ്രായത്തോട് യോജിച്ചുപോവും. അമ്മക്ക് വെള്ളവും പോഷക സമ്പന്നമായ ആഹാരവും നൽകാം. കുഞ്ഞിെൻറ വളർച്ചക്കും ബുദ്ധി വികാസത്തിനും മുലപ്പാലിനോളം മറ്റൊന്നുമില്ലെന്ന തോന്നൽ ഉണ്ടാവുന്നത് അമ്മക്ക് പ്രോത്സാഹനമാവും.
കുഞ്ഞിനെ പിടിക്കുന്ന രീതിയും പ്രധാനം
അമ്മ നിവർന്നിരുന്ന് അല്ലെങ്കിൽ ചാരിയിരുന്നാണ് പാലു കൊടുക്കേണ്ടത്. കുഞ്ഞിെൻറ തലയും ഉടലും നേർരേഖയിൽ വരത്തക്കവിധം വേണം കുഞ്ഞിനെ പിടിക്കാൻ. കുഞ്ഞിനെ ചേർത്തുപിടിക്കുകയും ശരീരം പൂർണമായും താങ്ങിനിർത്തുകയും വേണം. അതുപോലെ കുഞ്ഞിെൻറ മുഖം സ്തനത്തോടു ചേർന്നിരിക്കണം. ജനിച്ച കുഞ്ഞിെൻറ കണ്ണുകളുടെ ഘടനപ്രകാരം മാറിൽനിന്ന് അമ്മയുടെ മുഖം വരെയുള്ള അകലത്തിലുള്ള (ഏതാണ്ട് 25 സെ.മി) വസ്തുക്കളാണ് അവർക്ക് ഏറ്റവും വ്യക്തമായി കാണാൻ കഴിയുക. അങ്ങനെ അമ്മയെമാത്രം കണ്ടുകൊണ്ടാണ് അവർ പാൽ കുടിക്കുക. അമ്മയുടെ മുലക്കണ്ണും ചുറ്റുമുള്ള കറുപ്പു ഭാഗവും മുഴുവൻ കുഞ്ഞിെൻറ വായിലായിരിക്കണം. കുഞ്ഞിെൻറ കീഴ്ത്താടി മുലയിൽ തട്ടിയിരിക്കണം. അതുപോലെ കുഞ്ഞിെൻറ വായ് നന്നായി തുറന്നിരിക്കുകയും കീഴ് ചുണ്ട് പുറേത്തക്ക് തുറന്നിരിക്കുകയും വേണം. കുഞ്ഞിെൻറ വായ്ക്കു മുകളിലാണ് കൂടുതൽ മുലക്കറുപ്പ് കാണേണ്ടത്. അതായത്:
Tummy to tummy, Chest to chest
Chin to breast, Baby to mother
And not mother to the baby.
മുലപ്പാലിനുമുമ്പ് മറ്റൊന്നും വേണ്ട
കൃത്രിമമായി ഉണ്ടാക്കുന്ന പൊടികൾ കലക്കിക്കൊടുക്കാനുള്ള പ്രവണത പലർക്കുമുണ്ട്. അത്രയും സമയം അമ്മ വിശ്രമിക്കട്ടെ എന്നാവും ചിന്ത. കുഞ്ഞ് കുടിക്കുന്തോറും മാത്രമേ പാൽ ഉണ്ടാവൂ എന്ന വാസ്തവം മനസ്സിലാക്കണം. അമ്മയുടെ ശരീരത്തിലെ രണ്ട് ഹോർമോണുകളാണ് മുലപ്പാലുണ്ടാകാനും ചുരത്താനും സഹായകമാകുന്നത്-; പ്രൊലാക്ടിൻ, ഓക്സിടോസിൻ. ഇതിൽ പ്രൊലാക്ടിൻ പാലുൽപാദനത്തിനും ഓക്സിടോസിൻ പാൽചുരത്തുന്നതിനും സഹായിക്കുന്നു. ഈ രണ്ട് ഹോർമോണുകളും അമ്മയുടെ തലച്ചോറിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. കുഞ്ഞ് പാൽ കുടിക്കുന്നത് മാറിൽനിന്നാണെങ്കിലും, ആദ്യം പാൽ ചുരത്തുന്നത് അമ്മയുടെ മനസ്സിലാണ്. കുഞ്ഞിെൻറ സ്പർശം, കരച്ചിൽ, മണം, എന്തിന് ജോലിസ്ഥലത്തിരിക്കുന്ന അമ്മക്ക് കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകൾവരെ രക്തത്തിൽ ഓക്സിടോസിെൻറ അളവുകൂട്ടി മുലപ്പാൽ ചുരത്തുന്നു. ആദ്യ ദിവസത്തിനുശേഷം ഓരോ ദിവസവും മുലപ്പാൽ കൂടിക്കൂടിവരും. അതുകൊണ്ടുമാത്രം വളർച്ച സാധ്യമാവും.
