ആധുനിക വൈദ്യശാസ്ത്ര രംഗത്തിന്‍റെ വളര്‍ച്ചയുടെ പടവുകളെ പരിശോധിച്ചാല്‍ ഏറെ ശ്രദ്ധേയവും വിപ്ലവകരമെന്നു വിശേഷിപ്പിക്കാവുന്നതുമായ ഒരു കണ്ടുപിടുത്തമായിരുന്നു ടെസ്റ്റ്ട്യൂബ് ശിശുവിന്‍റേത്. അന്നു വരെ മനുഷ്യന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുതിച്ചുചാട്ടം എന്ന നിലയില്‍ തന്നെയാണ് ടെസ്റ്റ്ട്യൂബ് ശിശുവിന്റെ ജനനത്തെ ആരോഗ്യരംഗം വിലയിരുത്തിയത്. കുഞ്ഞുങ്ങളുണ്ടാകുകയെന്നത് ഒരു ഭാഗ്യമായി മാത്രം കണ്ടിരുന്ന സമൂഹത്തിലേയ്ക്കാണ് ശാസ്ത്രം പ്രതീക്ഷകളുമായി അവതരിച്ചത്.
ശരീരത്തിന് പുറത്ത് വച്ച് കൃത്രിമമായി അണ്ഡകോശത്തെ പുരുഷബീജവുമായി ബീജസങ്കലനം നടത്തുന്ന ചികിത്സാരീതിയായി 'ഇന്‍ വിട്രൊ ഫെര്‍ട്ടിലൈസേഷന്‍' എന്ന സാങ്കേതികത. ഇത് തെളിയിക്കപ്പെട്ടത് ലൂയീസ് ബ്രൗണ്‍ എന്ന കുഞ്ഞിന്‍റെ ജനനത്തോടെയായിരുന്നു. 1978 ജൂലായ് 25ന് ജനിച്ച ആദ്യകുഞ്ഞിന്‍റെ ജന്മദിനത്തിലാണ് ഇന്നു ലോക ഐ.വി.എഫ് ദിനമായി ആചരിക്കുന്നത്. ബ്രിട്ടീഷ് ഫിസിയോളജിസ്റ്റായ ഡോ. റോബര്‍ട്ട് ഡി. എഡ്വേഡിന് വൈദ്യശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടി കൊടുത്തതും ഈ കണ്ടുപിടുത്തത്തിനായിരുന്നു
ശാസ്ത്രവും ആരോഗ്യരംഗവും ഇത്രയേറെ വളര്‍ന്നിട്ടും ഒരു വലിയ വിഭാഗം പേരിലും ഐവിഎഫിനെ സംബന്ധിച്ച് അനാവശ്യ ആശങ്കകള്‍ ഇന്നുമുണ്ട്. ഏറെ സങ്കീര്‍ണമായ പ്രക്രിയയാണെന്ന വിധത്തിലുള്ള അനാവശ്യ പ്രചാരണങ്ങള്‍ പലപ്പോഴും കുഞ്ഞുങ്ങളില്ലാത്തവരെ ധര്‍മ്മസങ്കടത്തിലാക്കുന്നുണ്ട്. ഇന്നും വര്‍ഷങ്ങളോളം മറ്റു ചികിത്സകള്‍ ചെയ്ത് സമയം കളഞ്ഞാണ് പലരും ഐവിഎഫ് ചികിത്സയിലേക്ക് എത്തുന്നത്. ചികിത്സയുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണമില്ലായ്മയാണ് ഒരുവിഭാഗം ജനങ്ങള്‍ ഐവിഎഫിലേക്കെത്താന്‍ മടിക്കുന്നതും ചികിത്സ തുടങ്ങാന്‍ വൈകുന്നതും.
ഹോര്‍മോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെ കൃത്യമായി നിയന്ത്രിക്കുകയും തുടര്‍ന്നുണ്ടാകുന്ന അണ്ഡകോശങ്ങളെ സ്ത്രീശരീരത്തില്‍ നിന്നു മാറ്റി പ്രത്യേകം തയ്യാറാക്കിയ ദ്രവമാധ്യമത്തില്‍ നിക്ഷേപിച്ച് അവയെ പുരുഷ ബീജങ്ങളെ കൊണ്ട് ബീജസങ്കലനം ചെയ്യിക്കുകയാണ് ഐവിഎഫ് ട്രീറ്റ്‌മെന്റ് വഴി ചെയ്യുന്നത്. തുടര്‍ന്നുണ്ടാകുന്ന സൈഗോട്ടിനെ ഗര്‍ഭം ധരിക്കാനുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് കുഞ്ഞിനെ കൃത്യമായ നിരീക്ഷണങ്ങളോടെ വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍.
