ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ളത് ചൈനയിലാണ്. 7.3 കോടി രോഗികളുമായി ഇന്ത്യയാണ് രണ്ടാമത്. തെറ്റായ ജ ീവിതശൈലിയാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. അനാരോഗ്യപരമായ ആഹാരരീതി, വ്യായാമക്കുറവ്, ദുര്‍മേദസ്സ്, രക്താതിസമ്മര്‍ദ്ദം, പുകവലി, ലഹരി ഉപയോഗം തുടങ്ങിയവ പ്രമേഹത്തിനു കാരണമാകുന്നു. ഇതു മനസ്സിലാക്കി ജീവിതശൈലിയിൽ മാറ്റംവരുത്തിയാൽ പകുതിയിലധികം പേരിലും രോഗം വരാതെ തടയാനോ രോഗബാധ നീട്ടിക്കൊണ്ടുപോകാനോ സാധിക്കും. ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള ആഹ്വാനമാണ് പ്രമേഹ ദിനാചരണം മുന്നോട്ടുവെക്കുന്നത്. ഇന്‍സുലിന്‍ കണ്ടുപിടിച്ച കനേഡിയന്‍ ശാസ്ത്രജ്ഞൻ സര്‍ ഫ്രെഡറിക് ബാന്റിംഗിെൻറ ജന്മദിനമായ നവംബര്‍ 14 ആണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. 1991ൽ ഒരു ചെറു ആഘോഷമായി ഇൻറർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷനാണ് (ഐ.ഡി.എഫ്) ആദ്യമായി ഈ ദിനം ആചരിച്ചത്. പിന്നീട് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് നേഷൻസും ചേർന്നതോടെ ലോകമെങ്ങും ആചരിക്കപ്പെടുന്ന സുപ്രധാനമായ ദിനാചരണങ്ങളിലൊന്നായി ഇതുമാറി.
ബാന്‍റിംഗ് കൊളുത്തിയ കെടാവിളക്ക്
1921ല്‍ ഡോ. ഫ്രെഡറിക് ബാൻറിംഗ് ഇന്‍സുലിന്‍ കണ്ടുപിടിക്കുന്നതുവരെ പ്രമേഹരോഗ ചികിത്സ തികച്ചും അപര്യാപ്തമായിരുന്നു. പ്രമേഹരോഗികള്‍, വിശേഷിച്ചും കുട്ടികള്‍ ശരീരം ശോഷിച്ച് മരണം സംഭവിക്കുക പതിവായിരുന്നു. ഇന്സുലിെൻറ വരവോടെ പ്രമേഹ ചികിത്സയില്‍ അദ്ഭുതാവഹമായ മുന്നേറ്റമുണ്ടായി. വൈകാതെയുള്ള രോഗനിര്‍ണയത്തിലൂടെയും ഫലപ്രദമായ ആധുനിക ചികിത്സയിലൂടെയും സാധാരണ ജീവിതം നയിക്കാന്‍ പ്രമേഹരോഗികള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്.
പ്രമേഹരോഗം നിയന്ത്രണ വിധേയമാക്കാമെങ്കിലും രോഗശമനം ഇന്നും സ്വപ്നമാണ്. ലണ്ടന്‍ നഗരത്തില്‍ ഡോ. ബാൻറിംഗിെൻറ പരീക്ഷണശാലശാലക്കു സമീപം ഒരു സ്മാരക സൗധവും കെടാവിളക്കുമുണ്ട്. പ്രമേഹരോഗത്തിന് ഒരു ശാശ്വത പ്രതിവിധി കണ്ടുപിടിക്കുന്നതുവരെ ഈ വിളക്ക് കത്തിക്കൊണ്ടിരിക്കും. അതു കണ്ടുപിടിക്കുന്നവരാണ് ആ വിളക്ക് അണയ്ക്കേണ്ടത്. ലോകം കാത്തിരിക്കുന്നു.
ലോകത്ത് പ്രമേഹരോഗികൾ 42.5 കോടി
ലോകത്ത് 42.5 കോടി പ്രമേഹ രോഗികളുണ്ടെന്ന് ഇൻറർനാഷനൽ ഡയബെറ്റിസ് ഫെഡറേഷെൻറ ഏറ്റവും പുതിയ കണക്കുകൾ. ഇതിൽ 90% ടൈപ് 2 വിഭാഗക്കാരാണ്. അതിൽ 80% പേർക്കും ഭക്ഷണത്തിലെ ശ്രദ്ധയും വ്യായാമവും വഴി രോഗം പ്രതിരോധിക്കാൻ കഴിയും. ഫെഡറേഷന്റെ ഈ കണ്ടെത്തിൽ വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്.
ഇന്ത്യ പോലുള്ള രാജ്യത്ത് 80% പേരുടേയും പ്രമേഹം യഥാർഥത്തിൽ തടയാനാകുമായിരുന്നു എന്നത് ഒരു ദുരവസ്ഥയുടെ നേർകാഴ്ചയാണ്. നീന്താനും നടക്കാനും വ്യായാമം ചെയ്യാനുമുള്ള ഇടങ്ങൾ സ്ഥാപിക്കുക പോലെയുള്ള അനുകൂല സാഹചര്യങ്ങൾ സൃഷ്ടിച്ച് പ്രമേഹവ്യാപനം തടയണമെന്ന് ഫെഡറേഷൻ ഓർമപ്പെടുത്തുന്നു.
പ്രമേഹബാധിതരിൽ പകുതി പേർക്കും രോഗബാധിതരാണെന്ന് അറിയില്ല. അമിത ദാഹം, വിശപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാലും സ്വാഭാവികമായി പലരും കരുതും. ചിലരിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാതിരിക്കാം. കണ്ടെത്താൻ വൈകുന്നതോടെ രോഗസങ്കീർണതയുടെ സാധ്യത വർധിക്കും.