കുഞ്ഞ് മുല വലിച്ചുകുടിച്ചില്ലെങ്കിൽ, പ്രൊലാക്ടിനും ഉണ്ടാവുകയില്ല. ഇതാണ് കൂടക്കൂെടയുള്ള മുലയൂട്ടലിെൻറ ആവശ്യം. പാൽ ഉൽപാദനത്തിൽ പ്രധാനമായ പ്രൊലാക്ടിൻ ഹോർമോൺ ഏറ്റവും അധികം ഉൽപാദിപ്പിക്കപ്പെടുന്നത് രാത്രി സമയത്തായതിനാൽ ആദ്യത്തെ ഒന്നോ രണ്ടോ മാസത്തിലെങ്കിലും രാത്രിയിൽ ഒന്നുരണ്ടുതവണ മുലയൂട്ടുന്നത് പാൽ ചുരത്താൻ സഹായിക്കും. പൊടി കലക്കാനുള്ള പാത്രം കഴുകൽ, തിളപ്പിക്കൽ എന്നീ കാര്യങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല. മുലപ്പാൽ പ്രകൃത്യാ അണുമുക്തമാെണന്നുമാത്രമല്ല, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ആൻറിബോഡികളും മറ്റു പ്രതിരോധ ഘടകങ്ങളും കുഞ്ഞിന് ലഭിക്കുന്ന ആദ്യ പ്രതിരോധ ആയുധംതന്നെയാണ്. മുലപ്പാലിനു മുമ്പ് മറ്റൊന്നും കുട്ടിക്ക് കൊടുക്കാതിരിക്കുക.
മികച്ച പ്രതിരോധശേഷി
മുലപ്പാൽകുഞ്ഞിനെ അണുബാധകളിൽനിന്ന് സംരക്ഷിക്കുന്നു. മുലപ്പാൽ കുടിച്ച്വളരുന്ന കുട്ടികളിൽ ആദ്യവർഷം വയറിളക്കം, ന്യൂമോണിയ, ചെവിയിൽ പഴുപ്പ് തുടങ്ങിയ അസുഖങ്ങൾ ഗണ്യമായി കുറവായിരിക്കും. ആറുമാസം കഴിഞ്ഞാൽ കുഞ്ഞിെൻറ വളർച്ചക്ക് അതുമാത്രം തികയാതെവരും. പിന്നീട് മുലപ്പാലിെൻറ അളവ് കുറഞ്ഞുകുറഞ്ഞുവരും. കുഞ്ഞിന് ഒരുവയസ്സുവരെ പശുവിൻപാൽ നൽകരുത്. മുലയൂട്ടി വളർത്തിയ കുഞ്ഞുങ്ങളിൽ ഭാവിയിൽ പ്രമേഹം, ഹൃദ്രോഗം, തൊലിപ്പുറത്തുള്ള അലർജി (എക്സിമ), ആസ്ത്മ, മറ്റ് അലർജികൾ എന്നിവ വരാനുള്ള സാധ്യതകൾ താരതമ്യേന കുറവാണ്. അവർ നല്ല ബുദ്ധിശക്തിയുള്ളവരായതിനാൽ പഠനത്തിൽ മികവ് കാഴ്ചവെക്കും.
എത്ര തവണ നൽകണം?