സ്ത്രീയുടെ അണ്ഡവാഹിനി കുഴലിലെ തടസം മൂലം പുരുഷ ബീജത്തിന് സങ്കലനം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കൃത്രിമ ബീജസങ്കലനം അഥവാ ഐ.വി.എഫ് ഇക്‌സി ട്രീറ്റ്‌മെന്റ് നടത്തേണ്ടത്. പുരുഷ ബീജത്തിന്റെ അളവ് അസാധാരണമായി കുറയുന്ന സാഹചര്യത്തിലും ഐവിഎഫ് മാത്രമാണ് ഏകമാര്‍ഗം. ചിലപ്പോള്‍ ദമ്പതികള്‍ക്ക് യാതൊരു കുഴപ്പങ്ങളുമില്ലാതെയും ഗര്‍ഭധാരണം നടക്കാത്ത സാഹചര്യമുണ്ടാകും. ഈ അവസരത്തിലും ഐവിഎഫ് ചികിത്സ തേടുന്നതാണ് ഉത്തമം. വിവാഹത്തിനു ശേഷം വര്‍ഷങ്ങളോളം വിവിധയിടങ്ങളില്‍ അശാസ്ത്രീയമായ ചികിത്സകള്‍ തേടി സമയം കളഞ്ഞ് പ്രായമേറുമ്പോഴാണ് പലരും ഐവിഎഫ് ട്രീറ്റ്‌മെന്റിനെത്തുന്നത്. ഇതൊഴിവാക്കുന്നതിനുള്ള ബോധവത്കരണമാണ് ഉറപ്പാക്കേണ്ടത്.
ഐ വി എഫ് ട്രീറ്റ്‌മെന്റ് ആദ്യകാലങ്ങളിലെല്ലാം വളരെ സങ്കീര്‍ണമായ പ്രക്രിയയാണെങ്കിലും വൈദ്യശാസ്ത്രത്തിന്റെ അതിവേഗമുള്ള വളര്‍ച്ചയുടെ ഭാഗമായി റിസ്‌ക് ഫാക്റ്ററുകള്‍ ഏറെ കുറഞ്ഞിട്ടുണ്ട്. കൃത്രിമബീജസങ്കലനത്തിലൂടെ കുഞ്ഞുങ്ങളുണ്ടാകുന്നത് ഒരു മോശം കാര്യമായി ഇന്നും സമൂഹത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളുണ്ട്. അതുപോലെ ചികിത്സ സംബന്ധിച്ച് ധാരാളം ദിവസങ്ങളെടുക്കുമെന്ന ധാരണയും വ്യാപകമാണ്. സത്യത്തില്‍ 15 ദിവസത്തിനുള്ളിൽ പൂര്‍ത്തീകരിക്കാവുന്ന പ്രക്രിയയാണ് ഐവിഎഫ് ട്രീറ്റ്‌മെന്‍റ്.