രോഗവിവരം അറിയാവുന്നവരിൽ നല്ലൊരു പങ്കും ചികിത്സയെടുക്കുന്നില്ല. ചികിത്സയെടുക്കുന്നവരിൽ പകുതിയും ഉദ്ദേശിക്കുന്ന നിയന്ത്രണ പരിധിക്കുള്ളിൽ എത്തുന്നില്ല. കൃത്യസമയത്ത് കൃത്യമായ മരുന്ന് കഴിക്കാത്തതും കൃത്യമായ പരിശോധനകളും വിലയിരുത്തലുകളും നടത്താത്തതും ചികിത്സയുടെ ഫലം ഇല്ലാതാക്കുന്നു. ഫലപ്രദമല്ലാത്ത സമാന്തര ചികിത്സകളും രോഗ സങ്കീർണത കൂട്ടുന്നു. പ്രായപൂർത്തിയായ സ്ത്രീകളിൽ 8.4 %വും പുരുഷന്മാരിൽ 9.1%വും പ്രമേഹമുണ്ട്.
പ്രമേഹരോഗം കൊണ്ടുള്ള അകാലമരണം 80% വികസ്വര-ദരിദ്ര രാഷ്ട്രങ്ങളിലാണ്. വികസിത രാജ്യങ്ങളിൽ ആധുനിക ചികിത്സ അവലംബിച്ച് രോഗസങ്കീർണത മറികടക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ 8.2 കോടി പ്രമേഹരോഗികളുണ്ട്. ഇത് 2045 ആകുമ്പോൾ 15 കോടിയായി ഉയരുമെന്നാണ് ഡയബെറ്റിസ് ഫെഡറേഷൻ ചൂണ്ടിക്കാണിക്കുന്നത്. 84%മാണ് വർധന. ഈ മഹാവിപത്ത് തിരച്ചിറിഞ്ഞ് നമ്മുടെ വരും തലമുറയെ ഇൗ രോഗത്തിന്റെ പിടിയിൽനിന്ന് രക്ഷിക്കേണ്ടത് നമ്മുടെ ചുമതലയും കടമയുമാണെന്ന് ഫെഡറേഷൻ ഒാർമപ്പെടുത്തുന്നു.
ഇന്ത്യയിൽ 7.3 കോടി പ്രമേഹരോഗികൾ
ഇന്ത്യയിൽ 7.3 കോടി പ്രമേഹബാധിതരുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കുന്നു. ആകെ ജനസംഖ്യയിലെ പ്രായപൂർത്തിയായവരിൽ 8.8% ആണിത്. 2000ൽ ഇന്ത്യയിൽ പ്രമേഹരോഗികൾ 3.1 കോടി മാത്രമായിരുന്നു. അന്ന് ഇന്ത്യയായിരുന്നു ലോകത്തിൽ പ്രമേഹരോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് ചൈന, അമേരിക്ക മൂന്നാമതും. ഇന്ത്യയിൽ ശരാശരി 10 ലക്ഷം പേർ വർഷം പ്രമേഹം മൂലം മരിക്കുന്നു.
രാജ്യത്ത് 8-9% വരെ പേർ പ്രമേഹരോഗ സാധ്യതയുള്ളവരാണ്. ഇവരിൽ 35% പേർക്കും ഭാവിയിൽ രോഗം ബാധിക്കുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ 25 വർഷം കൊണ്ട് പ്രമേഹരോഗികളിൽ 64% വർധനവുണ്ടായി. 2023 ആകുമ്പോൾ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയാകും.
ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ 10 വർഷം നേരത്തേ പ്രമേഹം ബാധിക്കുന്നു. ശരാശരി 45 വയസ്സിൽ സാധാരണ ബാധിക്കുന്നത്, ഇന്ത്യയിൽ 20-25 വയസ്സിനിടയിൽ സാധാരണമാവുകയാണ്. ഈ പ്രായത്തിൽ 2.6% സ്ത്രീകളിലും 3.7% പുരുഷന്മാരിലും പ്രമേഹമുണ്ട്. 15-19 വയസ്സുള്ളവരിൽ നൂറിൽ രണ്ടു പേർ പ്രമേഹബാധിതരാണ്. പുരുഷന്മാർ: 2.9%
കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് പ്രമേഹം
കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തൽ. ലോക ശരാശരിയുടെ ഇരട്ടിയാണിത്. തിരുവനന്തപുരത്ത അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയിൻസ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കേരളത്തിലെ പ്രായപൂർത്തിയായ 12,000 പേരിൽ നടത്തിയ പഠനത്തിൽ ജനസംഖ്യയുടെ 20% പേരിലാണ് പ്രമേഹം കണ്ടെത്തിയത്. ലോക ശരാശരിയുടെ ഇരട്ടിയാണിത്. ഇതിൽ 6% പേരിൽ മാത്രമേ രോഗം നിയന്ത്രണവിധേയമായിട്ടുള്ളൂ. 45നും 69നുമിടയിൽ പ്രായമുള്ളവരിൽ 67.7% പേരും പ്രമേഹമോ പ്രമേഹത്തിനു മുമ്പുള്ള അവസ്ഥ (Prediabetic)യിലോ ആണ്. 80% പ്രമേഹവും തടയാമെന്നിരിക്കെയാണ് ഇൗ അവസ്ഥ എന്നത് പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരിൽ വലിയ ഉത്കണ്ഠയുളവാക്കുന്നു.
