എന്താണ് അൽഷിമേഴ്‌സ്? ഓർമ്മകുറവിനെ അകറ്റി നിർത്താം...

മെമ്മറി അഥവാ ഓര്‍മ്മയും മറ്റ് പ്രധാനപ്പെട്ട മാനസിക പ്രവര്‍ത്തനങ്ങളും കാലക്രമേണ നശിപ്പിക്കുന്ന രോഗമാണ് അൾഷിമേഴ്‌സ് അഥവാ സ്മൃതി നാശം. ഇത് രോഗികളില്‍ ആശയക്കുഴപ്പം, സ്വഭാവമാറ്റം, മറവി, ബുദ്ധിശക്തി, സാമൂഹിക കഴിവുകള്‍ എന്നിവ നഷ്ടപ്പെടുത്തും. വാര്‍ദ്ധക്യസഹജമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അൾഷിമേഴ്‌സ്.

ഇന്ത്യയില് ‍തന്നെ നാലു ദശലക്ഷത്തിലധികം പേര്‍ രോഗബാധിതരാണെന്ന് കണക്കുകള്‍ പറയുന്നു. ലോകമെമ്പാടുമുള്ള 44 ദശലക്ഷം ജനങ്ങളെയയാണ് ഈ രോഗം പിടികൂടിയിരിക്കുന്നത്. തലച്ചോറില്‍ ഉണ്ടാകുന്ന ചില തകരാറുകള്‍ (പ്ലാക്‌സ് ആൻഡ് ടാങ്കിള്‍സ്) ഈ രോഗവുമാ യി ബന്ധമുണ്ടെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

അൾഷിമേഴ്സിന് നാലു ഘട്ടങ്ങളുണ്ട്


1. പ്രീ ഡിമെൻഷ്യ

പ്രീ ഡിമെന്‍ഷ്യ എന്ന് വിളിക്കുന്ന ആദ്യകാലത്തെ ലക്ഷണങ്ങള്‍ പലപ്പോഴും വാര്‍ദ്ധക്യം മൂലമോ ജീവിത സമ്മര്‍ദ്ദം മൂലമോ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഓര്‍മ്മശക്തിക്കുറവും അടുത്ത കാലത്തായി മനസ്സിലാക്കി യ കാര്യങ്ങള്‍ മറന്നു പോവുന്നതും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടും സങ്കീര്‍ണമായ ചില ദൈനംദിന കാര്യങ്ങളെ ബാധിച്ചേക്കാം. വളരെ പ്രകടമല്ലെങ്കിലും ശ്രദ്ധ, ആസൂത്രണം, ചിന്ത, ഓര്‍മ്മശക്തി എന്നിവയില്‍ ചെറിയ പിഴവ ുകള്‍ കാണപ്പെടാം.

2. ഡിമെന്‍ഷ്യ


രണ്ടാമത്തെ ഘട്ടത്തിലെത്തുമ്പോഴേക്കും കാര്യങ്ങള്‍ ഗ്രഹിക്കുന് നതിലും ഓര്‍മ്മശക്തിയിലുമുള്ള പ്രശ്‌നങ്ങള്‍ പ്രകടമായി പുറത്തുവരാം. ചുരുക്കം ചിലരില്‍ ഭാഷ, കാഴ്ചപ്പാടുകള്‍, ശര ീരചലനങ്ങള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ ഓര്‍മ്മക്കുറവിനെക്കാള്‍ പ്രകടമായി കാണാം. ഒരാളുടെ പഴയകാല ഓര്‍മ്മകള്‍, പ ഠിച്ച വസ്തുതകള്‍, ദൈനംദിന കാര്യങ്ങള്‍ ചെയ്യാനുള്ള അറിവ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയതായി ഗ്രഹി ച്ച കാര്യങ്ങള്‍ ഓര്‍മ്മിക്കുതിലാണ് ഈ ഘട്ടത്തിലെ രോഗികളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്ന് കണ്ടിത് തിയിട്ടുണ്ട്. പദസമ്പത്തില്‍ വരുന്ന കുറവ് സംസാര ഭാഷയിലും എഴുത്തിലും പ്രകടമാവാം. എന്നാല്‍ അടിസ്ഥാനപരമായ കാര്യങ ്ങള്‍ വലിയ പ്രയാസം കൂടാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ രോഗികള്‍ക്ക് കഴിഞ്ഞേക്കാം.