അണ്ഡോല്‍പ്പാദനവും ബീജോല്‍പ്പാദനവും കാര്യക്ഷമമാണെന്നു കണ്ടെത്തിയാല്‍ പിന്നെ ചികിത്സയ്ക്കു പോകാതെ കാത്തിരിക്കുന്ന പ്രവണതയാണ് ദമ്പതികളില്‍ കണ്ടു വരുന്നത്. ഇത് അനുകൂലമായ സാഹചര്യങ്ങളെ ഇല്ലാതാക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. പ്രസ്തുത വിഷയങ്ങളല്ലാതെ നിരവധി കാരണങ്ങള്‍ കൊണ്ട് കുഞ്ഞുങ്ങളുണ്ടാകാതിരിക്കാം. പുരുഷബീജ കോശത്തിന് ഗര്‍ഭപാത്രത്തിലൂടെയോ അണ്ഡവാഹിനിക്കുഴലിലൂടെയോ സഞ്ചരിച്ച് അണ്ഡകോശത്തിനരികിലേയ്ക്ക് എത്താന്‍തക്ക ആരോഗ്യമുണ്ടാകാതിരിക്കുന്ന അവസ്ഥയുണ്ടാകും. ചിലപ്പോള്‍ പുരുഷബീജത്തിന് അണ്ഡകോശത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ബീജസങ്കലനം നടത്താന്‍ ശേഷിയില്ലാത്ത സാഹചര്യവുമുണ്ടാകാം. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലെല്ലാം ഐവിഎഫ് ട്രീറ്റ്‌മെന്റ് മാത്രമാണ് ശാസ്ത്രീയമായ പോംവഴികളിലൊന്ന്. കൗണ്ട് അഥവാ ബീജകോശങ്ങളുടെ എണ്ണം കുറവുള്ളതും വന്ധ്യതയ്ക്ക് കാരണമാകാം. ഈ സാഹചര്യത്തില്‍ ബീജകോശങ്ങളെ പ്രത്യേക സംവിധാനങ്ങളുടെ സഹായത്തോടെ അണ്ഡകോശത്തിന്റെ കോശദ്രവ്യത്തിനകത്തേയ്ക്ക് കുത്തി വയ്ക്കുന്ന പ്രക്രിയയും നിലവിലുണ്ട്. ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍ അഥവാ ഇക്‌സിയെന്നാണ് ഈ സാങ്കേതികയുടെ പേര്. ചിലപ്പോള്‍ സൈഗോട്ടിനെ ഭ്രൂണമായി വികസിപ്പിക്കാന്‍ കഴിയാത്ത ഗര്‍പാത്രമുള്ള അമ്മമാരുണ്ടാകും. അത്തരം സാഹചര്യത്തില്‍ താത്കാലികമായി മറ്റൊരാളുടെ ഗര്‍ഭപാത്രത്തെ ഉപയോഗപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്. ഇത്തരത്തില്‍ ഗര്‍ഭധാരണത്തിന് പ്രതികൂലമായി നില്‍ക്കുന്ന ഏതു സാഹചര്യത്തെയും മറികടന്ന് ഗര്‍ഭധാരണം ഉറപ്പാക്കാന്‍ കഴിയുന്നതിനുള്ള സംവിധാനമാണ് ഇന്‍ വിട്രൊ ഫെര്‍ട്ടിലൈസേഷന്‍ മെത്തേഡ്. 30 വയസിനു മുന്‍പ് തന്നെ ഐവിഎഫ് ട്രീറ്റ്‌മെന്റ് നടത്തുന്നതാണ് പ്രക്രിയയെ ലഘൂകരിക്കുന്നതിന് അനുയോജ്യം. ഒപ്പം ഇതു സംബന്ധിച്ച അശാസ്ത്രീയ പ്രചാരണങ്ങളെയും അനാവശ്യ ആശങ്കകളെയും തള്ളിക്കളയേണ്ടതുമുണ്ട്.
നിലവില്‍ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി പോലുള്ള ജനിതക രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനുള്ള ഏകമാര്‍ഗവും ഇക്സി ചികിത്സയാണ്. കേരളത്തില്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ഐഫിഎഫ് ചികിത്സ ലഭ്യമാണ്. ലോകത്തിനൊപ്പം തന്നെ ആരോഗ്യ രംഗം വളര്‍ന്ന മേഖലയാണ് കേരളം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുണ്ട്. ഐവിഎഫ് ചികിത്സാ രംഗത്തും ഏറ്റവും മികവുള്ള ചികിത്സ ലഭ്യമാകുന്ന മേഖലയാണ് കേരളം. എന്നിട്ടും മികച്ച സേവനം മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാകാതിരിക്കുന്നതിന് കാരണം ചികിത്സാ സംവിധാനങ്ങളെ സംബന്ധിച്ച ധാരണയില്ലായ്മയാണ്. അനാവശ്യ ആശങ്കകളെ ദുരീകരിക്കാനും അശാസ്ത്രീയ ചികിത്സകളെ കണ്ടെത്തി പ്രതിരോധിക്കാനും സാധിച്ചാല്‍ ഐവിഎഫ് ചികിത്സാ സംവിധാനത്തിന്റെ ഗുണം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കും.
-ഡോ. റിതു ഹരി,
ചീഫ് മെഡിക്കൽ ജനിറ്റിസിസ്റ്റ്,
ക്രാഫ്റ്റ് ഹോസ്പിറ്റൽ -കൊടുങ്ങല്ലൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.