മുമ്പുണ്ടായിരുന്ന കളിസ്ഥലങ്ങൾ നഷ്ടപ്പെട്ടതോടെ കളികളും കായികമത്സരങ്ങളും ഇല്ലാതായി. വിദ്യാലയങ്ങളിലും കായികപരിശീലനം ഇല്ലാതായി. പണ്ടത്തെപ്പോലെ കുട്ടികൾ നടന്ന് സ്കൂളിൽ പോകുന്നില്ല. കേക്കുകൾ, മധുരപലഹാരങ്ങൾ, കോളകൾ, മധുരമേറിയ മറ്റു പാനീയങ്ങൾ, ഫാസ്റ്റ്ഫുഡ് തുടങ്ങിയവ കഴിക്കുന്നതിൽ നിയന്ത്രണമില്ലാതായി. ഇരുചക്രവാഹനങ്ങളുടെ ഉപയോഗം കൂടിയതോടെ നടത്തം ഒട്ടും ഇല്ലാതായി. ജോലിയിലും കുടുംബത്തിലും മാനസിക പിരിമുറുക്കം (Stress) വർധിച്ചു. െഎ.ടി പോലെയുള്ള മേഖലകളിൽ ഉറക്കക്കുറവും രാത്രിഭക്ഷണം സമയം തെറ്റുന്നതും പതിവായി. ആഗ്രഹിച്ച ജോലി കിട്ടാത്തത്, തൊഴിൽമേഖലയിലെ മത്സരങ്ങൾ തുടങ്ങിയവയും മാനസീകസമ്മർദ്ദത്തിനും പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുന്നു. ഇതിൽ നഗര, ഗ്രാമ വ്യത്യാസങ്ങളില്ല. രാജ്യത്തെ മറ്റു പ്രദേശങ്ങളിലെന്നപോലെ കേരളത്തിലും പകുതിയോളം പ്രമേഹരോഗികൾക്ക് രോഗാവസ്ഥയെ കുറിച്ച് അറിവില്ല. രോഗ സങ്കീർണതകൾ ഉണ്ടാകുന്നതിന് ഇതും ഒരു കാരണമാണ്.
യുവാക്കളിൽ പ്രമേഹം വർധിക്കുന്നു
ഇന്ത്യയിൽ ചെറുപ്പക്കാർക്കിടയിൽ പ്രമേഹം വർധിക്കുന്നതായി പഠനം. യുവത്വം തുടിക്കുന്ന പ്രായത്തിൽ പ്രമേഹരോഗം ബാധിക്കുന്നത് അവരിലെ ഉൽപ്പാദനക്ഷമത കുറയാൻ കാരണമാകുന്നു. ചികിത്സക്കു വേണ്ടി അവധികൾ എടുക്കേണ്ടി വരുന്നത് ജോലിയെയും ബാധിക്കും. അസുഖം നേരത്തെ തുടങ്ങുന്നതിനാൽ രോഗസങ്കീർണതകളും നേരത്തെയാകുന്നു. 2017ലെ ICMR, INDIAB പഠനപ്രകാരം ചാണ്ഡിഗഢിലാണ് യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ളത്. 13.6%. പഞ്ചാബ്, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലും ജീവിതശൈലീ രോഗങ്ങൾ കൂടുതലാണെന്ന് കണ്ടെത്തി. ബീഹാറിലാണ് ഏറ്റവും കുറവ്- 6%. പ്രതിശീർഷ വരുമാനം വർധിക്കുംതോറും ജീവിതശൈലീ രോഗങ്ങൾ കൂടുന്നതായാണ് വിലയിരുത്തൽ.
കേരളത്തിലും കൂടുന്നു
കേരളത്തിൽ യുവാക്കൾക്കിടയിൽ പ്രമേഹരോഗം ക്രമാതീതമായി വർധിക്കുകയാണ്. വിദ്യാഭ്യാസ നിലവാരം ഉയർന്നതോടെ കൂടുതൽ പേരും കായികാധ്വാനം കുറഞ്ഞ (വൈറ്റ്കോളർ) ജോലികളിൽ ഏർപ്പെടാൻ തുടങ്ങിയതും തൊഴിൽകേന്ദ്രങ്ങളിലെ വർധിച്ച മാനസീകസമ്മർദ്ദവും പ്രമേഹരോഗത്തിന് അനുകൂല ഘടകങ്ങളാണ്.
കഠിനാധ്വാനം, സമയം തെറ്റിയുള്ള ഭക്ഷണം, വിശ്രമമില്ലായ്മ, സോഫ്റ്റ് ഡ്രിങ്കുകളുടെയും ഫാസ്റ്റ് ഫുഡിെൻറയും അമിത ഉപയോഗം, ഉറക്കക്കുറവ് എന്നിവയും യുവാക്കളെ പ്രമേഹത്തിലേക്കു നയിക്കുന്നു. വീട്ടിൽനിന്ന് മാറി ജോലിചെയ്യുന്നവരിൽ സ്ഥിരമായി അധികജോലിയിൽ ഏർപ്പെടുന്നതും വീടുവിട്ടു നിൽക്കുന്നതിലെ മാനസികപ്രശ്നങ്ങളും ഭക്ഷണരീതികളും പ്രമേഹസാധ്യത വർധിപ്പിക്കുന്നു.
ജീവിതശൈലീ രോഗങ്ങൾക്ക് പ്രായഭേദമില്ല
മലയാളിയുടെ ജീവിതശൈലി ആകെ തകരാറിലായിരിക്കുന്നു. അമിതഭക്ഷണം, അനാവശ്യ ഭക്ഷണം, അശാസ്ത്രീയ ഭക്ഷണം- ഇവ മലയാളിയുടെ ജീവിതചര്യയായി. കായികാധ്വാനം കുറഞ്ഞു. പുകയിലയുടെയും മദ്യത്തിെൻറയും ഉപയോഗം, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയവ ജീവിതശൈലിയുടെ ഭാഗമായപ്പോള്‍ രോഗങ്ങള്‍ ശരീരത്തെ കീഴടക്കാന്‍ തുടങ്ങി. യുവതലമുറയില്‍ കായികാധ്വാനം കുറഞ്ഞു. അവര്‍ ഫാസ്റ്റ്ഫുഡുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും അടിമകളായി.