3. ഡിമെൻഷ്യ അടുത്ത ഘട്ടം


സാവധാനത്തില്‍ രോഗിയുടെ നില വഷളാവുകയും ദൈനംദിനകാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെ യ്യുതാണ് ഡിമെന്‍ഷ്യ എന്ന അടുത്ത ഘട്ടം. വാക്കുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ സംസാരിക്കാനുള്ള വ ൈഷമ്യം ഈ ഘട്ടത്തില്‍ വളരെ പ്രകടമായി കാണാം. എഴുതാനും വായിക്കാനുമുള്ള കഴിവ് ക്രമേണ നഷ്ടപ്പെടും. വീഴ്ചയ്ക്കുള്ള സാധ്യത കൂടുതലായി കാണപ്പെടു ഈ ഘട്ടത്തില്‍ അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവും. അലഞ് ഞുതിരിഞ്ഞ് നടക്കല്‍, പെട്ടെന്ന് ദേഷ്യംവരല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രകടമാവുന്നു.

4.ഡിമെന്‍ഷ്യ നാലാം ഘട്ടം


മൂര്‍ദ്ധന്യഘട്ടത്തിലെത്തുന്ന നാലാമത്തെ ഘട്ടമാവുന്നതോടെ രോഗിക്ക്് പരിപൂര്‍ണമായ പരിചരണമില്ലാതെ ജീവിക്കാന്‍ സാദ്ധ്യമല്ലാത്ത അവസ്ഥ വരുന്നു. ഭാഷയുപയോഗിച്ചുള്ള ആശയവിനിമയം ഒറ്റ വാക്കുകളിലോ ചെറിയ വാചകങ്ങളിലോ ഒതുങ്ങുകയും അവസാനം തീരെ ഇല്ലാതാവുകയും ചെയ്യുന്നു. പേശികള്‍ ശോഷിക്കുകയും നടക്കാനോ സ്വന്തമായി ഭക്ഷണം കഴിക്കാനോ ഉള്ള ശേഷിയും നഷ്ടപ്പെടുന്നു. ന്യൂമോണിയയോ അള്‍സറുകളോ പോലെയുള്ള മറ്റ് അസുഖങ്ങളാലാണ് രോഗിയുടെ അന്ത്യം പലപ്പോഴും സംഭവിക്കുത്.

പ്രിഡിമെന്‍ഷ്യ ഇപ്പോള്‍ മൈനര്‍ ന്യൂറോ കൊഗ്നിറ്റീവ് ഡിസോര്‍ഡറെന്നും ഡിമന്‍ഷ്യയും മറ്റ് ഘട്ടങ്ങളും മേജര്‍ ന്യൂറോ കൊഗ്നിറ്റീവ് ഡിസോര്‍ഡറെന്നും അറിയപ്പെടുന്നു.

രോഗ കാരണങ്ങള്‍


അല്‍ഷിമേഴ്‌സ് രോഗത്തിന്‍റെ കാരണം ഇതുവരെ പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ല. എങ്കിലും രോഗം പ്രത്യക്ഷപ്പെടാന്‍ പല കാരണങ്ങളുമുണ്ട്: പ്രായം 60 വയസിനു ശേഷം ഓരോ ദശകത്തിലും രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്.