ഒരു ദിവസം എട്ടു മുതൽ 10 പ്രാവശ്യംവരെ രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് പാൽ കൊടുക്കാം. ജനിച്ച് ഏതാനും ദിവസത്തേക്ക് കുഞ്ഞിെൻറ തൂക്കം കുറയുക സ്വാഭാവികമാണ്. ഏതാണ്ട് ഏഴു മുതൽ 10 ദിവസത്തിനുള്ളിൽ ജനനഭാരത്തിൽ തിരിച്ചെത്തും. അന്നു തുടങ്ങി മൂന്നുമാസം വരെ, ദിവസം 15 മുതൽ 20 ഗ്രാം വരെയെങ്കിലും ശരീരഭാരം വർധിക്കും. 45 ദിവസത്തെ കുത്തിെവപ്പിന് വരുമ്പോൾ ജനന സമയത്തേതിൽനിന്നു തൂക്കം ഏതാണ്ട് ഒരു കിലോ കൂടിയിട്ടുണ്ടാവും. നാലു മാസത്തോടെ തൂക്കം ജനന ഭാരത്തിെൻറ ഇരട്ടിയാകും. കുഞ്ഞ് പാൽ കുടിച്ചുതുടങ്ങുമ്പോൾ, മുലയിൽനിന്ന് ആദ്യം ചുരത്തുന്ന പാലിന് ഫോർമിൽക്ക് എന്നുപറയുന്നു. ഇതിൽ ഏറെയും വെള്ളമാണ് (കുഞ്ഞിെൻറ ദാഹം ശമിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം). പിന്നാലെ ചുരന്നുവരുന്നത് ഹൈൻഡ്മിൽക്ക് (hindmilk). ഇതിൽ ഏറെ കൊഴുപ്പും പോഷകങ്ങളുമായതുകൊണ്ടു കുഞ്ഞിെൻറ വിശപ്പുമാറാൻ ഉതകും. കുഞ്ഞിന് തൂക്കം കൂട്ടുന്നതും പ്രധാനമായും ഹൈൻഡ്മിൽക് ആണ്. അടിക്കടി മുലകൾ മാറ്റി പാൽകൊടുത്താൽ, കുഞ്ഞ് ദാഹംതീർക്കുന്ന ഫോർമിൽക് മാത്രം കുടിച്ചു ഉറങ്ങും. വിശപ്പുമാറാത്തതുകൊണ്ട്, പെട്ടെന്ന് എഴുന്നേറ്റ് കരച്ചിൽതുടങ്ങും. അമ്മ മുലയൂട്ടിക്കൊണ്ടേയിരിക്കേണ്ട അവസ്ഥ വരും. ഒരു മുലയിൽനിന്ന് ചുരത്തുന്ന പാൽ മുഴുവൻ ഒരുസമയം കുഞ്ഞിന് കൊടുക്കണം. ഒരു മുലയിലെ പാൽ തീർന്നതിനുശേഷമേ മറ്റേ മുലയിലേക്ക് മാറ്റാവൂ. ഇങ്ങനെ ഒരു മുലയിലെ പാൽ മുഴുവൻകുടിച്ചുതീർക്കാൻ ആരോഗ്യവാനായ ഒരു കുഞ്ഞിന് അഞ്ചു മുതൽ 10 മിനിറ്റുവരെ മതിയാകും. 20 മിനിറ്റിൽ കൂടുതൽ ഒരു തവണ മുലയൂേട്ടണ്ട ആവശ്യമില്ല.
അമ്മയ്ക്ക് സ്വകാര്യത വേണം
വേദന, മാനസിക സമ്മർദങ്ങൾ തുടങ്ങിയവ വിപരീതമായി ബാധിക്കുകയും അതുമൂലം സ്തനങ്ങളിൽ നിറഞ്ഞിരിക്കുന്ന പാൽ വേണ്ടപോലെ ചുരത്താൻപറ്റാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമ്മയുടെ സ്വകാര്യതയുടെ പ്രസക്തി വർധിക്കുന്നത്. പൊതുസ്ഥലങ്ങളിലോ ആൾക്കൂട്ടത്തിനിടയിലോ ഇരിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠ കാരണം വേണ്ടരീതിയിൽ പാൽ ചുരത്താൻ പറ്റാതെപോകുന്നു. അമ്മയെ അനാവശ്യമായി കുറ്റപ്പെടുത്തുക, ആവശ്യത്തിന് ഉറക്കം കിട്ടാതിരിക്കുക എന്നിവയൊക്കെ പാൽ ചുരത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട്, പാലൂട്ടുന്ന അമ്മമാരെ പരമാവധി സ്നേഹിക്കുകയും പരിചരിക്കുകയും അവർക്ക് ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം.
അമ്മക്കുമുണ്ട് ഗുണം
മുലയൂട്ടുന്നതു വഴി അമ്മക്കും നിരവധി ഗുണമുണ്ട്. പ്രസവാനന്തരമുള്ള രക്തസ്രാവവും അതുമൂലമുണ്ടാകുന്ന വിളർച്ചയും മുലയൂട്ടുന്ന അമ്മമാരിൽ കുറവായിരിക്കും. കുഞ്ഞിന് സമ്പൂർണമായി മുലയൂട്ടുന്ന സമയം അണ്ഡവിസർജനം നടക്കാത്തതുകൊണ്ട് ഗർഭധാരണത്തിനുള്ള സാധ്യത കുറവാണ്. മുലയൂട്ടുന്ന സ്ത്രീകളിൽ ബ്രസ്റ്റ് കാൻസറിനുള്ള സാധ്യത കുറവാണ്.