കുടുംബം കൂടെയുണ്ടാകണം
പ്രമേഹം രക്തത്തിലെ പഞ്ചസാര ഉയർന്നു നിൽക്കുന്ന അവസ്ഥ മാത്രമല്ല. ശരീരത്തിൽ കണ്ണ്, കിഡ്നി, ഞരമ്പുകൾ തുടങ്ങി എല്ലാ അവയവങ്ങളെയും ക്രമേണ തകരാറിലാക്കാൻ കഴിവുള്ള സങ്കീർണാവ്ഥയാണത്. അത്യധികം ശ്രദ്ധിച്ചു ചികിൽസിക്കേണ്ട രോഗമാണ് പ്രമേഹം. രോഗം ബാധിച്ചവരിൽ ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം എന്നിവയ്ക്കുള്ള സാധ്യത രണ്ട്-മൂന്ന് ഇരട്ടി വരെ കൂടുതലാണ്.
രോഗാവസ്ഥകൾ പോലെ തന്നെ ചികിത്സയും സങ്കീർണമാണ്. പല അവയവങ്ങളെ ബാധിക്കുന്നതിനാൽ പല ഡോക്ടർമാരെയും കാണിക്കേണ്ടി വരും. രോഗനിയന്ത്രണത്തിന് ഗുളികയോ ഇൻസുലിനോ ചിലപ്പോൾ രണ്ടും കൂടിയോ ഉപയോഗിക്കേണ്ടി വരാം. ആഹാരരീതിയിലെ മാറ്റം, കൃത്യമായ പരിശോധനകൾ, വ്യായാമം എന്നിവയും ഗൗരവത്തിലെടുക്കണം.
പലപ്പോഴും പ്രമേഹരോഗിയുടെ ചികിത്സ ചിലവേറിയതാണ്. ഒരു ശരാശരി മധ്യവർഗ കുടുംബത്തിൽ ഒരാളെങ്കിലും ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗിയാണെങ്കിൽ അവരുടെ മൊത്തം മാസചിലവിന്റെ പകുതിയോളം അയാളുടെ ചികിൽസയ്ക്ക് മാത്രം വേണ്ടിവരും. പ്രമേഹരോഗിയുടെ ചികിത്സ വ്യക്തിയിൽ ഒതുങ്ങുന്നതല്ല, കുടുംബത്തിന്റെ മൊത്തം ഉത്തരവാദിത്വമാണത് എന്ന് ചുരുക്കം.
ആശുപതിയിൽ പോകുക, പരിശോധനകൾ നടത്തുക, യഥാസമയം കുത്തിവെപ്പുകളെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ മാനസികവും സാമൂഹികവുമായ പിന്തുണ രോഗിക്ക് നൽകേണ്ടതുണ്ട്. ഭക്ഷണ നിയന്ത്രണത്തിനും ഭക്ഷണ രീതി മാറ്റത്തിനും കുടുംബത്തിന്റെ സഹകരണവും സ്നേഹപൂർവമായ നിർബന്ധവും കൂടിയേ തീരൂ. കുടുംബത്തിന്റെ പിന്തുണ രോഗിയുടെ മാനസികാരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. ഇതിനാവശ്യമായ വിജ്ഞാനം കുടുംബങ്ങൾ ആർജിക്കണം.
ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികൾക്ക് ഇൻസുലിൻ കൊടുക്കുമ്പോൾ ബന്ധുക്കൾ നിരുത്സാഹപ്പെടുത്തുന്നതും കുറ്റപ്പെടുത്തുന്നതും കാണാറുണ്ട്. കുട്ടികൾക്ക് ശാസ്ത്രീയമല്ലാത്ത ചില സൂത്രചികിത്സകൾ നൽകാൻ ഇത്തരക്കാർ പ്രേരിപ്പിക്കും. ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികളിൽ 5% വരെ ഇങ്ങനെ മരണപ്പെടാറുണ്ട്.
മറ്റു രോഗങ്ങളെപ്പോലെ ചികിത്സിച്ചു സുഖപ്പെടുത്താവുന്ന ഒന്നല്ല പ്രമേഹം. ചികിത്സയും വ്യായാമമടക്കമുള്ള മറ്റു മാർഗങ്ങളും രോഗത്തെ നിയന്ത്രിച്ചു നിർത്താനുള്ള ശ്രമങ്ങളാണ്. രോഗത്തിന്റെ തോത് ക്രമേണ കൂടിക്കൊണ്ടിരിക്കും. ഇതിനനുസരിച്ച് ചികിത്സാരീതികളും മരുന്നും മാറിക്കൊണ്ടിരിക്കും. കുടുംബം കൂടെയുണ്ടായാൽ മാത്രമേ രോഗത്തെ അതിജീവിക്കാൻ സാധിക്കൂ. അതുകൊണ്ടാണ് ഇക്കുറി പ്രമേഹദിനത്തിന് ‘കുടുംബവും പ്രമേഹവും’ വിഷയമായെടുത്തിരിക്കുന്നത്.
പ്രമേഹം പലവിധം
രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹരോഗം. വയറിനകത്തെ പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി) ഉൽപ്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. ഇന്സുലിെൻറ ഉൽപ്പാദനക്കുറവോ പ്രവര്‍ത്തനക്ഷമതക്കുറവോ പ്രമേഹത്തിന് കാരണമാവുന്നു. ശരീരത്തില്‍ ഇൗ ഹോർമോണിെൻറ ഉൽപ്പാദനം നിലയ്ക്കുകയാണെങ്കില്‍ ഇന്‍സുലിന്‍ കുത്തിവെപ്പ് മാത്രമേ ഫലവത്താവുകയുള്ളൂ.
പ്രമേഹരോഗികളില്‍ 95% ടൈപ് 2 വിഭാഗത്തില്‍ പെടുന്നു. ഇന്‍സുലിൻ ഉല്‍പ്പാദനമോ പ്രവര്‍ത്തനക്ഷമതയോ കുറയുന്നതാണ് ഇവരുടെ പ്രശ്നം. മരുന്നിലൂടെ ഇവരില്‍ രോഗസങ്കീര്‍ണത തടയാന്‍ കഴിയും. കൂടുതലായി കുട്ടികളില്‍ കണ്ടുവരുന്ന പ്രമേഹമാണ് ടൈപ് 1.