  • അമിതവണ്ണം
  • പുകവലി
  • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
  • ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവല്‍
  • പ്രമേഹം
  • ഹൃദയസംബന്ധമായ രോഗങ്ങള്‍. തലച്ചോറിലേക്ക് രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. അതുകൊണ്ട് ഹൃദ്രോഗത്തിന് കാരണമാകുന്ന രോഗങ്ങളെല്ലാം അല്‍ഷിമേഴ്‌സിന്‍റെ സാധ്യത കൂട്ടും.
  • മസ്തിഷ്‌കാഘാതം. തലച്ചോറിനുണ്ടാകുന്ന ആഘാതങ്ങള്‍ അല്‍ഷിമേഴ്‌സിനു വഴിതെളിക്കും.
  • ജനിതക വ്യതിയാനം. അപൂര്‍വ ജനിതക മാറ്റമുള്ള ആളുകളില്‍ ഈ രോഗം 60 വയസ്സിനു മുമ്പ് പ്രത്യക്ഷപ്പെടാം.
  • സ്ത്രീകളില്‍ ഈ രോഗം പുരുഷന്മാരിലുള്ളതിനേക്കാള്‍ കൂടുതലായി കണ്ടുവരുന്നു

ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടുക:

1. ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തു ഓര്‍മ്മക്കുറവുകള്‍.


ആദ്യഘട്ടത്തില്‍ അതായത് അള്‍ഷിമേഴ്‌സ് ബാധിക്കുന്ന സമയത്തുള്ള പ്രധാന സൂചനയാണ് അടുത്തിടെ നടന്ന കാര്യങ്ങള്‍ മറന്നു പോകുന്നത്. പ്രധാനപ്പെട്ട വിവരങ്ങള്‍, സംഭവങ്ങള്‍ എന്നിവ മറക്കുക, ചോദ്യങ്ങള്‍ ആവര്‍ത്തിക്കുക, ഓര്‍മ്മക്കുറവിനെ മറികടക്കാനുള്ള ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിക്കുക എന്നിവ. പല കാര്യങ്ങള്‍ക്കും കുടുംബാംഗങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ സൂചനയാണ്. അള്‍ഷിമേഴ്‌സിന്‍റെ ലക്ഷണമായിട്ടല്ലാതെ പ്രായം കൂടുന്നതിന്‍റെ ഭാഗമായി ചില ആളുകള്‍ പേരുകളും മറ്റുള്ളവരുമായി ഇടപഴകുന്നതുമെല്ലാം മറക്കുന്നു. എന്നാല്‍ പിന്നീടത് അവര്‍ ഓര്‍ത്തെടുക്കുന്നതായി കാണപ്പെടുന്നു.

2. ആസൂത്രണം ചെയ്യാനും പ്രശ്‌നപരിഹാരത്തിനുമുള്ള വെല്ലുവിളികള്‍.


ഈ രോഗികളിലെ പ്രധാന പ്രശ്‌നം അവര്‍ക്ക് ആസൂത്രണം ചെയ്യുന്നതിനനുസരിച്ച് ജീവിതം മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല എന്നതാണ്. അവര്‍ ഓരോ മാസവും ചെയ്യുന്ന കാര്യങ്ങള്‍ അതായത് ഉദാഹരത്തിന് ഇലക്ട്രിസിറ്റി ബില്‍ അടക്കുന്നതുള്‍പ്പെടെ ചെയ്യാന്‍ സാധിക്കാതെ വരുന്നു. ഇവര്‍ക്ക് മുമ്പ് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും അതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു.

3. സുപരിചിതമായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള ബുദ്ധിമുട്ടുകള്‍.


ദൈനംദിനകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ അള്‍ഷിമേഴ്‌സ് രോഗികള്‍ ഒരുപാട് ബദ്ധിമുട്ടുന്നു. ഇവര്‍ക്ക് വീട്ടുസാധനങ്ങള്‍ വാങ്ങിക്കാനും സ്ഥിരം സന്ദര്‍ശിക്കുന്ന സ്ഥലത്തേക്ക് വാഹനമോടിക്കാന്‍ സാധിക്കാതെ വരിക, കാണാന്‍ ഇഷ്ടമുള്ള ഗെയിംസിന്‍റെ നിയമങ്ങള്‍ മറന്നു പോകുക എന്നിവയെല്ലാം അനുഭവപ്പെടും. പ്രായം ചെന്നവരിൽ ചിലപ്പോള്‍ ടിവി ഉപയോഗിക്കാനോ മൈക്രോവേവ് ഓവന്‍ ഉപയോഗിക്കാനോ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതായും കാണപ്പെടുന്നു.

