ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തിെൻറ പ്രമേയം ‘പുകയിലയുടെ ഉപയോഗത്തില്‍നിന്നും പുകയില വ്യവസായശൃംഖലയുടെ ചൂഷണങ്ങളില്‍നിന്നും യുവജനങ്ങളെ സംരക്ഷിക്കുക’ എന്നതാണ്.
പുകവലിമൂലം ഓരോ വര്‍ഷവും ലോകത്ത് 80 ലക്ഷം ആളുകൾ മരിക്കുന്നു. ശ്വാസകോശ കാന്‍സറിെൻറ 80 ശതമാനവും പുകവലിമൂലമാണ്. സ്ഥിരമായി പുകവലിക്കുന്നവരിൽ കാണപ്പെടുന്ന വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കിതപ്പ് എന്നിവ സി.ഒ.പി.ഡി യുടെ (ക്രോണിക് ഒബ്‌സ്ട്രക്റ്റിവ് പള്‍മനറി ഡിസീസ്) ലക്ഷണങ്ങളാകാം. പുകവലി തുടരുകയും ശരിയായ ചികിത്സ തേടുകയും ചെയ്യാതിരുന്നാൽ ദൈനംദിന കാര്യങ്ങളിൽപോലും കിതപ്പ് അനുഭവപ്പെടുകയും ക്രമേണ ഓക്‌സിജൻപോലും ആവശ്യമായി വരുകയും ചെയ്യാവുന്ന അസുഖമാണിത്. ആസ്ത്മ തുടങ്ങിയ അസുഖങ്ങളും നിയന്ത്രിക്കാൻ ബുദ്ധിമുട്ടേറെ. ഹൃദ്രോഗസാധ്യതയും കൂടും.
സിഗരറ്റ് എരിയുന്നതില്‍നിന്നു വരുന്ന പുകയും പുകവലിക്കുന്നയാൾ പുറത്തേക്ക് തള്ളുന്ന പുകയും ഉള്‍പ്പെടുന്ന ‘സെക്കൻഡ്ഹാൻഡ് സ്മോക്’, പുകവലിക്കുന്ന ആളുടെ സമീപത്ത് നില്‍ക്കുന്ന ആള്‍ക്കാരിൽ പ്രത്യേകിച്ച് കുട്ടികളിലും ഗര്‍ഭിണികളിലും പുകവലിയുടെ എല്ലാ ദോഷങ്ങളും ഉണ്ടാക്കാൻ കെൽപുള്ളതാണ്. ഈ പുക ശ്വസിച്ച് ഒരു വര്‍ഷം 10 ലക്ഷം ആള്‍ക്കാർ മരിക്കുന്നു. വീട്ടിലിരുന്ന് പുകവലിക്കുമ്പോൾ പുകയും അതിലടങ്ങിയിരിക്കുന്ന കെമിക്കലുകളും കാര്‍പറ്റ്, ഭിത്തി, കളിപ്പാട്ടങ്ങള്‍, തുണി, ഗൃഹോപകരണങ്ങൾ എന്നിവയിൽ വന്നടിയുന്നു. ഇതാണ് ‘തേഡ് ഹാൻഡ് സ്മോക്’. ഇലക്ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) പുകയില്ലെങ്കിലും അതിൽനിന്നു വരുന്ന സൂക്ഷ്മകണങ്ങൾ ശ്വസിക്കുന്നതിലൂടെ വിനാശകരമായ രാസപദാർഥങ്ങൾ മനുഷ്യശരീരത്തിൽ എത്തുന്നുണ്ട്.
ഇന്ന് ലോകജനതയെ മുഴുവനും ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊറോണ വൈറസ് പുകവലിക്കാരിൽ കൂടുതൽ തീവ്രമായ രോഗലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് ന്യൂമോണിയയായി മാറാൻ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പുകവലി ഉപേക്ഷിക്കുക ഈ ശീലത്തിന് അടിമപ്പെട്ട ഏതൊരാള്‍ക്കും സ്വീകരിക്കാവുന്ന ആരോഗ്യപരമായ തീരുമാനമാണ്. പ്രായമോ, ഈ ശീലത്തിെൻറ കാലപ്പഴക്കമോ ഒന്നും അതിന് വിലങ്ങു തടിയല്ല. പുകവലിയുടെ ദോഷവശങ്ങൾ തിരിച്ചറിഞ്ഞ് ഈ ശീലം ഉപേക്ഷിക്കാനുള്ള ആഗ്രഹവും നിശ്ചയവും അവനവനിൽതന്നെ ഉണ്ടാവുന്നതാണ് രക്ഷനേടാനുള്ള ആദ്യപടി. അതിന് സഹായിക്കുന്ന ക്ലാസുകളും കൗൺസലിങ് സെഷനുകളും ലഭ്യമാണ്.
സ്ഥിരമായി പുകവലിക്കുന്നവർ പെട്ടെന്ന് പുകവലി നിര്‍ത്തുമ്പോൾ ചെറിയ തോതിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടും. തലവേദന, വിയര്‍പ്പ്, ഉറക്കക്കുറവ്, ദേഷ്യം, അധികവിശപ്പ് എന്നിവയാണ് അവയിൽ ചിലത്. അതുകൊണ്ട് സിഗരറ്റ്വലിയുടെ എണ്ണം ഘട്ടംഘട്ടമായി കുറക്കുന്നതാണ് അഭികാമ്യം. മാത്രമല്ല, മേൽപറഞ്ഞ ലക്ഷണങ്ങൾ ക്രമേണ കുറയുകയും ഇല്ലാതാവുകയും ചെയ്യും.
പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍, ച്യൂയിംഗം, ദേഹത്ത് ഒട്ടിക്കുന്ന പാച്ചുകൾ തുടങ്ങിയവയിലൂടെ ശരീരത്തിൽ എത്തിക്കുന്ന ചികിത്സാരീതിയാണ് നിക്കോട്ടിൻ റീപ്ലേസ്മെൻറ്. പുകവലി നിര്‍ത്തുമ്പോള്‍, അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാനും വീണ്ടും വീണ്ടും പുകവലിക്കണം എന്ന തോന്നൽ ഉണ്ടാകാതിരിക്കാനും ഈ ചികിത്സാരീതി സഹായകമാണ്. ഇത് വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിതകാലയളവിലേക്ക് മാത്രമേ അവലംബിക്കാവൂ. ഈ ചികിത്സാരീതി 75 ശതമാനത്തോളം വിജയകരമാണ്.
പുകവലി എന്ന ദുശ്ശീലത്തില്‍നിന്ന് സ്വയം രക്ഷനേടാനും ദൂരവ്യാപകമായ വിപത്തുകളില്‍നിന്നു കുടുംബാംഗങ്ങളെ സംരക്ഷിക്കാനും ഈ ദിനം പ്രതിജ്ഞാബദ്ധരാകാം.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ പള്‍മനോളജി വിഭാഗത്തിൽ ഡോക്ടർമാരാണ് ഇരുവരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.