ഗര്‍ഭകാല പ്രമേഹവും മറ്റു വിവിധ കാരണങ്ങളാല്‍ ഉണ്ടാവുന്ന പലതരം പ്രമേഹങ്ങളുമുണ്ട്. രോഗം ഏതു തരത്തിലുള്ളതാണ് എന്ന് കൃത്യമായി മനസ്സിലാക്കി മാത്രമേ ചികിത്സ ആരംഭിക്കാന്‍ പാടുള്ളൂ. പ്രമേഹ ചികിത്സയെന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെയെങ്കിലും നിയന്ത്രണ വിധേയമാക്കുക എന്നതല്ല. രോഗകാരണങ്ങളും അനുബന്ധ രോഗങ്ങളും പരിശോധനകളിലൂടെ കണ്ടെത്തി ശരിയായ രീതിയില്‍ നിയന്ത്രണ വിധേയമാക്കുന്നതാണ് ശാസ്ത്രീയ പ്രമേഹ ചികിത്സ. ജീവിതരീതിയിലെ ന്യൂനതകള്‍ പരിഹരിക്കുകയാണ് പ്രമേഹചികിത്സയിലെ പരമപ്രധാനമായ ഘടകം. പ്രധാനമായും
ആഹാരക്രമീകരണവും നിത്യവ്യായാമവും തന്നെ. ആരോഗ്യകരമായ, സമീകൃതാഹാരം കഴിക്കുക പ്രധാനമാണ്. വീര്യം കുറഞ്ഞ മരുന്നിലാണ് പ്രമേഹചികിത്സ ആരംഭിക്കുക. രോഗം വര്‍ധിച്ചുവരുന്നതിനനുസരിച്ച് മരുന്നിെൻറ വീര്യം കൂട്ടും. നിശ്ചിത കാലയളവില്‍ പ്രമേഹവും അനുബന്ധ രോഗങ്ങളും കൃത്യമായി നിര്‍ണയം നടത്തി വരുതിയിലാണ് എന്ന് ഉറപ്പുവരുത്തണം. ഒരു ഘട്ടത്തിലെത്തുമ്പോള്‍ ടൈപ്പ് 2 പ്രമേഹക്കാരിലും ചിലപ്പോള്‍ ഇന്‍സുലിന്‍ ചികിത്സ വേണ്ടി വന്നേക്കാം. 8-10 വര്‍ഷമാകുമ്പോഴേക്കും 60% പേരിലും ഇന്‍സുലിന്‍ വേണ്ടിവരും.
വിഷാദരോഗ സാധ്യത ഇരട്ടിയിലേറെ
പ്രമേഹബാധിതരിൽ വിഷാദരോഗത്തിന് സാധ്യത അല്ലാത്തവരേക്കാൾ ഇരട്ടിയിലേറെ. പ്രമേഹരോഗ നിയന്ത്രണം അത്ര എളുപ്പമല്ല. നിരന്തരമായ ചികിത്സ മാനസീകസമ്മർദം കൂട്ടും. ശരീരത്തിലെ പല അവയവങ്ങളെ ബാധിക്കുന്നതിനാൽ പല ഡോക്ടർമാരെ കാണേണ്ടി വരുന്നതും ഇടയ്ക്കിടെയുള്ള പരിശോധനകളും രോഗിയെ സംഘർഷത്തിലാക്കും. രോഗസങ്കീർണത വർധിക്കുംതോറും മരുന്നിലും ചികിത്സയിലും ശ്രദ്ധ കുറയും. ഭക്ഷണത്തോടും താൽപ്പര്യം കുറയും. മദ്യത്തോടും പുകവലിയോടും താൽപ്പര്യം കൂടാനും ഇടയുണ്ട്. ക്രമേണ വിഷാദരോഗത്തിലേക്ക് നീങ്ങിയേക്കാം.
ഡിപ്രഷൻ വരുന്നതോടെ ആരോഗ്യശീലങ്ങളിൽ താൽപ്പര്യമില്ലാതാകും. വ്യായാമം കുറയും. ഇത്തരം രോഗികൾ ആഹാരത്തോട് അമിതമായ താൽപ്പര്യം കാണിക്കാറുണ്ട്. മദ്യപാനവും പുകവലിയും കൂടുന്നത് പ്രമേഹവും വർധിപ്പിക്കും. പ്രമേഹരോഗികളിലെ വിഷാദരോഗം കണ്ടെത്തി ചികിത്സ നൽകാൻ സാധിച്ചില്ലെങ്കിൽ പ്രമേഹസങ്കീർണത കൂട്ടും. കൃത്യമായ ചികിത്സ വിഷാദരോഗവും പ്രമേഹ സങ്കീർണതയും കുറയാൻ സഹായിക്കും.
പ്രധാനമാണ് നിത്യവ്യായാമം
വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിനും ഇന്സുലിെൻറ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനും ഹൃദയാരോഗ്യത്തിനും സഹായകമാകുന്നു. അതോടൊപ്പം ശാരീരികവും മാനസികവുമായ പ്രയോജനങ്ങള്‍ വേറെയുമുണ്ട്.