4. സമയവും സ്ഥലവും തമ്മില്‍ ആശയക്കുഴപ്പമുണ്ടാകുന്നു.


അള്‍ഷിമേഴ്‌സ് രോഗികള്‍ക്ക് ഏത് ദിവസമാണെന്നോ, സമയമേതെന്നോ, കാലാവസ്ഥയോ തിരിച്ചറിയാന്‍ സാധിക്കില്ല. പ്രായാധിക്യമുള്ള ആളുകള്‍ക്ക് പലപ്പോഴും ആഴ്ചയിലെ ഏത് ദിവസമാണെന്നുപോലും തിരിച്ചറിയാന്‍ സാധിക്കാറില്ല.

5. കാഴ്ചയെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കാനാവില്ല.


കാഴ്ചയിലെ ബുദ്ധിമുട്ട് അള്‍ഷിമേഴ്‌സ് രോഗികളുടെ പ്രധാന പ്രശ്‌നമാണ്. ചില സമയങ്ങളില്‍ ദൂരം അളക്കാനും നിറങ്ങള്‍ തിരിച്ചറിയാനും സാധിക്കില്ല. അതുകൊണ്ട് വാഹനമോടിക്കാനും ബുദ്ധിമുട്ടുന്നു. തിമിരം മൂലം കാഴ്ചയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യവും ഉണ്ട്.

6. എഴുതുമ്പോഴും സംസാരിക്കുമ്പോഴും വാക്കുകളില്‍ പൊരുത്തക്കേട്.


ഇവര്‍ക്ക് ഒരു വാചകം മുഴുവനാക്കാനോ വാക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനോ സാധിക്കില്ല. സംഭാഷണം മുറിഞ്ഞുപോവുകയും എങ്ങനെ തുടരണമെന്നറിയാതെ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയും ചെയ്യും. ഇവര്‍ക്ക് പദാവലികള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടും. കൂടാതെ പരിചയമുള്ള സാധനങ്ങള്‍ പോലും വേറെ പേരുകളിലാണ് ഇവര്‍ വിളിക്കുക. അള്‍ഷിമേഴ്‌സില്ലാതെ തന്നെ വയോധികർ യഥാര്‍ത്ഥ പേര് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കാറുണ്ട്.

7. സാധനങ്ങള്‍ നഷ്ടപ്പെടുകയോ മറന്നു വെക്കുകയോ ചെയ്യുക.


അള്‍ഷിമേഴ്‌സ് രോഗികള്‍ക്ക്് സാധനങ്ങള്‍ യഥാര്‍ത്ഥ സ്ഥലത്ത് വെക്കാന്‍ പറ്റാത്തതുകൊണ്ട് അത് ഓര്‍ത്തെടുത്ത് കണ്ടുപിടിക്കാനും കഴിയില്ല. പ്രായം കൂടുതിന്‍റെ ഭാഗമായും ഇങ്ങിനെ സംഭവിക്കാറുണ്ട്. എന്നാല്‍ അത്തരക്കാർക്ക് പിന്നീട് അത് ഒാര്‍ത്തെടുക്കാന്‍ സാധിക്കാറുണ്ട്.

8. കാര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവ് നഷ്ടപ്പെടുന്നു.


അള്‍ഷിമേഴ്‌സ് രോഗികള്‍ക്ക്് ഒരു കാര്യം വിലയിരുത്താനോ തീരുമാനമെടുക്കാനോ ഉള്ള കഴിവ് കുറഞ്ഞ് വരുന്നു. ഉദാഹരണത്തിന് ഒരുങ്ങുന്നതുള്‍പ്പെടെ സ്വന്തം കാര്യങ്ങള്‍ ചെയ്യാനും പണമിടപാടുകള്‍ നടത്താനും ബുദ്ധിമുട്ടനുഭവപ്പെടുന്നു.