മുലപ്പാൽ നൽകാൻ പാടില്ല
കുഞ്ഞിന് മുലപ്പാലിലെ ഘടകങ്ങൾ ദഹിപ്പിക്കാൻ കഴിയാത്ത ചില ജനിതക വൈകല്യങ്ങൾ (Congenital lactose intolerance, Galactosemia etc ഇവ വളരെ അപൂർവമാണ്) ഉള്ളപ്പോൾ, അതുപോലെ അമ്മ അർബുദത്തിനെതിരെയുള്ള മരുന്നുകളോ ചില മാനസിക വൈകല്യങ്ങൾക്ക് നൽകുന്ന ലിഥിയം പോലുള്ള മരുന്നുകളോ മെത്തിമസോൾ, കാർബിമ സോൾ തുടങ്ങിയ ആൻറി തൈറോയിഡ് മരുന്നുകളോ കഴിക്കുന്ന അവസരങ്ങളിൽ കുഞ്ഞിന് മുലപ്പാൽ നൽകാൻ പാടില്ല. അങ്ങനെയുള്ള അവസരങ്ങളിലാണ് മുലപ്പാൽ ബാങ്കിെൻറ പ്രസക്തി. അമ്മയില്ലാത്ത കുഞ്ഞിന് എങ്ങനെ മുലപ്പാൽ ലഭ്യമാക്കും എന്ന ആശങ്കയിൽനിന്നാവാം ഇങ്ങനെ ഒരാശയം രൂപപ്പെട്ടത്. രാജ്യത്തെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഡൽഹിയിലെ ലേഡിഹാർ ഡിഞ്ച് മെഡിക്കൽ കോളജിലാണ് സ്ഥാപിച്ചത്.
മുലപ്പാലിനുവേണ്ടി എ.ടി.എം
പോഷകാഹാരക്കുറവുമായി കുട്ടികൾ ജനിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുലപ്പാൽ ബാങ്കുമായി പുതുച്ചേരി ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) തുടങ്ങിെവച്ച സംവിധാനമാണിത്. മാസം തികയാതെ ജനിക്കുന്ന കുട്ടികൾ ഏറിയതോടെയാണ് ഇൗ സംവിധാനം. ‘അമുദം തായ് പാൽ മെയ്യാം’ എന്നതിെൻറ ചുരുക്കെഴുത്താണ് എ.ടി.എം എന്നപേരിൽ സ്വാംശീകരിച്ചിട്ടുള്ളത്. മുലപ്പാലുമായി ബന്ധപ്പെട്ട് അമ്മമാർക്ക് ഇവിടെ കൗൺസലിങ്ങും നൽകും. ജിപ്മെറിൽ മാസം തോറും പിറക്കുന്ന 1500 ശിശുക്കളിൽ 30 ശതമാനവും ഭാരക്കുറവോടെയും മാസം തികയാതെയുമാണ് പിറക്കുന്നത്.ആറുമാസത്തേക്കെങ്കിലും മുലപ്പാൽ ശക്തമായി നൽകണമെന്നിരിക്കെ മതിയായ രീതിയിൽ മുലപ്പാൽ കിട്ടാത്ത സാഹചര്യമുണ്ടായാൽ പാസ്ചൈറസ് ചെയ്ത മുലപ്പാൽ നൽകണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ചെങ്കണ്ണിന് മരുന്നായി മുലപ്പാൽ ഒഴിക്കുന്ന രീതിയുണ്ട്, ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. കൂടാതെ, കണ്ണിൽ മുലപ്പാൽ ഒഴിക്കുന്നതുമൂലം അണുബാധ കൂടി കാഴ്ചശക്തിവരെ നഷ്ടപ്പെടാം. ആൻറിബയോട്ടിക് തുള്ളിമരുന്നുകൾക്ക് തുല്യമാവില്ല മുലപ്പാൽ.
തയാറാക്കിയത്: ഡോ. സ്മിത മേനോൻ
അസിസ്റ്റൻറ് സർജൻ,
കമ്യൂണിറ്റി ഹെൽത്ത് സെൻറർ
ബേഡകം, കാസർകോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.