വേഗത്തില്‍ നടക്കുക, ഓടുക, നീന്തുക, സൈക്കിള്‍ സവാരി, കായികവിനോദങ്ങള്‍ തുടങ്ങിയവയാണ് ഉത്തമ വ്യായാമരീതികള്‍. ദിവസവും 45 മിനിട്ടെങ്കിലും വ്യായാമത്തിന് മാറ്റിവെക്കുക. വീട്ടിലെ മറ്റംഗങ്ങളെയും വ്യായാമത്തിന് പ്രേരിപ്പിക്കുന്നത് ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. ആഹാരം കഴിച്ച ഉടനെ വ്യായാമം നല്ലതല്ല. രാവിലെയോ വൈകീട്ടോ വ്യായാമത്തിലേര്‍പ്പെടാം.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ നല്ല ശതമാനം പേര്‍ക്കും ആഹാര ക്രമീകരണത്തിലൂടെയും നിത്യവ്യായാമത്തിലൂടെയും അമിതവണ്ണം കുറയ്ക്കാനും അതുവഴി പ്രമേഹരോഗം നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ചിലപ്പോള്‍ വര്‍ഷങ്ങളോളം ഇതു മാത്രം മതിയാകും. പോരാതെ വരുമ്പോള്‍ മാത്രമേ മരുന്നുകള്‍ ഉപയോഗിക്കേണ്ടതുള്ളൂ. മേല്‍ വിവരിച്ച ജീവിതശൈലീ മാറ്റങ്ങളോടൊപ്പമാണ് മരുന്നുകള്‍ കഴിക്കേണ്ടത്. മരുന്നുകള്‍ കഴിക്കുന്നുണ്ട്, അതിനാല്‍ ഇനി എന്തും കഴിക്കാം, ആഹാരക്രമീകരണം ആവശ്യമില്ല, വ്യായാമം വേണ്ട എന്നൊക്കെയുള്ള തെറ്റിദ്ധാരണകള്‍ രോഗികള്‍ക്കിടയില്‍ കാണാറുണ്ട്.
പണ്ടുള്ളവരുടെ ഭക്ഷണരീതി അന്നജം കൂടുതലുള്ളതായിട്ടും പ്രമേഹരോഗം കുറവായിരുന്നു എന്നു പറയാറുണ്ട്. അക്കാലത്ത് ആളുകളിൽ നടത്തം അടക്കമുള്ള കായികാധ്വാനം കൂടുതലായിരുന്നു എന്ന കാര്യം നമ്മൾ വിസ്മരിക്കുന്നു. വളരെ ചെറിയ ആവശ്യങ്ങൾക്കുപോലും വാഹനങ്ങളെ ആശ്രയിക്കുക മലയാളിക്ക് ശീലമായി മാറിക്കഴിഞ്ഞു.
സൂക്ഷിക്കുക, കച്ചവടക്കണ്ണ്
തട്ടിപ്പുകാര്‍ക്ക് ഇന്ന് പൊന്മുട്ടയിടുന്ന താറാവാണ് പ്രമേഹരോഗികള്‍. പ്രമേഹം നിശ്ശേഷം മാറ്റാം, പ്രമേഹത്തിന് ഒറ്റമൂലി തുടങ്ങി മധുരചികിത്സയും ലഘുവ്യായാമചികിത്സയും കുടിവെള്ള ചികിത്സയും വരെ പരസ്യവുമായി പ്രത്യക്ഷപ്പെടുന്നു. പ്രമേഹരോഗികള്‍ക്കായി പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങളും വിപണിയിലുണ്ട്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ രോഗികളെ തെറ്റിദ്ധരിപ്പിച്ച് പണം കൊയ്യുന്നവര്‍ അവരെ രോഗസങ്കീര്‍ണതകളിലേക്ക് തള്ളിവിടുകയാണ്. സോഷ്യല്‍ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന കപടചികിത്സാ സന്ദേശങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഗുരുതരമായ ഭവിഷത്തുകൾക്കാണ് നമ്മൾ ചൂട്ടുപിടിക്കുന്നത്.
ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി, വിദഗ്ധ ചികിത്സ തേടുകയും പ്രമേഹം നിയന്ത്രണവിധേയമാവുകയും ആരോഗ്യകരമായ ജീവിതരീതി അവലംബിക്കുകയും ചെയ്യുകയാണെങ്കില്‍ നിശ്ചയമായും സാധാരണ ജീവിതം സാധ്യമാവും. എന്നാല്‍, അജ്ഞതകൊണ്ടും അശ്രദ്ധകൊണ്ടും പറ്റുന്ന പല അബദ്ധങ്ങളും പിന്നീട് രോഗസങ്കീര്‍ണതകളിലേക്ക് വഴിനടത്തും. ഒരിക്കലും തിരുത്താനാവാത്ത തെറ്റായി അത് ജീവിതകാലം മുഴുവന്‍ നമ്മളെ അലട്ടിക്കൊണ്ടിരിക്കും. നിശ്ശബ്ദനായ കൊലയാളിയായി അത് നമ്മളെ നിഴല്‍പോലെ പിന്തുടരും.
പഴങ്ങൾ കഴിക്കണം
പ്രമേഹ രോഗം ബാധിച്ചവർക്ക് പഴങ്ങൾ കഴിക്കാം, കഴിക്കണം. അവയിൽ ഷുഗർ അടങ്ങിയിട്ടുണ്ടെങ്കിലും നമുക്കാവശ്യമായ ഒരു പാട് വൈറ്റമിനുകളും മിനറലുകളും ആൻറി ഓക്സിഡന്റുകളും ഇവ പ്രദാനം ചെയ്യുന്നു. ഒരു കൈക്കുള്ളിൽ ഒതുങ്ങുന്നത്ര പഴം എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച്, മുന്തിരി, കൈതച്ചക്ക, പപ്പായ, തണ്ണിമത്തൻ, ഞാവൽപ്പഴം, പ്ലം, ബെറി, പിയർ, പേരക്ക മുതലായ ജലാംശം കൂടിയ പഴങ്ങളാണ് ഉത്തമം.