9. സാമൂഹികപരമായ കാര്യങ്ങളില്‍നിന്നും ജോലിയില്‍ നിന്നുമുള്ള പിന്‍വലിയല്‍.


അള്‍ഷിമേഴ്‌സ് രോഗികള്‍ മറ്റൊരാളുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോള്‍ മുഴുവനാക്കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നത് കൊണ്ട് സാമൂഹികകാര്യങ്ങളില്‍നിന്നും വിനോദങ്ങളിൽനിന്നും മറ്റെല്ലാ ഇടപഴകലുകളില്‍ നിന്നും പിന്‍വലിയുന്നു. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ അവരുടെ ഇഷ്ട സൗഹൃദങ്ങള്‍ വരെ നഷ്ടപ്പെടുന്നു.

10. മാനസികാവസ്ഥയിലും വ്യക്തിത്വത്തിലും മാറ്റം.


അള്‍ഷിമേഴ്‌സ് രോഗികള്‍ കുടുംബക്കാര്‍ക്കൊപ്പമാണെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പമാണെങ്കിലും പെട്ടെന്ന് അസ്വസ്ഥരാകാറുണ്ട്.

രോഗനിര്‍ണയം:

അല്‍ഷിമേഴ്‌സ് രോഗം ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ ഒരു പ്രത്യേക പരിശോധനയും നിലവില്‍ ഇല്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗനിര്‍ണയം നടത്തുന്നത്. ചില വിറ്റാമിന്‍ കുറവുകളും തൈറോയ്ഡ് രോഗങ്ങളും കാരണം ഇത്തരം രോഗലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.

ഇമേജിങ്ങ്

എം.ആർ.ഐ സ്‌കാനുകള്‍ വഴി തലച്ചോറിന്‍റെ ഘടന മനസ്സിലാക്കാനും കോശങ്ങള്‍ നശിച്ചുപോകുന്നതും തലച്ചോര്‍ ചുരുങ്ങിപ്പോകുന്നതും ഇതുവഴി സ്ഥീരീകരിക്കാന്‍ കഴിയും. പെറ്റ് സ്‌കാന്‍ പോലെയുള്ള ആധുനിക സ്‌കാനുകള്‍ ചില രോഗികള്‍ക്ക് നടത്തേണ്ടി വേക്കാം.

ചികിത്സ

അല്‍ഷിമേഴ്‌സിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലെങ്കിലും ഇതിന്‍റെ ലക്ഷണങ്ങളെ നമുക്ക് ചികിത്സിക്കാം. ഓര്‍മ്മശക്തി പെട്ടെന്ന് നഷ്ടപ്പെടാതിരിക്കാനുള്ള ചില മരുന്നുകള്‍ ലഭ്യമാണ്. അതുപോലെ സ്വഭാവ വൈകല്യങ്ങളെ നമുക്ക് മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കും. എന്നാൽ ഇതിനൊക്കെ പരിമിതികളുമുണ്ട്.

ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളും അല്‍ഷിമേഴ്‌സിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിത ഭാരം, പ്രമേഹം ഇവയൊക്കെ നിയന്ത്രിക്കുന്നത് മൂലം ഹൃദ്രോഗത്തെയും അല്‍ഷിമേഴ്‌സിന്‍റെ സാധ്യതയെയും അകറ്റിനിര്‍ത്താം. കൂടാതെ ശാരീരികമായും മാനസികമായും നിങ്ങളുടെ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നത് അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കും എന്നും അറിയുക.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സെന്‍റര്‍ ഫോര്‍ ന്യൂറോ സയന്‍സസ് കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ് ആണ് ലേഖകൻ)

Tags:    
News Summary - World Alzheimer's Day 2019 -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.