പല നിറങ്ങളിലുള്ളവ മാറിമാറി കഴിക്കണം. സീസൺ അനുസരിച്ച് കൂടുതലായി കിട്ടുന്നതും വില കുറഞ്ഞതുമായ പഴങ്ങൾ കഴിക്കുക. കുട്ടികൾക്കും പഴങ്ങൾ കൊടുത്തു ശീലിപ്പിക്കണം. പഴങ്ങൾ ജ്യൂസാക്കി അരിച്ച് നാരുകൾ കളഞ്ഞ് കഴിക്കരുത്. നേരിട്ട് കഴിക്കുക. മുന്തിരി, മത്തങ്ങ, തണ്ണിമത്തൻ തുടങ്ങിയവയുടെ വിത്തുകൾ നല്ലതാണ്.
പഴുത്ത ചക്ക, നേന്ത്രപ്പഴം ഇവ വളരെ കറച്ചേ കഴിക്കാവൂ. ചില പഴങ്ങളിൽ പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്നി രോഗികൾ അവ കഴിക്കരുത്. ശരീരത്തിൽ പൊട്ടാസ്യം അധികമായാൽ ഹൃദയസ്തംഭന സാധ്യത കൂടും. ഡോക്ടറുടെ നിർദ്ദേശപ്രകാരം, ആപ്പിൾ, പപ്പായ പോലെ പൊട്ടാസ്യം കുറഞ്ഞ ഫലങ്ങൾ കഴിക്കാം.
ചക്ക പ്രമേഹം മാറ്റുമോ?
ചക്ക വ്യവസായത്തിൽ അകൃഷ്ടരായ ചിലർ ചക്കയുടെ ഗ്ലൈസീമിക് ഇൻഡക്സ് (Glycemic Index) കുറവാണ്, പ്രമേഹത്തിന് ഉത്തമമാണ് തുടങ്ങിയ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ചില പത്രങ്ങളിൽ വന്ന റിപ്പോർട്ടുകൾ വിശ്വസിച്ച് ധാരാളം പേർ ഉയർന്ന തോതിൽ മധുരം അടങ്ങിയ ചക്ക ഭക്ഷിക്കാൻ തുടങ്ങി. വാർത്ത വിശ്വസിച്ച് ചക്ക തിന്നവരിൽ ചിലർക്ക് ബ്ലഡ് ഷുഗർ 400 - 600 mg/dl വരെ ഉയർന്നിട്ടാണ് ചികിത്സക്കെത്തിയത്.
ദഹനത്തിന് ശേഷം ചക്കയിലടങ്ങിയിരിയുന്ന ഗ്ലൂക്കോസ് നിശ്ചിത സമയത്തിനുള്ളിൽ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെട്ട് പഞ്ചസാരയുടെ അളവ് എത്ര കണ്ട് കൂട്ടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗ്ലൈസീമിക് ഇൻഡക്സ് നിർണയിക്കുന്നത്. പച്ച ചക്കയ്ക്ക് ഇത് കുറവാണ്, 41. പഴുത്തതിനാകട്ടെ കൂടുതലും, 63. നമ്മൾ സാധാരണ കഴിക്കുന്ന തവിട് കളഞ്ഞ ചോറ്, ഗോതമ്പ്, മരച്ചീനി എന്നിവയെ അപേക്ഷിച്ച് ചക്കയിൽ ഫൈബർ (നാരുകൾ) കൂടുതലുണ്ട്.
മുകളിൽ പറഞ്ഞ അന്നജം (കാർ ബോഹൈഡ്രേറ്റ്) കൂടിയ ഭക്ഷണങ്ങളെല്ലാം പ്രമേഹരോഗിക്ക് മിതമായ അളവിൽ കഴിക്കാവുന്നതാണ്. മറ്റൊന്നിനു പകരമായിരിക്കണമെന്നു മാത്രം. ചോറിന് പകരം ചക്ക കഴിക്കാം. അല്ലാതെ ചികിത്സാരീതിയായി കാണരുത്. പ്രമേഹം മാറ്റാനുള്ള കഴിവ് ചക്കയ്ക്കില്ല. പ്രമേഹമുള്ളവർ മധുരം കൂടിയ പഴുത്ത ചക്ക തിന്നാൽ അതപകടമാവും.
പ്രമേഹ മരുന്നും വൃക്കരോഗവും
പ്രമേഹ ചികിത്സയും മരുന്നും വൃക്കെയ ബാധിക്കുമെന്നും ആരോഗ്യം നശിപ്പിക്കുമെന്നുമുള്ള പ്രചാരണം നിലനിൽക്കുന്നുണ്ട്. വാസ്തവത്തിൽ യഥാർഥ വില്ലൻ പ്രമേഹമാണ്. യഥാസമയം ഫലപ്രദമായ ചികിത്സ നൽകിയില്ലെങ്കിൽ ചെറുതും വലുതുമായ രക്തധമനികളെ പ്രമേഹം ബാധിക്കും. ചെറിയ രക്തക്കുഴലുകൾക്ക് ബാധിക്കുന്നതിനാലാണ് കണ്ണുകൾക്ക് റെറ്റിനോപ്പതിയും കിഡ്നിക്ക് നെഫ്രോപ്പതിയും ഞരമ്പുകൾക്ക് ന്യൂറോപ്പതിയും ഉണ്ടാകുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ചില ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിക്കുന്നതും കിഡ്നിയെ ബാധിച്ചേക്കാം.
യഥാർഥത്തിൽ, പ്രമേഹരോഗത്തിന് കൃത്യമായ ചികിത്സ നൽകുന്നതോടെ വരാനിരിക്കുന്ന വൃക്കരോഗത്തെ തടയാനോ നീട്ടിക്കൊണ്ടു പോകാനോ സാധിക്കും. കൂടുതൽ രോഗ സങ്കീർണതകൾ വരാതിരിക്കണമെങ്കിൽ പ്രമേഹം നിയന്ത്രിച്ചു നിർത്തണം. രക്തസമ്മർദവും കൊളസ്ട്രോളും കൂടാതെ നോക്കണം.
പരിശോധനകൾ പ്രാധാനം
മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കാൻ സാധ്യതയുള്ള രോഗമാണ് പ്രമേഹം. പല സങ്കീർണതകൾക്കും അത് വഴിവെക്കും. ആരംഭത്തിൽ തന്നെ കണ്ടുപിടിക്കാനും രോഗസങ്കീർണതകൾ തടയാനുമാണ് പരിശോധനകൾ നടത്തുന്നത്.
പ്രമേഹപരിശോധന എന്നാൽ രക്തപരിശോധന മാത്രമല്ല. പ്രമേഹരോഗ പരിചരണത്തിൽ വൈദഗ്ധ്യമുള്ള ഡോക്ടർ രോഗവിവരങ്ങൾ കേട്ടശേഷം നിർദേശിക്കുന്ന ദേഹപരിശോധനയാണ് ആദ്യം വേണ്ടത്. അതിനെ അടിസ്ഥാനമാക്കിയാണ് തുടർ പരിശോധനകൾ നിശ്ചയിക്കുന്നത്. പ്രമേഹനിയന്ത്രണം, കൊഴുപ്പ്, വൃക്ക, ഹൃദയം, കണ്ണ്, പല്ലുകൾ എന്നിവയുടെ അവസ്ഥ, പാദങ്ങൾ, കാലുകളിലെ രക്തചംക്രമണം, ഞരമ്പുകളുടെ കാര്യക്ഷമത തുടങ്ങി ഒേട്ടറെ കാര്യങ്ങൾ വർഷംതോറും പരിശോധിക്കണം.
തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം, ക്ഷയരോഗം പോലെയുള്ള രോഗങ്ങൾ, അർബുദം തുടങ്ങിയ സാധാരണ രോഗങ്ങൾ പ്രമേഹരോഗിയെയും ബാധിക്കാം. ക്ഷയരോഗവും ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത പ്രമേഹരോഗികളിൽ കൂടുതലാണ്. സാധാരണ രോഗലക്ഷണങ്ങൾ പ്രമേഹരോഗികളിൽ ഉണ്ടാകണമെന്നുമില്ല. അവിടെയാണ് പരിശോധനകളുടെ പ്രാധാന്യം.
തുടക്കം മുതൽ തന്നെ മികച്ച ചികിത്സ കിട്ടിയാൽ സാധാരണ ജീവിതം പ്രമേഹരോഗിക്കും സാധ്യമാണ്. എന്നാൽ പലരും രോഗസങ്കീർണതകൾ വന്നതിനു ശേഷമാണ് ചികിത്സയിൽ ശ്രദ്ധാലുക്കളാകുന്നത്.
പരിഷ്കരിക്കണം, ജീവിതശൈലി
ജീവിതരീതിയിലെ ന്യൂനതകള്‍ പരിഹരിക്കുക എന്നതാണ് പ്രമേഹചികിത്സയിലെ പരമപ്രധാനമായ ഘടകം. പ്രധാനമായും ആഹാരക്രമീകരണവും നിത്യവ്യായാമവും തന്നെ. പ്രമേഹരോഗികള്‍ക്കായി പ്രത്യേക ആഹാരമൊന്നുമില്ല. ആരോഗ്യകരമായ, സമീകൃതാഹാരം കഴിക്കുക എന്നതാണ് പ്രധാനം.
പ്രമേഹരോഗികള്‍ ഗോതമ്പു മാത്രമേ കഴിക്കാവൂ എന്നത് തെറ്റിദ്ധാരണയാണ്. അരിയിലും ഗോതമ്പിലും അടങ്ങിയിരിക്കുന്നത് അന്നജമാണ്. ദഹനത്തിനു ശേഷം രണ്ടും ഗ്ളൂക്കോസായി മാറും. എന്നാല്‍, ഗോതമ്പിലടങ്ങിയ തവിട് ഗ്ളൂക്കോസിെൻറ ആഗിരണത്തെ മന്ദീഭവിപ്പിക്കും എന്നത് ഒരു അനുകൂല ഘടകമാണ്. എന്തായാലും പ്രമേഹരോഗികളും വീട്ടിലെ മറ്റെല്ലാ അംഗങ്ങളും അരി, ഗോതമ്പ്, ചോളം മുതലായ ധാന്യങ്ങളുടെ അളവ് ആഹാരത്തില്‍ ഗണ്യമായി കുറയ്ക്കുന്നതാണ് ഉത്തമം.
കിഴങ്ങുവര്‍ഗങ്ങളും ഗ്ളൂക്കോസിെൻറ അളവ് സാരമായി വര്‍ധിപ്പിക്കും. ഇവ കുറയ്ക്കുന്നതിനു പകരമായി ധാരാളം പച്ചക്കറികളും പയറുവര്‍ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. എണ്ണ, ഉപ്പ്, പൂരിത കൊഴുപ്പുകള്‍, മധുര പലഹാരങ്ങള്‍, എണ്ണയില്‍ വറുത്തവ, പഴച്ചാറുകള്‍, ജൂസുകള്‍, തേന്‍, കോള പോലുള്ള മധുരപാനീയങ്ങള്‍, വെണ്ണ, നെയ്യ് മുതലായവ കഴിവതും ഒഴിവാക്കണം. ആഹാരത്തില്‍ ദിവസവും കുറച്ചു പഴങ്ങള്‍ ഉള്‍പ്പെടുത്തണം. നാരുള്ള ഭക്ഷണങ്ങളും നല്ലതാണ്.
ഭക്ഷണരീതിയും ജീവിതശൈലിയും പരിഷ്കരിക്കാനും കൃത്യമായ ചികിത്സ തേടാനും ചികിത്സ ചിട്ടപ്പെടുത്താനും കുടുംബം കൂടെയുണ്ടെങ്കിൽ പ്രമേഹരോഗിക്ക് സാധാരണജീവിതം നയിക്കാനാകുമെന്നതിൽ സംശയമില്ല.
(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റും കോളമിസ്റ്റുമാണ് ലേഖകന്‍. പ്രമേഹബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.